UPDATES

സീതാറാം യെച്ചൂരി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി

അഴിമുഖം പ്രതിനിധി

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സീതാറാം യച്ചൂരിയെ സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്ന് രാവിലെ വരെ നിലനിന്നിരുന്ന പിരിമുറുക്കങ്ങള്‍ക്കൊടുവിലാണ് യച്ചൂരി പുതിയ ജനറല്‍ സെക്രട്ടറിയാവുന്നത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ജനറല്‍ സെക്രട്ടറിയാവുമെന്നാണ് പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 

പാര്‍ട്ടി കേരള ഘടകത്തിന്റെ പൂര്‍ണ പിന്തുണ രാമചന്ദ്രന്‍ പിള്ളയ്ക്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബംഗാള്‍ ഘടകത്തിന്റെയും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെയും പിന്തുണ യെച്ചൂരിക്കായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷം അംഗങ്ങളും എസ്ആര്‍പിക്ക് പിന്തുണ നല്‍കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ രാത്രി വൈകി ചേര്‍ന്ന നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പുറത്ത് വന്നിരുന്നു.

എന്നാല്‍ യെച്ചൂരിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയാക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുകയായിരുന്നു എന്നും സൂചനയുണ്ട്. അദ്ദേഹം മത്സരത്തിലേക്ക് നീങ്ങാന്‍ മുതിര്‍ന്നതിനെ തുടര്‍ന്ന് രാമചന്ദ്രന്‍പിള്ള സ്വയം പിന്മാറുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. 

ആന്ധ്രാപ്രദേശിലെ യെച്ചൂരി സ്വദേശിയായ സീതാറാം ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കുന്നതിനായി ഈഎംഎസിന്റെയും ഏകെജിയുടെയും നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട യുവനേതൃത്വ നിരയില്‍ അദ്ദേഹവും ഉള്‍പ്പെട്ടു. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. വളരെ ചെറുപ്പത്തിലെ തന്നെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1952 ഓഗസ്റ്റ് 12ന് ജനിച്ച അദ്ദേഹം 1992ല്‍ ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ 14-ാം കോണ്‍ഗ്രസില്‍ വച്ച് പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍