UPDATES

വിദേശം

സിംഗപ്പൂരിൽ സ്വേച്ഛാധിപത്യമെന്ന് പറയുന്ന വിമർശകരുടെ ശ്രദ്ധയ്ക്ക്

Avatar

സഹാനാ സിംഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇന്ത്യയിലെ എന്റെ ആദ്യകാല ജീവിതത്തിനും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇപ്പോഴത്തെ ജീവിതത്തിനുമിടയിൽ 14 വര്‍ഷം ഞാൻ സ്വർഗത്തിലായിരുന്നു: സിംഗപ്പൂർ. അവിടെ താമസിക്കുന്നവർക്ക് ഉയർന്ന നിലവാരത്തിലുള്ള ജീവിതം സാധ്യമാക്കാനും വ്യക്തി പുരോഗതിക്ക് തടസ്സം നിൽക്കുന്ന ക്ലേശങ്ങൾ ഒഴിവാക്കാനും അടിസ്ഥാനപരമായി ആവശ്യമായുള്ളതെല്ലാം ഭരണകൂടം ദീർഘദൃഷ്ടിയോടു കൂടി ചെയ്യുന്നു, ശുദ്ധ ജലവും കുറ്റകൃത്യങ്ങൾ നടക്കാത്ത തെരുവുകളും മുതൽ ഏപ്പോഴും ആശ്രയിക്കാവുന്ന പൊതു ഗതാഗതവും കൈയ്യെത്തും ദൂരത്തുള്ള ലൈബ്രറികളുമാണ് സർക്കാറിന്റെ സേവനങ്ങൾ. എന്നാൽ സിംഗപ്പൂരിന് അടിത്തറയിട്ട പ്രധാനമന്ത്രി ലീ കുവാൻ യൂവ് അന്തരിച്ചപ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ നൽകിയ വാർത്തകൾ മറ്റൊരു ചിത്രമാണ് നൽകുന്നത്. അവർ വിവരിക്കുന്നത് സ്വേച്ഛാധിപനായി ജനങ്ങളെ അടിച്ചമർത്തുകയും ചങ്ങലക്കിടുകയും അവർക്ക് അവരുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങൾ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത വ്യക്തിയെയാണ്. എന്റെ അനുഭവം അതിൽ നിന്നും വളരെ വിരുദ്ധമാണ്. ആ ചെറിയ ഉട്ടോപ്യൻ ദ്വീപിൽ നിന്ന് പുറത്ത് കടന്നപ്പോൾ ഞാൻ കൂടുതൽ സ്വതന്ത്രയായി എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.

പരിചയമില്ലാത്ത ഒരു സംസ്കാരവുമായി ഒത്തുപോകാനാകുമോ എന്ന പേടി ഉണ്ടായിരുന്നെങ്കിലും സിംഗപ്പൂരിൽ ഒരു ജോലി ശരിയായതിനെ തുടർന്ന് 1998ൽ എന്നെയും കുഞ്ഞിനെയും എന്റെ ഭർത്താവ് അങ്ങോട്ട് അയക്കുകയായിരുന്നു. ഞങ്ങളവിടെ എത്തി ഒരു ഹോട്ടലിൽ മുറിയെടുത്തതിന് ശേഷം അവിടുള്ള ജീവനക്കാരനോട് ഒരു കൂജയിൽ ഫിൽട്ടർ ചെയ്ത വെള്ളം ആവശ്യപ്പെട്ടു – അത് ആരോഗ്യം കാക്കാനുള്ള ഒരു മുൻകരുതലായിരുന്നു. എന്നാൽ അവർ അത് നിഷേധിച്ചു കൊണ്ട് പറഞ്ഞു,”നിങ്ങൾക്ക് കുളിമുറിയിലെ ടാപ്പിൽ നിന്നുള്ള വെള്ളം കുടിക്കാം.” നിർദേശം കേട്ട് ഞാനാദ്യമൊന്ന് ഞെട്ടി. ഇന്ത്യയിൽ വാട്ടൽ ഫിൽട്ടറുകൾ ടിവിയും ഫ്രിഡ്ജും പോലെ സാധാരണമാണല്ലോ, മധ്യവർഗ കുടുംബങ്ങളിലായാലും ഉന്നത കുടുംബങ്ങളിലായാലും. പക്ഷെ രാജ്യത്തുടനീളം ശുദ്ധ ജലം എത്തിക്കാനായി മികച്ച ഗുണനിലവാരമുള്ള സംസ്കരണ പ്ലാന്റുകളാണ് അവിടെ സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്നു എന്നത് പിന്നീടെനിക്ക് മനസ്സിലായി.  ടാപ്പിൽ നിന്നുള്ള വെള്ളം നേരിട്ട് കുടിക്കാനാകുമെന്ന് മാത്രമല്ല, സിംഗപ്പൂരിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ പോലും വെള്ളം ശക്തിയോടെയാണ് ടാപ്പിൽ നിന്ന് പുറത്തേക്ക് വരുന്നത്. പ്രവർത്തിക്കുന്ന സർക്കാരിനെ ഞാൻ ആദ്യമായി കാണുകയായിരുന്നു.

സിംഗപ്പൂരിലെ എന്റെ ആദ്യ ദിനങ്ങളിൽ നഗരത്തിലെ ഓരോ സ്ഥലത്തും സുരക്ഷിതമായി എത്തിച്ചേരുന്നതിനെക്കുറിച്ച് എനിക്ക് പേടിയുണ്ടായിരുന്നു. പ്രത്യേകിച്ച് കൈയ്യിൽ ഒരു കുഞ്ഞും കൂടിയുള്ളപ്പോൾ. അപകടകരമായ ഏതെങ്കിലും സ്ഥലങ്ങളിൽ എത്തിപ്പെട്ടാലോ എന്ന് പേടിച്ച് ഞാൻ ലോക്കൽ ട്രെയിനുകൾ ഉപയോഗിക്കുമായിരുന്നില്ല. മിക്ക രാജ്യങ്ങളിലും ആദ്യമായി എത്തുന്നവർക്കുണ്ടാവുന്ന യുക്തമായ പേടികൾ സിംഗപ്പൂരിൽ എത്തുന്നവർക്ക് ആവശ്യമില്ല. തെരുവിൽ എല്ലായിടത്തും ചിഹ്നങ്ങളും ഇംഗ്ലീഷിലുള്ള നിർദേശങ്ങളും വ്യക്തമായും എല്ലാവർക്കും കാണത്തക്ക രീതിയിലും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. നമ്മുടെ സംശയങ്ങൾ മുൻകൂട്ടി അറിയുന്ന ആരൊക്കെയോ അദൃശ്യരായിരുന്ന് ആസൂത്രണം ചെയ്യുകയാണെന്ന് തോന്നും. എന്റെ ആദ്യ ശ്രമത്തിൽ രാജ്യത്തെ കച്ചവടകേന്ദ്രമായ ഓർച്ചാഡ് റോഡിലേക്കും തിരിച്ച് ഹോട്ടലിലേക്കും ആരോടും വഴി ചോദിക്കേണ്ട ആവശ്യമില്ലാതെ എനിക്ക് പോയി വരാനായി.

സിംഗപ്പൂരിലെ തെരുവുകളിൽ ചവറുകൾ ഉണ്ടായിരുന്നില്ല. എല്ലാ കെട്ടിടങ്ങളും വൃത്തിയുള്ളതായും എല്ലാ നടപ്പാതകളും അപ്പോൾ കഴുകിയത് പോലെയുമിരുന്നു. ദേശീയ ലൈബ്രറിക്ക് നിരവധി ശാഖകളുണ്ടായിരുന്നു, നിറയെ പുസ്തകങ്ങളും. എന്റെ കുഞ്ഞിനെ ഒരു സ്റ്റ്രോളറിൽ ഇരുത്തി എനിക്കെവിടെ വേണമെങ്കിലും പോകാമായിരുന്നു. ഞാൻ സ്വപ്നം കണ്ടിരുന്നത് അത് പോലെ വൃത്തിയുള്ളതും പച്ചപ്പുള്ളതും ലഹളകൾ ഇല്ലാത്തതുമായ ഒരു ഇന്ത്യയെ ആയിരുന്നു.

ഇതെങ്ങനെയാണ് സാധ്യമായത്? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും ഏകദേശം 20 വർഷങ്ങൾക്ക് ശേഷമാണ് സിംഗപ്പൂരിന് സ്വാതന്ത്ര്യം കിട്ടിയത്. എന്നിട്ടും വൈവിധ്യമുള്ള സമ്പദ് വ്യവസ്ഥ, ലോകത്തിലെ മികച്ച വ്യോമഗതാഗതം, ശുദ്ധമായ പുഴകൾ, തിരക്കേറിയ വിൽപ്പനശാലകൾ. എല്ലാം ഒരു ദശാബ്ദത്തിനുള്ളിൽ നേടാൻ കഴിഞ്ഞുവെന്നതിൽ അഭിമാനിക്കുകയാണ് ഈ .ദ്വീപ് രാഷ്ട്രം. ഇന്ത്യയുടെ വലിപ്പത്തിന്റെ ഒരു ഭാഗം മാത്രമെ ഉള്ളുവെന്നത് തീർച്ചയായും സിംഗപ്പൂരിന്റെ അനുകൂല ഘടകമാണ്, 275 ചതുരശ്ര മൈലിൽ വെറും 5.5 മില്യണ് ജനങ്ങൾ. പക്ഷെ എന്ത് തന്നെയായാലും അത് വികസിച്ചത് അതിശയിപ്പിക്കുന്ന വേഗതയിലാണ്. അത്തരമൊരു മാറ്റത്തിന് പിന്നിലെ യന്ത്രം ലീ കുവാൻ യീയുടെ ഭരണമായിരുന്നു. അദ്ദേഹത്തിന്റെ ദർശനം ഇത്രയും ചെറിയ ഒരു നഗരത്തെ മൂന്നാം ലോകത്തിൽ നിന്ന് ലോകത്തിലെ ഒന്നാമതാക്കി മാറ്റി.

എന്നിലുണ്ടായ ആദരവ് പക്ഷെ എല്ലാവർക്കും ഉണ്ടായിരുന്നില്ല. ആ സമയത്ത് യുഎസിലുള്ള എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഒരു കാരണവശാലും താൻ സിംഗപ്പൂരിലേക്ക് വരില്ല എന്നാണ്. ”എന്റെ സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്നത് ഞാൻ വെറുക്കുന്നു.”.അവൾ ഗൗരവത്തോടെ പ്രഖ്യാപിച്ചു. എനിക്ക് ചിരിക്കാൻ മാത്രമെ കഴിയുമായിരുന്നുള്ളു. ഞാൻ അന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത അത്രയും സ്വാതന്ത്ര്യം ഞാനവിടെ അനുഭവിക്കുന്നുണ്ടായിരുന്നു. എനിക്കിഷ്ടപ്പെട്ട ഒരു ജോലി ഞാൻ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. എനിക്ക് സുഹൃത്തുക്കളുടെ കൂടെ സിനിമക്ക് പോകാനും രാത്രി വൈകി തിരിച്ചെത്താനും സാധിക്കുമായിരുന്നു. ഒരു ടാക്സിയിൽ വസ്ത്രങ്ങൾ അയച്ചിട്ടുകൊണ്ട് ഉറങ്ങാനും എനിക്കവിടെ സാധിക്കുമായിരുന്നു. ഡ്രൈവർ സുരക്ഷിതമായി എന്നെ വീട്ടിലെത്തിക്കുകയും മാന്യമായി വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു. വ്യക്തിയെന്ന നിലയിലെ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ട് കുറ്റകൃത്യങ്ങൾ കുറഞ്ഞ ഒരു സമൂഹത്തിൽ ജീവിക്കാൻ മതിയായ നിയമസംവിധാനമാണ് സിംഗപ്പൂരിലേത്. സുരക്ഷിതത്വത്തോടു കൂടിയുള്ള യഥാർഥ സ്വാതന്ത്ര്യം ഞാൻ അറിഞ്ഞു.

അതിനായി സിംഗപ്പൂരിലെ പൌരന്മാരും അവിടെ താമസിക്കുന്നവരും ഒടുക്കേണ്ടുന്ന വിലയിലേക്ക് പലരും വിരൽ ചൂണ്ടാറുണ്ട്. ചെറിയ നിയമലംഘനങ്ങൾക്ക് പോലും വളരെ കർക്കശമായ പിഴയും ശിക്ഷയുമാണ് ഇവിടെ ചുമത്തുന്നത്. വിലക്ക് മറികടന്ന് ച്യൂയിങ് ഗം വിൽക്കുന്ന ആൾക്ക് 70,000 ഡോളർ പിഴ ഒടുക്കേണ്ടി വരും. വസ്തുവകകൾ നശിപ്പിച്ചാൽ അഴിക്കുള്ളിലാകും. അമേരിക്കൻ ആദർശങ്ങൾക്ക് ഇതൊരു അധിക്ഷേപമായിരിക്കും. എന്നാൽ പല ഏഷ്യൻ രാജ്യങ്ങളിലെയും പോലെ വ്യക്തികളുടെ നിശ്ചയദാർഢ്യത്തിലൂടെയാണ് വലിയ ശരികൾക്ക് മഹത്വമുണ്ടാകുന്നത്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വ്യക്തി സ്വാതന്ത്ര്യത്തിന് അധിക മൂല്യം കൽപ്പിക്കുന്ന അമേരിക്കക്കാർ അതിന്റെ വിലയും കൊടുക്കുന്നുണ്ട് എന്നുള്ളതാണ്.

സിംഗപ്പൂരിൽ വ്യക്തികൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള വിലക്ക് പാശ്ചാത്യർക്ക് അരോചകമായി തോന്നുന്നു. എന്നാൽ ജനാധിപത്യ രാഷ്ട്രമെന്ന് വാഴ്ത്തപ്പെട്ട പല രാജ്യങ്ങളെക്കാളും കൂടുതൽ സ്വാതന്ത്ര്യം രാജ്യം നൽകുന്നുണ്ടെന്നുള്ളത് അവർ കണ്ടില്ലെന്ന് നടിക്കുന്നു. അമേരിക്കയിലും മറ്റ് അയൽ രാജ്യങ്ങളിലെയും പോലെ തെരുവ് ഗുണ്ടാസംഘങ്ങളുടെ തോക്ക് സംസ്കാരം സിംഗപ്പൂരിൽ ഇല്ലായിരുന്നു. എന്റെ മകൾ വലുതായാൽ അവളുടെ സുരക്ഷയെക്കുറിച്ച് പേടിക്കാതെ നഗരത്തിലെവിടെയും അവളെ വിടാൻ എനിക്ക് സാധിക്കും. രാജ്യത്തെല്ലായിടത്തും ക്രിസ്ത്യൻ പള്ളികളും മുസ്ലീം പള്ളികളും അമ്പലങ്ങളും അടുത്തടുത്തായിട്ടുണ്ടാകും കൂടാതെ എല്ലാ മതത്തിലും പെട്ട വിശേഷദിവസങ്ങൾ അവിടെ ദേശീയ അവധി ദിനമാണ്. ദേശീയ തലത്തിലെ സർക്കാർ വളരെ സുതാര്യമാണ്, അഴിമതിരഹിതവുമാണ്. അത് ജനാധിപത്യ രാജ്യമെന്ന് പറയപ്പെടുന്നവയേക്കാളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. എന്നിട്ടും ലോകം ചോദിച്ചു, മികച്ച സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള, ഒരു ജോലിയുള്ള, താങ്ങാനാകുന്ന ചിലവിൽ പാർപ്പിടമുള്ള, ആരോഗ്യ ശ്രദ്ധയും ശിശുപരിചരണവും മുതിർന്നവർക്കുള്ള പരിചരണവും ലഭ്യമായ സിംഗപ്പൂരിലെ ഒരു ശരാശരി പൗരൻ എന്തുകൊണ്ട് പുരപ്പുറത്ത് കയറി നിന്ന് പ്രതിഷേധിക്കുന്നില്ലെന്ന്.

ജനപ്രിയരായ രാഷ്ട്രീയ നേതാക്കളെ പടച്ചുവിടുന്ന തരത്തിലുള്ള ജനാധിപത്യത്തിന്റെ ഉത്തമമാതൃകയൊന്നും ആയിരുന്നില്ല ലീ കുവാൻ യീ. അദ്ദേഹത്തിന്റെ രൂക്ഷമായ നിരീക്ഷണങ്ങൾ ടെലിവിഷൻ സംവാദമോ അമേരിക്കൻ തെരഞ്ഞെടുപ്പോ ജയിച്ചിട്ടില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ നിന്ന് ഇടക്കിടെ ഉണ്ടാകുന്ന സ്വന്തം കാര്യത്തിനായി അഴിമതി ഭരണം നടത്തുന്ന സ്വേച്ഛാധിപതികളിൽ ഒരാളായിരുന്നില്ല അദ്ദേഹം. ലോകത്തിൽ ജീവിക്കാൻ ഏറ്റവും നല്ല സ്ഥലമെന്ന് തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ ശിൽപിക്ക് അർഹിക്കുന്ന അംഗീകാരം കൊടുക്കാതിരിക്കുന്നത് മൂഢതയാണ്. നവ വികസിത രാജ്യങ്ങൾ രണ്ടും മൂന്നും തലമുറകൾ കൊണ്ട് നേടിയത് അദ്ദേഹം ഒരു തലമുറ കൊണ്ടു തന്നെ സാധിച്ചു. പ്രാരംഭഘട്ടത്തിലുള്ളതും ക്ലേശമനുഭവിക്കുന്നതുമായ ഒരു രാജ്യത്തെ പക്വതയുള്ളതാക്കി മാറ്റാൻ ആവശ്യമായ ശക്തമായ മരുന്ന് തന്നെ അദ്ദേഹം നൽകി. മറ്റൊരു നേതാവായിരുന്നെങ്കിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മരുന്നെന്ന വ്യാജേന നൽകുന്നത് വിഷമായി മാറിയേനെ. ലീ കുവാൻ യീയുടെ പാരമ്പര്യത്തെ സിംഗപ്പൂർ പാഴാക്കാതിരിക്കട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍