UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതത്തേയും ഭരണകൂടത്തേയും ഇന്ത്യ വേര്‍തിരിക്കേണ്ടതുണ്ട്- സീതാറാം യെച്ചൂരി

(2015 ജൂലായ് 4നു കോഴിക്കോട് നടന്ന നാലാമത് ചിന്ത രവീന്ദ്രന്‍ അനുസ്മരണത്തില്‍ സി.പി.ഐ-എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രഭാഷണം; ഇതില്‍ യെച്ചൂരി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സമകാലിക ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രസക്തവുമായതിനാല്‍ ഇതിന്റെ മലയാള പരിഭാഷ അഴിമുഖം പ്രസിദ്ധീകരിക്കുന്നു)

 

സീതാറാം യെച്ചൂരി

‘മതേതര ജനാധിപത്യത്തെ തിരിച്ചുപിടിക്കുക: പുതിയ അജണ്ടയുടെ ആവശ്യകത’ എന്ന വിഷയത്തില്‍ നാലാമത് ചിന്ത രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്താന്‍ എന്നോടാവശ്യപ്പെട്ടതില്‍ എനിക്കു അതിയായ നന്ദിയുണ്ട്. ചിന്ത രവിയുടെ ബഹുമുഖമായ സംഭാവനകളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം.

ഈ അനുസ്മരണ പ്രഭാഷണം നടത്താന്‍ വിളിച്ചതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടെങ്കിലും മുമ്പിത് നടത്തിയവരുടെ പേരുകള്‍- പ്രഭാത് പട്‌നായിക്, അകീല്‍ ബില്‍ഗ്രാമി, താരിഖ് അലി, ഐജാസ് അഹമ്മദ്- എന്നില്‍ അല്‍പ്പം സംഭ്രമം ഉണ്ടാക്കുന്നു എന്നതാണു വാസ്തവം. അവര്‍ സൃഷ്ടിച്ച നിലവാരത്തോട് ഒപ്പമെത്തുക എന്നത് ഏറെ ദുഷ്‌കരമാണ്.

ആ ബോധ്യത്തോടെ തന്നെ ഈ പ്രഭാഷണ വിഷയത്തില്‍ ചില ചിന്തകള്‍ ഞാന്‍ പങ്കുവെക്കുകയാണ്.

മതസഹിഷ്ണുതയുടെ ഇത്തിരിവട്ടത്തിലാണ് മതേതരത്വത്തെ മിക്കപ്പോഴും മനസിലാക്കിയിട്ടുള്ളത്. മതസഹിഷ്ണുതയുമായി മാത്രം ബന്ധപ്പെടുത്തിയല്ലാതെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിന് കൂടുതല്‍ വിശാലമായ അര്‍ത്ഥമുണ്ടെന്ന് സൂചിപ്പിച്ചാണ് ഞാന്‍ തുടങ്ങുന്നത്. മതസൗഹാര്‍ദവും സഹിഷ്ണുതയും വിശാലമായ ഇന്ത്യ എന്ന ആശയത്തിന്റെ ഒരു ഘടകം തന്നെയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യത്തിനായി നടന്ന ഐതിഹാസിക ജനകീയ സമരത്തിലാണ് ഇന്ത്യ എന്ന ആശയം ഉടലെടുക്കുന്നത്. എന്താണീ ‘ഇന്ത്യ എന്ന ആശയം’? ലളിതമായി പറഞ്ഞാല്‍, സങ്കീര്‍ണമായ വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും ഒരു രാജ്യം എന്ന നിലക്ക് അതിന്റെ വൈവിധ്യങ്ങളെയും വിഭജനങ്ങളെയും മറികടന്ന് അതിന്റെ ജനതയുടെ ഗണ്യമായ തരത്തിലുള്ള ഒരു സമഗ്രമായ ഐക്യത്തിലേക്ക് നീങ്ങുന്ന ഒന്ന് എന്നു പറയാം.

ഇന്ത്യയുടെ ഭാഷാ, മത, വംശ, സാംസ്‌കാരിക വൈവിധ്യം അസാമാന്യമാണ്. ഔദ്യോഗികമായിതന്നെ ഇവിടെ 1618 ഭാഷകളുണ്ട്. 6400 ജാതികള്‍, 6 പ്രമുഖ മതങ്ങള്‍, അതില്‍ 4 എണ്ണം ഇവിടെ ഉണ്ടായതാണ്, നരവംശശാസ്ത്രപരമായി നിര്‍വചിച്ച വംശ വിഭാഗങ്ങള്‍, ഇതെല്ലാം രാഷ്ട്രീയമായുള്ള ഭരണനിര്‍വഹണത്തിന് കീഴിലാണ്. ഇന്ത്യയില്‍ 29 പ്രധാന മത-സാംസ്‌കാരിക ഉത്സവങ്ങളും, ലോകത്തിലേറ്റവും കൂടുതല്‍ മതപരമായ അവധി ദിനങ്ങളും ഉണ്ടെന്നത് ഈ വൈവിധ്യത്തിന്റെ പരപ്പ് കാണിക്കുന്നു.

ഈ വൈവിധ്യത്തെ ഒന്നിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്ന് പറയുന്നവര്‍ ദശലക്ഷക്കണക്കിനാളുകളുടെ മരണവും മതാടിസ്ഥാനത്തിലുള്ള മഹാപലായനങ്ങളും സൃഷ്ടിച്ച, ഉപഭൂഖണ്ഡത്തിന്റെ വിഭജനവും നടപ്പാക്കിയത് അവരാണെന്ന വസ്തുത അവഗണിക്കുകയാണ്. തങ്ങള്‍ കോളനികളാക്കിയ രാജ്യങ്ങള്‍ വിട്ടുപോരുമ്പോള്‍ വിഭജനത്തിലൂടെ ആ രാജ്യങ്ങളെ കാലങ്ങളോളം വേട്ടയാടുന്ന മുറിവുകള്‍ സൃഷ്ടിക്കുന്ന നികൃഷ്ടമായ ചരിത്രമാണ് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റേത്. പലസ്തീന്‍, സൈപ്രസ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ അങ്ങനെ ഇന്ത്യന്‍ ഉപഭൂഖണ്ഡം കൂടാതെ നിരവധി സാക്ഷ്യങ്ങള്‍. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയൊന്നാകെയുള്ള ജനകീയ സമരമാണ് 660 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് വൈവിധ്യത്തെ ഒന്നിപ്പിച്ച് ഒരു പൊതു ഇന്ത്യന്‍ബോധം ഉണ്ടാക്കിയത്. ഈ പ്രക്രിയയില്‍ ഇടതുപക്ഷം സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ കാരണംകൊണ്ടുതന്നെ, ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് തികച്ചും നിര്‍ണായകമാണ്.

ഇന്ത്യ എന്ന ആശയത്തിന്റെ കേന്ദ്രമായി വര്‍ത്തിക്കുന്ന മൂന്നു വിഷയങ്ങളെ അധികരിച്ച് ഞാനിതു വിശദമാക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി പ്രശ്‌നം ഉയര്‍ത്തി കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ പോരാട്ടങ്ങള്‍; കേരളത്തില്‍ പുന്നപ്ര വയലാര്‍, ബംഗാളിലെ തേഭാഗ, അസമില്‍ സുര്‍മ വാലി സമരം, മഹാരാഷ്ട്രയില്‍ വാര്‍ളി പോരാട്ടം എന്നിങ്ങനെ. ഇതില്‍ ഭൂപരിഷ്‌കരണം കേന്ദ്ര ചര്‍ച്ചയാക്കി മാറ്റിയ തെലങ്കാന മുന്നേറ്റമാണ് ഏറെ പ്രധാനം. അതിനെ തുടര്‍ന്ന് സമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കിയത് ഇന്ത്യന്‍ കര്‍ഷക ജനതയെ ഇന്ത്യ എന്ന ആശയം കെട്ടിപ്പടുക്കുന്നതിലേക്ക് നയിച്ചു. വാസ്തവത്തില്‍ ആ സമരങ്ങള്‍ കോടിക്കണക്കിനു മനുഷ്യരെ ഫ്യൂഡല്‍ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് മാത്രമല്ല, ഇന്ത്യന്‍ മധ്യവര്‍ഗത്തെ സൃഷ്ടിക്കുന്നതിലും ഗണ്യമായ പങ്ക് വഹിച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയം ചെയ്യാനുള്ള ജനകീയ സമരങ്ങളും മുന്നില്‍ നിന്നും നയിച്ചത് ഇടതുപക്ഷമായിരുന്നു. വിശാലാന്ധ്രയ്ക്കും, ഐക്യ കേരളത്തിനും, സംയുക്ത മഹാരാഷ്ട്രയ്ക്കുംവേണ്ടി സമരം നയിച്ചവര്‍ പിന്നീട് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളായി. ഇന്ത്യ എന്ന ആശയത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ വിവിധ ഭാഷാ ദേശീയതകളുടെ ഐക്യത്തിന് ഇത് സഹായകമായി.

ഇതുകൂടാതെ, ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇടതുപക്ഷം മതേതരത്വത്തെ വിട്ടുവീഴ്ച്ചയില്ലാതെ മുറുകെപ്പിടിച്ചത്. ജനസാമാന്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഈ വൈവിധ്യത്തെ നിലനിര്‍ത്താനാകൂ. വൈവിധ്യത്തിന് മേല്‍ ഏകശിലാരൂപങ്ങള്‍ അടിച്ചേല്‍പ്പിക്കലല്ല അത്. ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത് ബാധകമാണെങ്കിലും മതത്തിന്റെ കാര്യത്തില്‍ ഇത് നിര്‍ണായകവുമാണ്. വിഭജനത്തിനും തുടര്‍ന്നുള്ള കൂട്ടക്കുരുതികള്‍ക്കും ശേഷം ഇന്ത്യ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ മതേതരത്വം അവിഭാജ്യഘടകമായി. മതവും രാഷ്ട്രീയവും വേര്‍തിരിഞ്ഞു നില്‍ക്കുക എന്നതാണു മതേതരത്വത്തിന്റെ നിര്‍വചനത്തില്‍ ഇടതുപക്ഷ നിലപാട്. പ്രയോഗത്തില്‍, ഇന്ത്യന്‍ ഭരണ വര്‍ഗങ്ങള്‍ ഇതിനെ എല്ലാ മതങ്ങള്‍ക്കും തുല്യത എന്നാക്കി ചുരുക്കി. ഇത് ഇന്നുകാണുന്ന രീതിയില്‍ സാമുദായിക, മൗലികവാദ ശക്തികളെ നിലനിര്‍ത്താനാണ് സഹായിക്കുന്നത്.

ഇന്ത്യ എന്ന ആശയത്തിലെ ചില ഘടകങ്ങള്‍ ഇത് വിശദമാക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യയിലെ ചൂഷിതരായ മഹാഭൂരിപക്ഷം; നിരവധി ഭാഷ ദേശീയതകള്‍; ബഹുമത ഇന്ത്യന്‍ ജനത എന്നിവയാണ് ഇന്ത്യ എന്ന സമഗ്രമായ ആശയത്തിന്റെ കേന്ദ്രം.

വീക്ഷണങ്ങളുടെ പോരാട്ടം
സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവവുമായി ബന്ധപ്പെട്ട് 1920-കളില്‍ ഉയര്‍ന്നുവന്ന മൂന്നു വീക്ഷണങ്ങളുടെ തുടര്‍ച്ചയായ ഏറ്റുമുട്ടലില്‍ നിന്നാണ് ഇന്ത്യ എന്ന ആശയം ഉയര്‍ന്നുവരുന്നത്. മുഖ്യധാരയിലുള്ള കോണ്‍ഗ്രസിന്റെ കാഴ്ച്ചപ്പാട് സ്വതന്ത്ര ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാകണം എന്നതായിരുന്നു. ഇടതുപക്ഷം ഇതിനോട് യോജിച്ചുവെങ്കിലും എല്ലാവര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യവും കൂടി ലഭ്യമാക്കാന്‍ കഴിയുന്ന തരത്തില്‍ രാഷ്ട്രീയാധികാരം നീട്ടേണ്ടതുണ്ടെന്നും അതിനു സോഷ്യലിസത്തിലൂടെ മാത്രമേ കഴിയൂ എന്ന നിലപാടിലെത്തി.

 

ഈ രണ്ടു നിലപാടുകള്‍ക്കും എതിരായി ഇന്ത്യയുടെ സ്വഭാവം അതിലെ ജനങ്ങളുടെ മതാഭിമുഖ്യങ്ങളില്‍ നിന്നുമാണ് നിര്‍വചിക്കേണ്ടതെന്ന മൂന്നാമതൊരു വീക്ഷണവും ഉയര്‍ന്നുവന്നു. ഇതിന് രണ്ടു മുഖങ്ങളുണ്ടായിരുന്നു. മുസ്ലീം ലീഗിന്റെ ഇസ്ലാമിക രാഷ്ട്രവും, ആര്‍ എസ് എസിന്റെ ഹിന്ദു രാഷ്ട്രവും. ആദ്യത്തേത് ഇന്നും തുടരുന്ന പ്രത്യാഘാതങ്ങളുമായി രാജ്യത്തിന്റെ നിര്‍ഭാഗ്യകരമായ വിഭജനത്തിലേക്കെത്തിച്ചു. സ്വാതന്ത്ര്യം നേടിയ സമയത്ത് തങ്ങളുടെ ഉദ്ദേശം സാധിക്കാതെ പോയ രണ്ടാമത്തെ കൂട്ടര്‍ അസഹിഷ്ണുതയുടെ ഫാസിസ്റ്റ് വൈതാളികത പേറുന്ന ഹിന്ദു രാഷ്ട്രമാക്കി ആധുനിക ഇന്ത്യയെ മാറ്റാന്‍ ഇപ്പോഴും ശ്രമം തുടരുന്നു. ഇന്നത്തെ ഇന്ത്യയില്‍ തുടരുന്ന പ്രത്യയശാസ്ത്ര, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഈ മൂന്നു കാഴ്ച്ചപ്പാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ്. ഈ ഏറ്റുമുട്ടലിന്റെ സ്വഭാവം ഇന്ത്യ എന്ന ആശയത്തിന്റെ രൂപപ്പെടല്‍ പ്രക്രിയയുടെ ദിശയും ഉള്ളടക്കവും നിശ്ചയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതുകൂടാതെ ഇടതുപക്ഷം അന്നും ഇന്നും വാദിക്കുന്നത് സാമ്രാജ്യത്വവുമായുള്ള കൂട്ടിക്കൊളുത്തുകളില്‍ നിന്നു സ്വതന്ത്രമാകാതെയും ഫ്യൂഡല്‍ ഭൂവുടമകളുടെ നീരാളിപ്പിടിത്തം തകര്‍ത്തെറിയാതെയും ഇന്ത്യക്ക് മുഖ്യധാരയായി വന്ന കോണ്‍ഗ്രസ് വീക്ഷണം നിലനിര്‍ത്താനാകില്ല എന്നാണ്. സ്വാതന്ത്യാനന്തര ഭരണ വര്‍ഗങ്ങളുടെ വന്‍കിട ബൂര്‍ഷ്വാസി നയിക്കുന്ന ഭൂപ്രഭു-ബൂര്‍ഷ്വാസി കൂട്ടുകെട്ട് താത്പര്യം സംരക്ഷിച്ചതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വാതന്ത്ര്യ സമരത്തെ അതിന്റെ യുക്തിസഹമായ അന്ത്യത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല എന്നത് വ്യക്തമായി. ഇതുതന്നെ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിത്തറയെ ദുര്‍ബ്ബലമാക്കുന്നു. ഒന്നാമതായി, അത് സ്വാതന്ത്ര്യ സമരകാലത്ത് രൂപപ്പെട്ട ജനകീയ ഐക്യത്തെ പിറകിലേക്ക് തള്ളുന്നു. രണ്ട്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യ ശക്തിപ്പെടുത്തുന്നതിന് പകരം അത് അനുദിനം വലുതാകുന്ന ചൂഷിതരുടെ മഹാഭൂരിപക്ഷത്തെ വീണ്ടും വീണ്ടും ഒഴിവാക്കുന്നു. കഴിഞ്ഞ 6 പതിറ്റാണ്ടുകാലത്തെ നമ്മുടെ അനുഭവം ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം തെളിയിക്കുന്നുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തുടരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനകീയ അസംതൃപ്തി മുതലെടുക്കാന്‍ ഇത് വര്‍ഗീയശക്തികള്‍ക്ക് അഥവാ മൂന്നാം വീക്ഷണത്തിന് അവസരമുണ്ടാക്കുന്നു.

ഇന്ത്യ എന്ന ആശയം ഞാന്‍ അവതരിപ്പിച്ചതിനെക്കുറിച്ച് പ്രൊഫസര്‍ അകീല്‍ ബില്‍ഗ്രാമീ (Prof. Akeel Bilgrami, in his itnroduction to a volume of essays containing revised versions of lectures on the relations between politics and political economy in India given at a seminar in 2010 at the Heymen Cetnre for Humanities at Columbia Universtiy, New York – a Cetnre that he chaired then) ഇങ്ങനെ പറഞ്ഞു:

‘യെച്ചൂരി ഇവിടെ അവതരിപ്പിച്ചത് വെസ്റ്റ്ഫാലിയന്‍ സമാധാനത്തിന് ശേഷം (1644 – 48-ല്‍ യൂറോപ്യന്‍ ശക്തികള്‍ ഉണ്ടാക്കിയ കരാര്‍. ദേശരാഷ്ട്രങ്ങള്‍; പരമാധികാരം; രാഷ്ട്രങ്ങള്‍ക്കിടയിലുള്ള അന്തരാഷ്ട്ര നിയമങ്ങള്‍ എന്നിവയ്ക്ക് അടിത്തറയിട്ടത് ഈ ഉടമ്പടികളാണ്.) യൂറോപ്പ് കടന്നുപോയ സഞ്ചാരപഥങ്ങളെ നിരാകരിച്ച ഒരു ദേശത്തിന്റെ ആദര്‍ശമായി കണക്കാക്കാന്‍ കഴിഞ്ഞേക്കാം. അന്ന് (അവിടെ) ഉയര്‍ന്നുവന്നത് രാജാക്കന്മാരില്‍ അധിഷ്ഠിതമായ ദൈവദത്ത അധികാരത്തിന്റെ പഴയ സങ്കല്‍പ്പങ്ങള്‍ക്ക് ഒട്ടും ആകര്‍ഷകമല്ലാത്ത ഒന്നായിരുന്നു. അത് ‘പൗരന്‍’ എന്ന ഒരു പുതിയ തരം പ്രജയുടെ ഒരു പുതിയ രാഷ്ട്രീയ മന:ശാസ്ത്രത്തില്‍ ഈ സാധുത തേടി; ഉയര്‍ന്നുവന്ന,’ദേശം’ എന്ന, ഒരു പുതിയ അസ്തിത്വത്തിനെ അടിസ്ഥാനമാക്കിയ വികാരം. ‘ദേശീയതാവാദം’ എന്ന ഈ വികാരത്തെ പൗരജനതയില്‍ ജനിപ്പിക്കണമായിരുന്നു. യൂറോപ്പില്‍ അതിനവലംബിച്ച പൊതുരീതി ആഭ്യന്തരമായി ഒരു അന്യനെ കണ്ടെത്തുകയായിരുന്നു. നമുക്കിടയില്‍ അന്യനെ (രണ്ടു കൂട്ടരെ മാത്രം പറഞ്ഞാല്‍, ഐറിഷുകാര്‍, ജൂതന്മാര്‍)വെറുക്കുകയും കീഴടക്കുകയും വേണം. പിന്നീടൊരു സമയത്ത് കൂടുതല്‍ സംഖ്യാപരവും കണക്കുകളുടെ അടിസ്ഥാനത്തിലുമുള്ളോരു വ്യവഹാരരൂപത്തില്‍ ഇത് ‘ന്യൂനപക്ഷങ്ങള്‍’ എന്നായി മാറി. ദേശത്തിന് വേണ്ടിയുള്ള ഈ വികാരം ജനിപ്പിക്കുന്ന പ്രക്രിയ ‘ഭൂരിപക്ഷവാദം’ എന്നുമറിഞ്ഞു’ (സോഷ്യല്‍ സൈന്റിസ്റ്റ്; ജനുവരി-ഫെബ്രുവരി 2011).

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ദേശീയതയെ സൃഷ്ടിക്കുക എന്ന അന്ത:സത്തയോട് കൂടിയ ഇന്ത്യ എന്ന ആശയത്തിന്റെ ഉരുത്തിരിയല്‍ സ്വാതന്ത്ര്യസമരകാലത്ത് അടിസ്ഥാനമാക്കിയത് സാമ്രാജ്യത്വത്തിനും/കൊളോണിയലിസത്തിനും എതിരായ സമരത്തിലായിരുന്നു. അതിന് എല്ലാത്തരത്തിലുമുള്ള പ്രാഗ്മുതലാളിത്ത ചൂഷണത്തെയും അതിന്റെ സാമൂഹ്യ രൂപങ്ങളേയും എതിര്‍ക്കേണ്ടതുമുണ്ടായിരുന്നു. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളിലൂടെ ഇതിനെ മുന്നോട്ടുകൊണ്ടുപോയത് ഇടതുപക്ഷമാണ്. ഈ ഒരാശയം നമ്മുടെ ജനതയുടെ മഹാഭൂരിപക്ഷത്തെ സാമ്പത്തികമായി അതില്‍ ഉള്‍ച്ചേര്‍ത്തേ മതിയാകൂ. മേല്‍പ്പറഞ്ഞപോലെ ഇത് കാര്‍ഷിക പരിഷ്‌കരണങ്ങള്‍, ഫെഡറല്‍ വ്യവസ്ഥ, ഭരണകൂടവും മതവും വേര്‍തിരിഞ്ഞു നില്‍ക്കുക എന്നിവ ഇന്ത്യ എന്ന ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കേന്ദ്ര ഘടകങ്ങളായി തുടരുന്നു.

മേല്‍പ്പറഞ്ഞ മൂന്നാം വീക്ഷണത്തെ കൂടാതെ, ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്ക് സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസിന്റെ വെറും പ്രഖ്യാപനവും ഈ ഇന്ത്യ എന്ന ആശയം നടപ്പാക്കാനുള്ള അതിന്റെ ശേഷിയില്ലായ്മ കൊണ്ട് ചുരുങ്ങിപ്പോയിരിക്കുന്നു.

ഇന്ത്യന്‍ ബൂര്‍ഷ്വാസിക്കും അതിന്റെ നേതൃത്വത്തിനും, ഇന്ത്യന്‍ കുത്തക മൂലധനം, സാമൂഹ്യമായ തങ്ങളുടെ ചുരുങ്ങിയ അടിത്തറമൂലം സ്വതന്ത്ര ഇന്ത്യയില്‍ അവരുടെ വര്‍ഗ ഭരണം നിലനിര്‍ത്തുന്നതിന് ഭൂവുടമാ വിഭാഗവുമായി കൂട്ടുചേരേണ്ടിവന്നു. ഇതാകട്ടെ ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക വികാസത്തിന്റെ ഉള്ളടക്കവും ദിശയും നിശ്ചയിക്കുന്ന ഒരു കൂട്ടം വൈരുദ്ധ്യങ്ങളെ ചലിപ്പിച്ചുതുടങ്ങുകയുമായിരുന്നു. ഒരു വശത്ത് സാമ്രാജ്യത്വത്തിന്റെ (സ്വാതന്ത്ര്യസമരം വളര്‍ത്തിയെടുത്ത സാമ്രാജ്യത്വവിരുദ്ധ ബോധത്തെ തുടരെത്തുടരെ ഇല്ലാതാക്കിക്കൊണ്ടിരുന്ന) നീരാളിപ്പിടിത്തത്തില്‍ നിന്നും ഒത്തുതീര്‍പ്പില്ലാത്തവണ്ണം കുതറിമാറുന്നതിനും മറുവശത്ത് ഇന്ത്യയുടെ ജനതയ്ക്കും സമ്പദ് രംഗത്തിനും മേലുള്ള ഫ്യൂഡലിസത്തിന്റെ പിടി ഇല്ലാതാക്കുന്നതിലും ഭരണ വര്‍ഗത്തിന്റെ ശേഷിയില്ലായ്മയെയാണ് അത്തരമൊരു സഖ്യം അര്‍ത്ഥമാക്കുന്നത്. മധ്യവര്‍ഗത്തിന്റെ വളര്‍ച്ച തുടര്‍ച്ചയായി നടന്നിട്ടും ആഭ്യന്തര വിപണി ചുരുങ്ങിയിരിക്കുന്നത് ഈ രണ്ടാമത്തെ കാരണം കൊണ്ടാണ്. ചരിത്രപരമായി, ഉത്പാദനത്തിലെ ഫ്യൂഡല്‍ ബന്ധങ്ങളെ തീര്‍ത്തും ഉന്മൂലനം ചെയ്യാതെ എവിടേയും മുതലാളിത്തം വികസിച്ചിട്ടില്ല. അങ്ങനെ സ്വതന്ത്ര ഇന്ത്യയില്‍ ഒരു വശത്ത് സാമ്രാജ്യത്വവുമായും മറുഭാഗത്ത് ഭൂവുടമകളുമായും ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഇന്ത്യന്‍ ബൂര്‍ഷ്വാസിക്കാവശ്യമായ തരത്തില്‍ വലിയ തോതിലുള്ള സാമ്പത്തിക വികാസം ഉണ്ടാക്കിയില്ല. ഫ്യൂഡലിസത്തിന്റെ ഘടനക്ക് മുകളിലായി മുതലാളിത്തത്തെ കെട്ടിയിറക്കാനുള്ള ശ്രമങ്ങള്‍ ഫ്യൂഡലിസത്തെ ഇല്ലാതാക്കുന്നതിന്റെ ഫലം തന്നില്ല, തരുകയുമില്ല. ഭരണവര്‍ഗങ്ങള്‍ എത്രയേറെ ശ്രമിച്ചിട്ടും ഹരിത വിപ്ലവം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമായി, പ്രത്യേകിച്ചും ബ്രിട്ടീഷ് ഭരണകാലത്തെ പഴയ റായത്വാരി കുടിയിരിപ്പുകളില്‍ ചുരുങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല. തുടര്‍ന്ന് വലിയ തോതിലുള്ള കാര്‍ഷിക പരിഷ്‌കരണങ്ങള്‍ക്ക് ശേഷില്ലാഞ്ഞ ഭരണവര്‍ഗത്തിന്റെ നിലപാടിന്റെ ഫലമായി ആഭ്യന്തര വിപണിയുടെ കോടിക്കണക്കിനാളുകളുടെ നാട്ടില്‍ ചുരുങ്ങിയ വാങ്ങല്‍ ശേഷി മാത്രമുള്ള അവസ്ഥ ആഭ്യന്തര വിപണിയുടെ ചുരുക്കത്തെയാണ് വെളിപ്പെടുത്തിയത്. ഇത് ഭരണവര്‍ഗം ആഗ്രഹിച്ച മുതലാളിത പാതയിലുള്ള വികസന മാര്‍ഗത്തിന് തടയിടുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറമെ, ഇന്ത്യ എന്ന ആശയം ഇത്തരത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു വീക്ഷണമാകണം എന്നു സമര്‍ത്ഥിച്ച ആളുകള്‍ ഇടതുപക്ഷത്തിന് പുറത്തും ഉണ്ടായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്.

ഇതില്‍ അഗ്രഗണ്യന്‍ എന്നു പറയേണ്ടത് ഡോക്ടര്‍ ബി.ആര്‍. അംബേദ്കറാണ്. 1949 നവംബര്‍ 25നു കരട് ഭരണഘടന അവതരിപ്പിച്ചുകൊണ്ടു സംസാരിക്കവേ ഡോ. അംബേദ്കര്‍ പറഞ്ഞു;

‘1950 ജനുവരി 26നു നാം വൈരുദ്ധ്യങ്ങളുടെ ഒരു ലോകത്തേക്ക് കടക്കാന്‍ പോവുകയാണ്. രാഷ്ട്രീയത്തില്‍ നമുക്ക് തുല്യതയുണ്ടാവുകയും സാമൂഹ്യ, സാമ്പത്തിക ജീവിതത്തില്‍ അസമത്വം നിലനില്‍ക്കുകയും ചെയ്യും. രാഷ്ട്രീയത്തില്‍ നാം ഒരാള്‍ക്ക് ഒരു വോട്ട്, ഒരു വോട്ട് ഒരു മൂല്യം എന്ന തത്ത്വം അംഗീകരിക്കും. നമ്മുടെ സാമൂഹ്യ, സാമ്പത്തിക ഘടനയില്‍ ഒരു മനുഷ്യന്‍ ഒരു മൂല്യം എന്ന തത്വത്തെ നിഷേധിക്കുന്നത് നാം തുടരുകയും ചെയ്യും. 

‘ഈ വൈരുദ്ധ്യങ്ങളുടെ ജീവിതം നാമെത്ര നാളാണ് ജീവിക്കുക? എത്ര നാളാണ് നാം നമ്മുടെ സാമൂഹ്യ, സാമ്പത്തിക ജീവിതത്തില്‍ തുല്യത നിഷേധിക്കുക?’

‘ഏറെക്കാലം നാമത് നിഷേധിക്കുന്നത് തുടര്‍ന്നാല്‍, അത് നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ടായിരിക്കും. ഈ വൈരുധ്യത്തെ എത്രയും വേഗം നാം നീക്കിയെ തീരൂ. അല്ലെങ്കില്‍ അസമത്വം അനുഭവിക്കുന്നവര്‍ ഈ സഭ കഠിനമായ പരിശ്രമത്തിലൂടെ ഉണ്ടാക്കിയ രാഷ്ട്രീയ ജനാധിപത്യത്തെ തകര്‍ത്തുകളയും.’

അത്തരം വൈരുധ്യങ്ങളുടെ പ്രമേയങ്ങള്‍ സ്വാതന്ത്ര്യം നേടിയ കാലത്തേക്കാളും ഇന്നിപ്പോള്‍ വിദൂരസാധ്യതയാണ്. ഇതര്‍ത്ഥമാക്കുന്നത് ഇന്ത്യ എന്ന ആശയത്തിന്റെ പിന്നോട്ടു പോക്കാണ്. മതേതര ജനാധിപത്യത്തെ വീണ്ടെടുക്കുക എന്നാല്‍ ഇന്ന് ഇന്ത്യ എന്ന ആശയത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് ശക്തമാക്കുക എന്നതാണ്.

നേരത്തെ നമ്മള്‍ കണ്ട സാമ്പത്തിക വികാസത്തെക്കുറിച്ച് ഭരണ വര്‍ഗങ്ങള്‍ക്കിടയിലുള്ള വൈരുദ്ധ്യങ്ങള്‍ക്ക് പുറമെ, മറ്റൊരു തുല്യപ്രാധാന്യമുള്ള ഘടകം കൂടിയുണ്ട്. ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കാനുള്ള ശേഷിയില്ലായ്മയെന്നാല്‍ ഉപരിഘടനയുടെ തലത്തില്‍ ഫ്യൂഡലിസത്തോടും മറ്റ് മുതലാളിത്ത പൂര്‍വ ബന്ധങ്ങളോടും ഒട്ടിനില്‍ക്കുന്ന സാമൂഹ്യബോധത്തിന്റെ നിലനില്‍പ്പും തുടര്‍ച്ചയും എന്നാണ്. മുതലാളിത്തപൂര്‍വ ബന്ധങ്ങളുടെ സാമൂഹ്യ ബോധത്തോട് ഒട്ടിനില്‍ക്കുന്ന മതവര്‍ഗീയതയും ജാതീയതയും ഇപ്പൊഴും സാമൂഹ്യ ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്നു. മുകളില്‍ നിന്നും അടിച്ചേല്‍പ്പിച്ച മുതലാളിത്തം സൃഷ്ടിച്ചതാകട്ടെ ഫ്യൂഡല്‍ ബോധത്തിന്റെ പിന്നാക്കാവസ്ഥയും മുതലാളിത്ത ബോധത്തിന്റെ ജീര്‍ണമായ മത്സരത്വരയും കൂടിച്ചേര്‍ന്ന ഒരു സാഹചര്യമാണ്.

ചരിത്രപരമായി ജാതിവിഭജിതമായ ഒരു സമൂഹത്തിന്റെ സ്വഭാവവിശേഷങ്ങള്‍ക്കനുസരിച്ച് ഇത്തരത്തില്‍ നിയന്ത്രിതമായ മുതലാളിത്ത വികാസത്തിന്റെ പരിണതഫലം എന്ന നിലയിലാണ് ഇന്ത്യയില്‍ വര്‍ഗരൂപവത്കരണം നടക്കുന്നത്. പഴയ സാമൂഹ്യബന്ധങ്ങളെ തൂത്തെറിഞ്ഞല്ല, മറിച്ച് അതുമായി സന്ധി ചെയ്താണ് അത് വന്നത്. ഇതാകട്ടെ ഇന്നത്തെ ഇന്ത്യയില്‍ ചൂഷിതരായ വര്‍ഗങ്ങളും അടിച്ചമര്‍ത്തപ്പെട്ട ജാതികളും തമ്മില്‍ പല സ്വഭാവവിശേഷങ്ങളും പൊതുവായി ഉള്ള അവസ്ഥയിലേക്ക് എത്തിച്ചു.

അങ്ങനെ, ഉപരിഘടനയില്‍ ഫ്യൂഡല്‍ ജീര്‍ണതകളും മുതലാളിത്ത അധ:പതനവും കൂടിച്ചേര്‍ന്ന് സമൂഹത്തിന്റെ കുറ്റവാളിവത്കരണം ജാതി, മത, വര്‍ഗീയ വികാരങ്ങള്‍ക്കൊപ്പം വളരുകയും നിലനില്‍ക്കുകയും ചെയ്യുകയും അവയെ രാഷ്ട്രീയ, സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഭരണ വര്‍ഗങ്ങള്‍ ചൂഷണം ചെയ്യുകയുമാണ്.

ഇവ രണ്ടും ചേര്‍ന്ന് ഇന്ത്യയുടെ ജനാധിപത്യ ഉള്ളടക്കത്തെ വളച്ചൊടിക്കുന്ന ഭീഷണമായ മാനത്തിലേക്കാണ് ഇന്നത്തെ സാഹചര്യത്തില്‍ ഇതെത്തിനില്‍ക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂടെ ഇന്ത്യന്‍ ജനതയുടെ മത, ജാതി മുന്‍വിധികളെ നിര്‍ലജ്ജം ചൂഷണം ചെയ്യുന്നതിന് പുറമെ മഹാഭൂരിപക്ഷം ജനതയ്ക്കും ശരിയായ പങ്കാളിത്തത്തോടെയുള്ള ജനാധിപത്യ തെരഞ്ഞെടുപ്പിനുള്ള അവസരം നിഷേധിക്കുകയുമാണ്. ഈ മാരകമായ കൂട്ടുകെട്ട് സൃഷ്ടിച്ച കുറ്റവാളിവത്കരണം തെരഞ്ഞെടുപ്പ് പ്രക്രിയയെ പണക്കൊഴുപ്പിന്റെയും കയ്യൂക്കിന്റെയും നഗ്‌നമായ പ്രകടനമാക്കി നാള്‍ക്കുനാള്‍ മാറ്റുകയാണ്. അതുവഴി നമ്മുടെ റിപ്പബ്ലിക്കന്‍ ഭരണഘടന വിഭാവനം ചെയ്ത വ്യവസ്ഥയുടെ ജനാധിപത്യ സ്വഭാവത്തെ ഗുരുതരമായി ഇല്ലാതാക്കുന്നുമുണ്ട്. ഇന്ത്യ എന്ന ആശയത്തെ സമഗ്രമായ രീതിയില്‍ സൃഷ്ടിക്കാനുള്ള ശേഷിയെയാണ് അത് കവര്‍ന്നെടുക്കുന്നത്.

ഇന്ത്യ എന്ന ആശയത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള യാത്രയെ ഇന്ന് പിറകോട്ടു പിടിച്ചുവലിക്കുന്നത് നേരത്തെ പറഞ്ഞ മൂന്നാം വീക്ഷണത്തിന്റെ പ്രയോക്താക്കളാണ്; ബി ജെ പിയും ആര്‍ എസ് എസ്സും. ഇത്തരമൊരു സംരംഭത്തിന് വലിയോരു വിഭാഗം ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും, പ്രത്യേകിച്ചു ഭരണ വര്‍ഗങ്ങളുടെ നേതൃത്വം, കുത്തക ബൂര്‍ഷ്വാസിയുടെയും അളവില്ലാത്ത പിന്തുണ ലഭിക്കുന്നതില്‍ നമുക്ക് അത്ഭുതം തോന്നേണ്ട കാര്യവുമില്ല.

ഇപ്പോഴത്തെ ആഗോള പ്രതിസന്ധി പോലുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ ലാഭം പരമാവധിയാക്കാനുള്ള ആക്രോശം അതിന്റെ പാരമ്യത്തിലെത്തും. തങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത ലാഭക്കൊതിയെ സഹായിക്കുംവണ്ണം കര്‍ശനമായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന ശക്തനായ ഒരു നേതാവിനുവേണ്ടി മുറവിളിയുയരും. പ്രമുഖ ചരിത്രകാരനായിരുന്ന എറിക് ഹോബ്‌സ്വാം Age of Etxremes എന്ന കൃതിയില്‍ പറയുന്നത് വന്‍കിട വ്യാപാരത്തിന് ‘തങ്ങളുടെ അവകാശങ്ങളില്‍ തൊടാത്ത, തങ്ങളുമായി ഒത്തുപോകുന്ന ഏത് ഭരണകൂടവുമായും ധാരണയിലെത്താനാകും… വ്യാപാരത്തിനെ സംബന്ധിച്ച് ഫാസിസത്തിന് മറ്റ് ഭരണകൂടങ്ങളെക്കാള്‍ ചില വലിയ ആനുകൂല്യങ്ങളുണ്ട്.’ തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുക, യൂറോപ്പില്‍ 1930കളിലുണ്ടായ മഹാമാന്ദ്യം സൃഷ്ടിച്ച അസാധാരണമായ അനുകൂല സാഹചര്യത്തില്‍ മുന്നോട്ട് പോയിരുന്ന ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുക എന്നതൊക്കെ ഈ ആനുകൂല്യങ്ങളായി അദ്ദേഹം ഉള്‍പ്പെടുത്തുന്നുണ്ട്.

ആഭ്യന്തര സാമ്പത്തിക രംഗത്തെ ബാധിച്ച മന്ദത മാറാനുള്ള സാധ്യതയൊന്നും കാണാതിരിക്കെ, ആഗോള സാമ്പത്തിക രംഗം തപ്പിത്തടയല്‍ തുടരവേ, പരമാവധി ലാഭത്തിനുള്ള ഇന്ത്യന്‍ കമ്പനികളുടെ ആര്‍ത്തിക്ക് അത്തരത്തിലൊരു മിശിഹ ആവശ്യമായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, അത്തരം പ്രതീക്ഷകള്‍ വളരെ വേഗം മാഞ്ഞുപോവുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും 1929ലെ മഹാമാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ ആഗോള കുത്തക കമ്പനികള്‍, പ്രത്യേകിച്ചും യു.എസിലെ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഇത്തരമൊരു മിശിഹായ്ക്ക് വേണ്ടിയുള്ള ആഗ്രഹത്തില്‍ ഫാസിസത്തിന്റെ വളര്‍ച്ചയില്‍ എത്ര നിര്‍ണായകമായ പങ്കാണ് വഹിച്ചതെന്നതിന് തെളിവുകളുടെ ക്ഷാമമില്ലാതെ ചരിത്രം വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, ജര്‍മ്മനിയില്‍ ഫാസിസം ഉയര്‍ന്നുവന്ന സാഹചര്യമല്ല നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഉള്ളത്. എന്നാല്‍ പ്രചാരണ രീതികളില്‍ അമ്പരപ്പിക്കുന്ന സമാനതകളാണ്. ഗോര്‍ഗി ദിമിത്രോവ് ഫാസിസത്തിനെതിരായ ഐക്യമുന്നണിയില്‍ ജര്‍മ്മനിയിലെ ഫാസിസത്തിന്റെ വളര്‍ച്ചയും സ്വഭാവവും സംബന്ധിച്ച ഒരു വിശദമായ ശാസ്ത്രീയ വിശകലനം നടത്തുന്നുണ്ട്. ‘ഫാസിസം കടുത്ത സാമ്രാജ്യത്വവാദികളുടെ താത്പര്യത്തിനൊത്താണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ അത് ജനത്തിന് മുന്നില്‍ അപമാനിക്കപ്പെട്ട ഒരു രാജ്യത്തിന്റെ പോരാളിയായി സ്വയം ചമയുകയും അസ്വസ്ഥമായ ദേശീയ വികാരങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നു.’ ദിമിത്രോവ് കൂടുതല്‍ വ്യക്തമാക്കുന്നു; ‘ഫാസിസം ജനങ്ങളെ കടുത്ത അഴിമതിയുടെയും കാപട്യത്തിന്റെയും ശക്തികളുടെ ഇരകളാക്കുന്നു. പക്ഷേ അവര്‍ക്ക് മുന്നില്‍ സത്യസന്ധവും അഴിമതിരഹിതവുമായ സര്‍ക്കാരിനായി ആക്രോശിക്കുന്നു. ജനങ്ങളുടെ കടുത്ത മോഹഭംഗങ്ങളെ ചൂതാടി, ഫാസിസം അതിന്റെ വെറുപ്പിന്റെ വാചകമടികള്‍ ഓരോ സന്ദര്‍ഭത്തിനുമായി രൂപപ്പെടുത്തുകയും ചെയ്യുന്നു.’

ദിമിത്രോവിന്റെ നിരീക്ഷണം ഇന്നത്തെ ആര്‍ എസ് എസ്-ബി ജെ പി പ്രചാരണങ്ങള്‍ക്കും ബാധകമാണ്. അവര്‍ അഴിമതിയെയും കെടുകാര്യസ്ഥതയേയും ഉളുപ്പില്ലാതെ പ്രതിരോധിക്കുന്നു. അവര്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ മടിയില്ലാതെ വഞ്ചിക്കുന്നു. നവഉദാരവത്കരണത്തിന്റെ സാമ്പത്തിക പരിഷ്‌കരണ അജണ്ട നടപ്പാക്കാന്‍ പരസ്യമായി വാദിക്കുന്നു. ആ വിലപേശലില്‍ അന്താരാഷ്ട്ര സാമ്പത്തിക മൂലധനത്തിന്റെ അംഗീകാരവും നേടുന്നു. അങ്ങനെ അന്താരാഷ്ട്ര സാമ്പത്തിക മൂലധനവുമായി അവരുടെ ചാര്‍ച്ച കൂടിക്കൊണ്ടിരിക്കും. ‘മുറിവേല്‍പ്പിക്കപ്പെട്ട ദേശീയ (ഹിന്ദു എന്നു വായിയ്ക്കാം) വികാരങ്ങളെ നേരെയാക്കാന്‍’ എന്ന പേരില്‍ വര്‍ഗീയ ധ്രുവീകരണം രൂക്ഷമാക്കാന്‍ ഹിന്ദുത്വത്തിന്റെ കേന്ദ്ര അജണ്ടകളുടെ പ്രചാരണം നിരന്തരം നടത്തുകയും ചെയ്യുന്നുണ്ട്. ഫാസിസ്റ്റ് പ്രവര്‍ത്തനരീതിയുമായി വിറങ്ങലിപ്പിക്കുന്ന ചേര്‍ച്ച.

ഈ പിന്തിരിപ്പന്‍ പദ്ധതി വിജയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രധാന ഭാഗം ചരിത്രത്തെ ഹിന്ദു പുരാവൃത്തവും തത്ത്വചിന്തയെ ദൈവശാസ്ത്രവുമായി മാറ്റാനുള്ള ആര്‍ എസ് എസ്/ബി ജെ പി ശ്രമങ്ങളാണ്. ഇതിന്റെ ആദ്യസൂചനകള്‍ ബി ജെ പി സര്‍ക്കാരിന്റെ തുണയുള്ള ആര്‍ എസ് എസ് വക്താക്കളുടെ പരിഹാസ്യമായ പ്രസ്താവനകളിലും അവകാശവാദങ്ങളിലും വ്യക്തമാണ്. ആനയുടെ തല മനുഷ്യനില്‍ വെച്ചുപിടിപ്പിക്കാവുന്ന തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറിയില്‍ പൗരാണിക ഇന്ത്യയില്‍ ശാസ്ത്രം എത്തിച്ചേര്‍ന്ന ഉയരങ്ങളുടെ തെളിവാണ് ഹിന്ദു ദൈവം ഗണപതിയെന്ന് പ്രധാനമന്ത്രി മോദി തന്നെ വലിയവായില്‍ വിളിച്ചുപറയുന്നു. മഹാഭാരതത്തിലെ കര്‍ണന്‍ ടെസ്ട് ട്യൂബ് ശിശുവായിരുന്നെവെന്ന് പറയാനും അദ്ദേഹം മടിക്കുന്നില്ല. ഇതുമാത്രമല്ല, നമ്മുടെ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി മുറയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉയര്‍ന്ന പദവികളില്‍ ഹിന്ദുത്വ സൈദ്ധാന്തികരെ നിയമിക്കുന്നു. വിവരണം ആവശ്യമില്ലാത്ത അത്രയ്ക്കും ധാരാളമാണ് ഇത്തരം സംഭവങ്ങള്‍.

തത്ത്വചിന്തയുടെ തലത്തില്‍ യുക്തിഹീനതയെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം. ജോര്‍ജ് ലൂക്കാച്ചിന്റെ മികവുറ്റ സംഭാവനയായ ‘Destruction of Reason’ തത്വചിന്താപരമായ യുക്തിഹീനതയുടെ വിമര്‍ശനമെന്ന നിലയില്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വായിച്ചെടുക്കേണ്ടതുണ്ട്. ഹിറ്റ്‌ലറിലേക്കുള്ള ജര്‍മ്മനിയുടെ പോക്ക് തത്വചിന്തയുടെ ഭൂമികയിലൂടെയായിരുന്നു എന്നു ലൂക്കാച്ച് നിരീക്ഷിക്കുന്നു. ഹിറ്റ്‌ലര്‍ അധികാരത്തിലിരുന്നപ്പോള്‍ എഴുതി തുടങ്ങിയ പുസ്തകം ലൂക്കാച്ച് പൂര്‍ത്തിയാക്കുന്നത് ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന കാലത്തിലാണ്. ‘യുക്തിഹീനത സാമ്രാജ്യത്വ ലോകത്തെ ഒരു അന്താരാഷ്ട്ര പ്രതിഭാസമാണെന്ന്’ അദ്ദേഹം സമര്‍ത്ഥിക്കുന്നു.

യുക്തിഹീനത അതിന്റെ നിര്‍വചനം പോലെതന്നെ യുക്തിക്കെതിരായ ഒരു പ്രത്യയശാസ്ത്ര മാര്‍ഗമാണ്. യൂറോപ്യന്‍ ജ്ഞാനോദയം മുതല്‍ ഇന്നത്തെ സാമ്രാജ്യത്വ ആഗോളീകരണം വരെ അതിന്റെ എല്ലാ പ്രകടനങ്ങളിലും പ്രധാനലക്ഷ്യം മനുഷ്യ വ്യവഹാരങ്ങളില്‍ യുക്തിക്കുള്ള ശക്തിയെയും യാഥാര്‍ത്ഥ്യത്തെ കുറിച്ചു അറിവ് നല്‍കാന്‍ അതിനുള്ള ശേഷിയെയും വെല്ലുവിളിക്കുക എന്നതാണ്. അറിവിന് ഒരുകാലത്തും മുഴുവന്‍ വസ്തുതകളെയും വിശദീകരിക്കാനാകില്ല. എന്നാല്‍, യുക്തിഹീനത യാഥാര്‍ത്ഥ്യവും അറിവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ നിഷേധിക്കുന്നു. വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യം ലൂക്കാച്ച് പറയുന്നതുപോലെ, അതിനെക്കുറിച്ചുള്ള നമ്മുടെ അറിവിനേക്കാളും എത്രയോ സമ്പന്നവും സങ്കീര്‍ണവുമാണ്. അതുകൊണ്ടുതന്നെ, ഏതുസമയത്തും ചിന്തയും ഉണ്‍മയും തമ്മില്‍ സത്താപരമായ സംഘര്‍ഷം ഉണ്ട്. ഉടനെ പരിഹരിക്കാന്‍ കഴിയാത്ത ചില പ്രശ്‌നങ്ങളെ ഒരാള്‍ എപ്പോഴും അഭിമുഖീകരിച്ചുകൊണ്ടിരിക്കും. പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആകാത്തതാണെന്ന നിഗമനമാണ് യുക്തിഹീനതയുടേത്. അതിനാല്‍ ഒരാള്‍ക്ക് മുഴുവന്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും യുക്തിസഹമായ അറിവ് നേടുക അസാധ്യമാണെന്ന് അവര്‍ കരുതുന്നു. പൂര്‍ണ യാഥാര്‍ത്ഥ്യത്തെ വിശ്വാസം, ചോദന എന്നിവകൊണ്ടേ ഗ്രഹിക്കാനാകൂ, അത് അറിവിന്റെ ഉയര്‍ന്ന തലമാണ്. തത്വചിന്തയില്‍ പലകാലങ്ങളിലായി ഈ അനുമാനം ആവര്‍ത്തിക്കുന്നുണ്ട്.

ഇത്തരം നിര്‍വാദ തത്ത്വചിന്താ സങ്കല്‍പ്പങ്ങളെ വിമര്‍ശിച്ചുകൊണ്ട് വൈരുദ്ധ്യാത്മകത ഇതിന് വ്യക്തമായ പരിഹാരമാണെന്ന് വ്യക്തമാക്കുന്നു. ഇത് തത്വചിന്തയിലെ ആദര്‍ശവാദത്തിന് മേല്‍ ഭൗതികവാദം നേടിയ വലിയ വിജയമാണ്. ഒരു പ്രത്യേക ഘട്ടത്തില്‍ കാര്യകാരണങ്ങള്‍ വ്യക്തമാകാതിരിക്കുന്ന ഉടനെ അത് അറിവല്ല എന്ന ആദര്‍ശവാദികളുടെ നിഗമനത്തില്‍ എത്തുകയല്ല വേണ്ടത്. അതിനെ വിശ്വാസം, സ്വര്‍ഗീയം തുടങ്ങിയ ചില അതീത യുക്തി സംവിധാനത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു. ലൂക്കാച്ച് ഒരു പ്രധാന വശം അടിവരയിട്ടു പറയുന്നു; ‘യുക്തിഹീന്തയുടെ ഒരു നിയാമക ഘടകം… വളരെ വ്യക്തമാണ്… പ്രതിലോമ ബൂര്‍ഷ്വാസിയുടെ കണ്ണില്‍, യുക്തിഹീനതയുടെ ഏറ്റവും പ്രധാന ദൗത്യം മനുഷ്യര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ പ്രതീതിയുള്ള തത്വചിന്താപരമായ സാന്ത്വനവും, വ്യക്തിപരമായ സ്വയാധികാരങ്ങളും, ധാര്‍മിക, ബൗദ്ധിക കേമത്തവും ഉണ്ടെന്ന് തോന്നിപ്പിക്കുകയും അതേസമയം അവരെ യഥാര്‍ത്ഥ ഇടപാടുകളില്‍ പിന്തിരിപ്പന്‍ ബൂര്‍ഷ്വാസിയുമായി നിരന്തരം ബന്ധിപ്പിക്കുന്ന ഒരു കണ്ണി വെക്കുകയും അതിനു തികച്ചും വിധേയരാക്കുകയുമാണ്.’ (കൂടുതല്‍ വിശദാംശങ്ങള്‍ക്ക് Social Scientist ഏപ്രില്‍ 1984, ആസാദ് സൈദിയുടെ Book Review കാണുക).

ഇത്തരം തത്വചിന്താപരമായ യുക്തിഹീനതയാണ് ഇന്നത്തെ ആര്‍ എസ് എസ്-ബി ജെ പി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക ജീവിതത്തിന്റെ എല്ലാ വശങ്ങളിലും പരക്കുന്നത്. ഇത് ലളിതമായി പറഞ്ഞാല്‍ യുക്തിരഹിതമാണ്. ഇന്ത്യ എന്ന ആശയത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാമ്പത്തിക അജണ്ടക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ഇന്നത്തെ യുക്തി. ഇന്ത്യന്‍ സമ്പദ് രംഗത്തെ തങ്ങളുടെ ലാഭക്കൊതിക്ക് അടിപ്പെടുത്തുന്ന അന്താരാഷ്ട്ര സാമ്പത്തിക മൂലധനവുമായി കൂട്ടുചേര്‍ന്ന് നവഉദാര സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത് യുക്തിരഹിതമാണ്. സാമ്രാജ്യത്വ വിരുദ്ധ ദേശീയബോധത്തെ നിരാകരിക്കുകയും ഇന്ത്യയെ സാമ്രാജ്യത്വത്തിന്റെ ഒരു വിധേയ കൂട്ടാളിയായി മാറ്റുകയും ചെയ്യുക മാത്രമല്ല, ഇത് രണ്ട് ഇന്ത്യയും തമ്മിലുള്ള അകലങ്ങളെ അപാരമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ധനികരെ കൂടുതല്‍ ധനികരാക്കുകയും ചെയ്യുന്നു. ഇന്ത്യ എന്ന ആശയത്തിന്റെ സമഗ്ര കാഴ്ച്ചപ്പാടിന് കടകവിരുദ്ധമാണ് ഈ മഹാഭൂരിപക്ഷത്തെ പുറത്താക്കുന്ന അജണ്ട.

ഇന്നത്തെ യുക്തിയെന്നാല്‍, ദളിതര്‍, ആദിവാസികള്‍, മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങി സാമൂഹ്യസാമ്പത്തിക മേഖലകളില്‍ തിരസ്‌കൃതരായ നമ്മുടെ ജനതയുടെ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്കായി പോരാടുക എന്നതാണ്. ആളുകളെ പുറത്തുനിര്‍ത്തുന്ന രീതിയാണ് ഇന്നത്തെ അയുക്തി (ഖാപ് പഞ്ചായത്ത് പോലെ). സ്വകാര്യ മേഖലയില്‍ സംവരണം ആവശ്യപ്പെടലാണ് ഇന്നത്തെ യുക്തി. സാമൂഹ്യസാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വേര്‍പ്പെടുത്തി കഴിവിനെക്കുറിച്ച് സംസാരിക്കുന്നതാണ് ഇന്നത്തെ യുക്തിരാഹിത്യം.

നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന പോലെ ജാതി, വംശ, ലിംഗ വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ പൗരന്‍മാര്‍ക്കും തുല്യത ഉറപ്പുവരുത്തലാണ് ഇന്നത്തെ യുക്തി. ഡോ.അംബേദ്കര്‍ മുന്നറിയിപ്പ് തന്നപോലെ ഇത് നിഷേധിക്കലാണ് യുക്തിഹീനത. ഈ തുല്യതാനിഷേധമാണ് നിലവിലെ സാമ്പത്തികനയങ്ങളുണ്ടാക്കുന്ന പ്രതികൂലാഘാതങ്ങള്‍ക്ക് കാരണം.

മതത്തേയും ഭരണകൂടത്തേയും വേര്‍തിരിക്കുക എന്നാവശ്യപ്പെടലാണ് ഇന്നത്തെ യുക്തി. കടുത്ത വര്‍ഗീയ ധ്രുവീകരണവും വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്നത് യുക്തിരാഹിത്യവും. ഈ യുക്തിഹീനതയാണ് മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ക്കുനേരെയുള്ള ആക്രമണവും, അവരുടെ ജീവിത സുരക്ഷയും അവസരങ്ങളും തട്ടിയെടുക്കുകയും അവരെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഇരകളാക്കി മാറ്റുകയും ചെയ്യുന്നത്.

 

ഇന്ത്യ എന്ന ആശയത്തെ വളര്‍ത്തുന്ന തരത്തിലുള്ള മൂല്യങ്ങളെയാണ് ഇന്ന് പ്രോത്സാഹിപ്പിക്കേണ്ടത് എന്നാണ് യുക്തി. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ യുക്തിചിന്തയും ശാസ്ത്രീയതയും നിരാകരിക്കുന്നതിലൂടെ വര്‍ഗീയവിഷം കലര്‍ത്തുകയും സാര്‍വത്രിക വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്നതാണ് യുക്തിരാഹിത്യം. നമ്മുടെ സമ്പന്നമായ ബഹുദര്‍ശന സംസ്‌കാരത്തെ ഹിന്ദു പുരാണങ്ങള്‍ക്കൊണ്ട് പകരം വെക്കാമെന്ന് കരുതുന്ന അയുക്തിയാണത്. നമ്മുടെ സമ്പന്നമായ വൈവിധ്യതിന് മേല്‍ ഹിന്ദുത്വ അധീശത്വം അടിച്ചേല്‍പ്പിക്കുന്നതാണ് യുക്തിഹീനത.
എല്ലാവരുടെയും അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കലാണ് യുക്തി. ആശ്രിത മുതലാളിത്തത്തെയും അതിന്റെ കൂടെയുള്ള ഉന്നതങ്ങളിലെ അഴിമതിയെയും പ്രോത്സാഹിപ്പിക്കുന്നതാണ് യുക്തിഹീനത.

ഇന്ത്യ എന്ന ആശയം വികസിപ്പിക്കാന്‍ ഇന്ത്യയെ ആകെ ഉള്‍ക്കൊള്ളുന്ന ഒരു ദേശീയതയെ വളര്‍ത്തുക എന്നതാണ് യുക്തി. ഹിന്ദു ഏകീകരണത്തിനും ഭരണവര്‍ഗത്തിന്റെ അധീശത്വത്തിനുമായി ദേശീയതയെ പ്രയോഗിക്കുന്നത് യുക്തിഹീനമാണ്.

ഈ പട്ടിക എത്ര വേണമെങ്കിലും നീളും. മതേതര ജനാധിപത്യത്തെ വീണ്ടെടുക്കുന്നതിനുള്ള പുതിയ അജണ്ട എന്നാല്‍ ഈ പോരാട്ടത്തില്‍ യുക്തിഹീനതയ്ക്ക് മേല്‍ യുക്തിയുടെ വിജയമാണ്. ഇതാണ് ഇന്ത്യ എന്ന ആശയത്തിന്റെ മര്‍മ്മം. യുക്തിയും യുക്തിഹീനതയും തമ്മിലുള്ള ഈ പോരാട്ടത്തില്‍ വിജയം നേടാന്‍ ഇന്ത്യന്‍ ജനതയുടെ ഐക്യം ഊട്ടിയുറപ്പിക്കാനും ശക്തിപ്പെടുത്താനുമായി, ഇന്ത്യ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഇന്ത്യന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍