UPDATES

കന്യാവ്രതങ്ങളുടെ കശാപ്പുശാലയും ളോഹയിട്ട തെമ്മാടികളും; സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു

സഭയില്‍ നടക്കുന്ന ഈവക കാര്യങ്ങള്‍ തുറന്ന് പറയാന്‍ സിസ്റ്റര്‍ മേരി കണ്ടെത്തിയ മാര്‍ഗമായിരുന്നു സ്വസ്തി എന്ന പുസ്തകം.

കേരള കത്തോലിക്ക സഭ വലിയ പ്രതിസന്ധികളില്‍ കൂടി കടന്നു പോവുകയാണെങ്കിലും തെറ്റു ചെയ്ത വൈദികരെ നിയമം കൈയ്യാമം വെക്കുമ്പോള്‍ അതില്‍ സന്തോഷിക്കുകയാണ് അനാഥക്കുട്ടികളുടെ അമ്മയായി ജീവിക്കുന്ന സിസ്റ്റര്‍ മേരി ചാണ്ടി. തന്റെ പതിമൂന്നാം വയസ്സില്‍ ക്രിസ്തുവിന്റ മണവാട്ടിയാകാന്‍ കൊതിച്ച് കന്യാമഠത്തില്‍ ചേര്‍ന്നതിന് ശേഷം താന്‍ അനുഭവിച്ച പീഡനങ്ങളും യാതനകളും സ്വസ്തി എന്ന പുസ്തകത്തില്‍ കൂടി പുറംലോകത്ത് എത്തിച്ച പാലാക്കാരി സിസ്റ്റര്‍ മേരി ചാണ്ടിയെ കേരള സമൂഹത്തിനും കത്തോലിക്ക സഭയ്ക്കും പെട്ടന്നൊന്നും മറക്കാന്‍ കഴിയില്ല. ഇപ്പോള്‍ ശാന്തിസദന്‍ എന്ന അനാഥാലയം നടത്തി യഥാര്‍ത്ഥമായി തന്റെ മേലുള്ള ദൈവിക നിയോഗത്തില്‍ പൂര്‍ണ തൃപ്തയായി കഴിയുകയാണു മേരി ചാണ്ടി.

1945 ജനുവരി 14ന് കോട്ടയം ജില്ലയിലെ പാലാക്കടുത്ത് വടക്കേക്കര വീട്ടില്‍ ചാണ്ടി-മറിയാമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഏറ്റവും ഇളയവളായിട്ടായിരുന്നു മേരി ജനിച്ചത്. ദൈവത്തിന്റെ മണവാട്ടിയാകാന്‍ കൊതിച്ച് 1958ല്‍ വീടു വിട്ടിറങ്ങിയ സിസ്റ്റര്‍ 40 വര്‍ഷത്തോളം വിവിധ മഠങ്ങളില്‍ നല്ല ദാസിയായി ജീവിച്ചെങ്കിലും ഇക്കാലത്തിനിടയില്‍ കൊടിയ പീഡനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു. കിടക്ക പങ്കിടാന്‍ വിളിച്ച വൈദികരുടെയും സുപ്പീരിയര്‍ ആയ സിസ്റ്റര്‍മാരുടെ പീഡനങ്ങളും എല്ലാം ചെറു പ്രായത്തില്‍ തന്നെ ഏറ്റു വാങ്ങേണ്ടി വന്നു സിസ്റ്റര്‍ മേരി ചാണ്ടിക്ക്. കര്‍ത്താവിന് വേണ്ടി വേല ചെയ്യാന്‍ ഇറങ്ങിത്തിരിച്ച മേരി പലതും സഹന ശക്തിയോടെ തരണം ചെയ്തു.

കന്യാസ്ത്രി മഠങ്ങളെ കന്യാവ്രതങ്ങളുടെ കശാപ്പു ശാല എന്ന് വിളിക്കാനാണു മേരി ചാണ്ടിക്ക് ഇന്നും താല്‍പ്പര്യം. ‘കന്യാത്വം കാത്തു സൂക്ഷിക്കാന്‍ മഠങ്ങളുടെ അകത്തളങ്ങളില്‍ വ്യാപരിക്കുന്ന ദുഷ്ട ശക്തികളോട് പടപൊരുതി ജീവിക്കുക എന്നത് എല്ലാവര്‍ക്കും കഴിയണമെന്നില്ല. പുരോഹിതര്‍ എന്നു സമൂഹം ആദരവോടെ വിളിക്കുന്ന വെള്ളയിട്ട ഈ തെമ്മാടികളോട് എനിക്കെന്നും പുച്ഛമാണ്. ആത്മീയതയുടെ കപട വസ്ത്രം ധരിച്ച ഇത്തരം വര്‍ഗ്ഗത്തെ സമൂഹം ഇനിയും തിരിച്ചറിയണം. റോബിനെ (ഫാദര്‍ റോബിന്‍ വടക്കാംഞ്ചേരി) എനിക്ക് നേരത്തെ അറിയാം. അയാളെയൊക്കെ ഇപ്പോഴെങ്കിലും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ പറ്റിയല്ലോ. ഇനിയുമുണ്ട് ആ കൂട്ടത്തില്‍ ഇത്തരം തെമ്മാടികള്‍’ ; 81ാം വയസിലും സഭയിലെ പുരോഹിതന്മാരുടെ കൊള്ളരുതായ്മകളെ കുറിച്ചു പറയുമ്പോള്‍ സിസ്റ്ററിന്റെ ശബ്ദത്തിനു വല്ലാത്ത കനം.

താന്‍ ഇറങ്ങിത്തിരിച്ച പാത യതാര്‍ത്ഥ സമൂഹ സേവനത്തിന്റെ പാത അല്ല എന്നു തിരിച്ചറിഞ്ഞ് 1998ല്‍ സഭ വിട്ടിറങ്ങിയ മേരിക്ക് ലോകത്തോട് വിളിച്ചു പറയാന്‍ പലതും ഉണ്ടായിരുന്നു. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും തന്റെ നിലപാടുകളുമായി സഭയോടു പൊരുതാന്‍ ഒരു തളര്‍ച്ചയുമില്ല സിസ്റ്റര്‍ മേരി ചാണ്ടിക്ക്. ശാരീരികമായി വഴങ്ങി തന്നില്ലെങ്കില്‍ കൊന്നുകളയും എന്നുള്ള ഭീഷണി വരെ പുരോഹിതന്മാരുടെ വായില്‍ നിന്നും എനിക്കുനേരെ ഉയര്‍ന്നു. അന്നു ഞാന്‍ അവരെ പേടിച്ചില്ല. അവരുടെ മുന്നില്‍ തളര്‍ന്നുമില്ല. അതേ ധൈര്യത്തോടെ തന്നെയാണ് ഇന്നും ഞാന്‍ ജീവിക്കുന്നത് – സിസ്റ്റര്‍ പറയുന്നു.

“ആദ്യ കുര്‍ബാന സ്വീകരിച്ചതിന് ശേഷം അന്നത്തെ കോഴിക്കോട് ബിഷപ്പ് പത്രാണി അച്ഛന്റെ ‘അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങും തണലുമായി നില്‍ക്കാന്‍ ഓരോരുത്തരും കര്‍ത്താവിന്റെ മണവാട്ടിയാവുക’എന്ന വാക്കുകളായിരുന്നു ഒരു കന്യസ്ത്രി ആവാനുള്ള പ്രചോദനം. ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും എന്റെ നിര്‍ബന്ധം മൂലം വഴങ്ങേണ്ടി വന്നു. ഒരുപട് പ്രതീക്ഷയോടെയാണ് ഈ ജീവിതത്തിലേക്ക് ഇറങ്ങിയത്. ആദ്യ യാത്ര ഇരിട്ടി കൊട്ടുകപ്പാറ കോണ്‍വെന്റിലേക്കായിരുന്നു. അവിടെയായിരുന്നു നൊവിഷ്യേറ്റ് (പരീശീലന കാലഘട്ടം). അവിടെ വെച്ചാണ് പ്രതിസന്ധികള്‍ അനുഭവിക്കാന്‍ തുടങ്ങിയത്. അവിടുത്തെ ഗുരുത്തിയമ്മയുടെ ചട്ടം പഠിപ്പിക്കലും എന്നെപ്പോലെ കന്യാസ്ത്രീ ആകാന്‍ വന്നവരുടെ ദുരിതങ്ങളും കരച്ചിലും അത്രക്കും വേദനാജനകമായിരുന്നു. സഹിക്കാന്‍ കഴിയാതെ ചിലര്‍ മഠം വിട്ടുപോയി. ചിലര്‍ ആത്മഹത്യ ചെയ്തു. പക്ഷേ എന്നിട്ടും ഞാന്‍ പത്രാണി അച്ഛന്റെ വാക്കുകള്‍ ഓര്‍ത്ത് പിടിച്ചു നില്‍ക്കുകയായിരുന്നു.

മഠത്തിലെ ചില കന്യാസ്ത്രീകള്‍ വൃത്തികെട്ട പടമുള്ള മാസികള്‍ വായിക്കുന്ന ശീലമുള്ളവരായിരുന്നു. ഇതൊക്കെ എവിടെ നിന്നു കിട്ടുന്നുവെന്ന് ഞാന്‍ അദ്ഭുതപ്പെട്ടു. ഒരിക്കല്‍ ഒരു കന്യാസ്ത്രീ മിക്കപ്പോഴും മുറി അടച്ചിട്ട് അതിനുള്ളിലിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എല്ലാ കാര്യത്തിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവളായിരുന്നു അവള്‍. കണ്ടാലും സുന്ദരി. എന്നാല്‍ ഈ രഹസ്യമായ ഏര്‍പ്പാടുകള്‍ എനിക്ക് ആദ്യം മനസ്സിലായില്ല. വളരെ രഹസ്യമായി ശ്രദ്ധിച്ചപ്പോള്‍ അവര്‍ വൃത്തികെട്ട ഒരു മാസിക പതിവായി വായിച്ച് തൃപ്തിയടയുന്നതായി കണ്ടു. ആണും പെണ്ണും തുണിയില്ലാതെ നില്‍ക്കുന്ന ചിത്രങ്ങളുള്ള മാസികയാണത്. ഇത്തരം മാസികകള്‍ ആരാണ് എത്തിച്ചുകൊടുക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പിന്നീട് ആ രഹസ്യവും മനസിലാക്കി. അച്ചന്‍മാര്‍ തന്നെയാണ് ഇത്തരം മാസികകള്‍ കന്യസ്ത്രിമാര്‍ക്ക് കൊണ്ടുവന്നു കൊടുക്കുന്നത്. ശാരീരിക സുഖത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും ഒരു മടിയുമില്ല. കന്യാസ്ത്രീ ആകാന്‍ ദൈവവിളി മാത്രം പോരാ. സൗന്ദര്യം ഉള്ളവരെയും നല്ല മുടിയുള്ള കുട്ടികളെയുമാണ് ഇന്നു സഭയ്ക്ക് ആവശ്യം. ഏത് വിധേനയും പഞ്ചാര വാക്കുകള്‍ പറഞ്ഞ് മഠത്തിലുള്ള കന്യാസ്ത്രീകളെ വലയിലാക്കുകയാണ് പുരോഹിതരുടെ പ്രധാനലക്ഷ്യം. ഈ കാര്യങ്ങളെല്ലാം സിസ്റ്റര്‍ മേരി ചാണ്ടി തന്റെ പുസ്തകത്തിലും പറയുന്നുണ്ട്.

സഭയില്‍ നടക്കുന്ന ഈവക കാര്യങ്ങള്‍ തുറന്ന് പറയാന്‍ സിസ്റ്റര്‍ മേരി കണ്ടെത്തിയ മാര്‍ഗമായിരുന്നു സ്വസ്തി എന്ന പുസ്തകം. അച്ചടിച്ച ആദ്യ 50000 കോപ്പികള്‍ പെട്ടന്നായിരുന്നു വിറ്റു പോയത്. എങ്കിലും താന്‍ അനുഭവിച്ച യാതനകള്‍ എല്ലാം തുറന്ന് പറഞ്ഞിട്ടില്ല എന്നും സിസ്റ്റര്‍ പറയുന്നു.

പുസ്തകം ഇറങ്ങിയതിന് ശേഷവും സഭയില്‍ നിന്ന് ഒരുപാട് പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു. സ്വസ്തി ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തതിന് ശേഷം സഭ തന്നെ ഇതിന്റെ കോപ്പി റോമിലേക്ക് അയച്ചു കൊടുത്തിരുന്നു. അതിന് ശേഷവും ഒരുപാട് അനുഭവിച്ചു. വാഹനം ഇടിപ്പിച്ച് കൊല്ലാനുള്ള ശ്രമം വരെ ഉണ്ടായി. കേരള കത്തോലിക്ക സഭയും മാനന്തവാടി രൂപതയും എനിക്കെതിരേ 34 കേസുകള്‍ നല്‍കി. എന്നാല്‍ അതിലൊന്നും തോറ്റു കൊടുക്കാന്‍ തയ്യാറായില്ല.

ചെറുപ്പം മുതല്‍ ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നതുകൊണ്ട് സഭയില്‍ അനുഭവിച്ച പീഡനങ്ങള്‍ കൃത്യമായി എഴുതി വെച്ചിരുന്നു. പിന്നീട് അത് പ്രയോജനമായി. ‘ബെറ്റിയും തേരകവും അത്രക്ക് അധപ്പതിച്ച ജന്മങ്ങളാണ്. സമൂഹത്തിന് ദോഷമാണ് ഇത്തരം ജീവിതങ്ങള്‍. ആ കാര്യത്തില്‍ ആലഞ്ചേരിയും ഇപ്പോഴത്തെ മാനന്തവാടി രൂപതാ സഭ അധ്യക്ഷനും മോശമല്ല. ഇങ്ങനെയുള്ളവരെ പരിപാലിക്കുന്നത് ഇനിയും നിര്‍ത്തിയില്ലെങ്കില്‍ അത് ആഗോള കത്തോലിക്ക സഭയുടെ നാശത്തിന് തന്നെ കാരണമാവും. അച്ചന്‍മാരില്‍ ആയിരത്തില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് നേരായ വഴിയില്‍ സഞ്ചരിക്കുന്നുള്ളു. ബാക്കിയെല്ലാം ദൈവത്തെ മറ പിടിച്ച് ചൂഷണങ്ങള്‍ നടത്തി ജീവിക്കുകയാണ്. ഒരിക്കല്‍ എന്റെ അടുത്ത് അപമര്യാദ കാണിച്ച രണ്ടു വൈദികരെ മുഖത്തടിച്ചു ഞാന്‍. അത്തരത്തിലുള്ള പ്രതികരണമാണ് ഇവര്‍ക്ക് സമൂഹം നല്‍കേണ്ടത്. നമ്മുടെ നല്ല ലക്ഷ്യത്തിന് എതിരെ ആരു വന്നാലും നമ്മള്‍ പ്രതികരിക്കണം. അത്തരം ഒരു തലമുറയെ ആണ് നമുക്കിന്നാവശ്യം– സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു.

ഒരുപാട് പേര്‍ പിന്തുണ നല്‍കി കൂടെ ഉണ്ടെങ്കിലും ഇന്നും സഭയില്‍ നിന്നുള്ള പീഡനം ഏറ്റു വാങ്ങുകയാണ് താനെന്നു സിസ്റ്റര്‍ വ്യക്തമാക്കുന്നു. എന്തൊക്കെ അനുഭവിക്കേണ്ടി വന്നാലും സത്യത്തിന്റെയും നീതിയുടേയും വഴിയില്‍ തന്നെ നില്‍ക്കുമെന്നും അനാഥക്കുഞ്ഞുങ്ങളെ പരിപാലിച്ച്, ഇതാണ് യതാര്‍ത്ഥ ദൈവിക നിയോഗമെന്നു വിശ്വസിച്ചും അതിനുള്ള പ്രതിഫലം തനിക്കു കിട്ടുമെന്നും വിശ്വസിച്ച് തന്റെ കുട്ടികള്‍ക്കൊപ്പം ജീവിക്കുകയാണു സിസ്റ്റര്‍ മേരി ചാണ്ടി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍