UPDATES

സയന്‍സ്/ടെക്നോളജി

അഭയാര്‍ത്ഥി പ്രശ്നത്തില്‍ ചില സിലിക്കണ്‍ വാലി ഇടപെടലുകള്‍

Avatar

ഡൊമിനിക് ബസുള്‍ട്ടോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

എത്രയൊക്കെ പ്രതിരോധം തീര്‍ത്തിട്ടും യൂറോപ്പ് ലക്ഷ്യമാക്കിയുള്ള അഭയാര്‍ത്ഥി  പ്രവാഹം കൂടി വരുന്നതായാണ്  വാര്‍ത്തകള്‍ തെളിയിക്കുന്നത്. വിഷയത്തെ എങ്ങനെ ക്രിയാത്മകമായി നേരിടാം എന്നതു സംബന്ധിച്ചു ആര്‍ക്കും വലിയ ധാരണയില്ലെന്നതാണ് സത്യം. ഈയൊരു സാഹചര്യത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസമൊരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ പങ്ക് നിര്‍വ്വഹിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍, ട്വിറ്റര്‍, കിക്ക്സ്റ്റാര്‍ട്ട് തുടങ്ങിയ ഇന്റര്‍നെറ്റ് ലോകം കൈയ്യാളുന്ന സിലിക്കണ്‍ വാലി സംരംഭകര്‍. അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിന് ഇവര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടിയിരിക്കുന്നുവെന്ന ഒബാമയുടെ അഭിപ്രായ പ്രകടനവും  ഈ  ഓണ്‍ലൈന്‍ പ്രസ്ഥാനങ്ങളുടെ തീരുമാനത്തിനു പ്രേരണയായിട്ടുണ്ട്.

തങ്ങള്‍ പുതിയതായി പുറത്തിറക്കുന്ന സേവനത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ ട്വിറ്റര്‍ തീരുമാനിച്ചിരിക്കുമ്പോള്‍ അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമായിരിക്കുന്ന മേഖലകളില്‍ അവര്‍ക്ക് വീടു വച്ചു നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കാനാണ് Airbnbന്റ തീരുമാനം. (സഞ്ചാരികള്‍ക്ക് ലോകത്തെവിടെയും പെയിംഗ് ഗസ്റ്റായി തങ്ങാന്‍ സൗകര്യമൊരുക്കി നല്‍കുന്ന ഓണ്‍ലൈന്‍ സംരഭമാണ് Airbnb)  യു.എനിന്റെ അഭയാര്‍ത്ഥി സംഘടനയായ യു.എന്‍.സി.എച്ച് ആറുമായി സഹകരിച്ച് കിക്ക് സ്റ്റാര്‍ട്ടര്‍ നടത്തിവരുന്ന ധനസമാഹരണ പദ്ധതിയാണ് ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന മറ്റൊരു പ്രവര്‍ത്തനം.  23000ത്തില്‍പരം അനുയായികളില്‍ നിന്നായി 1.5 മില്ല്യണ്‍ ഡോളറാണ് ഇതുവരെയായി ഇവര്‍ സമാഹരിച്ചിരിക്കുന്നത്. (വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കുമായി വലിയ തോതില്‍ ഓണ്‍ലൈനിലൂടെ പണം സമാഹരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് കിക്ക്സ്റ്റാര്‍ട്ടര്‍) സാധാരണ ഗതിയില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഈ സംവിധാനം ഉപയോഗിച്ച് പണം സമാഹരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കുന്നവര്‍ക്ക് പണമല്ലാതെയുള്ള വലിയ സമ്മാനങ്ങള്‍ പകരം നല്‍കുന്നതാണ് കിക്ക് സ്റ്റാര്‍ട്ടറിന്റെ രീതി. എന്നാല്‍ പതിവില്‍ നിന്നു മാറി പ്രതിഫലം നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാതെ ഒരു സേവന പ്രവര്‍ത്തനം മാത്രമായാണ് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഈ വലിയ ധനസമാഹരണ പദ്ധതിയിവര്‍ നടത്തുന്നത്. 

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി ഇതുവരെയായി 10 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു നല്‍കിയ ഗൂഗിളാണ് വിഷയത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ച വച്ച മറ്റൊരു സിലിക്കണ്‍ വാലി പ്രസ്ഥാനം. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാലു പ്രശസ്ത സന്നദ്ധ സംഘടനകള്‍ക്കു വേണ്ടിയാണ് ഗൂഗിള്‍ തങ്ങളുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള സൈറ്റിലൂടെ പണം സമാഹരിച്ചു നല്‍കിയത്.

പണമല്ല മറിച്ച് സാങ്കേതികതയെത്തിച്ച് അഭയാര്‍ത്ഥികളെ സഹായിക്കുന്ന കാര്യമാണ് ഫേസ്ബുക്ക് പരിഗണിക്കുന്നത്. യു.എനിന്റെ അഭയാര്‍ത്ഥി സംഘടനയുമായി സഹകരിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമെത്തിക്കുന്ന പദ്ധതിയുമായായി മുന്നോട്ടു പോകുകയാണ് ഫേസ്ബുക്ക് മേധാവി സുക്കന്‍ബര്‍ഗ്. യു2 എന്ന സംഗീത ബാന്‍ഡിലൂടെ പ്രശസ്തനായ ഐറിഷ് ഗായകന്‍ ബോനയും സുക്കന്‍ബര്‍ഗിന്റെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ സഹകരിക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നതോടെ അവരുടെ ഒറ്റപ്പെട്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് ഫേസ്ബുക്ക് വിലയിരുത്തുന്നത്. 

സിലിക്കണ്‍ വാലി പ്രസ്ഥാനങ്ങള്‍ സഹായങ്ങളുമായി രംഗത്തു വരുന്നുണ്ടെങ്കിലും പ്രശ്‌നത്തിന്റെ വ്യാപ്തി കണക്കാക്കുമ്പോള്‍ ഇവര്‍ നല്‍കുന്ന സഹായം കാര്യമായ ഒരു പ്രവര്‍ത്തനത്തിനും തികയില്ലെന്നാണ് പൊതു വിലയിരുത്തല്‍. ഉദാഹരണമായി കിക്ക് സ്റ്റാര്‍ട്ട് സമാഹരിച്ച 1.5 മില്ല്യണ്‍ ഡോളര്‍ ഏകദേശം 7500 ഓളം അഭയാര്‍ത്ഥികളുടെ ചെറിയ ആവശ്യങ്ങള്‍ക്കു മാത്രമേ തികയുകയുള്ളു. ദിനം പ്രതി 6000ത്തില്‍പ്പരം അഭയാര്‍ത്ഥികള്‍ ഗ്രീസ് വഴി യൂറോപ്പിലെത്തുന്നുണ്ടെന്ന് കമ്പനി തന്നെ പറയുന്നു. 2011 മുതല്‍ ഇതുവരെ ഏകദേശം 1.2 കോടി അഭയാര്‍ത്ഥികള്‍ യൂറോപ്പിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനാണ് ലോകം ഇപ്പോള്‍ സാഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതും. 

ചെറിയ തോതിലുള്ള ധനസമാഹരണം, സെലിബ്രിറ്റികളെ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമുള്ള പ്രചാരണം ഇതുകൊണ്ടൊന്നും ഇപ്പോഴത്തെ അഭയാര്‍ത്ഥി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത് ഇത്തരം രീതികളൊക്കെ ഏതു മാനുഷിക ദുരന്തം സംഭവിക്കുമ്പോഴും പരിഹാരം കാണാന്‍ നമ്മളവലമ്പിക്കാറുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങളാണ്. പക്ഷേ ഇവിടെ പ്രശ്‌നത്തിന്റെ വ്യാപ്തി കൊണ്ടു തന്നെ,  വേണ്ടത് അതിനും മുകളിലുള്ള ക്രിയാത്മക ആശയങ്ങളാണ്. പ്രശ്‌നം രൂക്ഷമായിത്തുടങ്ങിയ ഇക്കഴിഞ്ഞ ജൂലൈ മുതല്‍ പറഞ്ഞു കേള്‍ക്കുന്ന ആശയമാണ് അഭയാര്‍ത്ഥി രാഷ്ട്രം എന്നത്. റിയല്‍ എസ്റ്റേറ്റ് പ്രമുഖനായ ജാസണ്‍ ബുസിയാണ് അതിന്റെ ഉപജ്ഞാതാവ്.

“സ്വന്തം രാജ്യം ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായിക്കഴിയുന്ന ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കുമായി ഒരു കൃത്രിമ രാഷ്ട്രം നിര്‍മ്മിക്കുക- അഭയാര്‍ത്ഥി രാഷ്ട്രം എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. അഭയാര്‍ത്ഥികളായ കോടിക്കണക്കിന് ജനങ്ങള്‍ ഇന്ന് ലോകത്തെമ്പാടുമുണ്ട്, ഒരു മനുഷ്യനും അനുഭവിച്ചു കൂടാത്ത യാതനകളിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. അങ്ങനെയല്ലാതെ അവര്‍ക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും അനുഭവിച്ചു കൊണ്ടും ജീവിക്കാന്‍ കഴിയുന്നൊരു സ്ഥലം. അതായിരിക്കും അഭയാര്‍ത്ഥി രാഷ്ട്രം. അവര്‍ക്ക് ആവശ്യമുള്ളതും അതു തന്നെയാണ്”, ബുസി പറയുന്നു. 

“ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവു വരുന്ന ആശയമാണ് അഭയാര്‍ത്ഥി രാഷ്ട്രമെന്നത് അതിന്റെ വക്താവ് ജാസന്‍ ബുസി തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിലും ഇത്തരമൊരു ആശയത്തെ വിദഗ്ദര്‍ പൊതുവേ സ്വാഗതം ചെയ്യുകയാണ്.  പ്രശ്‌നത്തിലിടപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ ആത്യന്തികമായി ലക്ഷ്യം വയ്ക്കാന്‍ അഭയാര്‍ത്ഥി രാഷ്ട്രം പോലൊരു സങ്കല്‍പ്പമുള്ളത് നല്ലതാണ്.” അഭയാര്‍ത്ഥി പ്രവാഹത്തെക്കുറിച്ചു പഠിക്കുന്ന .ഓക്‌സ് വേഡ് യൂണിവേഴ്‌സിറ്റി അക്കാദമി അംഗം അലക്‌സാണ്ടര്‍ ബെറ്റ് ചൂണ്ടിക്കാണിക്കുന്നു. നാം മുമ്പ് ചരിത്ര പുസ്തകങ്ങളില്‍ വായിച്ചിട്ടുള്ള കുഷ്ഠരോഗികളെ പാര്‍പ്പിക്കുന്നതിനായി ദൂര സ്ഥലങ്ങളില്‍ പണിയുന്ന കോളനികള്‍ പോലെ അല്ല നിലവിലെ അഭയാര്‍ത്ഥി രാഷ്ട്രം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിലിക്കണ്‍ വാലി സംരംഭകരെ പോലുള്ളവര്‍ ചെയ്തു വരുന്ന ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്തുള്ള വലിയ ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വന്നേ മതിയാകു. അഭയാര്‍ത്ഥി പ്രശ്‌നം നേരിടുന്നതിനുള്ള വലിയ വെല്ലുവിളിയും അതു തന്നെയാണ്. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍