UPDATES

മാലി കപ്പല്‍ ഗേറ്റ് വേ പ്രസ്റ്റീജ് കണ്ണൂരില്‍ എത്തിയത് എന്തിന്?

വീണ്ടും വിവാദമുയര്‍ത്തി കണ്ണൂര്‍ അഴീക്കല്‍ സില്‍ക്കില്‍ വിദേശ കപ്പലെത്തി; പ്രക്ഷോഭവുമായി ജനങ്ങള്‍

മാലിയില്‍ നിന്നുള്ള കപ്പല്‍ ഗേറ്റ് വേ പ്രസ്റ്റീജ് നങ്കൂരമിട്ടതോടെ കണ്ണൂര്‍ അഴീക്കലില്‍ വീണ്ടും പ്രതിഷേധം ഉയരുന്നു. കാലപ്പഴക്കം വന്നതിനെത്തുടര്‍ന്നു പൊളിക്കാനാണ് മാലി കപ്പല്‍ അഴീക്കലില്‍ കൊണ്ടുവന്നിരിക്കുന്നത്. അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറിനോടടുത്തുള്ള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡില്‍ (സില്‍ക്ക്) ആണ് കപ്പല്‍ പൊളിക്കാന്‍ കൊണ്ടുവന്നിരിക്കുന്നത്.

എന്നാല്‍ ഗുരുതരമായ പരിസ്ഥിതിപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഉയര്‍ന്ന ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്നു രണ്ടുവര്‍ഷമായി കപ്പല്‍ പൊളിക്കല്‍ നിര്‍ത്തിവച്ചിരിക്കുന്നിടത്തേക്കാണ് ഇപ്പോള്‍ വീണ്ടുമൊരു കപ്പല്‍ കൊണ്ടുവന്നിരിക്കുന്നതെന്നത് ജനകീയ പ്രക്ഷോഭം വീണ്ടും ഉയരാന്‍ കാരണമാകും.

വ്യവസായ വകുപ്പിനു കീഴിലാണു സില്‍ക്ക് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവിടെ കപ്പല്‍ പൊളിക്കല്‍ നടത്തുന്നത് സ്വകാര്യ കമ്പനികളാണെന്നും സില്‍ക്കിനെ ഒരു മറയാക്കിയിരിക്കുകയാണെന്നുമാണ് ആക്ഷേപം. 28 ഓളം കപ്പലുകള്‍ ഇവിടെ പൊളിച്ചിട്ടുണ്ട്.

അതേസമയം മാലി കപ്പലിന് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയതു മാത്രമെയുള്ളൂവെന്നും കപ്പല്‍ പൊളിക്കുന്നതിനുള്ള അനുവാദം നല്‍കിയിട്ടില്ലെന്നുമാണ് തുറമുഖ വകുപ്പ് അധികൃതര്‍ പറയുന്നത്. കംസ്റ്റസിന്റെ ക്ലിയറന്‍സ് രേഖകള്‍, തീരസംരക്ഷണ സേന, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി എന്നിവ ലഭ്യമാക്കിയാലേ കപ്പല്‍ പൊളിക്കാന്‍ സാധിക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അനധികൃതമായി കപ്പല്‍ പൊളിക്കല്‍ നടക്കുന്നതായി ആരോപണമുള്ളിടത്ത് ശരിയായ നടപടിക്രമങ്ങളിലൂടെ മാത്രമെ ഇതു നടക്കൂ എന്നു വിശ്വസിക്കാന്‍ സാധ്യമലല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സില്‍ക്കിലെ കപ്പല്‍പൊളിക്കല്‍ പ്രദേശത്തു കടുത്ത മാലിന്യപ്രശ്‌നങ്ങളാണു സൃഷ്ടിച്ചത്. അഴീക്കല്‍- മാട്ടൂല്‍ പുഴയില്‍ വച്ച് കപ്പല്‍ പൊളി നടത്തുന്നതിനാല്‍ പുഴ മലിനീകരണവും സമീപപ്രദേശങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിച്ചു. പഞ്ചായത്തനുമതി കൂടാതെയാണിവിടെ കപ്പല്‍ പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പെട്ടിക്കടനടത്തുന്നതിനുപോലും ലൈസന്‍സ് ആവശ്യമാണെന്നിരിക്കെ കൂറ്റന്‍ കപ്പലുകളുടെ പൊളിക്കല്‍ നടത്തുന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് അത്ഭുതമാണ്. കേരളത്തിന്റെ വ്യവസായ സ്വപ്‌നങ്ങളില്‍ അഴീക്കല്‍ തുറമുഖം ഉയര്‍ന്ന സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും സില്‍ക്കിലെ പ്രവര്‍ത്തനങ്ങള്‍ ഒരു നാടിനു നാശമാണ് ഉണ്ടാക്കി കൊണ്ടിരുന്നത്.

യാത്രാബോട്ട് നിര്‍മ്മാണത്തിനും കപ്പല്‍ പൊളി നടത്താനുമായി 1984-ലാണു സില്‍ക്ക് സ്ഥാപിച്ചത്. ആദ്യകാലങ്ങളില്‍ ഇവിടെ പൊളിക്കാനെത്തിയ കപ്പലുകള്‍ വളരെ ചുരുക്കമായിരുന്നു. വ്യവസായം നഷ്ടത്തിലായപ്പോഴാണ് ചെറുകപ്പലുകളുടെ നിര്‍മ്മാണത്തിനായി കപ്പല്‍ നിര്‍മ്മാണ ശാലയാക്കിയത്.

എന്നാല്‍ ഇന്ന് അഴീക്കല്‍ സില്‍ക്ക് വ്യവസായ കുത്തകകളുടെ വിളനിലമാണെന്ന് ഹാര്‍ബര്‍ തൊഴിലാളിയും അഴീക്കല്‍ സ്വദേശിയുമായ അഭിലാഷ് പറയുന്നു. കപ്പല്‍ പൊളിക്കല്‍ നടത്തുന്ന പ്രദേശത്തെ ആളുകളിലെല്ലാം ഒരേതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴാണ് 2005-ലെ വിവരാവകാശ നിയമപ്രകാരം നാട്ടുകാര്‍ പഞ്ചായത്തിന് അപേക്ഷ നല്‍കിയത്. അതിനുനല്‍കിയ മറുപടിയിലാണ് പഞ്ചായത്തിന്റെ അനുമതിയോടെയല്ല സില്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചത്.

50 വീടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ എട്ടുപേര്‍ക്ക് ടെറീജന്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കണ്ണിനു ചുറ്റും പാടകെട്ടി ക്രമേണ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന രോഗമാണ് ടെറീജന്‍. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മലിനീകരണത്തെയും രോഗബാധയെയും കുറിച്ച് അറിയാനായി പഠനങ്ങള്‍ നടന്നുവരികയാണ്.

ഡോ. ഡി.സുരേന്ദ്രനാഥിന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ടെറീജന്‍ രോഗവിവരം കണ്ടെത്തിയത്. അധികൃതരുടെ കണ്ണില്‍ പെടാതെ നടത്തിവരുന്ന കപ്പല്‍പൊളി തന്നെ അതിശയിപ്പിക്കുന്നുവെന്ന് സുരേന്ദ്രനാഥ് പ്രതികരിച്ചു.

ഇന്ത്യയിലെതന്നെ വലിയ കപ്പല്‍ പൊളിക്കല്‍ ശാലയുള്ള ഗുജറാത്തില്‍ ഇപ്പോള്‍ പൊളിക്കലുകളൊന്നും തന്നെ നടക്കുന്നില്ല. സമീപ പ്രദേശങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിനു കാരണം.

കപ്പലില്‍നിന്ന് വൈകുന്നേരങ്ങളില്‍ കറുത്ത പുക ഉയരുമ്പോള്‍ ശ്വാസതടസവും കണ്ണിന് ചൊറിച്ചലും അനുഭവപ്പെടാറുണ്ടെന്ന് പരിസരവാസിയായ ആയിഷാബി പറയുന്നു. എന്നാല്‍ സില്‍ക്കിലെ മാലിന്യപ്രശ്‌നം അടിസ്ഥാനരഹിതമാണെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുരക്ഷിതവും മാലിന്യരഹിതവുമായ പ്രവര്‍ത്തനമാണ് അഴീക്കല്‍ സില്‍ക്കില്‍ ഇതുവരെ നടത്തിവരുന്നതെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്.

നാട്ടുകാരുടെ പരാതി മാനിച്ച് ഇപ്പോള്‍ അഴീക്കല്‍ സില്‍ക്കിലെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിയരിക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും രഹസ്യമായി പൊളിക്കല്‍ ഇപ്പോഴും നടത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതി ശരിവയ്ക്കുന്നതാണ് മാലി കപ്പലിന്റെ വരവ് കാണിക്കുന്നത്. ഇതിനെതരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍