UPDATES

സിനിമ

കാലില്‍ പറ്റാത്ത ചെളി താങ്കളുടെ മനസില്‍ പറ്റിയിട്ടുണ്ട് ഗന്ധര്‍വാ…

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദേശത്തിനായി പാടൂ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗായകന്‍ കെ ജെ യേശുദാസിന്റെ സമീപനം നൂറുകണക്കിന് കുട്ടികളെ അപമാനിക്കുന്നതായിരുന്നു. തങ്ങള്‍ ആരാധിക്കുന്ന ഗായകനൊപ്പം പാടാമെന്ന മോഹവുമായി മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികളെയാണ് തന്റെ പിടിവാശിയുടെ പേരില്‍ യേശുദാസ് ഹതാശരാക്കിയത്. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന ഗായകന്‍ സംഘാടകരുടെ അഭ്യര്‍ത്ഥനപോലും മാനിക്കാതെ വേദിയില്‍ നിന്നിറങ്ങി തന്റെ കാറില്‍ കയറി ഇരിക്കുകയായിരുന്നു. തലേന്ന് പെയ്ത മഴയില്‍ ഗ്രൗണ്ടില്‍ ചെളി കിടപ്പുണ്ടായിരുന്നതാണ് യേശുദാസിനെ പ്രകോപിപ്പിച്ചത്. ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ അദ്ദേഹത്തിന്റെ കാലില്‍ ചെളി പറ്റുമത്രേ…! ഒന്നു കഴുകിയാല്‍ പോകും ചെളി. എന്നാല്‍ ആ കുട്ടികളുടെ മനസ്സില്‍ ഉണ്ടായ വേദനയോ? അതാര്‍ക്കു മാറ്റാന്‍ കഴിയും? ഒരാളും കാണിക്കാന്‍ പാടില്ലാത്ത ഈ നിര്‍ബന്ധ ബുദ്ധി കാണിച്ചതിലൂടെ യേശുദാസ് നേടിയെടുത്തത് എന്താണ്? സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ എത്രയെന്ന് കാണുന്നുണ്ടോ?

പക്ഷെ അംബുജാക്ഷന് ഇതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. അടുത്തറിയുമ്പോഴല്ലേ പല വിഗ്രഹങ്ങളും ഉടയുന്നത്. യേശുദാസിന്റെ കാര്യത്തിലും അതു തന്നെ അനുഭവിച്ചിട്ടുണ്ട്. ഇന്നലത്തെ അങ്ങയുടെ പെര്‍ഫോമന്‍സില്‍ വിഷമിച്ചത് കുറേ കുരുന്നുകളായതുകൊണ്ട് ചിലതൊക്കെ പറയാതെ വയ്യാ…

കാലില്‍ ചെളി പറ്റുന്നതാണ് പ്രശ്‌നം, കുറെ കുട്ടികളുടെ മനസ് വേദനിക്കുന്നതിനെക്കാള്‍. ജീവിതത്തില്‍ അടിമുടി ശുഭ്രധാരിയായി നടക്കുന്നൊരാളാണല്ലോ. അപ്പോള്‍ പിന്നെ പറ്റുന്ന ചെറിയൊരു ചെളിപ്പാടുപോലും വലുതായി തോന്നും. പണ്ട് പിതാവിന്‍റെ മൃതദേഹം വിട്ടുകിട്ടാനായി ആശുപത്രിയില്‍ പണം കെട്ടിവയ്ക്കാനില്ലാതെ കണ്ണീരോടെ നിന്ന ഒരു കാലം പലവുരു പറഞ്ഞ കേട്ടിട്ടുണ്ട്, താണ്ടിയ ദുരിതപര്‍വങ്ങളുടെ പുനര്‍വായനയും. അപ്പോഴെല്ലാം ബഹുമാനമാണ് തോന്നിയത്. ആ ശബ്ദം കേള്‍ക്കുമ്പോള്‍ നിങ്ങളെ പ്രതി ഞങ്ങള്‍ അഹങ്കരിച്ചു. ഞങ്ങള്‍ ഗന്ധര്‍വനെന്നു വിളിച്ചു. ഞങ്ങള്‍ക്ക് കരയാനും ചിരിക്കാനും പ്രണയിക്കാനും വിരഹം അനുഭവിക്കാനും ആടാനുമെല്ലാം നിങ്ങളില്ലാതെ പറ്റില്ലെന്നായി. ഞങ്ങള്‍ നിങ്ങളെ ഞങ്ങളെക്കാള്‍ സ്‌നേഹിക്കുകയായിരുന്നു.

പക്ഷേ, പലപ്പോഴായി നിങ്ങളെന്ന വ്യക്തിയില്‍ നിന്ന് അപസ്വരങ്ങള്‍ ഉയര്‍ന്നുകേട്ടു. പലതും ഞങ്ങള്‍ കേട്ടില്ലെന്നു തന്നെ നടിച്ചു. നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു സ്വരചേര്‍ച്ചയുമില്ലെന്ന് പതിയ പതിയെ വ്യക്തമായി കൊണ്ടിരുന്നു. നാവില്‍ നിന്നുതിരുന്നത് ദൈവവചന പ്രഘോഷണങ്ങളും മാനവസേവാമന്ത്രങ്ങളുമായിരുന്നെങ്കിലും നിങ്ങളുടെ പെരുമാറ്റത്തില്‍ പലപ്പോഴും മനുഷ്യത്വം തീരെയില്ലായിരുന്നു.

സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവച്ച് വിവാദത്തില്‍ തലവെച്ചിട്ട് കാലമധികമായിട്ടില്ല. ജീന്‍സ് ധരിച്ച പെണ്‍കുട്ടികള്‍ സ്വന്തം മാനത്തിന് അപകടം വരുത്തിവയ്ക്കുന്നവരാണെന്നു കണ്ടെത്തിയ സമൂഹസ്‌നേഹിയാണ്. അന്നേ കേട്ടതാണ് ഗാനഗന്ധര്‍വന്റെ ഇടുങ്ങിയ മനസിനെതിരെയുള്ള എതിര്‍പ്പുകള്‍. ആ ഇടുക്കം ഇപ്പോഴും അതേപോലെ നിലനില്‍ക്കുന്നൂ എന്നതാണ് ഇന്നലെ കുട്ടികളോട് കാണിച്ച മര്യാദകേടും തെളിയിക്കുന്നത്. ആരെയൊക്കയോ നന്നാക്കാന്‍ ശ്രമിക്കുകയാണ്. താന്‍ പെര്‍ഫക്ട് ആണെന്ന ആത്മവിശ്വസത്തിലാണോ ഈ ഇറങ്ങിപ്പുറപ്പാട്! റെക്കോഡിംഗ് സ്റ്റുഡിയോ അല്ല സമൂഹം. രണ്ടിടത്തും നിങ്ങളുടെ പെര്‍ഫോമന്‍സ് രണ്ടുതരത്തിലാണ്. അതിലൊന്നിലെ നിങ്ങള്‍ വിജയിക്കുന്നുള്ളൂ.

ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ താളം പലപ്പോഴും പിഴയ്ക്കാറുണ്ട്.

പ്രതിജ്ഞകളും മുട്ടകളും ഒരുപോലെയാണെന്ന് പറയാറുണ്ട്. രണ്ടും പെട്ടെന്ന് ഉടഞ്ഞുപോകും. അതിന് ഏറ്റവും വലിയ ഉദ്ദാഹരണം നിങ്ങള്‍ തന്നെയാണ്. ഉണ്ടോണ്ടിരുന്ന നായര്‍ക്കൊരു വിളി വന്നപോലെ ഓരോ ഘട്ടത്തില്‍ ഓരോ തീരുമാനങ്ങള്‍ നിങ്ങള്‍ വിളിച്ചു പറയും. എന്നിട്ട് യാതൊരു ഉളുപ്പിമില്ലാതെ അതെല്ലാം വലിച്ചെറിയും. ഇനി സിനിമയില്‍ പ്രത്യക്ഷപ്പെടില്ലെന്നു ഒരു ദിവസം നിങ്ങളങ്ങു പറഞ്ഞു. ആരെങ്കിലും മോശം പറഞ്ഞിട്ടോ, നിങ്ങള്‍ പാട്ടുപാടിയാല്‍ മാത്രം മതി അഭിനയിക്കേണ്ടെന്ന് പരിഹസിച്ചിട്ടോ അല്ല, നിങ്ങളുടെ ഒരു ജാട. എന്നിട്ട് അതേ നിങ്ങള്‍ തന്നെ കാലം കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സിനിമയില്‍ മുഖം കാണിച്ചു. ഒന്നു പറയും മറ്റൊന്നു പ്രവര്‍ത്തിക്കും, ആരും ചോദ്യം ചെയ്യരുത്. അത്തരത്തിലൊരു ശാസനം നിങ്ങള്‍ ഇറക്കിയിട്ടുണ്ട്. സംഗീതരംഗത്തെ വടവൃക്ഷമെന്ന് നിങ്ങളെ വിശേഷിപ്പിച്ചപ്പോള്‍, അതൊരു അഭിനന്ദനമായി കരുതി സന്തോഷിച്ചു. യഥാര്‍ത്ഥത്തില്‍ അതൊരു വിമര്‍ശനമായിരുന്നു. ഒരു വടവൃക്ഷവും അതിന്റെ ചോട്ടില്‍ നില്‍ക്കുന്ന ഒന്നിനെയും വളരാന്‍ അനുവദിക്കില്ല. നിങ്ങളും അങ്ങനെ തന്നെയായിരുന്നു. ആരെയാണ് നിങ്ങള്‍ ഇവിടെ വളര്‍ത്തിയിട്ടുള്ളത്. ഒന്നോ രണ്ടോ പെണ്‍പാട്ടുകാരുടെ കാര്യം മാറ്റി നിര്‍ത്തിയാല്‍? എന്നാലോ നിങ്ങള്‍ കാരണം കണ്ണീരണിഞ്ഞ എത്രയോ പേരുണ്ട്. പലരും ഒന്നും പറയാതിരുന്നത് അവരുടെ മനസിന്റെ നന്മ മാത്രംകൊണ്ടാണ്.

അതേസമയം ഞാന്‍ പാടണമെങ്കില്‍ എന്റെ മകനും ഒരു പാട്ട് ഉണ്ടായിരിക്കണം എന്ന് വാശിപിടിക്കാന്‍ നിങ്ങള്‍ മറന്നിരുന്നില്ല. നിങ്ങള്‍ ചര്‍വിതചര്‍വണമായി കൊണ്ടുനടക്കുന്ന മനുഷ്യസ്നേഹം എന്ന സാധനം തരിമ്പെങ്കിലും നിങ്ങളുടെ ഉള്ളിലുണ്ടായിരുന്നെങ്കില്‍ മലയാള ചലച്ചിത്ര ഗാനരംഗത്ത് നിന്ന് കണ്ണീരും കയ്യോടും കൂടി പല പ്രതിഭാധനന്മാര്‍ക്കും ഇറങ്ങിപ്പോകേണ്ടി വരില്ലായിരുന്നു. അഹംബോധത്തിന്റെ പ്രതിരൂപം കൂടിയായി നിങ്ങളെ കാണുന്നവരുണ്ട്. പാട്ടിന്റെ ഒരു വരി തെറ്റിയത് ചൂണ്ടി കാണിച്ചു തന്ന ഒരു മ്യൂസിക് അസിസ്റ്റന്റിനോട് നിങ്ങള്‍ പറഞ്ഞ മറുപടിയുടെ കഥ കഴിഞ്ഞദിവസമാണ് കേട്ടത്. ഒരു കലാകാരന്‍ എങ്ങനെ പെരുമാറരുതെന്നതിനുള്ള ഉദ്ദാഹരണമാണ് നിങ്ങളെന്ന് ആ മനുഷ്യന്‍ നനഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോള്‍ വെറുപ്പല്ല, പുച്ഛമാണ് തോന്നിയത്.

മദ്രാസിലുണ്ടായിരുന്ന മണി എന്ന ഒരു വയലിനിസ്റ്റിനെ നിങ്ങള്‍ക്ക് അറിയാമോ? മറക്കാന്‍ വഴിയില്ല, അപാരമായ പ്രതിഭയുള്ളൊരു കലാകാരനായിരുന്നു മണി. പക്ഷെ വിധി അയാളോടു ക്രൂരത കാട്ടി. വീട്ടിലുണ്ടായ ചെറിയൊരു പിണക്കം. ഭാര്യ പെട്ടെന്ന് ദേഹത്തുകൂടി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. മണി പെട്ടെന്നു തന്നെ ഇടപെട്ട് അവരെ അതില്‍ നിന്ന് പിന്തരിപ്പിച്ച് കാര്യങ്ങള്‍ ശാന്തമാക്കി. എല്ലാം കഴിഞ്ഞ് ഒരു കസേരയില്‍ ചാരിയിരുന്ന് വിശ്രമിക്കുമ്പോള്‍ ഒരു സിഗററ്റ് കൊളുത്താന്‍ തോന്നി മണിക്ക്. പാവം, തന്റെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന മണ്ണെണ്ണയുടെ കാര്യം മറന്നുപോയിരുന്നു. ദാരുണമായിരുന്നു മണിയുടെ അന്ത്യം. ആ മരണത്തോടെ കഷ്ടത്തിലായ കുടുംബത്തെ സഹായിക്കാന്‍ ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു സഹായനിധി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി. നിങ്ങളുടെ അടുത്തും വന്നിരുന്നു. അന്നവരെ നിങ്ങള്‍ നിരാശപ്പെടുത്തകയല്ല ഉണ്ടായത്, ഞെട്ടിപ്പിക്കുകയായിരുന്നു. അഞ്ചു പൈസ തരില്ലെന്നു പറഞ്ഞു. അതിനുള്ള കാരണം പറഞ്ഞതാണ് ബഹുരസം; ഇപ്പോള്‍ ഞാന്‍ മണിയെ സഹായിച്ചാല്‍ പലരും ഇതു മുതലെടുക്കുമെന്ന്. അതായത് നിങ്ങളില്‍ നിന്ന് കാശുകിട്ടാനായി തീകൊളുത്തി ചാകാന്‍ പലരും ഒരുമ്പെടുമെന്ന്, അല്ലേ…!

നിങ്ങള്‍ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് മറ്റു ചിലരെയാണ്. ഗുരുവായൂരില്‍ നിങ്ങളെ കയറ്റില്ലെന്നു പറഞ്ഞപ്പോള്‍, അമ്പലത്തിനു മുന്നില്‍ നിരാഹരം കിടക്കാന്‍ തീരുമാനിച്ചിരുന്നയാളാണ് വയലാര്‍ രാമവര്‍മ്മ. വയലാര്‍ നിങ്ങളെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. എന്നിട്ടും അദ്ദേഹത്തിന്റെ ജീവനില്ലാത്ത ശരീരം നിങ്ങളെയും കാത്തു തണുത്ത തറയില്‍ കിടന്നിരുന്നു. നിങ്ങള്‍ വന്നില്ല. അന്ന് ഏറ്റവും കൂടുതല്‍ വേദനിച്ചിരുന്നൊരാള്‍ ഉണ്ടായിരുന്നു. വയലാറിന്റെ അമ്മ. തന്റെ കുട്ടനെക്കാള്‍ നിങ്ങളെ സ്‌നേഹിച്ചിരുന്ന ആ അമ്മ മരിച്ചപ്പോള്‍ പോലും നിങ്ങള്‍ അതുവഴി പോയില്ല. ന്യായീകരണങ്ങള്‍ വേണ്ട സാര്‍. അതുകേട്ടാല്‍ ഞങ്ങളുടെ പുച്ഛം ഇരട്ടിക്കത്തേയുള്ളൂ.

നിങ്ങളുടെ ശബ്ദത്തിന് അനുനാസികാപ്രസരം ഉണ്ടെന്നും പുരുഷശബ്ദത്തിന്റെ കരുത്ത് എസ് പി ബാലസുബ്രഹ്മണ്യത്തിനാണെന്നും എപ്പോഴോ പറഞ്ഞുപോയൊരു സംഗീതസംവിധായകന് പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയാം. ചെയ്ത പടങ്ങളിലെല്ലാം സൂപ്പര്‍ ഹിറ്റ് ഗാനങ്ങളൊരുക്കിയ ആ സംവിധായകന്‍ പിന്നീട് സിനിമയില്‍ നിന്ന് ഔട്ടായി. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ചെയ്തു ജീവിച്ചു. അദ്ദേഹത്തിന്റെതായി നിങ്ങള്‍ പാടിയ പാട്ടുകള്‍ കൂടിയാണ് സാര്‍ നിങ്ങളുടെ ഗന്ധര്‍വ പട്ടത്തിന് മാറ്റ് കൂട്ടുന്നത്. സഹിഷ്ണുത എന്ന അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത്തരമൊരു അവസ്ഥയില്‍ നിന്ന് എന്നെങ്കിലും കാര്യങ്ങളെ സമീപിച്ചിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ കഴുകി കളഞ്ഞാല്‍ പോകുമായിരുന്ന കുറച്ചു ചെളിയുടെ പേരില്‍ കുറെ കുഞ്ഞുങ്ങളുടെ മനസ് നിങ്ങള്‍ വേദനിപ്പിക്കില്ലായിരുന്നു. ആ കുഞ്ഞുങ്ങളുടെത് നിങ്ങള്‍ക്ക് സാധിച്ചുകൊടുക്കാമായിരുന്ന വളരെ ചെറിയൊരു ആഗ്രഹമായിരുന്നു. അവര്‍ക്കാകട്ടെ അത് വളരെ വലിയൊരു സ്വപ്‌നവും. കുഞ്ഞു മനസ്സുകളിലാണ് സാര്‍ ഈശ്വരന്‍ കുടിയിരിക്കുന്നത്.

പണ്ടൊരു നടന്‍ താമശയ്ക്ക് ചോദിച്ചൊരു കാര്യമുണ്ട്, അങ്ങേര് സര്‍വേശ്വരന്റെ പേറ്റന്റ് എടുത്തിട്ടുണ്ടോന്ന്. നിങ്ങളോടായിരുന്നു ആ പരിഹാസം. ഈശ്വരകൃപ ആവോളം നിങ്ങളുടെ മേലുണ്ട്. തീര്‍ച്ച. പക്ഷെ അതിന്റെ പേരില്‍ ആ ഈശ്വരനെ തന്നെ അപമാനിക്കുന്ന ചെയ്തികള്‍ തുടരരുത്. അപേക്ഷയാണ്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍