UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

സിങ്കം3; കൈയ്യടിക്കാം, മിണ്ടാതിരിക്കാം അല്ലെങ്കില്‍ ഇറങ്ങിപ്പോകാം

ഒരു ആസ്വാദനമെഴുത്തിന്റെ പരിധിയില്‍ നില്‍ക്കുന്ന ആളല്ല ദുരൈ സിങ്കം

അപര്‍ണ്ണ

സൂര്യ-ഹരി ടീമിന്റെ സിങ്കം മൂന്നാം പതിപ്പും കാത്തിരിപ്പിനൊടുവില്‍ തീയറ്ററില്‍ എത്തി. ആദ്യ ഭാഗത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും രണ്ടാം പകുതി ദഹിച്ചില്ലെങ്കിലും സിങ്കം പോലൊരു സിനിമക്ക് കിട്ടുന്ന എല്ലാ ഓളവും റിലീസിന് മുന്നേ ഉണ്ടായിരുന്നു. സാമി 2 വിന്റെ പ്രഖ്യാപനത്തിനു ശേഷമാണ് സിംഗം 3 എത്തുന്നത്. തന്റെ പഴയ ഹിറ്റുകള്‍ക്ക് സീക്വലുകള്‍ ഉണ്ടാക്കുക തന്നെയാണ് ഹരി കാര്യമായി ഏറ്റെടുത്ത ദൗത്യം എന്ന് തോന്നുന്നു.

മൂന്നാം ഭാഗത്തെത്തുമ്പോള്‍ ദുരൈ സിങ്കം ആന്ധ്ര പ്രദേശില്‍ എത്തുന്നു. കഥ ഏതാണ്ട് മുഴുവനായും നടക്കുന്നത് ആന്ധ്രയിലാണെങ്കിലും എല്ലാ കഥാപാത്രങ്ങളും തമിഴിലാണ് സംസാരിക്കുക എന്ന മുന്‍കൂര്‍ ജാമ്യത്തിലാണ് സിനിമ തുടങ്ങുന്നത്. വിശാഖപട്ടണം കമ്മീഷണര്‍ ആയിരുന്ന രാമകൃഷ്ണയുടെ (ജയപ്രകാശ്) കൊലപാതകം നാട്ടില്‍ വലിയ കോളിളക്കം ഉണ്ടാക്കുന്നു. കേസ് അന്വേഷണം എവിടെയും എത്താതെ നീണ്ടു പോകുന്നു. നിയമസഭ പ്രക്ഷുബ്ധമാകുന്നു. അപ്പോളാണ് ദുരൈ സിങ്കത്തെ അന്വേഷണത്തിനായി കൊണ്ട് വരുന്നത്. ഇന്ത്യന്‍ പൊലീസിലെ തന്നെ ഏറ്റവും ശക്തനും ബുദ്ധിമാനും സ്വാഭാവികമായും ദുരൈ സിങ്കം ആയതുകൊണ്ട് തന്നെ വന്നപ്പോള്‍ ഒറ്റക്കു 12 പേരെ തല്ലിച്ചതക്കുകയും കേസ് അന്വേഷണം സംബന്ധിച്ച വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഒറ്റയടിക്ക് തന്നെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. കമ്മീഷണറുടെ കൊലപാതകത്തില്‍ ഒരു വലിയ മാഫിയ ഇടപെട്ടിട്ടുണ്ട് എന്നറിഞ്ഞ ദുരൈ സിങ്കം യുദ്ധമുറകള്‍ തുടങ്ങുന്നു. ഭാര്യയായ കാവ്യ(അനുഷ്‌ക ഷെട്ടി) ഈ ഭാഗത്തും ഉണ്ട്. കൂടെ ആദ്യം യുദ്ധത്തിനും പിന്നീട് നായകനെ അങ്ങോട്ട് പ്രേമിക്കാനും അഗ്‌നി എന്ന വിദ്യ ആയി ശ്രുതി ഹാസനും ഉണ്ട്. ബോഡി ബില്‍ഡറും സീരിയല്‍ നടനുമായ ഥാക്കൂര്‍ അനൂപ് സിങ്ങും ശരത്ത് സക്‌സേനയുമാണ് വില്ലന്മാരുടെ സംഘത്തെ നയിക്കുന്നത്.

അടിമുടി തമിഴ് മസാല മാസ്സ് ആക്ഷന്‍ പടം തന്നെയാണ് സിങ്കം 3. യുക്തിയോ ബുദ്ധിയോ ഭാവനയോ ഒന്നും കൂടെ കൊണ്ടു പോകാതെ മാത്രം കണ്ടു തീര്‍ക്കാവുന്ന ഒന്ന്. നായകന്‍ 20 ഓളം ഘടാഘടിയന്മാരെ ഒറ്റക്ക് തല്ലി തോല്‍പിക്കും. വിമാനം പറക്കാന്‍ തുടങ്ങുന്നിടത്ത് തടയും, തോന്നുമ്പോള്‍ തോന്നുമ്പോള്‍ ദുഷ്ടന്മാരെ വെടി വച്ചു കൊല്ലും, ഓടുന്ന കാറില്‍ പറന്നു നില്‍ക്കും, ലോറി ചാടി പിടിക്കും, അങ്ങോട്ട് പ്രണയിക്കുന്നവളുടെ കൂടെയും ഇങ്ങോട്ട് പ്രണയിക്കുന്നവളുടെ സ്വപ്നത്തിലും പാട്ടും ഡാന്‍സും ഉണ്ടാവും. ഐറ്റം ഡാന്‍സ് നിര്‍ബന്ധമായും ഉണ്ടാവും. ഇങ്ങനെ തമിഴ് ആക്ഷന്‍ സിനിമകളുടെ നിയതമായ പാറ്റേണ്‍ ഒരിടത്തു പോലും തെറ്റിക്കുന്നില്ല സി-3 . അവസാനം എന്നെ കൊല്ലല്ലേ ചേട്ടാ എന്ന വില്ലന്റെ പൊട്ടിക്കരച്ചിലിനു പോലും ഒരു മാറ്റവും ഇല്ല. അതൊക്കെ എത്രയാവര്‍ത്തി പറഞ്ഞാലും കണ്ടാലും ഇവിടെ ഓടുമെന്നത് കൊണ്ട് തന്നെ ഇന്നലെ തമിഴ് നാട്ടിലും നാളെ ആന്ധ്രയിലും മറ്റന്നാള്‍ അമേരിക്കയിലും ഒക്കെ മാറി മാറി സിങ്കത്തെ വിടാം, സിങ്കത്തെ അല്ലെങ്കില്‍ സാമിയെയും ഭൈരവയെയും ഒക്കെ മാറി മാറി വിടാം.

ഇടക്ക് മലയാള മുഖ്യധാരാ പോലീസ് ആക്ഷന്‍ മലയാള പടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില സവിശേഷ വിഷയങ്ങളെ പറ്റി പറയാറുണ്ട് തമിഴ് തല്ലു പടങ്ങള്‍. ഈയടുത്ത് ഇറങ്ങിയ ഭൈരവയില്‍ കേരളത്തില്‍ നിന്ന് തമിഴ് നാട്ടിലെ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ പോയ ഒരു കുട്ടിയുടെ കഥ പറഞ്ഞിരുന്നു. വിദ്യാഭ്യാസ തട്ടിപ്പിന്റെ പലതരം ചൂഷണങ്ങളുടെ ആ കഥ നമുക്കു കേട്ടും വായിച്ചും പരിചയമുള്ള ഒന്നായിരുന്നു. സി 3 യില്‍ ആന്ധ്രയിലെ മെഡിക്കല്‍ മാലിന്യങ്ങളെ കുറിച്ചും ഇ-വേസ്റ്റ് നെ കുറിച്ചും പറയുന്നുണ്ട്. തമിഴ് നാട്ടിലെയും ആന്ധ്രയിലെയും ഇപ്പോള്‍ തെലങ്കാനയിലെയും വലിയൊരു പ്രശ്‌നമാണിത്. കാലപ്പഴക്കം ചെന്ന വിദേശ നിര്‍മിത മരുന്നുകള്‍ വിറ്റതിനും അനധികൃത അവയവ കച്ചവടത്തിനും വലിയ ആശുപത്രികളെ വരെ പ്രതി സ്ഥാനത്തു നിര്‍ത്തി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇ വേസ്റ്റ് നിര്‍മ്മാര്‍ജ്ജനവും മരിച്ച മുഖ്യമന്ത്രി ജയലളിതയുടെ ടി വി വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സജീവമാണ്. സമാനമായ നിരവധി സംഭവ വികാസങ്ങള്‍ ആന്ധ്രയില്‍ നിരവധി ഉണ്ട്. ഇതുമായി ബന്ധപ്പെട്ടത് വന്‍കിട മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല തമിഴ് സിനിമകളില്‍ മസാല മാസ് തല്ലിനിടയില്‍ ഇത്തരം വിഷയങ്ങളും ഭൂമി കയ്യേറ്റങ്ങളും സമാനമായ നിരവധി രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയാവാറുണ്ട്. നായകന്‍ പ്രമാണിമാരെ തല്ലി തോല്‍പ്പിക്കുന്നതിനിടയില്‍ ഇത്തരം ചെറിയ ചില സൂചനകള്‍ വലുതാവാതെയും ചിലപ്പോള്‍ പാതിയില്‍ വഴി തിരിഞ്ഞും പോകുന്നു എന്ന് മാത്രം.

ഏത് ആക്ഷന്‍ പടത്തിലുമെന്ന പോലെ സെക്‌സിസ്‌ററ് റേസിസ്റ്റ് കമന്റുകള്‍ കൊണ്ട് സമ്പന്നമാണ് സി 3 യും. പുറമ്പോക്ക് എന്നാണ് സിനിമ പരസ്യമായി പറയുന്ന തെറി. ആ വിളിക്ക് നല്ല സ്വീകാര്യതയുമാണ്. അവിടെയാണ് മുകളില്‍ സൂചിപ്പിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് സിനിമ സ്വയം റദ്ദു ചെയ്യുന്നത്. വിവാഹ മോചനത്തിന് വന്ന ഒരു കൂട്ടം ആള്‍ക്കാരെ തല്ലിയൊടിക്കുന്ന പോലീസ് (നായകന്റെ കഥ കേട്ടിട്ടാണ്) സിനിമ ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു മൂല്യമാണ്. ഇത്തരം സിനിമകളില്‍ ഇതേ ഉണ്ടാവുള്ളു ഇത് പ്രതീക്ഷിച്ചേ കാണാന്‍ പോകാവൂ കണ്ട കഴിഞ്ഞാല്‍ ഇതേ പറ്റി ഒന്നും സംസാരിക്കരുത് എന്നൊക്കെയുള്ള ലിഖിതവും അലിഖിതവുമായ ഭീഷണികള്‍ നിലവിലുണ്ടല്ലോ. നമ്മള്‍ അനുവദിച്ചു കൊടുത്ത എന്തും പറയാനും ചെയ്യാനും ഉള്ള സ്വാതന്ത്രത്തെ സിംഗം 3 യും ഉപയോഗിച്ചു എന്ന് ചുരുക്കം.

രണ്ടാം പകുതി തുടങ്ങുന്നതോടെ സൂര്യ ശരിക്കും സിംഹത്തിന്റെ ശക്തി കൈവരിക്കുന്നുണ്ട്. മനുഷ്യസാധ്യമല്ലാത്ത എല്ലാം ഒന്നിന് പുറകെ ഒന്നായി അദ്ദേഹം ചെയ്യുന്നു. കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതം പലപ്പോഴും വല്ലാത്ത അസഹനീയത ഉണ്ടാക്കുന്നുണ്ട്. ഒന്നാം പകുതിയില്‍ ഇടക്കെങ്കിലും ഇടവേള എടുക്കുമെങ്കിലും രണ്ടാം പകുതിയില്‍ നായകന്‍ ഡയലോഗ് പറഞ്ഞു അടിച്ചു ഇടിച്ചു കൊന്നു ചവിട്ടി കൂട്ടി ബുദ്ധി കൊണ്ട് ഞെട്ടിച്ച് നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇന്ത്യക്കാരനും തമിഴനും ആയ അഭിമാനിയില്‍ നിന്ന് ഇതില്‍ കുറഞ്ഞ എന്ത് പ്രതീക്ഷിക്കാന്‍.

ഒരു ആസ്വാദനമെഴുത്തിന്റെ പരിധിയില്‍ നില്‍ക്കുന്ന ആളല്ല ദുരൈ സിങ്കം. അദ്ദേഹം മുരുകനെ പോലെ ഭൈരവയെ പോലെ ബാഹുബലിയെ പോലെ പ്രതികാരവുമായി എല്ലാ തെലുങ്കു സിനിമയിലും വരുന്ന മഹേഷിനെ പോലെ അമാനുഷികനാണ്. ഇവിടെ ജീവിച്ചു മരിച്ചു പോകുന്ന നിത്യജീവിതത്തില്‍ അധികാരമൊന്നുമില്ലാത്ത സാധാരണ പൗരന് അവരെ തൊടാന്‍ എന്തവകാശം… ആര്‍ത്ത് കയ്യടിക്കാം മിണ്ടാതിരിക്കാം ഇനി അതും പറ്റിയില്ലെങ്കില്‍ ഇറങ്ങി പോകാം..ഇതില്‍ ആദ്യത്തെ രണ്ടും സാധ്യമെങ്കില്‍ നിങ്ങള്‍ക്ക് സി 3 മരണ മാസ് കൊല മാസ് അങ്ങനെ എന്തൊക്കെയോ ആവാം..അല്ലെങ്കില്‍ അറിയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍