UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു സിന്ധു സൂര്യകുമാറില്‍ അവസാനിക്കില്ല ഈ ഭീരുക്കളുടെ പേക്കൂത്തുകള്‍

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ദുര്‍ഗദേവിയെ അപമാനിക്കുന്ന പരാമര്‍ശം നടത്തി എന്നാരോപിച്ച് പ്രമുഖ്യ മാധ്യമപ്രവര്‍ത്തകയും ഏഷ്യാനെറ്റ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ സിന്ധു സൂര്യകുമാര്‍ വധ ഭീക്ഷണി നേരിടുകയാണ്. ഫോണ്‍ വിളികളിലൂടെ അസഭ്യപരാമര്‍ശങ്ങളും. ഹീനമായ തരത്തിലുള്ള വ്യക്തിഹത്യ. സംഘടിതമായ ആക്രമണമാണ് ഈ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ കഴിഞ്ഞ രണ്ടര ദിവസങ്ങളായി തുടരുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും സിന്ധുവിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും പുലഭ്യം പറയുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ എത്രകണ്ട് സ്വീകരിച്ചു എന്നത് മറ്റൊരു പ്രധാനപ്പെട്ട ചോദ്യമായി നിലനില്‍ക്കുന്നു. അസഹിഷ്ണുതയുടെ ആക്രമണം സ്വന്തമായി അഭിപ്രായം പുലര്‍ത്തുന്ന എല്ലാവരെയും കാത്തിരിക്കുന്നുവെന്നതാണ് ഇവിടെ നാം ശ്രദ്ധിക്കേണ്ടത്. ഇന്നു താന്‍ നേരിടുന്ന അതേ സാഹചര്യം നാളെ മറ്റുള്ളവര്‍ക്കുമുണ്ടാകുമെന്ന് സിന്ധു ഉറപ്പിച്ചു പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സിന്ധു സൂര്യകുമാര്‍ അഴിമുഖവുമായി സംസാരിക്കുന്നു

വെള്ളിയാഴ്ച്ച രാത്രി എട്ടര മണിയോടുകൂടിയാണ് പരിചയമില്ലാത്ത പല നമ്പരുകളില്‍ നിന്നായി വിളികള്‍ വരാന്‍ തുടങ്ങുന്നത്. ന്യുസ് അവറലിലെ ചര്‍ച്ചയുമായി ബന്ധപ്പെടുത്തി എന്തൊക്കെയോ പറയുകയാണ്. കാര്യങ്ങള്‍ എനിക്ക് വ്യക്തമായില്ല. പിറ്റേ ദിവസം ബിജെപിയുടെ വി വി രാജേഷ് വിളിച്ചു. രാജേഷ് തലേന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സിന്ധുവിന്റെ ഫോണ്‍ നമ്പര്‍ ചേര്‍ത്ത് എന്തൊക്കെയോ സന്ദേശയങ്ങള്‍ വട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നുണ്ടെന്ന് അറിയിച്ചു. രാജേഷിനെയും പലരും വിളിച്ചിരുന്നു. ഞാന്‍ ദുര്‍ഗാദേവിയെ അപമാനിച്ചു എന്നതായിരുന്നു അദ്ദേഹത്തെ വിളിച്ചവരുടെയെല്ലാം പരാതി. എന്നാല്‍ തന്നെ വിളിച്ചവരോട്, അത്തരത്തിലൊരു പരാമര്‍ശവും സിന്ധുവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അതു പറഞ്ഞത് താനാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും രാജേഷ് എന്നോടു പറഞ്ഞു.

എന്നാല്‍ രാജേഷിന്റെ കോളിനു ശേഷം ഫോണ്‍ താഴെവയ്ക്കാന്‍ നേരമില്ലാത്തവിധം എനിക്ക് വിളികള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. രാത്രിയായപ്പോള്‍ വീണ്ടും രാജേഷിനെ ഞാനങ്ങോട്ട് വിളിച്ചു. സഹിക്കാന്‍ പറ്റാത്തവിധമായിരിക്കുന്നു ഫോണ്‍ വിളി, ഞാന്‍ രാജേഷിനെ അറിയിച്ചു. എന്നെ വിളിക്കുന്നവരോടെല്ലാം സിന്ധു അത്തരത്തിലൊരു പരാമര്‍ശവും വന്നിട്ടില്ലെന്നു തന്നെയാണ് ആവര്‍ത്തിക്കുന്നതെന്നു രാജേഷ് അപ്പോഴും പറഞ്ഞു. പക്ഷേ എനിക്കിതു സഹിക്കാവുന്നതിന് അപ്പുറമാണ്. പൊലീസില്‍ കംപ്ലയിന്റ് ചെയ്യാന്‍ പോവുകയാണ്. എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ രാജേഷ് പറഞ്ഞത് അത്തരമൊരു നീക്കമുണ്ടെങ്കില്‍ അതില്‍ എന്റെ പൂര്‍ണപിന്തുണയുണ്ടെന്നാണ്. ബിജെപിയോ പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ ഒരിക്കലും ഇതിനു പിന്നിലില്ലെന്നും രാജേഷ് വ്യക്തമാക്കി. എങ്കില്‍ പാര്‍ട്ടി ഒരു പൊതുപ്രസ്താവന ഇറക്കണം എന്നായി ഞാന്‍. ബന്ധപ്പെട്ടവരുമായി ആലോചിച്ച് വേണ്ടതു ചെയ്യാമെന്ന് രാജേഷും ഉറപ്പു തന്നു.

ഇിതിനിടയിലും ഫോണ്‍വിളികള്‍ തുടരുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. വന്ന കോളുകളില്‍ ചിലത് അറ്റന്‍ഡ് ചെയതു, കുറെയൊന്നും എടുത്തില്ല. പരിധിവിട്ടും ഈ ആക്രമണം തുടര്‍ന്നതോടെ ഇന്നലെ (ഞായറാഴ്ച്ച) അറ്റന്‍ഡ് ചെയ്ത കോളുകളുടെ നമ്പര്‍വച്ച് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഈ പരാതിയുടെ കോപ്പികള്‍ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കന്മാര്‍ക്കും അയച്ചുകൊടുത്തു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഞാന്‍ കൊടുത്ത നമ്പറുകള്‍ അറ്റന്‍ഡ് ചെയ്തവമാത്രമാണ്, 98 ശതമാനവും അറ്റന്‍ഡ് ചെയ്യാത്ത നമ്പറുകളാണ്. ഇപ്പോഴും എനിക്ക് വിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്. രണ്ടുരണ്ടര ദിവസം കൊണ്ട് പത്തുരണ്ടായിരം കോളെങ്കിലും വന്നുകഴിഞ്ഞു. കേരളത്തിനു പുറത്തു നിന്നും ഇന്ത്യയ്ക്കു വെളിയില്‍ നിന്നുമെല്ലാം വിളികള്‍ വരുന്നുണ്ട്. പരാതി കൊടുക്കുമ്പോള്‍ ചില ഫോണ്‍ നമ്പരുകള്‍ വേണമല്ലോ എന്നതുകൊണ്ടു മാത്രം ചില കോളുകള്‍ അറ്റന്‍ഡ് ചെയ്യുകയും അവ പരാതിയില്‍ ചേര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഏകദേശം പത്തിരുപത്തിയഞ്ചു നമ്പറുകളെ അതുള്ളു. പൊലീസ് അന്വേഷിക്കുന്നത് സ്വാഭാവികമായും ആ നമ്പറുകളെ ട്രേസ് ചെയ്തായിരിക്കും. പക്ഷേ എനിക്കെതിരെ നടക്കുന്ന ഈ ‘ആക്രമണം’ ആരു തുടങ്ങിയെന്നോ ആരു പ്രൊപ്പഗാറ്റ ചെയ്‌തെന്നോ, ഇതിന്റെ പിന്നിലെ ഗൂഡാലോചന ആരുടെതാണെന്നോ ഇവര്‍ അന്വേഷിക്കാന്‍ പോകുന്നില്ല. യഥാര്‍ത്ഥകുറ്റവാളികള്‍ ആരൊക്കെയാണെന്നു കണ്ടെത്തണമെങ്കില്‍ അത്രമേല്‍ കുറ്റമറ്റതായി പൊലീസ് അന്വേഷണം വ്യാപിപ്പിക്കണം. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു നീക്കം ഉണ്ടാകാന്‍ ഇടയില്ല. പൊലീസ് ഇത്തരം പരാതികളില്‍ എന്തുതരം നടപടികളാണ് എടുക്കാറുള്ളതെന്ന് എനിക്കറില്ല. എന്തായാലും ഞാന്‍ കൊടുത്ത കുറച്ചു നമ്പറുകളില്‍ മാത്രം ചുറ്റിക്കറങ്ങിയതുകൊണ്ട് ഇതൊന്നും അവസാനിക്കാനും പോകുന്നില്ല.

ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള കടമകള്‍ ചെയ്യുന്നതിന്റെ പേരില്‍ വ്യക്തിഹത്യക്ക് ഇരയാകുന്നത് ഇതാദ്യമായല്ല. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഇപ്പോള്‍ പരാതി കൊടുക്കാന്‍ തുനിഞ്ഞു എന്നതിന് കാരണം, ഈ നടക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടുള്ളതാണ് എന്നതിനാലാണ്. എന്റെ മൊബൈല്‍ നമ്പര്‍ സഹിതം ഇവളൊരു സെക്‌സ് വര്‍ക്കറാണ് എന്ന പ്രഖ്യാപനത്തോടെ പ്രചരിപ്പിക്കുന്ന ഹീനമായ പ്രവര്‍ത്തി ഇതിനു മുമ്പ് മറ്റാരും തന്നെ ചെയ്തിട്ടില്ല. രണ്ടാമതൊരു കാര്യം ശ്രദ്ധിക്കേണ്ടത്, വിളിക്കുന്നവരാരും തന്നെ ന്യൂസ് അവറിലെ ചര്‍ച്ച കണ്ടിട്ടുള്ളവരൊന്നുമല്ല. ഫേസ്ബുക്കില്‍ ദുര്‍ഗയ്‌ക്കെതിരായി പോസറ്റ് ഇട്ടു, വാട്‌സ് ആപ്പില്‍ പോസ്റ്റിട്ടു എന്നൊക്കെയാണ് അവര്‍ എനിക്കെതിരെ നിരത്തുന്ന കുറ്റങ്ങള്‍. എന്താണ് യഥാര്‍ത്ഥകാരണമെന്നുപോലും അവര്‍ക്കാര്‍ക്കുമറിയില്ല. നീ എന്താടി ദുര്‍ഗയ്‌ക്കെതിരെ പറഞ്ഞതെന്ന ഭീഷണിയാണ് പലരും ഉയര്‍ത്തുന്നത്. ഇതു പ്ലാന്‍ഡ് ആണ്. പല ഗ്രൂപ്പുകളിലും എന്റെ നമ്പര്‍ ഷെയര്‍ ചെയ്ത് ഇവള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണം എന്നാവശ്യപ്പെടുന്ന മെസേജുകള്‍ വരികയാണ്. ഇതുമായി ബന്ധപ്പെട്ട് എന്നോട് പലരും വിളിച്ചു പറഞ്ഞിട്ടുള്ളത് ആര്‍എസ്എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണ് ഇത്തരം മെസേജുകള്‍ പോയിട്ടുള്ളതെന്നാണ്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. എന്നിരുന്നാലും നിരവധി ഗ്രൂപ്പുകളിലേക്ക് എനിക്കെതിരെയുള്ള ആഹ്വാനവുമായി സന്ദേശങ്ങള്‍ പോയിട്ടുണ്ട്. അതിന്റെ ഫലമാണ് ഇടതടവില്ലാതെ വരുന്ന ഫോണ്‍ കോളുകള്‍.

ഇതിനു മുമ്പ് വിമര്‍ശനങ്ങളും തെറികളും ഒത്തിരി കേട്ടിട്ടുള്ളരൊളാണെങ്കിലും ഇതുപോലെ ഒന്നു രണ്ടു ദിവസം കൊണ്ട് ഒരാളെ തകര്‍ക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ ആസൂത്രിതമായി ഒരാക്രമണം നടക്കുന്നത് ഇതാദ്യമാണ്. അതുകൊണ്ടു തന്നെയാണ് നിയമപരമായി നേരിടാന്‍ തയ്യാറെടുത്തതും. ഈ കുറ്റവാളികളോട് മിണ്ടാതിരിക്കുന്നത് ഭീരുത്വമാണ്.

വ്യക്തിപരമായി ബാധിക്കുന്ന ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ഒരു മനുഷ്യനെ മാനസികമായി തകര്‍ത്തുകളയാനുള്ള ശ്രമമാണിവരുടേത്. എല്ലാവര്‍ക്കും ഇത്തരം കൂട്ട ആക്രമണങ്ങളെ മറികടക്കാന്‍ കഴിയണമെന്നില്ല. മാധ്യമപ്രവര്‍ത്തക എന്ന നിലയിലെ അനുഭവം, ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുമായി ഉള്ള പരിചയം ഇതെല്ലാം കൊണ്ട് ഞാന്‍ പരാതി കൊടുക്കുമ്പോള്‍ അതില്‍ ചില നടപടികളെങ്കിലും ഉണ്ടാവാം. എല്ലാവര്‍ക്കും ഇത്തരത്തില്‍ സാധിക്കണമെന്നില്ലല്ലോ. എന്നിരുന്നാല്‍ തന്നെ എന്റെ പരാതിയില്‍ എത്രത്തോളം ശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന് അറിയില്ല. നീതി കിട്ടാന്‍ വൈകിയാല്‍ കോടതിയില്‍ നേരിട്ട് സ്വകാര്യ ഹര്‍ജി നല്‍കാനും ഞാന്‍ ആലോചിക്കുന്നുണ്ട്.

രണ്ട് കാര്യങ്ങളാണ് ഇവിടെ വ്യക്തമാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമപ്രവര്‍ത്തകരുടെ ജോലി ചെയ്യാനുള്ള അവകാശം ഇവിടെ വിലവയ്ക്കപ്പെടുന്നില്ല. സൈബര്‍ സ്‌പേസുകള്‍ ആര്‍ക്കുമെതിരെ എന്തും പറയാനുള്ള ഇടമായി മാറിയിരിക്കുന്നു. എന്നെ വിളിച്ചു ഭീഷണി മുഴക്കുന്നവര്‍ക്കും അസഭ്യം പറയുന്നവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്നുപോലും വ്യക്തതയില്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ വെറു ചീത്തപറയലാണെന്നുമാത്രമാണ് അവര്‍ ധരിച്ചുവച്ചിരിക്കുന്നത്. ചീത്തയായതോ മോശമായതോ ആയ ഒരുകാര്യവും പറയാത്തിടത്താണ് എന്നെയവര്‍ ആക്രമിക്കുന്നതും. ഇവരെപ്പോലെ തന്നെ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം എനിക്കുമുണ്ടെന്ന് അവര്‍ മനസിലാക്കണം. എന്റെ പേഴ്‌സണല്‍ നമ്പര്‍ എടുത്ത നാടുമുഴുവന്‍ പ്രചരിപ്പിച്ച്, എന്നെ ചീത്തവിളിച്ചും കൊലവിളിച്ചും നടക്കുന്നത് എവിടുത്തെ സ്വാതന്ത്ര്യവും സംസ്‌കാരവുമാണ്? ഇത്തരം കുറ്റങ്ങളെ നിയന്ത്രിക്കാന്‍ വകുപ്പില്ലെന്നു പറയുന്നത് എവിടുത്തെ വ്യവസ്ഥിതിയാണ്?

ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാത്തവരോട ഞാന്‍ ചോദിക്കുന്നത്, നാളെ മുതല്‍ എങ്ങനെയാണ് ഒരു ചര്‍ച്ച നടത്തേണ്ടത്? ഈ ഭീരുക്കളെ പ്രകോപിപ്പിക്കാതെ വേണമെന്നാണോ? ഇന്നു ചെയ്യുന്നവരെ പിന്തുടര്‍ന്ന് നാളെ മറ്റൊരു സംഘടിത മതത്തിന്റെ ആള്‍ക്കാര്‍ ഇതേ ഉപായങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്? ഇവിടെ നടക്കുന്ന ഉപചാപങ്ങളെ നിസാരമായി നിയമവും സമൂഹവും കാണരുത്. എനിക്കു വന്ന ചില കോളുകളിലെ ചോദ്യം നീ ക്രിസ്ത്യാനി ആണോടി എന്നായിരുന്നു. അതാണോടി നീ ഞങ്ങളുടെ മതത്തെ കുറ്റം പറയുന്നതെന്നാണവര്‍ക്ക് അറിയേണ്ടത്. എങ്ങനെയാണ് ഈ വിഷയം പരക്കുന്നതെന്ന് ഇതില്‍ നിന്നും മനസിലാക്കണം. ഇത്തരം ചപലമായ പേക്കൂത്തുകള്‍ പേടിച്ച് ചര്‍ച്ചകള്‍ നടത്താതെയും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയാതെയിരിക്കണമെന്നാണോ? അത്തരമൊരു മൗനമാണോ നിയമവ്യവസ്ഥയും നമ്മളോട് ഉപദേശിക്കുന്നത്? അങ്ങനെയാണെങ്കില്‍ അത് അക്രമികള്‍ക്ക് വളമിട്ടുകൊടുക്കുന്നതിന് തുല്യമാണ്. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ ഉയരരുതെന്നാണല്ലോ ആ കൂട്ടര്‍ ആഗ്രഹിക്കുന്നത്. ഇനിയാരും ഇത്തരം ചര്‍ച്ചകള്‍ക്ക് മുതിരരുത്. ഇന്നലെ ചെയ്‌തൊരുളവള്‍ക്ക് കിട്ടിയതു കണ്ടല്ലോ നാളെയിനിയിതാരും ആവര്‍ത്തിക്കരുതെന്നുള്ള താക്കീതാണ്.

തീര്‍ച്ചയായും ഇതൊരു സിന്ധു സൂര്യകുമാറില്‍ അവസാനിക്കുമെന്നു കരുതുന്നില്ല. അഭിപ്രായമുള്ളവരെയെല്ലാം അവരിതുപോലെ വേട്ടയാന്‍ ശ്രമിക്കും. ഇവര്‍ക്ക് ശക്തമായ തിരിച്ചടി കിട്ടുന്നതുവരെ അവരുടെ കൊള്ളരുതായ്മകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അപ്പോഴും ബാക്കി നില്‍ക്കുന്ന സംശയം അത്തരമൊരു തിരിച്ചടി ആരില്‍ നിന്നുണ്ടാകുമെന്നാണ്. എന്റെ പരാതിയില്‍ കുറഞ്ഞതു പതിനഞ്ചുപേരെയെങ്കിലും പിടികൂടി അകത്തിടാന്‍ തക്കതായൊരു നിയമവ്യവസ്ഥ നിലനിന്നിരുന്നെങ്കില്‍ അതെത്രമാത്രം ആശ്വാസകരമായ നടപടിയാകുമായിരുന്നു. ആശയങ്ങളോട് ആശയപരമായി തന്നെയുള്ള എതിര്‍പ്പുകളാണ് അവര്‍ ഉയര്‍ത്തിയിരുന്നതെങ്കില്‍ ഒരിക്കലും കേസിനോ കൂട്ടത്തിനോ ഞാന്‍ മുതിരില്ലായിരുന്നു. മറ്റൊരാളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ചെറുതായെങ്കില്‍ പോലും ഹനിക്കാന്‍ ആഗ്രഹിക്കാത്തൊരാളാണ് ഞാന്‍. ഇവിടെ അതല്ല നടന്നിരിക്കുന്നത്. മതവികാരം വൃണപ്പെടുത്തുന്നൂവെന്ന തരത്തില്‍ പ്രചാരണം നടത്തി ഒരു വ്യക്തിയെ ഹീനമായി തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നവരില്‍ കുറച്ചുപേരെയങ്കിലും കണ്ടെത്തി ശിക്ഷിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥയ്ക്ക് കഴിയുമായിരുന്നെങ്കില്‍ നാളെയിത്തരം ദുര്‍നടപടികള്‍ക്ക് മുതിരുന്നവരില്‍ ഭയം ഉണ്ടായേനെ. നിര്‍ഭാഗ്യകരമെന്നു പറയട്ടെ നിയമം അത്തരത്തില്‍ നമ്മളോട് നീതി പുലര്‍ത്തുന്നില്ല.

സൈബര്‍ സ്‌പേസില്‍ നിന്നും നിരന്തരം ആരോപണങ്ങള്‍ ഏറ്റുവാങ്ങുന്നൊരു മാധ്യമപ്രവര്‍ത്തകയാണ് ഞാന്‍. വ്യക്തിപരമായതും കാമ്പില്ലാത്തതുമായ പലതും. സിപിഎം തുടങ്ങിവച്ചത്, കോണ്‍ഗ്രസ് തുടര്‍ന്നത് ഇപ്പോള്‍ ബിജെപിയുമായി ബന്ധപ്പെട്ടവര്‍ ഏറ്റെടുത്തു തുടര്‍ന്നുകൊണ്ടുപോകുന്നതുമായ ആരോപണങ്ങള്‍ കേട്ടുകേട്ടുവരുന്നൊരാളാണ് ഞാന്‍. എന്നിരുന്നാല്‍ തന്നെ എന്റെ ഭാഗം ന്യായീകരിച്ച് ലേഖനമെഴുതാനോ ഒന്നും ഞാന്‍ തയ്യാറായിരുന്നതുമില്ല. ജോലിയും ജീവിതവുമായി ഒരുഭാഗത്തുകൂടി പോകുന്നൊരാളാണ്. ഇപ്പോള്‍ നടക്കുന്നത് എല്ലാപരിധിയും ലംഘിച്ചുകൊണ്ടുള്ളതാണെന്നു തോന്നിയതുകൊണ്ടുമാത്രമാണു പ്രതികരിക്കാന്‍ മുന്നിട്ടിറങ്ങിയത്. അല്ലായിരുന്നെങ്കില്‍ സൈബര്‍ സ്‌പേസില്‍ പോലും ഇതുമായി ബന്ധപ്പെട്ടൊരു പോസ്റ്റിടാന്‍ തയ്യാറാകുമായിരുന്നില്ല. അതുകൊണ്ടൊന്നും കാര്യമില്ലെന്നു വിശ്വസിക്കുകയും ചെയ്യുന്നൊരാളാണ് ഞാന്‍.

എനിക്കെതിരെയുള്ള മറ്റൊരു പരാതി എപ്പോഴും ഉയരുന്നത് ഞാന്‍ ചെയ്യുന്ന പരിപാടിയിലൂടെ (കവര്‍ സ്റ്റോറി) രാഷ്ട്രീയനേതാക്കളെ ഇത്രമേല്‍ പരസ്യമായി ആക്ഷേപിക്കുന്ന മറ്റൊരു സ്ത്രീ ഉണ്ടോയെന്നാണ്. ഞാന്‍ (സ്ത്രീ) അങ്ങനെയൊന്നും പറയാന്‍ പാടില്ല, രാഷ്ട്രീയവിമര്‍ശനം നടത്താന്‍ പാടില്ലെന്നൊക്കെ പറയുന്നവരും ഉപദേശിക്കുന്നവരും നിരവധിയുണ്ട്. എന്തായലും അത്തരമൊരു വിവേചനത്തെ ഇതുവരെ കാര്യമായി എടുത്തിട്ടില്ലാത്തൊരാളുമാണ് ഞാന്‍. പഠിച്ചതും ജോലി കിട്ടിയതും ജോലി ചെയ്യുന്നതുമൊന്നും ഒരു സ്ത്രീ എന്ന നിലയ്ക്കല്ല, ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലാണ്. അതുകൊണ്ട് സ്ത്രീ എന്ന വര്‍ഗവിവേചനത്തിലൂന്നിയ വാദങ്ങളോ എതിര്‍പ്പുകളോയൊന്നും ഉയര്‍ത്താറുമില്ല. പക്ഷേ എനിക്കെതിരെ എപ്പോഴും ഉണ്ടാകുന്ന വിദ്വേഷത്തിന്റെ ഒരു പ്രധാനകാരണം, ഒരു പെണ്ണ് ഇതൊക്കെ ചെയ്യുന്നു എന്ന നിലയിലാകുന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു…

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍