UPDATES

സിനിമാ വാര്‍ത്തകള്‍

നിന്നെ ബലാത്സംഗം ചെയ്യും, മുഖത്ത് ആസിഡും ഒഴിക്കും; അതാണവരുടെ ഭീഷണി

സ്ത്രീകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി ഉയര്‍ത്തുന്ന ട്വിറ്റര്‍ അകൗണ്ടുകള്‍ പൂട്ടിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതിയുമായി ഗായിക ചിന്മയി

ഗായിക സുചിത്ര കാര്‍ത്തിക ട്വിറ്റര്‍ വഴി ഉയര്‍ത്തിവിട്ട വിവാദങ്ങളില്‍ ഒരുപേരുകാരിയായിരുന്നു ഗായിക ചിന്മയി ശ്രീപദ.സുചിത്രയുടെ ആരോപണങ്ങളെ ശക്തമായി നിഷേധിച്ച ചിന്മയി ഇപ്പോള്‍ മറ്റൊരു വിഷയവുമായി ട്വിറ്ററില്‍ എത്തിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ സ്ത്രീ സുരക്ഷയാണ് ചിന്മയി ട്വിറ്ററിലൂടെ ഉയര്‍ത്തിയത്. സ്ത്രീകള്‍ക്കെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പരാമര്‍ശങ്ങളും ആക്ഷേപങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നതിനെതിരെയാണു ചിന്മയിയുടെ കാമ്പയിന്‍. തനിക്കുനേരെ ഉണ്ടായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ ഒരു ഓണ്‍ലൈന്‍ പരാതി ഫയല്‍ ചെയ്തിരിക്കുകയാണു ഗായിക. തന്റെ പരാതിയില്‍ ചിന്മയി പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

‘നിന്നെ ബലാത്സംഗം ചെയ്യണം’
‘നിന്റെ മുഖത്ത് ഞാന്‍ ആസിഡ് ഒഴിക്കും’
‘നീ ഇനി ഒരിക്കലും പാടാതിരിക്കുന്ന കാര്യം ഞാനേറ്റു’
ട്വിറ്ററിലെ എന്റെ അഭിപ്രയപ്രകടനങ്ങള്‍ക്ക് കിട്ടിയ ചില പ്രതികരണങ്ങള്‍ ആണിവ. ഞാന്‍ ഒരു സെലിബ്രിറ്റി ആണ്. പൊതുജനങ്ങളുടെ ശ്രദ്ധ എന്നില്‍ ഉണ്ടായിരിക്കും. പക്ഷെ അക്രമാസക്തമായ ഈ ഭീഷണികള്‍ എന്നെ ഭയപ്പെടുത്തുന്നു. ഈ ഭീഷണികളെ പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ട്വിറ്റര്‍ നിരുത്തരവാദപരമായി അവഗണിക്കുകയാണ് ഉണ്ടായത്. പോലീസ് കേസ്ഫയല്‍ ചെയ്യാത്തയിടത്തോളം കാലം ട്വിറ്ററിന്റെ ഭാഗത്ത് നിന്നും യാതൊരു വിധമായ നടപടികളും ഉണ്ടാകില്ല എന്ന് അവര്‍ പറയുന്നു.

സാധാരണ സ്ത്രീകള്‍ ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ എല്ലാം മതിയാക്കി ട്വിറ്റര്‍ വിടുകയാണ് ഞാന്‍ ഒരു പരാതി പോലീസില്‍ ഫയല്‍ ചെയ്തു. എന്നെ ശല്ല്യം ചെയ്തവരെ കണ്ടെത്താന്‍ എന്റെ ഫാന്‍സും സഹായിച്ചു. മൂന്നു ആളുകളെ അറസ്റ്റ് ചെയ്തു. പത്തു ദിവസത്തോളം കസ്റ്റഡിയില്‍ വച്ചു.

ഈ സംഭവം എന്നെ വല്ലാതെ രോഷാകുലയാക്കി. സമയവും പണവും സഹായിക്കാന്‍ ആളുകളുമുള്ള എന്നെപ്പോലെ ഒരു സെലിബ്രിറ്റിയുടെ ഗതി ഇതാണെങ്കില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണ സ്ത്രീകളുടെ ഗതി എന്തായിരിക്കും? സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് ട്വിറ്ററിന്റെ കടമയാണ്. സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ ഭീഷണികള്‍ ഉയര്‍ത്തുന്ന അകൗണ്ടുകളെല്ലാം
പൂട്ടിക്കെട്ടിക്കൊണ്ട് ശക്തമായ ഒരു സന്ദേശം സമൂഹത്തിനു നല്‍കാന്‍ ട്വിറ്റര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ടാണ് ഞാനീ ഓണ്‍ലൈന്‍ പെറ്റിഷന്‍ ആരംഭിച്ചത്. ഏതായാലും ട്വിറ്റര്‍ ഇപ്പോള്‍ അതിന്റെ ഉപഭോക്താക്കള്‍ക്കായി മ്യുട്ട് , ബ്ലോക്ക് തുടങ്ങിയ പുതിയ സുരക്ഷ സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പക്ഷെ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തിക്കൂട്ടുന്ന അകൗണ്ടുകള്‍ പൂട്ടിക്കെട്ടാനൊന്നും ട്വിറ്റര്‍ മെനക്കെട്ടില്ല. 2015 ല്‍ ഭീകര ബന്ധങ്ങള്‍ കാരണം 360,000 ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. എന്തുകൊണ്ട് ബലാത്സംഗഭീഷണികള്‍ക്ക് എതിരായി ഇതുപോലെ ട്വിറ്റര്‍ പ്രതികരിക്കുന്നില്ല?

ഇങ്ങനെയുള്ള കാര്യങ്ങളില്‍ തങ്ങളുടെ ഉത്തരവാദിത്തം ട്വിറ്റര്‍ ഏറ്റെടുത്തെ മതിയാകു. ഏറ്റവും പുതിയ സുരക്ഷാ ക്രമീകരണങ്ങളില്‍ ട്വിറ്റര്‍ വിശദീകരിക്കുന്നു- ‘ നിങ്ങളുടെ പ്രതികരണങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നു . കൂടുതല്‍ പഠിക്കാനും അര്‍ത്ഥവത്തായ മാറ്റങ്ങള്‍ വരുത്താനും അവ ഞങ്ങളെ സഹായിക്കും’.

ട്വിറ്റര്‍ തന്റെ സ്ത്രീ ഉപഭോക്താക്കള്‍ക്ക് പറയാനുള്ളത് ശ്രദ്ധിക്കണം എന്നാണ് എന്റെ ആവശ്യങ്ങളിലൊന്ന്. സ്വകാര്യമായതും സ്വതന്ത്രമായതുമായ അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും സെന്‍സര്‍ ചെയ്യുക എന്നതല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. പക്ഷെ ബലാത്സംഗ ഭീഷണികളെ അഭിപ്രായ സ്വാതന്ത്ര്യമായി പരിഗണിക്കാതിരിക്കുക. ബലാത്സംഗഭീഷണികളിലൊന്നും വലിയ കാര്യമില്ല എന്നാണ് ചില പുരുഷന്മാരുടെ ധാരണ. വെറുതെ ഭീഷണിപ്പെടുത്താന്‍ ബലാത്സംഗം , കൊലപാതകം മുതലായ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നതാണ് അവരുടെ നയം. അക്രമത്തിന്റെ ഏറ്റവും ഭീകരമായ മുഖങ്ങളിലൊന്നാണ് ബലാത്സംഗം. മാനഭംഗ ഭീഷണിയും ലിംഗാധിഷ്ടിതമായ അക്രമങ്ങളും സ്ത്രീകളെ നിശ്ശബ്ദരാക്കാനുള്ള പ്രധാന ആയുധങ്ങളാണ്.

ഇത്തരം അകൗണ്ടുകള്‍ പൂട്ടിയാല്‍ സോഷ്യല്‍ മീഡിയ നീചമായ അക്രമങ്ങള്‍ക്കുള്ള വേദിയല്ല എന്ന ശക്തമായ സന്ദേശമാവും ട്വിറ്റര്‍ നല്‍കുക. ലോകം മുഴുവനുള്ള സ്ത്രീകള്‍ക്ക് ആഘാതമേല്‍പ്പിക്കനുതകുന്ന നിസ്സംഗതയോടെയാണ് ട്വിറ്റര്‍ പെരുമാറുന്നത്. അവരുടെ പ്രവര്‍ത്തികളെ ശുദ്ധീകരിച്ചു സ്ത്രീകള്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നു എന്ന് ട്വിറ്റര്‍ ഉറപ്പു വരുത്തേണ്ട സമയം കഴിഞ്ഞു.

ഈ ഓണ്‍ലൈന്‍ പെറ്റിഷന്‍ കൂടാതെ ട്വിറ്ററില്‍ മറ്റൊരു സന്ദേശം കൂടി ചിന്മയി പങ്കുവച്ചു.

ചിലപ്പോള്‍ ട്വിറ്റര്‍ ഒരു സങ്കല്‍പ്പിക ലോകമായിരിക്കും. സോഷ്യല്‍ മീഡിയ ഒരു സങ്കല്‍പ്പിക ലോകമാണെങ്കില്‍ നിങ്ങള്‍ക്ക് രക്തത്തിനും സ്‌റ്റെം സെല്ലുകള്‍ക്കും ആവശ്യമുണ്ടാകുമ്പോള്‍ ദയവായി പ്രിന്റ് മീഡിയയില്‍ പരസ്യങ്ങള്‍ നല്‍കുക. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സയ്ക്കും സമൂഹ്യപ്രശ്‌നങ്ങള്‍ക്കെതിരെ ശ്രദ്ധ തിരിക്കാനും നിങ്ങള്‍ പ്രിന്റ് മീഡിയയെ ആശ്രയിക്കുക. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതികരണങ്ങള്‍ ഉണ്ടാകുന്നെങ്കില്‍, അവ യഥാര്‍ത്ഥമാണെങ്കില്‍ സ്വകാര്യ വ്യക്തികളുടെ സുരക്ഷയ്ക്കുണ്ടാകുന്ന ഭീഷണികളും യഥാര്‍ഥമാണ്. തിരഞ്ഞെടുത്ത ചില വിഷയങ്ങള്‍ക്കെതിരെ മാത്രം കണ്ണടയ്ക്കുക എന്നത് ന്യായമല്ല.
നിനക്ക് ബലാത്സംഗം ചെയ്യപ്പെടേണ്ട എന്നുണ്ടെങ്കില്‍ വീട്ടിലിരുന്നോ എന്ന് പറയുന്നതിന് തുല്യമാണിത്(ചിലപ്പോള്‍ വീടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഒരിടം അല്ലാതാവാം എന്നാണ് ഞാന്‍ ഈയടുത്ത് കേട്ടത്).

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍