UPDATES

സച്ചിദാനന്ദനും രാജി വച്ചു; മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ അക്കാദമിക്ക്‌ മൗനം

Avatar

അഴിമുഖം പ്രതിനിധി

പ്രമുഖ കവിയും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ നിന്നും രാജിവച്ചു. ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം ഓരോ ദിവസവും ഹനിക്കപ്പെടുന്ന സാഹചര്യത്തില്‍ എഴുത്തുകാര്‍ക്കൊപ്പം നില്‍ക്കേണ്ട കടമ അക്കാദമി നിര്‍വഹിക്കാത്ത സാഹചര്യത്തിലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അക്കാദമി മുന്‍ സെക്രട്ടറിയും കൂടിയായ അദ്ദേഹം അക്കാദമിയുടെ നിരവധി കമ്മിറ്റികളിലുണ്ടായിരുന്ന അംഗത്വവും രാജിവച്ചിട്ടുണ്ട്..  

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വതന്ത്ര ചിന്താഗതിക്കാരടക്കം കൊല്ലപ്പെടുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെ ഉയര്‍ന്നിട്ടുള്ള ആക്രമണം തുടരുകയും ചെയ്യുമ്പോള്‍ അക്കാദമിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം നിരാശാജനകമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒരു റീജയണല്‍ ഓഫീസില്‍ ചടങ്ങ് പോലെ അനുസ്മരണ യോഗം ചേര്‍ന്നതുകൊണ്ട് കാര്യമില്ല. അക്കാദമിക്ക് ഇതൊരു രാഷ്ട്രീയ പ്രശ്‌നമായാണ് തോന്നുന്നുവെങ്കില്‍ തന്നെപ്പോലുള്ള എഴുത്തുകാര്‍ക്ക് ഇത് അടിസ്ഥാനപരമായി ജീവിക്കാനും ചിന്തിക്കാനും ജീവിക്കാനുമുള്ള അവകാശത്തിന് വേണ്ടിയുള്ള കാര്യമാണെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.

 

 

പ്രൊഫസര്‍ എന്‍.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ജനറല്‍ കൗണ്‍സിലില്‍ നിന്ന് പ്രമുഖ നോവലിസ്റ്റായ ശശി ദേശ്പാണ്ഡേ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ഇതിന് മുമ്പ് പ്രമുഖ എഴുത്തുകാരിയായ നയന്‍താരാ സെഹ്ഗാളും ലളിത കലാ അക്കാദമതി മുന്‍ ചെയര്‍മാന്‍ അശോക് വാജ്‌പേയിയും സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. പ്രൊഫസര്‍ എന്‍എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സാഹിത്യ അക്കാദമി അവാര്‍ഡ് ആദ്യം തിരിച്ചു നല്‍കിയത് ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റങ്ങളില്‍ ഇവര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. 

 

അക്കാദമി ഇത്രകാലം ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ നന്ദി പറയുന്നുവെങ്കിലും ഒരു പൗരന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും അക്കാദമിയില്‍ ഇപ്പോള്‍ വഹിക്കുന്ന പദവികള്‍ തുടരുന്നതില്‍ തന്റെ മന:സാക്ഷി അനുവദിക്കുന്നില്ലെന്നും രാജി പ്രഖ്യാപിച്ചു കൊണ്ട് സച്ചിദാനന്ദന്‍ വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍