UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിസ്റ്റര്‍ അമലയുടെ കൊലപാതകം; അഭയ കേസ് രണ്ടാംഭാഗം?

സിസ്റ്റര്‍ അമല കൊല്ലപ്പെട്ടതാണ്. സിസ്റ്റര്‍ അഭയയെപ്പോലെ. സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത് കോണ്‍വെന്റില്‍ വച്ചാണ്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതും കോണ്‍വെന്റില്‍ വച്ചാണ്. സിസ്റ്റര്‍ അമലയ്ക്ക് 69 വയസ്സായിരുന്നു. സിസ്റ്റര്‍ അഭയയ്ക്ക് 19. സിസ്റ്റര്‍ അമല കൊല്ലപ്പെട്ടശേഷം അവരുടെ ശരീരം ആരോ വൃത്തിയാക്കിയിരുന്നു; വസ്ത്രങ്ങള്‍ ആരോ മാറ്റി ധരിപ്പിച്ചിരുന്നു; തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ശേഷം അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല; തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സിസ്റ്റര്‍ അമലയുടെ കൊലപാതകം നടന്നത് രാത്രിയിലായിരുന്നു. സിസ്റ്റര്‍ അഭയയുടെ കൊലപാതകം നടന്നതും രാത്രിയിലായിരുന്നു. സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ ആള്‍ക്ക് അകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ മുറിയ്ക്കകത്ത് കടക്കുവാന്‍ കഴിയുമായിരുന്നില്ല. സിസ്റ്റര്‍ അഭയയുടെ കൊലപാതകം നടത്തിയവര്‍ക്കും അകത്തുള്ളവരുടെ സഹായമില്ലാതെ  കൊല നടത്തുവാന്‍ കഴിയില്ലായിരുന്നു. സിസ്റ്റര്‍ അമലയുടെ കൊലപാതകത്തെക്കുറിച്ച് കേരള പോലീസ് നുണക്കഥ രചിച്ചു തുടങ്ങി. സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച് കേരള പൊലീസ് പറഞ്ഞതു മുഴുവനും നുണക്കഥയാണെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു. സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നുകാണിച്ച് സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതിനെ തുടര്‍ന്നാണ്, 2009 ല്‍ രണ്ട് പുരോഹിതരും ഒരു കന്യാസ്ത്രീയും കൊലപാതകക കേസില്‍ പ്രതിയാക്കപ്പെട്ടത്. കൊലപാതകത്തിനും തെളിവുനശിപ്പിക്കലിനുമെതിരെയാണ് കേസ്. സിസ്റ്റര്‍ അമലയുടെ കൊലപാതകികളെ പൊലീസ് കണ്ടെത്തണമെന്ന് പോലുമില്ല. കേസന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന എ.ഡി.ജി.പി. പത്മകുമാറിന്റെ ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പ്രസ്താവന ആ വഴിയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നതിന്റെ സൂചനയാണ്.

സെപ്തംബര്‍ 17 ന് പാലായിലെ കത്തോലിക്ക മഠത്തില്‍ സ്വന്തം മുറിയില്‍ രക്തം തളംകെട്ടി കിടന്നതായിട്ടാണ് സിസ്റ്റര്‍ അമലയെ കണ്ടെത്തിയത്. 34 കന്യാസ്ത്രീകളും 17 ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികളുമാണ് കോണ്‍വെന്റിലെ അന്തേവാസിനികള്‍. സിസ്റ്റര്‍ അമലയ്ക്ക് സ്വന്തമായി മുറിയുണ്ടായിരുന്നു; മൂന്നാം നിലയില്‍. അതുപക്ഷെ, ഡോര്‍മിറ്ററി പോലുള്ള ഒരു ഹാളിനോട് ചേര്‍ന്നാണ്. അതായത്, കൊലയാളിക്ക് സിസ്റ്റര്‍ അമലയുടെ മുറിയില്‍ പുറത്തുനിന്ന് കടക്കാന്‍ കഴിയില്ല. ഒന്നുകില്‍ കൊലയാളി നേരത്തെ തന്നെ അകത്തുകൂടി കടന്ന് അവരുടെ മുറിയില്‍ എത്തിയിരിക്കാം. അല്ലെങ്കില്‍ കൊലയാളിയ്ക്ക് അകത്തുകടക്കാന്‍ മഠത്തിലുള്ളവര്‍ തന്നെ വാതില്‍ തുറന്നുകൊടുത്തിരിക്കാം. അതുമല്ലെങ്കില്‍, മഠത്തിലുള്ളവര്‍ തന്നെ കൊല നടത്തിയിരിക്കാം.

രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റര്‍ അമല എത്താത്തതുകൊണ്ടാണ് മറ്റ് അന്തേവാസികള്‍ അവരുടെ മുറിയില്‍ എത്തിയത്. അപ്പോഴാണ് മരണം നടന്നതായി കണ്ടെത്തിയതത്രെ. സിസ്റ്റര്‍ അമലയുടെ മുഖം തുടച്ച് രക്തക്കറ മാറ്റിയും അവരുടെ വസ്ത്രം മാറ്റി ധരിപ്പിച്ചതിനുശേഷമാണ് അന്തേവാസികള്‍ മരണവിവരം പോലീസിനെ അറിയിച്ചതെന്നാണ് പത്മകുമാര്‍ പറഞ്ഞത്. ഇത് സത്യമാണെങ്കില്‍,  പൊലീസ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മൃതശരീരത്തിന്റെ മുഖം കഴുകി വൃത്തിയാക്കുകയും വസ്ത്രം മാറ്റി ധരിപ്പിക്കുകയും ചെയ്ത അന്തേവാസികളെയല്ലേ? എന്തുകൊണ്ട് അത് നടന്നില്ല? അതോ, അന്തേവാസികളായ കന്യാസ്ത്രീകള്‍ മരിച്ച സിസ്റ്റര്‍ അമലയ്ക്ക് മരണാനന്തര ശുശ്രൂഷകള്‍ ചെയ്യുകയായിരുന്നോ? മരണാനന്തരശുശ്രൂഷകള്‍ ചെയ്യാന്‍ കന്യാസ്ത്രീകള്‍ക്ക് കത്തോലിക്ക സഭ അനുമതി നല്‍കിയിട്ടുണ്ടോ? അതോ, കൊല നടത്തിയവര്‍ തന്നെ ഒപ്പം പുരോഹിതനേയും കൂട്ടിക്കൊണ്ടുവന്ന് മരണാനന്തര ശുശ്രൂഷ നടത്തുകയായിരുന്നോ?

ഈ ചോദ്യങ്ങളെ നിശ്ശബ്ദമാക്കുന്നതാണ് എ.ഡി.ജി.പി. പത്മകുമാറിന്റെ തുടര്‍ന്നുള്ള പ്രസ്താവന. ‘തെളിവുകള്‍ ഒന്നും നശിപ്പിയ്ക്കപ്പെട്ടിട്ടില്ല’. എന്താണ് തെളിവുകള്‍ എന്ന് പത്മകുമാറിന് അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ മനസ്സിലായോ? തെളിവുകള്‍ മണത്തു മനസ്സിലാക്കാനുള്ള  ശക്തി പത്മകുമാറിനുണ്ടോ? കൊല നടത്തിയത് മൂര്‍ച്ചയില്ലാത്ത എന്തോ വസ്തു കൊണ്ട് തലയ്ക്കടിച്ചിട്ടാണെന്നും ആ മുറിവാണ് പ്രധാന കാരണമെന്നുമാണ് കോട്ടയം പോലീസ് ചീഫ് സതീഷ് ബിനോ പറയുന്നത്. തലയ്ക്കടിയ്ക്കാന്‍ ഉപയോഗിച്ച വസ്തു എന്താണെന്ന് കണ്ടെത്തിയിട്ടില്ല. കൊല നടന്ന മുറിയില്‍ പൊലീസ് എത്തുന്നതിനു മുമ്പുതന്നെ മറ്റനേകം പേര്‍ കടക്കുകയും അവരില്‍ ചിലര്‍ സിസ്റ്റര്‍ അമലയുടെ മുഖത്തെ രക്തക്കറ തുടച്ചു മാറ്റുകയും ധരിച്ചിരുന്ന വസ്ത്രം മാറ്റി പുതിയത് ധരിപ്പിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ പല തെളിവുകളും സ്വാഭാവികമായി മാഞ്ഞുപോകുമെന്ന ലളിതമായ സത്യം ഒരു എ.ഡി.ജി.പിയ്ക്ക് അറിയില്ല എന്നുണ്ടോ? അതോ, ഫിംഗര്‍ പ്രിന്റ് റിപ്പോര്‍ട്ട് വരുമ്പോള്‍ കണ്ടെത്താന്‍ സാധ്യതയുള്ള വിരലടയാളങ്ങള്‍ സിസ്റ്റര്‍ അമലയുടെ വസ്ത്രം മാറ്റി ധരിപ്പിയ്ക്കുന്നതിനിടയിലോ മുഖത്തെ രക്തക്കറ മാറ്റുന്നതിനിടയിലോ ഉണ്ടായതായിരിയ്ക്കാം എന്ന മുന്‍കൂര്‍ ജാമ്യം എടുക്കലാണോ എ.ഡി.ജി.പി.യുടെ വാക്കുകള്‍?

മരണം റിപ്പോര്‍ട്ട് ചെയ്ത അന്ന് ചാനലുകള്‍ കോണ്‍വെന്റിലെ ചില മുതിര്‍ന്ന കന്യാസ്ത്രീകളുടെ ഭാഷ്യം കാണിച്ചിരുന്നു. അതനുസരിച്ച്, തലേദിവസം രാത്രിയില്‍ ടെറസ്സില്‍ ഒരാള്‍ നില്‍ക്കുന്നതായി ഒരു കന്യാസ്ത്രീ കണ്ടിരുന്നത്രെ! കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിന്റെ ടെറസ്റ്റില്‍  അര്‍ദ്ധരാത്രിയില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടാല്‍ ലൈറ്റിട്ട് അത് അന്വേഷിയ്ക്കുകയല്ലേ സാധാരണ ചെയ്യുക? അല്ലെങ്കില്‍, പോലീസിനെയോ മഠത്തിന്റെ സഹായക്കാരെയോ അയല്‍പക്കത്തുള്ളവരെയോ ഒക്കെ വിളിച്ചറിയിക്കാന്‍ ആളെക്കണ്ട കന്യാസ്ത്രീയ്ക്ക് എന്തുകൊണ്ട് തോന്നിയില്ല? പ്രത്യേകിച്ചും, രണ്ടു ദിവസം മുമ്പ് പ്രായമായ ഒരു കന്യാസ്ത്രീയുടെ തലയ്ക്ക് ആരോ അടിച്ചു എന്നുള്ള സ്ഥിതിക്ക്. തലയ്ക്കടികൊണ്ട സ്ത്രീ പോലീസില്‍ നേരത്തെ പരാതിപ്പെട്ടതായി അറിയില്ല. ഇതൊക്കെ കാണിക്കുന്നത് എന്താണ്? മഠത്തിലെ കന്യാസ്ത്രീകള്‍ വിചിത്രജീവികളാണെന്നാണോ? അതോ, ഏതൊരാപത്തും യേശുദേവന്‍ തടഞ്ഞുകൊള്ളും എന്നു കരുതുന്ന ശുദ്ധാത്മാക്കളാണ് അന്തേവാസികള്‍ എന്നാണോ? അതോ അര്‍ദ്ധരാത്രിയില്‍ അപരിചിതരെ കോണ്‍വെന്റിന്റെ ടെറസ്റ്റിലും കോണ്‍വെന്റിനുള്ളിലും കാണുന്നത് സ്വാഭാവികമാണെന്നും അത്തരം കാഴ്ചകള്‍ കണ്ടില്ലെന്ന് ഭാവിച്ചില്ലെങ്കില്‍ സിസ്റ്റര്‍ അഭയയ്ക്കുണ്ടായ അതേ അനുഭവം തങ്ങള്‍ക്കും ഉണ്ടാകുമെന്ന് ഭയന്നിട്ടാണോ? ഒരു കാര്യം ഉറപ്പാണ്. ചാനലുകളോടു സംസാരിച്ച മുതിര്‍ന്ന കന്യാസ്ത്രീ ഉരുവിട്ടു മന:പാഠമാക്കിയ കാര്യം വിളമ്പുകയായിരുന്നു. സാമാന്യബുദ്ധിയുള്ളവര്‍ക്ക് അങ്ങനെയേ തോന്നുകയുള്ളു.

എറെ വിചിത്രമായി തോന്നിയത് കൊല നടത്തിയെന്ന് പറഞ്ഞ് 48 വയസ്സുള്ള നാസര്‍ എന്ന കോട്ടയംകാരന്‍ മാഹി പോലീസ് സ്റ്റേഷനു മുന്നില്‍ കൊല നടന്ന പിറ്റേദിവസം സ്വയം ഹാജരായി കുറ്റസമ്മതം നടത്തിയതാണ്. ഈ വ്യക്തി തന്നെയാണോ കുറച്ചുദിവസം മുമ്പ് 72 വയസ്സുള്ള ഒരു കന്യാസ്ത്രീയെ ഉറങ്ങിക്കിടന്നപ്പോള്‍ തലയ്ക്കടിച്ച് മുറിവേല്‍പ്പിച്ചത്?

നാസറിന് ബുദ്ധിഭ്രമം ഉണ്ടത്രേ! അതായത്, ഉറങ്ങിക്കിടക്കുന്ന കന്യാസ്ത്രീകളെ രഹസ്യമായി അവരുടെ മുറിയില്‍ കയറി തലയ്ക്കടിക്കുക എന്നതാണ് ഇഷ്ടന്റെ മൃഗയ. അങ്ങനെ അടിച്ച ഒരാള്‍ മരിച്ചു. തുടര്‍ന്ന്, അയാള്‍ക്ക് മാനസാന്തരമുണ്ടായി. നാസര്‍ ക്രിസ്ത്യാനിയല്ലാത്തതുകൊണ്ട് പള്ളിയില്‍ പോയി കുമ്പസാരിക്കാന്‍ കഴിയില്ല. കുമ്പസാരിച്ചെങ്കില്‍ കുഴപ്പമില്ലായിരുന്നു. കുമ്പസാരരഹസ്യം പുറത്താകില്ല. അതിനു കഴിയാത്തതുകൊണ്ട് നാസര്‍ മാഹി പോലീസ് സ്റ്റേഷനില്‍ പോയി കുമ്പസാരിച്ചു. അവര്‍ തട്ടി അകത്താക്കി. അതു നാസ്സര്‍ പ്രതീക്ഷിച്ചിച്ചു കാണില്ല. അതുകൊണ്ട്, ഏറെ താമസിയാതെ നാസര്‍ കുമ്പസാരരഹസ്യം പൊലീസിനോട് മാറ്റിപ്പറഞ്ഞു.  അതായത്, ഒരാള്‍ പോലീസ് സ്റ്റേഷനിലേക്ക് കയറിവന്ന് താനാണ് സിസ്റ്റര്‍ അമലയെ അര്‍ദ്ധരാത്രി അവരുടെ മുറിയില്‍ കയറി തലയ്ക്കടിച്ചുകൊണ്ട് എന്നു പറയുന്നു. അയാളെ പോലീസുകാര്‍ പത്രക്കാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നു. വാര്‍ത്ത ചാനലുകളില്‍ സ്ക്രോള്‍ ചെയ്യുമ്പോള്‍ തന്നെ പ്രതി കുറ്റം നിഷേധിക്കുന്നു. അതും ചാനലില്‍ സ്‌ക്രോള്‍ ചെയ്തു വരുന്നു.

മറ്റൊരു വെളിപ്പെടുത്തലുകൂടി നടത്തുന്നുണ്ട് എ.ഡി.ജി.പി. മഠത്തിലെ അന്തേവാസികളുടേതല്ലാത്ത പുറത്തുനിന്നുള്ളവരുടെ വിരലടയാളം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. അതായത്, മഠത്തേയും അന്തേവാസികളേയും (അവരില്‍ ചിലരാണ് മൃതശരീരം തുടച്ചുവൃത്തിയാക്കിയും കൊല്ലപ്പെട്ടപ്പോള്‍ ധരിച്ച വസ്ത്രം മാറ്റിയും തെളിവു നശിപ്പിച്ചത് എന്നിരിക്കെ) ആദ്യമേതന്നെ, അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടപ്പോള്‍ തന്നെ ‘എസ്’ ആകൃതിയിലുള്ള കത്തിയുടെ കഥയുമായി അന്വേഷണ ഉദ്യോഗസ്ഥനായ മറ്റൊരു എ.ഡി.ജി.പി. വന്നതും അതിനെ തുടര്‍ന്ന് ‘എസ്’ ആകൃതിയിലുള്ള  ഒരു കത്തി പോലീസുകാര്‍ തന്നെ പ്രതിയെന്നു പറഞ്ഞുപിടിച്ചയാളിന്റെ വീട്ടിലെ അയാളുടെ മുറിയില്‍ സ്ഥാപിക്കുന്നതും ചാനലുകള്‍ അത് ലൈവായി കാണിക്കുന്നതും നമ്മള്‍ കണ്ടതാണ്. സിസ്റ്റര്‍ അമലയുടെ കൊലപാതകി എന്നുപറഞ്ഞ് സ്വയം കീഴടങ്ങി കുറ്റം ഏറ്റുപറയുകയും പിന്നീട് നിഷേധിക്കുകയും ചെയ്ത നാസറിന്റെ കൈയ്യില്‍ നിന്നും മൂര്‍ച്ചയില്ലാത്ത ആയുധം കണ്ടെത്താനുള്ള തിരക്കിലാണ് പോലീസുകാര്‍. ഏതോ കൊല്ലന്റെയടുത്ത് പറഞ്ഞ് അത്തരം ഒരായുധം  നിര്‍മ്മിക്കുന്ന തിരക്കിലായിരിക്കും അവര്‍. സംഗതി കൈയ്യില്‍ കിട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്.

അഭയ ഒരു ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെ ആണ് കൊല ആത്മഹത്യയായി ആദ്യം അവതരിപ്പിച്ചതും, തെളിവുകള്‍ നശിപ്പിച്ചതും, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിടാതിരുന്നതും ഒക്കെ എങ്ങനെയെന്ന് നല്ലവണ്ണം അറിയാവുന്ന തിരുസഭയ്ക്ക് ആ പ്രക്രിയയില്‍കൂടി കൊലപതാകം അന്വേഷണം അട്ടിമറിക്കുന്നത് എങ്ങനെയെന്ന് നല്ലവണ്ണം അറിയാം. അതുകൊണ്ട്, അഭയ കേസിലുണ്ടായ ചില കൈക്കുറ്റപ്പാടുകള്‍ സിസ്റ്റര്‍ അമലക്കേസില്‍ ഉണ്ടാകാതിരിക്കാന്‍ സഭയും പോലീസും കൈകോര്‍ത്തുകഴിഞ്ഞു എന്നു കരുതുവാന്‍ ന്യായമായും കാരണങ്ങള്‍ ഉണ്ട്. പള്ളിയ്ക്ക് പണമുണ്ട്. സ്വാശ്രയ കോളേജുകള്‍ വഴി വന്നു കുമിയുന്ന പണത്തിന് ഒരു കയ്യും കണക്കുമില്ല. പള്ളിയ്ക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. പള്ളി മനസ്സില്‍ കാണുന്നത് അതുപോലെയോ അതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലോ ചെയ്തുകൊടുക്കാന്‍ ചെന്നിത്തലയ്‌ക്കോ ചെന്നിത്തലയുടെ സ്ഥാനത്ത് മറ്റേതു മന്ത്രിയാണെങ്കിലോ കഴിയും.

അമൃതാനന്ദമയി മഠത്തിലെ മുഖ്യസന്ന്യാസി തന്നെ നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നതായി അവിടുത്തെ തന്നെ പ്രമുഖ അന്തേവാസിനിയായിരുന്ന Gail Treadwell ആത്മകഥയിലൂടെയും ടെലിവിഷന്‍ ഇന്റര്‍വ്യൂവിലൂടെയും പറഞ്ഞപ്പോള്‍ ആ ഗുരുതരമായ ആരോപണത്തിനുമേല്‍ suo motu കേസെടുക്കേണ്ട പോലീസ് അമൃതാനന്ദമയി മഠത്തിനു കാവല്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. മഠത്തിനുള്ളില്‍ നടക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ച് – കൊലപാതകങ്ങള്‍ ഉള്‍പ്പെടെ – ശ്രീനി പട്ടത്താനം പുസ്തകം എഴുതിയപ്പോള്‍, അങ്ങനെ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മുന്‍മുഖ്യമന്ത്രി സി.അച്യുതമേനോന്റെ അനന്തരവന്‍ ആയിരുന്നിട്ടുപോലും, ആ കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും അന്വേഷണത്തിനു മുതിരാതെ ഗ്രന്ഥകര്‍ത്താവായ ശ്രീനിയ്‌ക്കെതിരെ കേസെടുക്കാനാണ് അന്നത്തെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന എ.കെ.ആന്റണി ഉത്തരവിട്ടത്. ബീഹാറില്‍ നിന്നും ഝാര്‍ഖണ്ടില്‍ നിന്നും വീട്ടുകാര്‍ക്ക് പണം കൊടുത്ത് കുട്ടികളെ കടത്തിക്കൊണ്ടുവന്ന് കോഴിക്കോട്ടെ മുട്ടം, വെട്ടത്തൂര്‍ യത്തീംഖാനകള്‍ക്കെതിരെ റെയില്‍വേ പോലീസ് എടുത്ത കേസ് കേരള പോലീസ് തേച്ചുമാച്ചുകളയാന്‍ ശ്രമിച്ചതും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേസ് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിര്‍ബന്ധിതമായതും സമീപകാല ചരിത്രമാണ്.

ചുരുക്കമിതാണ്. മതസ്ഥാപനങ്ങളില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുന്നു. മതസ്ഥാപനങ്ങള്‍ തന്നെ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നു. എന്തു കുറ്റം ചെയ്യാനും അവര്‍ക്ക് മടിയില്ല. അറപ്പില്ല. മനസ്സാക്ഷിക്കുത്ത് തീരെയില്ല. അതു കൊലപാതകമാകാം. ബലാത്സംഗമാകാം. അവിഹിതബന്ധമാകാം. ബാലപീഢനമാകാം. ബാല ലൈംഗികപീഠനമാകാം. മോഷണമാകാം. അഴിമതിയാകാം.  തട്ടിക്കൊണ്ടുപോകലാകാം. അടിപിടിയാകാം. കള്ളക്കടത്താകാം. തീവ്രവാദ പ്രവര്‍ത്തനമാകാം. എന്തുമാകാം. എന്തു ചെയ്താലും അതൊന്നും കേസാകാതെ നോക്കാന്‍ വേണ്ട പിടിപാടുകള്‍  ഈ സ്ഥാപനങ്ങള്‍ക്കൊക്കെ ഉണ്ട്. കേസായാല്‍ത്തന്നെ അത് അട്ടിമറിയ്ക്കാന്‍ വൈദഗ്ധ്യം നേടിയ  ഉന്നത പോലീസുദ്യോഗസ്ഥരാല്‍ സമ്പന്നമാണ് കേരളം. അതുകൊണ്ട് സിസ്റ്റര്‍ അമലയുടെ മരണം സ്വാഭാവികമായിരുന്നു എന്നും മഴയത്ത് മിന്നലേറ്റ് തലയ്ക്ക് ആഘാതമുണ്ടായതാണെന്നും പറഞ്ഞ് ഒരു റിപ്പോര്‍ട്ട് വന്നാല്‍ അത്ഭുതപ്പെടേണ്ട. പ്രത്യേകിച്ചും, മരിച്ച സിസ്റ്റര്‍ അമല താമരശ്ശേരി ബിഷപ്പിന്റെ ബന്ധുവായിരിക്കെ. താമരശ്ശേരി ബിഷപ്പ് എന്നൊക്കെ പറഞ്ഞാല്‍ ആരാ? യഥാര്‍ത്ഥ ഭരണം നടത്തുന്നവരില്‍ ഒരാള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍