UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: റാഡ്ക്ലിഫ് രേഖയും ബില്‍ ക്ലിന്റന്റെ ഏറ്റുപറച്ചിലും

Avatar

1947 ആഗസ്ത് 17
ഇന്ത്യയെയും പാക്കിസ്ഥാനെയും വേര്‍തിരിച്ച് റാഡ്ക്ലിഫ് രേഖ

സര്‍ സിറിള്‍ റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷ് അഡ്വക്കേറ്റ് ആദ്യമായി ഇന്ത്യയില്‍ എത്തുന്നത് 1947 ജൂലൈ 8 നാണ്. തന്റെ ആഗമനത്തിന്റെ ഒരുമാസത്തിനിപ്പുറം റാഡ്ക്ലിഫ് ഇന്ത്യയെയും പാക്കിസ്ഥാനെയും വേര്‍തിരിച്ചുകൊണ്ട് ഒരു രേഖ വരച്ചു. നിയമപരമായി, യാതൊരു പ്രത്യാഘാതങ്ങളും സൃഷ്ടിക്കാത്ത ഒരു ജോലിയാണ് റാഡ്ക്ലിഫ് അന്ന് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇന്ത്യയെ ഭാഗം ചെയ്ത മനുഷ്യന്‍ എന്ന നിലയിലാണ് റാഡ്ക്ലിഫ് ആലങ്കാരികമായെങ്കിലും ചരിത്രത്തിന്റെ ഭാഗമായി മാറിയതെന്നുമാത്രം.

1947 ആഗസ്ത് 17 നാണ് റാഡ്ക്ലിഫ് രേഖ നിലവില്‍ വരുന്നത്. ഇതിനു പിന്നാലെയാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റവും അതിന്റെ ഭാഗമായ അരുംകൊലകളും സംഭവിക്കുന്നത്. 88 മില്യണ്‍ ജനങ്ങളെ തമ്മില്‍ വേര്‍തിരിച്ച് 175,000 സ്‌ക്വയര്‍ മൈല്‍ ഭൂപ്രദേശത്തെ വിഭജിച്ചുകൊണ്ടാണ് റാഡ്ക്ലിഫ് രേഖ കടന്നുപോകുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് തീര്‍പ്പുകല്‍പ്പിച്ചുകൊണ്ട് വരച്ച രേഖ എന്നും റാഡ്ക്ലിഫ് രേഖയെ വിലയിരുത്താം. ആഗസ്ത് 8 നാണ് അതിര്‍ത്തി നിര്‍ണയം നടന്നതെങ്കിലും അതിര്‍ത്തി രേഖ  നിലവില്‍ വന്നത് ആഗസ്ത് 17 നായിരുന്നു.

1998 ആഗസ്ത് 17
ബില്‍ ക്ലിന്റന്റെ സത്യപ്രസ്താവന

അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ചരിത്രത്തിന്റെ താളില്‍ ഇടംപിടിച്ച ദിവസമാണ് 1998 ആഗസ്ത് 18. എന്നാല്‍ അതൊരു നാണക്കേടിന്റെ ചരിത്രമാണെന്നു മാത്രം. പദവിയിലിരിക്കെ ഒരു സ്വതന്ത്ര കൗണ്‍സിലിനു മുന്നില്‍ ഹാജരായി സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്നായിരുന്നു ക്ലിന്റന്‍ അന്ന് തന്നെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. എന്തിനുവേണ്ടിയായിരുന്നു ഈ നടപടിയെന്നതാണ് നാണക്കേടിന്റെ ആഴം കൂട്ടുന്നത്. വൈറ്റ് ഹൗസ് ജീവനക്കാരി മോണിക്ക ലെവന്‍സ്‌കിയുമായുള്ള പ്രസിഡന്റിന്റെ അവിഹിതബന്ധം ലോകമറിഞ്ഞതിനു പിന്നാലെയായിരുന്നു ഈ കുമ്പസാരം.

ഈ ബന്ധം ആദ്യം നിഷേധിക്കുകയായിരുന്നു ക്ലിന്റന്‍ ചെയ്തത്. എന്നാല്‍ മോണിക്കയുമായുള്ളു രഹസ്യബന്ധത്തിന്റെ പേരില്‍ ക്ലിന്റനെതിരെ നടന്ന നാലുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ക്ലിന്റന് സത്യം പറയേണ്ടി വന്നു. അമേരിക്കയേയും ലോകത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ടെലിവിഷനിലൂടെ, ഭാര്യ ഹിലറി ക്ലിന്റന്‍ അറിയാതെ മോണിക്കയും താനുമായുണ്ടായിരുന്ന ലൈംഗികബന്ധത്തെക്കുറിച്ച് വിശദീകരിക്കേണ്ടി വന്നു ക്ലിന്റന്.

പ്രസിഡന്റിന്റെ വിഴിവിട്ട ബന്ധം പുറത്തറിഞ്ഞതോടെ അമേരിക്കയില്‍ അതൊരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറി. പ്രസിഡന്റിനെ ഇംപീച്‌മെന്റ് ചെയ്യണമെന്ന ആവശ്യമുണ്ടായി. പ്രതിനിധി സഭയില്‍ ഇതിനായി വോട്ടെടുപ്പ് നടന്നെങ്കിലും അഞ്ച് ആഴ്ച സെനറ്റില്‍ നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ ക്ലിന്റന്‍ ഇംപീച്‌മെന്റില്‍ നിന്ന് രക്ഷപ്പെട്ടു. മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധം സദാചാരവിരുദ്ധമാണെങ്കിലും ഈ കുറ്റം പ്രസിഡന്റിനെ ഇംപീച്‌മെന്റ് ചെയ്യാന്‍ മാത്രം മതിയായതല്ലെന്ന് സെനറ്റ് കണ്ടെത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍