UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മി. രവി, ഞങ്ങള്‍ക്കു തലോടാന്‍ മാത്രമല്ല തല്ലാനും അറിയാം; നിര്‍ബന്ധിക്കരുത്

Avatar

സുനിത ദേവദാസ്

സിന്ധു സൂര്യകുമാറിനെ ആദ്യമായി നേരിട്ടു കാണുന്നത് 2006 മാര്‍ച്ച് മാസത്തിലാണ് എന്നാണ് ഓര്‍മ. കൃത്യമായി ഓര്‍ക്കാനുള്ള കാരണം ഞാന്‍ തിരുവനന്തപുരത്തു താമസം തുടങ്ങിയ അടുത്ത നാളുകളിലായിരുന്നു അത് എന്നതിനാലാണ്. കേശവദാസപുരത്തുള്ള കേദാരം ഷോപ്പിങ് മാളിനു മുന്നില്‍ സിന്ധുവും ഒരു കൂട്ടുകാരിയും കൂടി നില്‍ക്കുന്നു. എന്തു തോന്നലിലാണെന്ന് ഇപ്പോഴും അറിയില്ല, ഞാന്‍ ഓടിപ്പോയി കയ്യില്‍ പിടിച്ചു. എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ എന്നു പറഞ്ഞു. സത്യത്തില്‍ സിന്ധു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എന്നെത്തന്നെയാണോ എന്നു സംശയിച്ച്. സിന്ധു അമ്പരപ്പോടെ ചിരിച്ചു. അപ്പോള്‍ ബ്യൂറോയില്‍ ഇലക്ഷനുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു സിന്ധു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിങ്ങളുടെ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടുകള്‍ വളരെയിഷ്ടമാണെന്നു കൂടി കൂട്ടിച്ചേര്‍ത്തു. നന്ദി എന്നു സിന്ധുവും പറഞ്ഞു. സിന്ധു ഇത് ഓര്‍ക്കുന്നു പോലുമുണ്ടാവില്ല. എന്നാല്‍ ഞാന്‍ ഓര്‍ക്കുന്നതിനു കാരണമുണ്ട്. ഇത്തരത്തില്‍ അതിനു മുമ്പോ ശേഷമോ ആരുടെയെങ്കിലും കയ്യില്‍ ഓടിപ്പോയി പിടിച്ചതായി ഓര്‍ക്കുന്നില്ല.

പിന്നീട് കാലങ്ങള്‍ക്കു ശേഷം ഒരുദിവസം ഫോണില്‍ വിളിച്ചു. ട്രാന്‍സ്‌ജെന്ററായ ഒരാളുടെ ഒരഭിമുഖം ഞാന്‍ ചെയ്തപ്പോള്‍ അതില്‍ സിന്ധുവിന്റെ ഒരു ടിവി പ്രോഗ്രാമിനെക്കുറിച്ച് ഒരു പരാമര്‍ശമുണ്ടായിരുന്നു. അതു ക്ലിയര്‍ ചെയ്യാനാണ് വിളിച്ചത്. ഇതിലപ്പുറം ഒരു പരിചയവും അവരുമായിട്ടില്ല. എന്നാല്‍ അവരോടുള്ള സമീപനം അന്നും ഇന്നും ഒന്നു തന്നെയാണ്; ഇഷ്ടം. അത് ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചപ്പോഴും പിണറായിയെ വിമര്‍ശിച്ചപ്പോഴും മോദിയെ വിമര്‍ശിച്ചപ്പോഴും ഒന്നു തന്നെയായിരുന്നു. ആ ഇഷ്ടത്തിന് രാഷ്ട്രീയത്തിന്റെ നിറമുണ്ടായിരുന്നില്ല.

 

അതിനാലാവാം മിസ്റ്റര്‍ രവി സിന്ധുവിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്നു പറഞ്ഞപ്പോള്‍ വല്ലാത്ത അവജ്ഞ തോന്നി എനിക്കയാളോട്. സിനിമാപ്രവര്‍ത്തകരെ നമ്മള്‍ സാധാരണയായി സാംസ്‌ക്കാരിക പ്രവര്‍ത്തകരായിട്ടാണ് കരുതാറ്. അതിലൊരാള്‍ പ്രത്യേകിച്ചും വിദ്യാഭ്യാസവും വിവരവുമുണ്ടെന്നു നാം ധരിച്ചൊരാള്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്നു പറയുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്നത് എങ്ങനെയാണ്?

 

 

കേരളത്തിന്റെ മണ്ണില്‍ ചവിട്ടി നിന്ന് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനുള്ള ശേഷിയും ചങ്കൂറ്റവും സംഭരിക്കാന്‍ രവി ഇനിയും പത്തു ജന്മമെങ്കിലും എടുക്കേണ്ടി വരും എന്നെനിക്കറിയാം.

എങ്കിലും ഇങ്ങനൊരു പ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് അദ്ദേഹം അതിനൊന്നു ശ്രമിച്ചു നോക്കുകയെങ്കിലും വേണം. ശ്രമത്തില്‍ പരാജയപ്പെട്ടാല്‍ അതോടെ തീരുമല്ലോ കാറലും തുപ്പലുമൊക്കെ. ഞങ്ങള്‍ സിന്ധുവിനെ സ്‌നേഹിക്കുന്നവര്‍ അവരെ നിങ്ങളുടെ മുന്നില്‍ നിര്‍ത്തിത്തരാം; തിരുവനന്തപുരത്തെ ഒരു പൊതുസ്ഥലത്ത്. സിന്ധു കയ്യുംകെട്ടി നിന്നു തരും. സാംസ്‌ക്കാരിക കേരളത്തെ സാക്ഷിയാക്കി രവിക്കു സിന്ധുവിന്റെ മുഖത്ത് തുപ്പാന്‍ കഴിയുമോ? ഇതു വെറും ആക്ഷന്‍ സിനിമ ഡയലോഗ് എഴുതുന്നതു പോലെയല്ല മിസ്‌റര്‍ രവി. തുപ്പാന്‍ നിങ്ങളുടെ നാവു പുറത്തേക്കു നീളില്ല. പക്ഷേ ഞാനടക്കമുള്ള നിരവധിപേര്‍ക്ക് അടുത്ത തവണ നേരിട്ടു കാണുമ്പോള്‍ നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പേണ്ട തെണ്ടിത്തരമാണല്ലോ ഇയാള്‍ പറയുന്നത് എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്.

 

സ്ത്രീ അമ്മയാണ്, ദേവിയാണ് എന്നൊക്കെ പറയുകയും അതേസമയം ഒരു മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്നു പറയുകയും ചെയ്യുന്ന രാഷ്ട്രീയം എത്ര ഭയമുളവാക്കുന്നതാണ്. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്കൊക്കെ രാഷ്ട്രീയമുണ്ടാവാം. എന്നാല്‍ ആത്യന്തികമായി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതും തൊഴിലിന്റെ ഭാഗമായാണ്. അതിന്റെ പേരില്‍ അവരുടെ നേരെ രാഷ്ട്രീയക്കാരോട് പെരുമാറുന്നതു പോലെ കരിങ്കൊടി കാണിക്കുന്നതും കാറിത്തുപ്പുന്നതും ഭീഷണിപ്പെടുത്തുന്നതുമൊക്കെ എത്രത്തോളം ശരിയാണ്? പ്രത്യേകിച്ചും സിന്ധുവിനെപോലെ നിലപാടുകളില്‍ വ്യക്തതയുള്ള, അന്തസുള്ള ഒരു മാധ്യമപ്രവര്‍ത്തകയോട്.

ഒരു സിന്ധു സൂര്യകുമാറില്‍ അവസാനിക്കില്ല ഈ ഭീരുക്കളുടെ പേക്കൂത്തുകള്‍
സിന്ധു സൂര്യകുമാറിനെതിരെയുള്ള ഭീഷണി; ബിജെപി വാദം പൊളിഞ്ഞു
ഒളിയിടങ്ങളിലിരുന്ന് മാത്രം അമ്പെയ്യുന്നവരോട്; സിന്ധു സൂര്യകുമാര്‍ എഴുതുന്നു
സിന്ധു സൂര്യകുമാറിന് വധഭീഷണി; അറസ്റ്റിലാകുന്നവരെ സഹായിക്കാന്‍ ഹിന്ദു ഹെല്പ് ലൈന്‍ നമ്പര്‍

സംഘപരിവാറുകാര്‍ നടന്നു ചോദിക്കുന്ന ചോദ്യം മാതൃഭൂമി പത്രം കത്തിച്ചപ്പോള്‍ മിണ്ടാതിരുന്നവര്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ വൈകാരികമായി പ്രതികരിക്കുന്നുവെന്നാണ്. അതിനു കാരണമുണ്ട്. മാതൃഭൂമി അങ്ങനൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അവര്‍ക്ക് അതു തെറ്റാണെന്നു മനസിലായപ്പോള്‍ ഒന്നാം പേജില്‍ മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ സിന്ധു പറഞ്ഞുവെന്നു സംഘപരിവാറുകാര്‍ പ്രചരിപ്പിക്കുന്ന വാക്കുകള്‍ അവര്‍ പറഞ്ഞതായി സംഘപരിവാറുകാരല്ലാത്ത ഒരു പ്രേക്ഷകനും കേട്ടിട്ടില്ല. യു ട്യൂബില്‍ ചര്‍ച്ച ഇപ്പോഴുമുണ്ട്. സിന്ധുവിനെതിരെ ഉയരുന്ന ആരോപണം തെളിയിക്കാന്‍ ഇപ്പോഴും തെളിഞ്ഞിട്ടില്ല. എന്നു മാത്രമല്ല അവര്‍ നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണുണ്ടായത്. അവര്‍ താന്‍ കുറ്റം ചെയ്തുവെന്നു പറഞ്ഞിട്ടില്ല. മാപ്പു പറഞ്ഞിട്ടില്ല. മാധ്യമസ്ഥാപനവും സിന്ധുവിനൊപ്പമാണ് നിന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സ്ഥിരബുദ്ധിയുള്ള, രാഷ്ട്രീയതിമിരം ബാധിക്കാത്ത ആര്‍ക്കും ഈ വിഷയത്തില്‍ സിന്ധുവിനൊപ്പം നില്‍ക്കാനേ കഴിയൂ.

സിന്ധുവിനെ സംഘപരിവാറുകാര്‍ കായികമായും മാനസികമായും ആക്രമിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയമായി സിന്ധുവിനേയോ സിന്ധു ഉയര്‍ത്തുന്ന പൊതുരാഷ്ട്രീയത്തേയോ നേരിടാന്‍ കഴിയാത്തതിനാലാണ്. അല്ലെങ്കില്‍ മേജര്‍ രവിക്ക് ഒരു തുറന്ന സംവാദത്തിന് സിന്ധുവിനെ ക്ഷണിച്ചു കൂടെ? അതല്ലേ മാന്യത? എന്നിട്ട് ഒന്നിച്ചിരുന്ന് ആ ചര്‍ച്ചയുടെ വീഡിയോ കാണട്ടെ. ചര്‍ച്ചകള്‍ നടക്കട്ടെ. അതിനപ്പുറത്തേക്ക് കാറിത്തുപ്പാന്‍ വരുമ്പോള്‍ രവി സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എന്നതിനപ്പുറം കാവിരാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത് കേരളമാണ്. ഈ മണ്ണില്‍ വച്ച് നിങ്ങള്‍ക്ക് ഒരാളേയും കാറിത്തുപ്പാന്‍ കഴിയില്ല. സംവാദങ്ങള്‍ നടത്താം. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ തുപ്പലു കൊണ്ടല്ല മിസ്റ്റര്‍ രവി.

അതെ; ഞങ്ങള്‍ സിന്ധുവിനൊപ്പം നില്‍ക്കുന്നു. നിങ്ങള്‍ക്കു ധൈര്യമുണ്ടോ കാറിത്തുപ്പാന്‍? നിങ്ങളുടെ ഒരു തുള്ളി തുപ്പല്‍ സിന്ധുവിന്റെയെന്നല്ല കേരളത്തിലെ ഏതെങ്കിലും ഒരു മനുഷ്യന്റെ ദേഹത്തു വീണാല്‍ നിങ്ങളുടെ ചെകിട്ടത്തു വീഴുന്ന ആദ്യത്തെ അടി തിരുവനന്തപുരത്തെ ഏതെങ്കിലുമൊരു വളയിട്ട കൈകളില്‍ നിന്നു തന്നെയാവും. ഞങ്ങള്‍ക്കു തലോടാന്‍ മാത്രമല്ല തല്ലാനും അറിയാം; നിര്‍ബന്ധിക്കരുത്.

 

(മാധ്യമപ്രവര്‍ത്തകയായ സുനിത ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍