UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉടലില്‍ ബിക്കിനിയും ഉള്ളില്‍ പര്‍ദയുമിട്ട ആങ്ങളമാരാണ് ഇപ്പോള്‍ ആര്‍പ്പു വിളിക്കുന്നത്‌

Avatar

അഴിമുഖം പ്രതിനിധി

മെഡലൊന്നും കിട്ടിയില്ലെങ്കിലും ഇന്ത്യയില്‍ നിന്നു പോയ കായിക മന്ത്രി അനുവാദമില്ലാത്തിടത്തേക്ക് ഇടിച്ചു കയറി ചെന്ന് വിവാദമെങ്കിലുമുണ്ടാക്കി. അതുവരെ അഭിനവ് ബിന്ദ്രയുടെ തോക്കിന്റെ കുഴലില്‍ പൊട്ടാനിരിക്കുന്ന ഉണ്ടയിലായിരുന്നു രാജ്യത്തിന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍, കാവിലെ പാട്ടുമത്സരത്തിനു കാണാമെന്ന് നാണംകെട്ട വിടവാങ്ങലില്‍ നിന്നു രാജ്യത്തെ കരകയറ്റിയ വനിതകളെയോര്‍ത്ത് അന്ത:രംഗം അഭിമാനപൂരിതമാകുന്നു. ഇന്ത്യാസ് ഡോട്ടേഴ്‌സ് എന്നാര്‍പ്പു വിളിക്കുമ്പോള്‍, ഫേസ്ബുക്കിലെ സിന്ധുപ്പെങ്ങളേ എന്ന വിളി കേള്‍ക്കുമ്പോള്‍ അലിഞ്ഞു പോകാന്‍ മാത്രമുള്ളതല്ല അവരിത്രനാളും ആരാധക വൃന്ദങ്ങളുടെ ശ്രദ്ധാപഥങ്ങളിലേക്കു കടന്നു വരാതെ അണിയറയില്‍ അലകും പിടിയും ഉറപ്പിച്ച് കാത്തിരുന്ന മനക്കരുത്ത്. 

ഉടലില്‍ ബിക്കിനിയും ഉള്ളില്‍ പര്‍ദയുമിട്ട ഒരു രാജ്യമാണ് ഇപ്പോഴത്തെ മെഡല്‍ നേട്ടങ്ങളില്‍ ആര്‍പ്പു വിളിക്കുന്നതെന്ന സത്യം പറഞ്ഞാല്‍ ഒരു പക്ഷേ ചില്ലുമേടകളില്‍ നിന്നു കല്ലുമഴ പെയ്‌തേക്കാം. സ്റ്റാറ്റസുകളുടെ പെരുമഴക്കാലമായിരുന്നു ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയകളില്‍. പെണ്ണൊരുമ്പെട്ടു നേടിയ നേട്ടങ്ങള്‍ക്കു കൈനനയാതെ അഭിനന്ദിക്കാന്‍ കിട്ടിയ അവസരം എല്ലാവരും വിനിയോഗിച്ചു. പണ്ട് സ്‌കൂളില്‍ പ്രതിജ്ഞ ചൊല്ലുമ്പോഴല്ലാതെ ഇത്രയും ആങ്ങളമാരുണ്ടാകുമെന്ന് സിന്ധുവും അറിഞ്ഞു കാണില്ല. അതിനു ഫേസ്ബുക്ക് തന്നെ വേണ്ടി വന്നു.

 

2020 ഒളിമ്പിക്‌സിന് ഇന്ത്യയില്‍ നിന്നൊരു ട്രാന്‍സ് ജെന്‍ഡര്‍ കായിക താരത്തിനു പോകാന്‍ അനുമതി ഉണ്ടാകുമോ? അങ്ങനെയൊരു താരത്തെ കണ്ടെത്തി ട്രാക്കിലോ ഗോദയിലോ കോര്‍ട്ടിലോ ഇതുവരെ ആരെങ്കിലും ഇറക്കിയിട്ടുണ്ടോ? പേരും വിലാസവുമെഴുതി പൂരിപ്പിക്കാനുള്ള കടലാസില്‍ അവര്‍ക്കു സ്വത്വമെഴുതാനൊരു കോളമുണ്ടാകുമോ? അവരിലാരെങ്കിലും ഒരു മെഡല്‍ പ്രതീക്ഷയര്‍പ്പിക്കുമോ? അവരിങ്ങനെ ആഘോഷിക്കപ്പെടുമോ? ട്രാക്കിലെ രഥവേഗങ്ങള്‍ക്കപ്പുറം ഉടലും ഉടുപ്പും നോക്കി കൈയടിക്കാത്ത ഒരു കാലം വരുമെന്നു തന്നെ കരുതാം. അതിരുകള്‍ കടന്ന് അവര്‍ വിജയക്കൊടികള്‍ പാറിക്കട്ടെ. 

ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുമ്പോള്‍ അമേരിക്കന്‍ ഡെക്കാത്തലണ്‍ താരം വില്യം ബ്രൂസ് ജെന്നര്‍ പുരുഷ വിഭാഗത്തിലാണ് മത്സരിച്ചത്. പക്ഷേ 2015-ല്‍ അവര്‍ ലോകത്തോടു വിളിച്ചു പറഞ്ഞു താന്‍ കാറ്റ്‌ലിന്‍ ജെന്നര്‍ എന്ന വനിതയാണെന്ന്. കാള്‍ മി കാറ്റ്‌ലിന്‍ എന്ന പേരില്‍ അവര്‍ വാനിറ്റി ഫെയറിന്റെ കവര്‍ ഗേളായി. ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വേണ്ടി പ്രചാരണത്തിന്റെ മുന്‍നിരയിലാണ് കാറ്റ്‌ലിന്‍. തന്റെ ട്രംപ് ടവറില്‍ ഏതു റെസ്റ്റ് റൂം വേണമെങ്കില്‍ ലിംഗവ്യത്യാസമില്ലാതെ കാറ്റ്‌ലിനുപയോഗിക്കാമെന്നായിരുന്നു അവരോടു ട്രംപിന്റെ വാഗ്ദാനം. ഇന്ന് അമേരിക്കയില്‍ ഏറ്റവുമധികം താരമൂല്യമുള്ള ട്രാന്‍സ്‌വുമണുമാണ് കാറ്റ്‌ലിന്‍ ജെന്നര്‍. ഈ നിരയില്‍ ലോകത്ത് താരങ്ങളേറെയുണ്ട്. ഗോള്‍ഫ് താരം മിയാനി ബാഗര്‍ പൂര്‍വകാലത്ത് മൈക്കല്‍ ബാഗറായിരുന്നു. ടെന്നീസ് താരം റെന്നി റിച്ചാര്‍ഡ്‌സ് മുന്‍പ് റിച്ചാര്‍ഡ് റസ്‌കിന്റ് ആയിരുന്നു. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട് താരം ഫാലോണ്‍ ഫോക്‌സ് മുന്‍പ് ബര്‍ട്ടോണ്‍ ബോയ്ഡ് ആയിരുന്നു. വനിതാ ഇനത്തില്‍ മത്സരിച്ചു വന്നിരുന്ന ഫാലോണ്‍ ട്രാന്‍സ്ജന്‍ഡറാണെന്നു വെളിപ്പെടുത്തിയത് ഏറെ വിവാദം ഉയര്‍ത്തി. 2009-ല്‍ ഐഎഎഫില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ കാസ്റ്റര്‍ സെമെന്യക്കു ശാരീരിക പരിശോധനയില്‍ ഗര്‍ഭപാത്രവും യോനിയുമില്ലെന്നും കണ്ടെത്തിയെങ്കിലും അതു വലിയ വിവാദത്തിലേക്കു നീങ്ങിയില്ല. അല്ലെങ്കിലും ഇതിലൊന്നും വിവാദമല്ലല്ലോ വെളിച്ചമല്ലേ വേണ്ടത്. 

ഈ ട്രാന്‍സ് താരങ്ങളെക്കുറിച്ചു വെറുതെ പറഞ്ഞുവെന്നേയുള്ളു. അനവധി കാറ്റ്‌ലീന്‍മാര്‍ ഇന്ത്യക്കു വേണ്ടി ട്രാക്കിലും ഗോദയിലും കോര്‍ട്ടിലും നിറയട്ടെ എന്ന സ്വപ്‌നത്തിന്റെ ഭാഗമായി. 

കഴിഞ്ഞു പോയൊരു ഒളിമ്പിക്‌സില്‍ യെലേന ഇസിന്‍ബയേവ എന്ന റഷ്യന്‍ താരം പോള്‍വാള്‍ട്ടിന്റെ തുമ്പത്തു പിടിച്ചു കാലുയുര്‍ത്തിച്ചാടി സ്വര്‍ണം കൊത്തിയെടുത്ത നിമിഷത്തെ ചിത്രം കൊട്ടയിലിട്ടു തലപ്പടം മാത്രം കൊടുത്ത പത്രങ്ങളുണ്ട് ഇപ്പോഴും ഇന്ത്യയില്‍. കഴിഞ്ഞ വേനല്‍ കാലത്താണ് പെണ്ണുങ്ങള്‍ ലെഗിംങ്‌സ് ഇടുന്നതിനെ എതിര്‍ത്ത് കൊണ്ട് മലയാളത്തിലെ ഒരു മുതിര്‍ന്ന എഴുത്തുകാരന്‍ അസഹിഷ്ണുത പ്രകടിപ്പിച്ചത്. രണ്ടും കഴിഞ്ഞിട്ടേറെ നാളായി. റിയോ ഒളിമ്പിക്‌സ് കൂടാരത്തില്‍ ഇന്ത്യ തലയും താഴ്ത്തി നില്‍ക്കേണ്ടി വരുമോ എന്ന അവസ്ഥിലാണ് ദീപ കര്‍മാര്‍ക്കര്‍ മെയ് വഴക്കം കൊണ്ട് മെഡലോളമെത്തി തിളങ്ങി നിന്നത്. തൊട്ടു പിന്നാലെ സാക്ഷി മാലിക്കിന്റെ സ്വര്‍ണത്തിളക്കമുള്ളള വെങ്കലവും പി.വി സിന്ധുവിന്റെ പ്രകാശം പരത്തിയ വെള്ളിയും രാജ്യത്തെ കാവിലെ പാട്ടു മത്സരത്തില്‍ നിന്നും രക്ഷിച്ചു നിര്‍ത്തിയതോടെ ഇത്തവണത്തെ ഒളിമ്പിക്‌സ് ഇന്ത്യയുടെ പെണ്‍കരുത്തിന്റെ അടയാളമായി മാറുകയായിരുന്നു. പ്രതീക്ഷകളെല്ലാം അതുവരെ ബിന്ദ്രയുടെ തോക്കിന്‍ കുഴലിലായിരുന്നെങ്കിലും തങ്ങള്‍ പറഞ്ഞു വിട്ടതാണ് വനിതാ രത്‌നങ്ങളെയെല്ലാം എന്ന മട്ടില്‍ സോഷ്യല്‍ മീഡിയയിലും പ്രതികരണങ്ങളുയര്‍ന്നു. സിന്ധുവിന്റെ വിജയത്തോടെ ദേശീയ ഗാനത്തിലെ ആ വരി മാത്രം ഇന്നലെ അവര്‍ക്കു വേണ്ടി പാടണമെന്നു തോന്നി… അതായിരുന്നു അവര്‍ക്കു വേണ്ടി മനസില്‍ കുറിച്ചിട്ട സന്തോഷ സ്റ്റാറ്റസും…. ഗാഹേ തവജയ ഗാഥ.

കളിയെല്ലാം കഴിഞ്ഞിട്ട് തുടുവേര്‍പ്പും തുടച്ച് അരയില്‍ കൈ കുത്തി നില്‍ക്കുമ്പോള്‍ ദീപയോടും സിന്ധുവിനോടും സാക്ഷിയോടും ചോദിച്ചാലറിയാം സോഷ്യല്‍ മീഡിയയിലെ ആങ്ങളമാരെല്ലാം ഒളിമ്പിക്‌സ് നേട്ടങ്ങള്‍ക്കു മുന്‍പ് നല്‍കിയിരുന്ന പിന്തുണയുടെ യഥാര്‍ഥ വശം. ഇന്ത്യ വനിതകളോടു ചെയ്യുന്നത് ഇന്ത്യക്കാര്‍ക്കു കാണാന്‍ വിധിയില്ലാത്ത ലെസ്ലി ഉഡ്വിന്റെ നിരോധിക്കപ്പോട്ട ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി കാണിച്ചു തരും. അടങ്ങി ഒതുങ്ങി മൂടുപടവും പര്‍ദ്ദയും ഒക്കെ ധരിച്ചു വീടിനുള്ളില്‍ കഴിയുന്നവരാണ് കുലസ്ത്രീകളും നല്ലപെണ്‍പിറന്നോരുമൊക്കെ. ഈ നല്ല വീട്ടമ്മ പട്ടം കിട്ടിക്കഴിഞ്ഞാല്‍ പുകയുമേറ്റു അടുക്കളയില്‍ വീരമൃത്യ വരിക്കാം.

അവിടെയാണ് ആണ്‍മറകള്‍ ചാടിക്കടന്ന് റിയോയിലെ ഇടിക്കുട്ടില്‍ ഇടിമിന്നലായി കോര്‍ട്ടില്‍ ബാക്‌സ്മാഷിന്റെ വിസ്മയങ്ങള്‍ തീര്‍ത്തും ബാറില്‍ ഉടല്‍ ഒരു വിസ്മയമായി മാറ്റിയും ദീപയും സാക്ഷിയും സിന്ധുവും വേറിട്ടു നില്‍ക്കുന്നത്. പി.ടി ഉഷയൊക്കെ ഒളിമ്പിക്‌സ് ട്രാക്കിലേക്കെത്തിയതില്‍ കേരളത്തിന്റെ മോശമല്ലാത്ത സാമൂഹികാന്തരീക്ഷവും പിന്തുണയും വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍, ഉത്തരേന്ത്യയില്‍, ഖാപ് പഞ്ചായത്തുകളുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി ഗോദയിലിറങ്ങി എതിരാളിയെ മലര്‍ത്തിയടിച്ചെങ്കില്‍ അതൊരു ചെറിയ കാര്യമല്ല. അവള്‍ താണ്ടിയ കടമ്പകള്‍ക്ക് ആകാശത്തോളം ഉയരുവുമുണ്ടായിരിക്കണം. 

2020 ഒളിമ്പ്കസ് നടക്കുമ്പോള്‍ ജാര്‍ഖണ്ഡിലെ സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ രേഖ കുമാരിക്ക് 20 വയസു തികയും. അന്നൊരു സ്വര്‍ണമെഡല്‍ കഴുത്തിലണിയാന്‍ വേണ്ടിയാണ് അവള്‍ പതിനാറാം വയസില്‍ റാഞ്ചിയിലെ ഡാമിലെ കലക്കവെള്ളത്തില്‍ നീന്തിപ്പഠിക്കുന്നത്. സ്വിംമ്മിംഗ് പൂളിലെ പരിശീലനം കരക്കിരിക്കുന്ന ഒരു സ്വപ്‌നം മാത്രമാണ് രേഖയ്ക്കും പരിശീലകനും. 

ഹരിയാനയിലെ സെല്‍ഫി വിത്ത് ഡോട്ടറും പെണ്‍ കുഞ്ഞ് ജനിക്കുമ്പോഴേ രണ്ടു മരം വെച്ചു കെട്ടിച്ചു വിടാന്‍ നേരം വെട്ടി വില്‍ക്കാന്‍ ഒരു കരുതലാവട്ടെ എന്ന ആഹ്വാനങ്ങള്‍ക്കും മുകളില്‍ അവളുമാരുടെ വഴികളില്‍ അവര്‍ അശ്വവേഗത്തില്‍ പായുമ്പോള്‍ മെഡലുകളേക്കാള്‍ തിളക്കമുള്ള വിജയത്തില്‍ രാജ്യം അവകാശങ്ങളുന്നയിക്കാതെ അഭിമാനിക്കട്ടെ. പെണ്‍കരുത്തില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിജയത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയാകട്ടെ അടുത്ത ഒളിമ്പിക്‌സ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍