UPDATES

കാരാട്ടിനെ തിരുത്തി യെച്ചൂരി, ബിജെപി ഫാസിസ്റ്റ് പാര്‍ട്ടി തന്നെ

അഴിമുഖം പ്രതിനിധി 

ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണോ എന്ന വിഷയത്തില്‍ സിപിഐഎമ്മിനുള്ളില്‍ നടക്കുന്ന തര്‍ക്കത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിന് മറുപടിയുമായി ഇപ്പോഴത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് ബിജെപി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് യച്ചൂരി പറഞ്ഞു. ഇക്കാര്യത്തില്‍ തന്‍റെ നിലപാടാണ് പാര്‍ട്ടി നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ബിജെപി ഒരു സാധാരണ ബൂര്‍ഷ്വാ/ഉപരിവര്‍ഗ കക്ഷിയല്ല. അതിന്റെ സാമ്പത്തിക, സാമൂഹ്യ അജണ്ടയുടെ അടിസ്ഥാനത്തില്‍ ബിജെപിയെ ഒരു വലതുപക്ഷ കക്ഷിയായി കണക്കാക്കാം. ഭൂരിപക്ഷ വര്‍ഗീയതയുടെ ഒരു വലതുപക്ഷ കക്ഷിയുമാണ് ബിജെപി. കൂടാതെ അര്‍ദ്ധ-ഫാഷിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസുമായുള്ള അതിന്റെ ബന്ധം വെച്ചുനോക്കിയാല്‍, സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നു എന്നു അതിനു തോന്നിയാല്‍, ജനങ്ങള്‍ക്കുമേല്‍ ഒരു സമഗ്രാധിപത്യ ഭരണകൂടത്തെ അടിച്ചേല്‍പ്പിക്കാനുള്ള ശേഷിയും അവര്‍ക്കുണ്ട്. തന്റെ ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖനത്തിലൂടെ പ്രകാശ് കാരാട്ട് പറഞ്ഞു വെച്ചത്. 

ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാര്‍ പോരാടാന്‍ വയ്യെങ്കില്‍ ന്യൂയോര്‍ക്കില്‍ പോയി വിശ്രമിക്കു എന്ന് പ്രകാശ് കാരാട്ടിനെ പരിഹസിച്ചിരുന്നു. എന്നാല്‍ കനയ്യയുടെ നിലപാടുകളെ തിരുത്തി സിപിഐ ദേശിയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രകാശ് കാരാട്ടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.  ഇപ്പോള്‍  പ്രകാശ് കാരാട്ടിന്‍റെയും സുധാകര്‍ റെഡ്ഡിയുടേയും നിലപാടുകള്‍ തിരുത്തി സീതാറാം യെച്ചൂരി രംഗത്തെത്തുകയും തന്‍റെ നിലപാട് തന്നെയാണ് ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് എന്ന് പറയുകയും ചെയ്തതോടെ ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണോ എന്നതിന്‍മേലുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴി തെളിച്ചിരിക്കുകയാണ്.  

കേരളത്തില്‍ സിപിഐ എമ്മും ഇടതുപക്ഷവും ആക്രമണം നടത്തുന്നു എന്ന പേരില്‍ വന്‍ പ്രചരണമാണ് ആര്‍എസ്എസ് – ബിജെപി സംഘം നടത്തുന്നത്. ആര്‍എസ്എസിന്റെ ഇത്തരം തട്ടിപ്പ് രാജ്യത്താകെ വെളിപ്പെടും. സമാധാനം ആഗ്രഹിക്കുന്ന കേരളത്തിലെ ജനത ആര്‍എസ്എസിന് യുക്തമായ മറുപടി നല്‍കുമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു.

കേന്ദ്രകമ്മിറ്റിയില്‍ കാശ്മീര്‍ വിഷയവും ബംഗാള്‍ വിഷയവും ചര്‍ച്ചയായി. കഴിഞ്ഞ മൂന്നുമാസമായി അശാന്തമായി തുടരുന്ന കശ്മീരില്‍ നിരവധിപേര്‍ക്കാണ് ജീവന്‍ നഷ്ട്ടപ്പെട്ടതും പരിക്കേറ്റതും. സ്ഥിതിഗതികള്‍ അസ്വസ്ഥമായി തുടരുന്നതിനിടയില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള സഹായത്തോടെ ഭീകരാക്രമണങ്ങളും തുടരുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ കേന്ദ്രകമ്മറ്റി  അപലപിച്ചു. 

കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം പൂര്‍ത്തിയാക്കുന്നതിനുള്ളില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പലതും യാഥാര്‍ത്ഥ്യമാക്കിയെന്ന് കേന്ദ്ര കമ്മറ്റി വിലയിരുത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍