UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരീ, സിപിഎമ്മിന് പുതുജീവന്‍ പകരേണ്ട ചുമതല നിങ്ങളില്‍

Avatar

ടീം അഴിമുഖം

സിപിഐ(എം) ന്റെ അഞ്ചാം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി ഒരു മാമൂല്‍ സഖാവല്ല. രാഷ്ട്രീയ രംഗത്ത് പ്രബലമായും തിരഞ്ഞെടുപ്പ് രംഗത്ത് പ്രസക്തമായും നിലനില്‍ക്കുന്നതിന് ചില അസാധാരണ നടപടികള്‍ ആവശ്യപ്പെടുന്ന ഒരു പാര്‍ട്ടിയെയാണ് അദ്ദേഹം പ്രകാശ് കാരാട്ടില്‍ നിന്നും ഏറ്റെടുക്കുന്നത്. 

മിക്ക സിപിഎം നേതാക്കളില്‍ നിന്നും വ്യത്യസ്തമായി, എപ്പോഴും ചിരിയോടെ പ്രത്യക്ഷപ്പെടുന്ന ആളാണ് യെച്ചൂരി. സംസാരിക്കാനും മടിയില്ലാത്ത ആളാണ്. പക്ഷെ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളും സിപിഎമ്മിന്റെ അവസ്ഥയും പരിഗണിക്കുമ്പോള്‍ അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന ദൗത്യം വളരെ വൈഷമ്യം നിറഞ്ഞ ഒന്നാണ് എന്ന് പറയാതിരിക്കാനാവില്ല. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ആവശ്യം പാര്‍ലമെന്റിലും നിയമസഭയിലുമുള്ള അംഗബലമാണ്. പക്ഷെ സിപിഎമ്മിന്റെ പാര്‍ലമെന്ററി ശക്തി കുറഞ്ഞതോടെ മൂന്നാം ശക്തികളെ ഒന്നിപ്പിക്കുന്ന ഘടകം എന്ന നിലയിലുള്ള അതിന്റെ രാഷ്ട്രീയ ശക്തിയും ഇടിയാന്‍ തുടങ്ങി. പശ്ചിമബംഗാളില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷം പയറ്റിയ അതേ തന്ത്രങ്ങള്‍ തന്നെ തിരിച്ച് പയറ്റിയ തൃണമൂല്‍ കോണ്‍ഗ്രസ്, മൂന്നാം മുന്നണിയെക്കുറിച്ചുള്ള ഏത് തരം ചര്‍ച്ചകളിലും പ്രധാന ഭാഗഭക്കാകാന്‍ തുടങ്ങി. വര്‍ഷങ്ങളായി ഇടതുപക്ഷ ഐക്യത്തെക്കുറിച്ചും ഇടതുപക്ഷ ബദലിനെ കുറിച്ചും വര്‍ഷങ്ങളായി പാര്‍ട്ടി പറയുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദത്തില്‍ പെട്ട് പലപ്പോഴും തിരഞ്ഞെടുപ്പ് വിജയങ്ങളൊഴികെ യാതൊരു പ്രത്യയശാസ്ത്ര കെട്ടുപാടുകളുമില്ലാത്ത പ്രദേശിക പാര്‍ട്ടികളുമായി അവര്‍ക്ക് സഖ്യത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നു. 

പാര്‍ട്ടിക്ക് 2009ല്‍ 24 ലോക്‌സഭ എംപിമാരുണ്ടായിരുന്നത് ഇപ്പോള്‍ പത്തായി ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍ 2004 ആകട്ടെ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ ഉണ്ടായിരുന്ന 60 പേരുടെ അംഗബലം, മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ തീരമാനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ അവരെ സഹായിച്ചു. 2009ല്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം ഏഴ് ശതമാനമായിരുന്നെങ്കില്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അത് 4.5 ശതമാനമായി താണു. 

സിപിഎമ്മിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രസക്തി വീണ്ടെടുക്കാന്‍ സാധിക്കാത്തിടത്തോളം കാലം, കോണ്‍ഗ്രസിതര, ബിജെപിയിതര അല്ലെങ്കില്‍ ബിജെപി മുന്നണിയിതര ശക്തി എന്ന അവരുടെ പ്രഭാവം നഷ്ടപ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നാം മുന്നണി സംബന്ധിച്ച ചര്‍ച്ചകളൊന്നും ഉയര്‍ന്നു വന്നില്ലെന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായി. 

ഇടതിനെ യോജിപ്പിച്ച് നിര്‍ത്തുക എന്നതാണ് മറ്റൊരു ദൗത്യം; ഇടത് ചിന്തകരെയും ബുദ്ധിജീവികളെയും ഒരു വിശാല മുന്നണിയുടെ ഭാഗമാക്കുക എന്നതാണ് അതിന്റെ അര്‍ത്ഥം. അതിനുള്ള ചാതുര്യം യെച്ചൂരിക്കുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് ആകര്‍ഷകമായ ഒരു വേദിയായി ഇടതുപക്ഷത്തെ മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്നുള്ളതാണ് കാത്തിരുന്ന് കാണേണ്ടത്. 

സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്ന ഒരു സമയത്ത് ഇടതുപക്ഷത്തിന്റെ ശക്തി സ്വാഭാവികമായും വര്‍ദ്ധിക്കേണ്ടതാണ്. എന്നാല്‍ അത് സംഭവിക്കുന്നില്ല. പലരും, പ്രത്യേകിച്ച് യുവജനങ്ങള്‍ ഇടതുപക്ഷത്തെ ആകര്‍ഷണിയമായ ഒരു സാധ്യതയായി പരിഗണിക്കുന്നില്ല. സിപിഎം 34 വര്‍ഷം ഭരിച്ച ബംഗാളില്‍ പാര്‍ട്ടിയെ പുനഃരുദ്ധരിക്കണമെങ്കില്‍ യെച്ചൂരി തീര്‍ച്ചയായും ബുദ്ധദേവിനും ബിമന്‍ ബോസിനും അപ്പുറത്തേക്ക് നോക്കി കാണേണ്ടിയിരിക്കുന്നു. പാര്‍ട്ടി രേഖകളില്‍ എഴുതി വയ്ക്കുന്നതിന് പകരം, ഉത്തരേന്ത്യയിലേക്ക് പാര്‍ട്ടിക്ക് പ്രവേശിക്കാനുള്ള യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സാധ്യതകള്‍ അന്വേഷിക്കുകയും അതിന് മുന്‍തൂക്കം നല്‍കുകയും ചെയ്യേണ്ടിയിരിക്കുന്നു. 

അതിന്റെ പ്രചാരണ പരിപാടികള്‍ അടിമുടി നവീകരിക്കാന്‍ സിപിഎം തയ്യാറാവേണ്ടിയിരിക്കുന്നു. ഒരു സന്ദേശം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.അതിന് ഉപയോഗിക്കുന്ന മാധ്യമം ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഇതൊക്കെ കൊണ്ട് പാര്‍ട്ടി പറയുന്ന ആശയങ്ങളിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നില്ല. 

രാജ്യത്തിന്റെ രാഷ്ട്രീയ, പൊതുജീവിതങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം അര്‍ഹിക്കുന്ന ഒരു പാര്‍ട്ടിക്ക് വേണ്ടി പുതുജീവിതം തുടങ്ങാന്‍ മാമൂലുകള്‍ക്ക് ഈ അസാധാരണ സഖാവിന് സമയമായിരിക്കുന്നു.

സീതാറാം യെച്ചൂരി: രാഷ്ട്രീയ ജീവിതരേഖ

*1978ല്‍ എസ്എഫ്‌ഐയുടെ അഖിന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെടുന്നു. 

*ആഭ്യന്തര അടിയന്തിരാവസ്ഥയെ എതിര്‍ത്തതിന് 1975 അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. 

*ജെഎന്‍യു ലോണ്‍ ടെന്നീസ് ടീം ക്യാപ്ടന്‍

*1984ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് ക്ഷണം

*1985ല്‍ 12-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. 

*1988ലെ 13-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. 

*1992ലെ 14-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗമാകുന്നു.

*2005 ജൂലൈയില്‍ പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

*2015 ഏപ്രില്‍ 19ന് വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയുടെ അഞ്ചാം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നു.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍