UPDATES

വായന/സംസ്കാരം

ഓണം ഫെയര്‍, തൊണ്ണൂറു ശതമാനം കിഴിവില്‍ കരള്‍ പ്രദര്‍ശനം

ശില്‍പ്പവൃക്ഷം (കവിതകള്‍)
രാജേഷ് ബീ സി
കറന്റ് ബുക്‌സ്
വില: 75 രൂപ

സമകാല കവിതയുടെ സമര തീക്ഷ്ണമുഖമാണ് രാജേഷ് ബീ സിയുടെ കവിതകള്‍. സമരം എന്നുദ്ദേശിക്കുന്നത് ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും എതിരെയുള്ള ഭാവനകളുടെ ചെറുത്തുനില്‍പ്പാണ്. അത് ചിലപ്പോള്‍ ഐറണിയായും ഏകാന്തതയായും അമ്ലവീര്യമായും ആത്മാവിന്റെ അടിച്ചമര്‍ത്തലായും തുള്ളിയുറയുമ്പോള്‍ ബിംബങ്ങളുടെ ധാരാളിത്തവും ബഹുസ്വരതയുടെ നീരാളിപ്പിടുത്തവും കവിതയെ ഭാവവിനിമയത്തിന്റെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തുന്നു. കാളിന്ദിയെ ബലരാമന്‍ ഹലായുധം കൊണ്ട് വെട്ടിമുറിച്ച് ചാലുകീറിയപോലെ കവിതയില്‍ പൂര്‍വ്വമാതൃകകളെ ശീലങ്ങളുടെ തടവറയില്‍ നിന്ന് പുറത്ത് ചാടിക്കാനാണ് രാജേഷ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യസമാഹാരമായ ‘മഴനനയുന്നവന്റെ  വീട്ടി’ ല്‍ നിന്ന് രണ്ടാമത്തെ സമാഹാരമായ ‘ശില്‍പ്പവൃക്ഷ’ ത്തിലേയ്ക്കുള്ള രാജേഷ് ബീ സിയുടെ വരവ് കവിതയുടെ ഗണിതങ്ങളെയും ഗുണിതങ്ങളെയും നവീകരിച്ചുകൊണ്ടാണ്. 43 കവിതകള്‍ അടങ്ങിയിരിക്കുന്ന ‘ശില്‍പ്പവൃക്ഷം’ നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ കപടനാടകവേദിയിലെ ചരടുപിടുത്തക്കാരനെ കണ്ടെത്തലാണ്.

‘തടികണ്ട് പേടിച്ച തച്ചനുണ്ടോ’ എന്ന ചോദ്യം ഉയര്‍ത്തുന്ന നാട്ടുമൊഴിയില്‍ നിന്ന് കടഞ്ഞു കടഞ്ഞു മുന്നേറുന്ന തച്ചുശാസ്ത്രത്തിന്റെ തട്ടകത്തിലാണ് രാജേഷിന്റെ കവിതകള്‍ ഉളിയും ചിന്തേരുമായി വിഹരിക്കുന്നത്. ‘ശില്‍പവൃക്ഷ’ മെന്ന ആദ്യകവിത തലക്കെട്ടാക്കിയതിന് പിന്നില്‍ തന്റെ കാവ്യവിശദീകരണത്തിന്റെ ധ്വനികൂടി രാജേഷ് സൂചിപ്പിക്കുന്നു. ശില്‍പത്തില്‍ സ്വയം വിലയം പ്രാപിക്കുന്ന ശില്‍പിയുടെ ചിത്രം വരഞ്ഞിടുന്ന ശില്‍പവൃക്ഷം അനുഭവസാകല്യത്തിന്റെ മറ്റൊരു മുഖമാണ്. വൃക്ഷവും തച്ചനും ശില്‍പവും തമ്മിലുള്ള ആന്തരികമായ സമവാക്യത്തെ ഖണ്ഡിക്കുകയാണ് ശില്‍പി. ‘തച്ചത്തിവെട്ടിയുറയുമ്പോള്‍ തച്ചുസ്വപ്നങ്ങളേറ്റുപോകുന്നു’ എന്ന് എഴുതി കവി സ്വയം നഷ്ടപ്പെടുന്നതിന്റെ ആന്തരിക സന്താപം അനുഭവിച്ചു നീറുകയാണ്.

‘ഈ തീരവും നഷ്ടപ്പെടുന്നു’ എന്ന കവിതയില്‍ ഒറ്റയ്ക്കു സംസാരിക്കുന്നവന്റെ ശബ്ദം കേള്‍ക്കാം.

കഴിഞ്ഞ കാലത്തിന്റെ
കഥയില്ല നമ്മില്‍
അകലുന്ന നമ്മളില്‍
ചത്തസൗന്ദര്യം
അഴുകുന്ന മാറാപ്പില്‍
കറുത്ത പൂക്കൂടകള്‍

അഴുകുന്ന മാറാപ്പില്‍ കറുത്ത പൂക്കൂടകള്‍ എന്ന് എഴുതി വയ്ക്കുന്ന കവി സമകാലികാവസ്ഥയുടെ സംഘര്‍ഷവും സംവേദനവും തുറന്നു കാട്ടുന്നു. ‘കറുത്ത ഫലിതം’ എന്നു പറയുംപോലെ, കറുത്ത പൂക്കൂടയുമായി ഏകാകിയായ ഒരപാരതീരപഥികനെയാണ് രാജേഷ് ഓര്‍മ്മിപ്പിക്കുന്നത്.

ഉത്തരാധുനികതയില്‍ നിന്ന് തെറിച്ചും ഗൃഹാതുരതയില്‍ നിന്ന് വിറച്ചും നില്‍ക്കുന്ന കവിതയാണ് വി ജെ ടി ഹാള്‍

ഉരുകിയൊലിച്ച കാലത്തില്‍
ഇലയുടെ ജീര്‍ണ്ണ ഞരമ്പുപോലെ
വി ജെ ടി ഹാള്‍
മച്ചിന്‍ ചുമരുകളില്‍ കവിത ബാക്കിയുണ്ടാവും
അല്ല
ഓണം ഫെയര്‍
തൊണ്ണൂറു ശതമാനം
കിഴിവില്‍ കരള്‍ പ്രദര്‍ശനം

തിരുവനന്തപുരം നഗരത്തിന്റെ പ്രധാന സാംസ്‌ക്കാരിക ചിഹ്നമായ വി ജെ ടി ഹാള്‍, ഉത്തരകാല സംസ്കാര ധാരയില്‍ നിന്ന് എങ്ങനെ വേറിട്ടുനില്‍ക്കുന്നു എന്ന് ഇക്കവിത വ്യക്തമാക്കുന്നു. തൊണ്ണൂറ് ശതമാനം കിഴിവില്‍ കരള്‍ പ്രദര്‍ശനം എന്നു പറയുമ്പോള്‍ ഉയര്‍ന്നുവരുന്ന പരിഹാസവും സാമൂഹിക വിമര്‍ശനവും ഗൃഹാതുരത്വത്തിന്റെ  ഇല ഞരമ്പുകളിലൂടെ മുഴുകിയിറങ്ങുന്നത് നമ്മളറിയാതെ കണ്ടുപോകുന്നു.

സമകാലികാവസ്ഥയില്‍ കാവ്യരംഗത്തും കവിതയിലും സംഭവിക്കുന്ന സ്വഭാവ സവിശേഷതകളുടെ ചിത്രങ്ങളാണ് ‘കവിതകാറ്റുകൊള്ളുന്നു’, ‘മലയാളകവിത’, ‘ഇനി നമുക്ക് കവിതചൊല്ലാം’ എന്നീ രചനകള്‍. ‘മലയാള കവിത’ ഇന്ന് നടമാടുന്ന കാവ്യാഭാസങ്ങളെ കണക്കറ്റ് പ്രഹരിക്കുമ്പോള്‍ ‘ഇന്ന് നമുക്ക് കവിത ചൊല്ലാം’ എന്നത് പുതിയ ഭാവുകത്വം വിളംബരം ചെയ്യുന്ന കവിതയുടെ സാക്ഷ്യപത്രമാണ്. വാക്കിന്റെ ചുറ്റിക വീശുന്ന പ്രഭാഷകനോട് ‘നിര്‍ത്തുക നിന്റെ സമവാക്യ സങ്കിര്‍ണദര്‍ശന നാട്യമെന്ന് പറയുന്ന കവി പുതിയ കവിതയുടെ രീതികളും ഗീതികളും അനാവരണം ചെയ്യുകയാണ്. ‘കവിത കാറ്റുകൊള്ളുന്നു’ എന്ന കവിതയിലാകട്ടെ, പരിഹാസവും പരിദേവനവും.

കവിത കാറ്റുകൊള്ളാന്‍ പോയി
കവികള്‍ക്ക് കാറ്റുവീഴ്ച
തെങ്ങുകള്‍ മുറിച്ചുമാറ്റി റബ്ബര്‍ നട്ടു
ഇനി വലിച്ചാല്‍ നീളുന്ന കവിത
തുരുമ്പിച്ച വികാരങ്ങളുടെ കവിത…

പ്രഭാഷണത്തിന്റെ സാധ്യത ഉപയോഗിച്ചുള്ള പല കവിതകളും ഈ സമാഹാരത്തിലുണ്ട്. ചിലപ്പോഴത് ആത്മഭാഷണമായും പ്രഖ്യാപനമായും പരിണമിക്കുന്നു എന്നേയുള്ളു. ഇതൊക്കെയാണെങ്കിലും എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു വന്നാലും (ആധുനികം, ഉത്തരാധുനികം) കാല്‍പനികതയില്‍ വിലയം പ്രാപിക്കാന്‍ കവിതകള്‍ക്ക് വിധിയുണ്ട്. ‘തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു’ എന്ന കവിത തന്നെ നോക്കുക.

വിവാഹവാര്‍ഷികം
അവളുടെ കാത്തിരിപ്പില്‍
ഒട്ടും നീരസം ഉണ്ടായിരുന്നില്ല
അയാളെത്തുമ്പോള്‍
പാതിരാ കഴിഞ്ഞിരുന്നു.
അവള്‍ എ സി ഓഫാക്കി
ജനാല തുറന്നിടുമ്പോള്‍
വിരികള്‍ നീക്കിയില്ല
പഴയൊരുകാലം മുല്ലമണമായ്
മുറിയില്‍ നിറഞ്ഞു.
…………………………..
സ്ഥാനം തെറ്റിയ വസ്ത്രം നേരെയാക്കി
അഴിഞ്ഞുമുടി അലസമായി കെട്ടിവച്ച്
എ സി ഓണാക്കി അവള്‍ തിരിഞ്ഞുകിടന്നു
മുറിയിലെ മുല്ലമണം പിന്‍വാങ്ങിയപ്പോള്‍
ജനാല താനേയടഞ്ഞു.

എത്ര മനോഹരമായിട്ടാണ് ഈ കവിതയിലെ മുല്ലമണത്തിലൂടെ പഴയകാലം ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്! എ സി ഓഫാക്കുകയും ഓണാക്കുകയും ചെയ്യുകവഴി ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ കാല്‍പനികമായ ജാലകത്തിലൂടെ സ്ഥാനം തെറ്റിക്കിടക്കുന്ന നിഗൂഢ സൗന്ദര്യത്തിന്റെ സ്വപ്ന സന്നിഭമായ ചിത്രപടമാണ് കവി അറിയാതെ തന്നെ ചുരുള്‍ നിവരുന്നത്.

താമരയുടെ കുരുന്നിലയില്‍ തിളങ്ങുന്ന മഞ്ഞുതുള്ളിയില്‍ നീലാകാശം പ്രതിബിംബിക്കുംപോലെ ‘ഒറ്റ മുള്‍ച്ചെടിയുടെ വസന്തം’ എന്ന് പേരിട്ടിരിക്കുന്ന കവിത രാജേഷിന്റെ കാവ്യവ്യവഹാരത്തിന്റെ തട്ടകമാണ്.

ഓര്‍ക്കുവാനിഷ്ടം തോന്നാമഴയില്‍
വിഷം ചാറി രാത്രിയെത്തുമ്പോള്‍
മഷിയില്‍ കരടേറിയക്ഷരം വറ്റിപ്പോയ
ജീവിതം തികയാതെ
ഒറ്റമുള്‍ച്ചെടിയുടെ പൂക്കളില്‍
പദങ്ങളൊത്തു നോക്കുവാന്‍
കാലശൂന്യമാം ഘടികാരം

കാലശൂന്യമാം ഘടികാരം എന്ന പ്രയോഗത്തിലൂടെ അതീത അതിജീവന തത്വശാസ്ത്രം പ്രഘോഷിക്കുകയാണ് രാജേഷ്. 

‘ഒറ്റയടിപ്പാത’ ഒറ്റയ്ക്കു നടക്കാനും ഒറ്റയ്ക്കു പാടാനും കൊതിക്കുന്ന കവിയുടെ ആന്തരിക സമ്മര്‍ദ്ദത്തെ വ്യക്തമാക്കുന്നു.

പറയാന്‍ കാത്തുവച്ച വാക്ക്
ഇപ്പോള്‍ ഓര്‍ക്കരുത്
………………………
ഒടുവില്‍ കണ്ടുമുട്ടുമ്പോള്‍
പരസ്പരം ചുറ്റി
പിരിഞ്ഞുപോകാമല്ലോ

പാടത്തിന് നടുവിലെ ഒറ്റയടിപ്പാതയില്‍ അവളും അയാളും അക്കരെയിക്കരെ നിന്ന് നടന്നെത്തുമ്പോള്‍ രണ്ടു കരകളിലേയ്ക്ക് വീണ്ടും തിരിച്ചുനടക്കേണ്ടിവരും. എങ്കിലും ആത്യന്തികമായി പിരിഞ്ഞുപോകേണ്ടവരാണവര്‍. ഒറ്റപ്പെടലിന്റെ വ്യഥകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ‘ഒറ്റയടിപ്പാത’ ജീവിതപ്പാത തന്നെയാകുന്നു.

രാജേഷ് ബീ സി ഒരു ഇ.എന്‍.ടി. സര്‍ജനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കവിതയിലുടനീളം വൈദ്യശാസ്ത്ര പദാവലികളും ഇമേജുകളും കടന്നുവരുന്നു. ന്യൂറോണും തലച്ചോറും ജനിതകവും അപസ്മാരവും മുറിവിന്‍ ലഹരിയും നേത്രരേണുക്കളും കേസ് ഷീറ്റും രോഗപുസ്തകവുമെല്ലാം അതാണ് വ്യക്തമാക്കുന്നത്. രോഗികളെ സൂക്ഷ്മതയോടും ഏകാഗ്രതയോടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുംപോലെ  കാവ്യബിംബങ്ങളെയും സൂക്ഷ്മതയോടെ കവിതയില്‍ സന്നിവേശിപ്പിക്കുന്നു രാജേഷ്. പ്രസിദ്ധ വിമര്‍ശകന്‍ പി.കെ. രാജശേഖരന്റെ അവതാരികയും ഡോ. ബി. രാജീവിന്റെ പഠനവും ഈ സമാഹാരത്തിന് പരഭാഗശോഭ പകരുന്നു.

രൂപഭാവങ്ങളാലും ആവിഷ്‌ക്കരണത്തിലും സ്വകീയമായ ഇടങ്ങള്‍ സൃഷ്ടിക്കുന്ന രാജേഷ് ബീ സിയുടെ കവിതകള്‍ ഒറ്റയ്ക്കു പാടുന്ന കാട്ടുപക്ഷിയുടെ പാട്ടുകളാണ്. ശില്‍പവൃക്ഷത്തിന്റെ കൂര്‍ത്ത കൊമ്പുകളില്‍ കരള്‍ചേര്‍ത്തു വച്ച് പാടുമ്പോള്‍ സ്രവിക്കുന്ന മുറിവിലെ ചോരയാണ് രാജേഷിന്റെ കവിതകളുടെ ആന്തരിക ചോദനയും ചേതനയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍