UPDATES

‘പിന്നെയും’ വഴി അടൂര്‍ അപഹാസ്യനായി തീര്‍ന്നുവോ എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ? സിസ്റ്റര്‍ ജെസ്മി

അഴിമുഖം പ്രതിനിധി

‘പിന്നെയും’ വഴി അടൂര്‍ എന്ന വിശ്വോത്തര ശില്പി അപഹാസ്യനായി തീര്‍ന്നുവോ എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ എന്ന് സിസ്റ്റര്‍ ജെസ്മി. ശുദ്ധ പാവം ആയ നായകനെപ്പോലെ സ്കൂള്‍ ടീച്ചര്‍ ആയി വിരമിച്ച അച്ഛനും ക്രൂരരും വഞ്ചകരും ആകുമ്പോള്‍ , അതിനെ ന്യായീകരിയ്ക്കും വിധം ചിത്രം പുരോഗമിയ്ക്കുമ്പോള്‍ , ജനം വിഡ്ഢികള്‍ ആക്കപ്പെടുന്നു. അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് ഇത് തീരെ പ്രതീക്ഷിച്ചില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു.പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

‘പഴയ പ്രണയ ജോഡികളെ പിന്നെയും ഇണക്കാന്‍ അടൂര്‍ ഒരുങ്ങുന്നു എന്ന് കേട്ടപ്പോഴേ അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധിയെ സംശയിച്ചു എന്നത് നേര്… ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’യില്‍ പ്രണയിനിയുടെ കവിളില്‍ നായകന്‍ കടിയ്ക്കുന്ന വലിയ പോസ്ററുകള്‍ മഞ്ജു വാരിയരെ വേദനിപ്പിച്ചു എന്നത് കേട്ടുകേള്‍വി… എന്നാല്‍ വിവാഹമോചനത്തിനു മുന്‍പ് “കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍” ഭാര്യ കേണപേക്ഷിച്ചു എന്ന വിവരം അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് നേരിട്ട് പങ്കുവെച്ചു എന്നത് വാസ്തവം… യാചന നിരസിച്ച ഭര്‍ത്താവിനെ താമസം വിനാ ഭാര്യ കൈവിട്ടതിന്‍റെ ചൂടാറും മുന്‍പേ അടൂര്‍ താര ജോഡികളെ യോജിപ്പിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തോ ഒരു വെല്ലായ്ക… എന്നിട്ടും അടൂര്‍ സിനിമകളുടെ ആരാധികയായ ഞാന്‍ പ്രതീക്ഷ കൈവിടാതെ “പിന്നേയും” കാത്തിരുന്നു.

ടി. വി .ചന്ദ്രന്‍റെ ‘കഥാവശേഷന്‍’ പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും എനിയ്ക്കേറെ പ്രിയപ്പെട്ട ചിത്രമാണ്. അതിനൊരു പരിമിതിയെ ഉണ്ടായിരുന്നുള്ളൂ. നായകവേഷം ദിലീപ് ചെയ്തു എന്നത്. ദിലീപിന് പറ്റിയ റോളുകള്‍ നന്നായി അവതരിപ്പിക്കുമെന്നത് അംഗീകരിക്കുമ്പോള്‍ തന്നെ ചില റോളുകള്‍ ദിലീപ് കുളമാക്കും എന്നും പറയാതെ വയ്യ. “പാസഞ്ചര്‍” എന്ന ചിത്രം വിജയിച്ചത് ദിലീപിനെ കുറെ സമയം കെട്ടിയിട്ടതുകൊണ്ടാണെന്ന് സിനിമാപ്രേമികള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്…

“പിന്നെയും” ആദ്യപകുതി വരെ പ്രതീക്ഷാനിര്‍ഭരം ആയിരുന്നു. ദിലീപ് സഹനീയമായി റോള്‍ ചെയ്തു എന്ന് പറയാം….എന്നാലും ഇത്രയും സാധുവായ ഒരു പുരുഷന്‍ ഈ ഭൂമിയിലുണ്ടോ എന്ന സന്ദേഹം അവശേഷിക്കുന്നു… പിന്നെ ദിലീപ് അപ്രത്യക്ഷമായത് ആശ്വാസകരം… ആ ശബ്ദം മാത്രം ബാക്കി… കഥ സുകുമാരക്കുറുപ്പിനെ വെള്ള പൂശുന്നതിലേക്ക് തിരിഞ്ഞതോടെ കാണികള്‍ അസ്വസ്ഥരാകുന്നത് അറിയാന്‍ കഴിഞ്ഞു. ശുദ്ധ പാവം ആയ നായകനെപ്പോലെ സ്കൂള്‍ ടീച്ചര്‍ ആയി വിരമിച്ച അച്ഛനും ക്രൂരരും വഞ്ചകരും ആകുമ്പോള്‍ , അതിനെ ന്യായീകരിയ്ക്കും വിധം ചിത്രം പുരോഗമിയ്ക്കുമ്പോള്‍ , ജനം വിഡ്ഢികള്‍ ആക്കപ്പെടുന്നു… അടൂര്‍ സാറില്‍ നിന്ന് ഇത് തീരെ പ്രതീക്ഷിച്ചില്ല…

ഇന്ദ്രന്‍സ് അതുല്യ നടനായി ഇതില്‍ വിളങ്ങുന്നു. സ്രിന്‍ഡ റോള്‍ ഭംഗിയാക്കി. നെടുമുടി, വിജയരാഘവന്‍, നന്ദു എല്ലാം നന്നായി അഭിനയിച്ചു. കാവ്യയും മോശമായില്ല.

ചതിയന്‍ ചന്തുവിനെ ‘ഒരു വടക്കന്‍ വീരഗാഥ’യില്‍ മറ്റൊരു വീക്ഷണകോണിലൂടെ അവതരിപ്പിച്ചു എം. ടി . എന്ന മഹാപ്രതിഭ കയ്യടി നേടി… എന്നാല്‍ ‘പിന്നെയും’ വഴി അടൂര്‍ എന്ന വിശ്വോത്തര ശില്പി അപഹാസ്യനായി തീര്‍ന്നുവോ എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍