UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്ണിനും മനുഷ്യനും പരിബര്‍ത്തന്‍: സിംഗൂരില്‍ കൃഷിഭൂമി വില്‍പ്പനക്ക്

Avatar

അഴിമുഖം പ്രതിനിധി

ബംഗാളില്‍ ഇടതുമുന്നണിയുടെ 34 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുകയും സി.പി.എമ്മിന്‌റെ രാഷ്ട്രീയ അടിത്തറ തന്നെ തകര്‍ക്കുകയും ചെയ്ത ജനകീയ മുന്നേറ്റത്തിനാണ് 2008ലെ സിംഗൂര്‍, നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലുകള്‍ വഴിയൊരുക്കിയത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുത്ത ബുദ്ധദേവ് സര്‍ക്കാരിന്‌റെ നടപടി സി.പി.എം അനുഭാവികളായ നിരവധി പേരെ പാര്‍ട്ടിക്കെതിരെ തിരിച്ചു. സാഹചര്യം ബുദ്ധിപരമായി ഉപയോഗിച്ച് മമത ബാനര്‍ജി, മാ, മാതി, മാനുഷ്, (മാതാവ്/മാതൃഭൂമി, മണ്ണ്, മനുഷ്യന്‍) പരിബൊര്‍ത്തന്‍ (മാറ്റം) മുദ്രാവാക്യങ്ങളുമായി കൊടുങ്കാറ്റ് പോലെ രംഗത്തെത്തി. സി.പി.എമ്മിന് അധികാരത്തിന് പുറമെ ജനകീയാടിത്തറയും നഷ്ടമായി. ഇതിന്‌റെ ആഘാതത്തില്‍ നിന്ന് ബംഗാളിലെ സി.പി.എമ്മും ഇടതുപക്ഷവും ഇതുവരെ മോചനം നേടിയിട്ടില്ല.  

 
സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ നിര്‍മ്മാണ ഫാക്ടറിക്ക് വേണ്ടിയായിരുന്നു ഭൂമി ഏറ്റെടുപ്പ്, സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക തിരിച്ച് നല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ മമതയെ സുപ്രീംകോടതി വിധി സഹായിച്ചു. അതേസമയം ഇപ്പോള്‍ ഇവിടെയുള്ള പല കര്‍ഷകരും കൃഷി ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല. പകരം ഭൂമി വ്യവസായികള്‍ക്ക് തന്നെ വില്‍ക്കാനുള്ള പദ്ധതിയിലാണ് പലരും. കൃഷിയിടങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് വില്‍ക്കാനുള്ള പരിപാടിയാണ് ഇവര്‍ക്ക്. സിംഗൂരില്‍ ഭൂമി വില അത്രയും ഉയര്‍ന്നിരിക്കുകയാണ്. കൃഷി ചെയ്യുന്നതിന്‌റെ നഷ്ടം തന്നെയാണ് 65 കാരനായ ബിഫോള്‍ ബംഗാള്‍ അടക്കമുള്ള 20ഓളം വരുന്ന കര്‍ഷകരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഈ കര്‍ഷകര്‍ ഒരുമിച്ച് സിംഗൂര്‍ ഷില്‍പോ ബികാഷ് സമിതി (സിംഗൂര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‌റ് സൊസൈറ്റി) രൂപീകരിച്ചിരിച്ചിട്ടുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ ഏറ്റെടുത്ത അഞ്ച് ബ്ലോക്കുകളില്‍ ഒന്നായ ഗോപാല്‍നഗറിലും പരിസര പ്രദേശങ്ങളിലുമായാണ് ഇവരില്‍ മിക്കവരും താമസിക്കുന്നത്.
 
ബിഫോളിന്‌റെ മകന്‍ മണിമോഹന്‍ ടാറ്റ കമ്പനിയില്‍ താല്‍ക്കാലിക ജോലി നേടിയിരുന്നു. എന്നാല്‍ ടാറ്റ പദ്ധതി മുടങ്ങിയതോടെ ഇതില്ലാതായി. നിലവില്‍ പലചരക്ക് കച്ചവടം നടത്തുകയാണ്. തങ്ങള്‍ക്ക് ഇനി ഇവിടെ കൃഷി ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ഇവര്‍ പറയുന്നു. 10 വര്‍ഷം മുമ്പ് ഒരു ബിഗയ്ക്ക് (40 സെന്‍റ്) 2.45 ലക്ഷം രൂപയുണ്ടായിരുന്ന ഭൂമിക്ക് ആറ് മുതല്‍ ഏഴ് ലക്ഷം വരെയാണ് ഇപ്പോള്‍ വില.
 
അതേസമയം ഇടതുമുന്നണിയോട് അനുഭാവമുള്ള ഒരു ചെറിയ വിഭാഗം മാത്രമാണ് ഇത്തരത്തില്‍ നിലപാട് എടുത്തിരിക്കുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‌റെ വാദം. ബാക്കിയുള്ളവരെല്ലാം ഇവിടെ കൃഷിയിറക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് തൃണമൂലിന്‌റെ കൃഷി ജാമി രക്ഷാസമിതി അവകാശപ്പെടുന്നു. എന്നാല്‍ ബിഫോളിനോട് യോജിക്കുന്ന അഭിപ്രായങ്ങളാണ് ഗോപാല്‍നഗര്‍, ബെറാബേരി, ഖാഷര്‍ബേരി തുടങ്ങിയ മേഖലകളിലെ കര്‍ഷകരില്‍ നിന്നുണ്ടാവുന്നത്. രാജ്യത്തിന്‌റെ മറ്റ് ഭാഗങ്ങളിലുള്ളതിനേക്കാള്‍ ഗുരുതരമായ കാര്‍ഷിക പ്രതിസന്ധിയാണ് ബംഗാളിലുള്ളതെന്ന് ഇവര്‍ പറയുന്നു. വര്‍ദ്ധിച്ച ഉല്‍പ്പാദന ചിലവ് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

പുതിയ സാഹചര്യത്തില്‍ വ്യവസായവത്കരണത്തിനായുള്ള തങ്ങളുടെ ശ്രമങ്ങളെ ന്യായീകരിച്ച് സി.പി.എം വീണ്ടും രംഗത്ത് വന്നേക്കാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനും ഇത് സി.പി.എം പ്രചാരണ വിഷയമാക്കിയെങ്കിലും യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ഇക്കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരും തൃണമൂല്‍ സര്‍ക്കാരും ഒരുപോല കുറ്റക്കാരാണെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധനായ സുഭാനില്‍ ചൗധരി. കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‌റ് സ്റ്റഡീസില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് ചൗധരി. ഇടതു സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുത്തു. തൃണമൂല്‍ സര്‍ക്കാരാണെങ്കില്‍ അപ്രായോഗികമായ രീതിയില്‍ കൃഷി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു – ചൗധരി പറഞ്ഞു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍