UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംബേദ്കര്‍ക്ക് യഥാര്‍ത്ഥ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നമുക്കാവുമോ?

Avatar

Ashok K N

ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ 125 ആം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഇന്ത്യയുടെ ഭരണഘടന പ്രതിബദ്ധത’ ചര്‍ച്ച യുടെ ഭാഗമായി സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിന്‍റെ  പൂര്‍ണ്ണ രൂപം

സര്‍, എനിക്കീ അവസരം തന്നതിന് നന്ദി. നമുക്ക് വേണ്ടിയിരുന്നത് ഡോ: അംബേദ്കര്‍ നിലകൊണ്ടിരുന്ന സാമൂഹ്യനീതിയുടെ കാഴ്ച്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകാവുന്ന തരത്തില്‍ അടിസ്ഥാനമാക്കാവുന്ന നിയമനിര്‍മ്മാണങ്ങളാണ്. ഇപ്പോള്‍, അതിനുപകരം നാം ഭരണഘടനയിലെ വിശ്വാസത്തെ ഒന്നുകൂടി ആവര്‍ത്തിക്കുന്നു എന്നുപറയാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവരികയാണ്. ഈ അരക്കിട്ടുറപ്പിക്കുന്നതിന്റെ ചോദ്യം എവിടെയാണ്? ഞാനും നിങ്ങളുമെല്ലാം ഇവിടെ ഈ ഭരണഘടനയുടെ സത്യപ്രതിജ്ഞ ചെയ്താണ് ഉള്ളത്. പിന്നെയീ വിശ്വാസം ആവര്‍ത്തിച്ചുറപ്പിക്കുന്നതിന്റെ നാടകം എന്താണ്? ഭരണഘടനയില്ലെങ്കില്‍ ഞാനും നിങ്ങളും ഇവിടെയില്ല. സര്‍ക്കാര്‍ അറിയേണ്ടത്, സഭാനേതാവ് അറിയേണ്ടത്, ഭരണഘടന അംഗീകരിക്കുന്നതുകൊണ്ടാണ് നാമിവിടെയുള്ളത് എന്നാണ്. പിന്നെയെവിടുന്നാണീ ‘ആവര്‍ത്തിച്ചുറപ്പിക്കല്‍’ വരുന്നത്? പിന്നെ എന്താണീ ഭരണഘടന ദിവസം സര്‍?

ചരിത്രം പരിശോധിച്ചു നോക്കാം. നവംബര്‍ 26ന് ഈ ഭരണഘടനയില്‍ നിയമനിര്‍മാണ സഭയുടെ അദ്ധ്യക്ഷന്‍ ഒപ്പുവെച്ചു. അത് വോട്ടിനിട്ട് കരട് അംഗീകരിച്ചു. ആ കരടില്‍ വ്യക്തമായി പറയുന്നു. ‘ഈ കരട് ഭരണഘടനയാവുകയും നമ്മള്‍ നിയമമാക്കുകയുംചെയ്യുന്നതോടെ 1950 ജനുവരി 26നു ഇന്ത്യ റിപ്പബ്ലിക്കാകും.’ഈ സര്‍ക്കാരിന് ഉത്തരമുണ്ടോ? 1949 നവംബര്‍ 26നും 1950 ജനുവരി 26നും ഇടയ്ക്ക് ഏത് നിയമമാണ് ഇന്ത്യ ഭരിച്ചതെന്ന് നമ്മുടെ സഭാ നേതാവ്, പ്രമുഖ അഭിഭാഷകന്‍, നമ്മളോട് പറഞ്ഞുതരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഈ ഭരണഘടനയാണോ? ഈ ഭരണഘടന അംഗീകരിച്ചതിന് ശേഷം ആ രണ്ടു മാസക്കാലം ഇന്ത്യ ഭരിച്ചത് ലണ്ടനിലെ പൊതുസഭയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലീ കൊണ്ടുവന്ന ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്,1947 പ്രകാരമായിരുന്നു. അന്നീ ഭരണഘടന എന്തായിരുന്നു? ആ രണ്ടുമാസക്കാലം നിങ്ങള്‍ ബ്രിട്ടീഷ് നിയമത്തിന്നു കീഴിലായിരുന്നു. ഇപ്പോള്‍ ഭരണഘടന സ്ഥാപന ദിനമായി 65 വര്‍ഷത്തിനുശേഷം നിങ്ങള്‍ എന്തു പുതിയ സംഗതിയാണ് കണ്ടെത്തുന്നത്? ജനുവരി 26നു നാമീ ഭരണഘടന നടപ്പാക്കുകയും നമ്മള്‍ റിപ്പബ്ലിക്കാകുകയും ചെയ്യുമെന്നു ഡോ: അംബേദ്കര്‍ തന്നെ പറയുമ്പോള്‍ പിന്നെയീ നവംബര്‍ 26 എന്താണ്? ശരിയാണ്, ആ ദിവസം ഭരണഘടന നിര്‍മ്മാണ സഭ ഈ കരട് അംഗീകരിച്ചു. പക്ഷേ അതപ്പോഴും ഭരണഘടനയായിട്ടില്ല. അതായിരുന്നില്ല അപ്പോഴും രാജ്യത്തെ നിയമം. അത് രാജ്യത്തെ നിയമമായത് 1950 ജനുവരി 26നാണ്. ഭരണഘടന സ്ഥാപന ദിനത്തെക്കുറിച്ച് അഭിഭാഷകര്‍ ഇന്നെന്തൊക്കെയാണ് സംസാരിക്കുന്നതു, സര്‍! നിങ്ങള്‍ക്ക് ഒന്നല്ലെങ്കില്‍ മറ്റൊരുദിനം വേണം കൊണ്ടാടാനായി. ഭരണഘടന നിര്‍മാണസഭ 1950 ജനുവരി 24നും 25നും വീണ്ടും ചേര്‍ന്നു. ജനുവരി 24നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു. 24നും 25നും ഭരണഘടന നിര്‍മ്മാണസഭയിലെ എല്ലാ അംഗങ്ങളും ഭരണഘടനയില്‍ ഒപ്പിട്ടു. നവംബര്‍ 26നു ഭരണഘടനയിലെ 395 ഉപഭാഗങ്ങളില്‍ 15 എണ്ണം മാത്രമാണ് നിലവില്‍ വന്നിരുന്നത്. 1950 ജനുവരി 26നു ഭരണഘടന സമ്പൂര്‍ണമായും നിലവില്‍ വന്നു. അപ്പോള്‍ ഈ പുതിയ സംഗതി/item എന്താണ് സര്‍? (തടസങ്ങള്‍) നിങ്ങള്‍ക്കതിനെ item song എന്നോ മറ്റെന്തെങ്കിലുമെന്നുമൊക്കെ വിളിക്കാം. അതിപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയിലെ ഒരു പുതിയ സംഗതിയാണ്. ഭരണകക്ഷിയിലെ ഒരു മുതിര്‍ന്ന നേതാവ് നമ്മുടെ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത് നല്ല പരിപാടി നടത്തിപ്പുകാരനാണെന്നാണ്. ഒന്നിന് പിറകെ ഒന്നായി പരിപാടികള്‍, ലണ്ടന്‍, മലേഷ്യ, ഭരണഘടന ദിവസത്തിന് ശേഷം നാളെയിനി പാരിസ്. എന്റെ ചെറുപ്പകാലത്ത് ഒരു സിനിമ കാണിച്ചിരുന്നു,’പാരിസ് കെ രംഗെ ശ്യാം’ നാളെ മുതല്‍ ഇനി അതാണ്.

ആനന്ദ് ശര്‍മ: അതൊരു സിനിമയുടെ പേരിലാകാന്‍ സാധ്യതയില്ല.

യെച്ചൂരി: എനിക്കറിയില്ല. അപ്പോള്‍, ഈ പരിപാടികള്‍ക്ക് പിന്നാലേ പരിപാടികള്‍ എന്താണ്? എന്താണ് നാം കണ്ടുകൊണ്ടിരിക്കുന്നത്,സര്‍?ക്ഷമിക്കണം, ഹിന്ദിയില്‍ പറയുന്നപോലുള്ള, ഈ സഭയുടെ ഗരിമ മുഴുവന്‍ ഇത്തരം തട്ടിക്കൂട്ട് പരിപാടികളാല്‍ താഴെപ്പോയിരിക്കുന്നു. നവംബര്‍ 26നു നമുക്ക് ഡോ:അംബേദ്കറോടും മറ്റുള്ളവരോടും അളവറ്റ ബഹുമാനമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ച ‘Objective Resolution’ എന്നു പേരുള്ള ഒരു പ്രമേയത്തിലാണ് ഭരണഘടന നിര്‍മാണ സഭ അതിന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്ന് ഈ സര്‍ക്കാരിനറിയുമോ? ഭരണഘടന നിര്‍മ്മാണ സഭയുടെ 11ല്‍ 6 യോഗവും objective resolution-നെ കുറിച്ചായിരുന്നു, ഈ കരടിനെ കുറിച്ചല്ലായിരുന്നു എന്നു സര്‍ക്കാരിനറിയുമോ? ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച ലക്ഷ്യങ്ങളെക്കുറിച്ചാണ് ഭൂരിഭാഗം ചര്‍ച്ചകളും നടന്നത്. സര്‍, അതാണ് നമ്മുടെ ചരിത്രം. ശരിയാണ്, വിജയി എപ്പോഴും ചരിത്രമെഴുതുന്നു.

പക്ഷേ ഇവിടെ വിജയി ചരിത്രം മാറ്റിയെഴുതാനും ശ്രമിക്കുകയാണ്. ഇതാണ് നാം കൈക്കൊണ്ട ചരിത്രം. സഭാനേതാവിനെപ്പോലെ ഞാനും സ്വാതന്ത്ര്യത്തിന് ശേഷമാണ് ജനിച്ചത്. നമുക്കെല്ലാമുള്ള പാരമ്പര്യ ചരിത്രമാണിത്. നിങ്ങള്‍ക്കീ ചരിത്രത്തെ താറുമാറാക്കി ഞങ്ങളോട് മറ്റൊരു ചരിത്രം പറയാനാകില്ല. ഇപ്പോള്‍, എന്തിനാണീ ഭരണഘടനാ ദിനം? എനിക്കു തോന്നുന്ന ഒരേയൊരു കാരണം, അവര്‍ക്കൊരിക്കലും ഒരു പങ്കുമില്ലാതിരുന്ന ദേശീയപ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ഒരു ശ്രമമാണിതെന്നാണ്.

ഈ ഉത്തരവ് എങ്ങനെയാണ് നല്‍കിയത്? സര്‍, ഇതൊരു ഗസറ്റ് വിജ്ഞാപനമാണ്, അതില്‍പ്പറയുന്നു,’എല്ലാ വര്‍ഷവും നവംബര്‍ 26 ഭരണഘടന ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.’ ആവശ്യമെങ്കില്‍ ഞാനത് സഭയുടെ മേശപ്പുറത്തുവെക്കാം. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് ഇത് പുറപ്പെടുവിച്ചത്. എല്ലാ വര്‍ഷവും ഇങ്ങനെ മന്ത്രാലയം ഇങ്ങനെ തീരുമാനിക്കാറുണ്ടോ?

ഒരു അംഗം: മന്ത്രി ഇവിടെയുണ്ട്.

യെച്ചൂരി: അതേ, ഞാന്‍ ശ്രദ്ധിച്ചു. HRD മന്ത്രി, മന്ത്രിയാകുന്നതിന് മുമ്പ് എന്റെ നല്ല സുഹൃത്തായിരുന്നു. അതിനുശേഷം അവര്‍ക്ക് അത്ര സമയമില്ല, ഭാരിച്ച ചുമതലകളായി. പക്ഷേ എനിക്കറിയേണ്ടത് വിജ്ഞാപനം 19നു വരുമ്പോഴേക്കും നവംബര്‍ 10നു ‘നവംബര്‍ 26 ഭരണഘടന ദിനമായി ആചരിക്കാന്‍’ ആവശ്യപ്പെട്ട് HRD മന്ത്രാലയം എങ്ങനെ നിര്‍ദേശം നല്കി എന്നാണ്. എന്താണ് സംഭവിക്കുന്നത്? ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരിപാടികള്‍. അത് മാത്രമേ പറയാനാകൂ, പരിപാടികള്‍. നിങ്ങള്‍ക്കതിന് പരിപാടി കൈക്കാര്യക്കാരുണ്ട്. നിങ്ങള്‍ക്കൊരു പങ്കുമില്ലാതിരുന്ന ദേശീയ പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ നിങ്ങളാഗ്രഹിക്കുന്നു. അപ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്കിനെക്കുറിച്ച് ചോദ്യങ്ങളുയരും. അതൊരു പഴയ ആരോപണമാണ്… (തടസങ്ങള്‍)

ബ്രിട്ടീഷ് ബോംബെ ആഭ്യന്തര വകുപ്പ്, ക്വിറ്റ് ഇന്ത്യ സമരകാലത്ത്,1942ല്‍, ഇങ്ങനെ നിരീക്ഷിക്കുന്നു,’സംഘ് വളരെ കൃത്യമായി നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നു.1942, ആഗസ്റ്റിലെ കുഴപ്പങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തു.’ ഇത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖകളാണ്. ഇപ്പോള്‍ തരുണ്‍ജി കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നു.

‘കാണ്‍പൂര്‍, ജാംഷെഡ്പൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളിലെ വലിയ തോതിലുള്ള പണിമുടക്കുകള്‍ക്കുശേഷം സെപ്റ്റംബര്‍ 5, 1942, ലണ്ടനിലെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു: ‘മിക്ക സി പി ഐ അംഗങ്ങളുടെയും പെരുമാറ്റം തെളിയിക്കുന്നത് എല്ലായ്‌പ്പോഴും വ്യക്തമായിരുന്നത് തന്നെയാണ്, ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികളുടെ സംഘമാണത് (തടസങ്ങള്‍). ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 അദ്ദേഹം വായിച്ചു. അതില്‍പ്പറയുന്നു,’പൗരന്‍മാര്‍ക്ക് ഒരു ഏകീകൃത സിവില്‍ നിയമുണ്ടാക്കാന്‍ ഭരണകൂടം ശ്രമിക്കണം’ ഇത് കൃഷി, മൃഗപരിപാലനത്തിനും ഉദ്ധരിച്ചു. അപ്പോള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു, ഇത് നിര്‍ദേശക തത്വങ്ങളാണ്, അവ ന്യായമോ, നടപ്പാക്കാവുന്നതോ ആകണമെന്നില്ല. ഈ നിര്‍ദേശക തത്വങ്ങളില്‍ മറ്റ് കാര്യങ്ങളുമുണ്ട്. സര്‍, അതൊന്നും എടുത്തുപറഞ്ഞില്ല. എന്താണവ പറയുന്നത്?’ഭരണകൂടം പ്രത്യേക ശ്രദ്ധയെടുത്ത് ദുര്‍ബല ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക താത്പര്യങ്ങളെ പിന്തുണയ്ക്കണം.’ എന്താണ് ബാബാസാഹേബ് അംബേദ്കര്‍ പറഞ്ഞത്’ ഇതേ സംഗതി: ആര്‍ട്ടിക്കിള്‍ 46. ആര്‍ട്ടിക്കിള്‍ 47ല്‍ പറയുന്നു: പോഷകാഹാരവും ജീവിതനിലവാരവും ഉയര്‍ത്താന്‍ നടപടിയെടുക്കണം.’ ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ഇന്ത്യയിലാണെന്നത് ലജ്ജാകരമല്ലേ? ഏറ്റവും കൂടുതല്‍ വളര്‍ച്ച മുരടിച്ച കുട്ടികളും ഇന്ത്യയിലാണെന്നത് ലജ്ജാകരമല്ലേ? ഇതാണ് ഭരണഘടനയുടെ നിര്‍ദേശകതത്വം, ആര്‍ടിക്കിള്‍ 47. എന്താണ് ചെയ്തത്?നിങ്ങള്‍ നിങ്ങള്‍ക്കാവശ്യമുള്ളത് തെരഞ്ഞെടുക്കുന്നു. അവിടെയാണ് നിങ്ങളുടെ ശരിക്കുള്ള ഉദ്ദേശത്തെക്കുറിച്ച് സംശയം ഉയരുന്നത്. നടപ്പാക്കേണ്ട മൗലികമായ കടമകളെക്കുറിച്ച് ആര്‍ടിക്കിള്‍ 51എ പറയുന്നു,’നമ്മുടെ ബഹുസ്വര സംസ്‌കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ ബഹുമാനിക്കാനും കാത്തുസൂഷിക്കാനും ഓരോ പൗരനും കടമയുണ്ട്.’ ബഹുസ്വര സംസ്‌കാരത്തെയാണോ നാം കാത്തുസൂക്ഷിക്കുന്നത്,സര്‍? 51A(h) എന്താണ് പറയുന്നത്?’ശാസ്ത്രീയ ത്വരയും മാനുഷികതയും അന്വേഷണത്തിന്റെയും പരിഷ്‌കരണത്തിന്റെയും ബോധവും വികസിപ്പിക്കുക.’ സര്‍, ഭഗവാന്‍ ഗണപതി പ്ലാസ്റ്റിക് സര്‍ജറിയുടെ സൃഷ്ടിയാണെന്നും മഹാഭാരതത്തിലെ കര്‍ണന്‍ ടെസ്ട് ട്യൂബ് ശിശുവാണെന്നുമൊക്കെ പറയുന്നത്, ശാസ്ത്രീയ ബോധമാണോ? അതും പ്രധാനമന്ത്രിയാണ് ഇങ്ങനെയൊക്കെ പറയുന്നത്. എന്താണ് സംഭവിക്കുന്നത്? എന്താണ് നിങ്ങള്‍ വ്യാഖ്യാനിക്കുന്നത്? നിങ്ങള്‍ നടപ്പാക്കാനും നടപ്പാക്കാതിരിക്കാനും ആഗ്രഹിക്കുന്നത് എന്തൊക്കെയാണ്? നിങ്ങള്‍ കടുത്ത ഹിന്ദുത്വ അജണ്ട പുനരുജ്ജീവിപ്പിക്കുകയാണ്. പശു സംരക്ഷണമാണ് നിങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ എല്ലാ പൗരന്‍മാര്‍ക്കും ജീവിതത്തില്‍ സ്വാതന്ത്ര്യത്തിനുള്ള അവകാശമാണ്. അദ്ദേഹം ഇവിടെ ആര്‍ട്ടിക്കിള്‍ 30 ഉദ്ധരിച്ചു. എന്നിട്ട് പറഞ്ഞു, ആര്‍ട്ടിക്കിള്‍ 29ഉം 30ഉം ഇതിന് വിരുദ്ധമാണെന്ന്. ആര്‍ടിക്കിള്‍ 15 പറയുന്നു’മതം, വംശം, ലിംഗം, ജന്‍മസ്ഥലം, അല്ലെങ്കില്‍ ഇതെതെങ്കിലുമൊന്നു എന്നിവയുടെ പേരില്‍ ഒരു പൗരനോടും ഭരണകൂടം വിവേചനം പുലര്‍ത്താന്‍ പാടില്ല.’ ഇതാണ് ആര്‍ടിക്കിള്‍15, മൗലികാവകാശങ്ങള്‍.

അദ്ദേഹം പറയുന്നു, ‘ആര്‍ട്ടിക്കിള്‍ 29ഉം 30ഉം വിരുദ്ധമാണെന്ന്.’ സര്‍, ഏത് അഭിഭാഷകനും അറിയാം, ഏത് സ്വാതന്ത്ര്യവും ചില നിയന്ത്രണങ്ങളോടെയാണ് വരിക എന്നു. ശ്രീ. പരാശരന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യുക്തിസഹമായ നിയന്ത്രണങ്ങളില്ലാത്ത ഒരു സ്വാതന്ത്ര്യവുമില്ല. ഈ നിയന്ത്രണങ്ങള്‍ ആര്‍ട്ടിക്കിള്‍ 29, 20 എന്നിവയില്‍ പറയുന്നുണ്ട്. മത, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പറയുന്നിടത്ത്. ന്യൂനപക്ഷങ്ങള്‍ എന്നാല്‍ ഇവിടെ മതപരം മാത്രമല്ല, ഭാഷ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടും. അപ്പോഴാണ് പറയുന്നത്,’ഇത് വൈരുദ്ധ്യമാണ്, ഇത് നമുക്ക് മാറ്റേണ്ടേ’ എന്ന്. ഈ ഭരണഘടനയെക്കുറിച്ച്, ഈ വൈരുദ്ധ്യത്തെക്കുറിച്ച് പറഞ്ഞാല്‍ അംബേദ്കര്‍ ഇന്ന് എന്തായിരിക്കും പറയുക? സഹിഷ്ണുത പുലര്‍ത്തേണ്ട കടമയെക്കുറിച്ചും ഒരു പ്രത്യേക അസഹിഷ്ണുത വീക്ഷണം പരത്താതിരിക്കേണ്ടതിനെക്കുറിച്ചുമായിരിക്കും അദ്ദേഹം തീര്‍ച്ചയായും പറയുക. അതാണിന്നത്തെ ഏറ്റവും പ്രധാന തര്‍ക്ക വിഷയം. ഞാന്‍ മാധ്യമങ്ങളില്‍ വായിക്കുകയായിരുന്നു, ആഭ്യന്തരമന്ത്രി പറയുന്നു, മതേതരത്വം ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത വാക്കാണ്, അതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന്. അദ്ദേഹം, അധിക്ഷേപിക്കപ്പെട്ട നമ്മുടെ പാവം നടന്‍ ആമീര്‍ഖാനേയും പൊക്കിക്കൊണ്ടുവന്നു. ‘അംബേദ്കര്‍ രാജ്യം വിട്ടുപോയില്ല. പക്ഷേ ഇവിടെനിന്ന് പൊരുതി.’ അതുതന്നെയാണ് സര്‍, ആമീര്‍ഖാനും പറഞ്ഞത്. അയാള്‍ പറഞ്ഞില്ല, അയാള്‍ രാജ്യം വിട്ടുപോവുകയാണെന്ന്. അയാളിവിടെ നില്‍ക്കുകയും പൊരുതുകയും ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അപ്പോള്‍ നിങ്ങള്‍ അവരെ ആക്ഷേപിക്കുന്നത് ഇടതുപക്ഷമാണ് ഇതിന്റെ പ്രായോജകര്‍ എന്നുപറഞ്ഞാണ്. അത്തരം എല്ലാ ആളുകളെയും ഞങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നതിന് നന്ദിയുണ്ട്. ഞങ്ങളുടെ വര്‍ഗം പെരുകുകയാണ്. അതാണ് നിങ്ങള്‍ ചെയ്യുന്നത്….(തടസങ്ങള്‍)

പക്ഷേ ഓര്‍ക്കുക, അംബേദ്കര്‍ നാട് വിട്ടുപോയില്ല. അദ്ദേഹം ദേശസ്‌നേഹിയായിരുന്നു. പക്ഷേ അംബേദ്കര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. നിങ്ങളത് ഓര്‍ക്കുന്നുണ്ടോ? എന്തുകൊണ്ടാണ്? അവിടെയാണ് അസഹിഷ്ണുതയുടെ പ്രശ്‌നം വരുന്നത്. സര്‍, ഇത് വീണ്ടും ചരിത്രത്തിന്റെ വിഷയമാണ്. നിങ്ങള്‍ക്കതു മായ്ച്ചുകളയാനാവില്ല. ഇനി സഹിഷ്ണുതയുടെ കാര്യത്തിലാണെങ്കില്‍ സഭാ നേതാവ് ഉദ്ധരിച്ച, നവംബര്‍ 25ലെ അംബേദ്കറുടെ പ്രസംഗം തന്നെയെടുക്കാം. എന്താണ് അംബേദ്കര്‍ പറഞ്ഞത്? അദ്ദേഹം ചരിത്രം ആവര്‍ത്തിക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ‘നമുക്ക് നമ്മുടെ സ്വാതന്ത്ര്യം ഇനിയും നഷ്ടപ്പെടുമോ? ഇന്ത്യക്കാര്‍ അവരുടെ വംശത്തെ രാജ്യത്തിനും മുകളില്‍ പ്രതിഷ്ഠിക്കുമോ അതോ രാജ്യത്തെ വംശത്തിന് മുകളിലായോ? എനിക്കറിയില്ല.’ സഭാ നേതാവ് പറഞ്ഞപോലെ അംബേദ്കര്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്തായിരിക്കും അദ്ദേഹം പറയുക? അദ്ദേഹം പറയുമായിരുന്നത്,’ ഇന്ത്യക്കാര്‍ അവരുടെ വംശത്തെ രാജ്യത്തിന് മുകളില്‍ പ്രതിഷ്ഠിക്കാന്‍ നിര്‍ബന്ധിതരാകുന്നു’ എന്നാണ്. അത്തരം അസഹിഷ്ണുതയാണ് രാജ്യത്ത് ഇന്ന് നടക്കുന്നത്. അംബേദ്കര്‍ എന്താണ് പറഞ്ഞത്? ‘പക്ഷേ ഒരുകാര്യം തീര്‍ച്ചയാണ് കക്ഷികള്‍ വംശത്തെ രാജ്യത്തിന് മുകളില്‍ വെച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം രണ്ടാമതൊരിക്കല്‍ക്കൂടി അപകടത്തിലാകും, ഒരുപക്ഷേ എന്നത്തേക്കുമായി. ഈ അപകടത്തിനെതിരെ നാം ജാഗ്രത പുലര്‍ത്തനം. നമ്മുടെ അവസാന തുള്ളി രക്തം വരെയും നമ്മുടെ സ്വാതന്ത്ര്യത്തെ നാം പ്രതിരോധിക്കണം.’

ഇന്നിപ്പോള്‍ ഞാന്‍ അസഹിഷ്ണുതയ്‌ക്കെതിരെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് അംബേദ്കര്‍ എന്താണോ ചെയ്യാന്‍ ആവശ്യപ്പെട്ടത് അതുതന്നെയാണ്.

ഇനി നാം സാമൂഹ്യനീതിയെക്കുറിച്ചുള്ള ചോദ്യം കേട്ടു. ഡോ: അംബേദ്കറുടെ പ്രധാന വാദം വിസ്മരിച്ചിട്ടാണിത്. ഒരിക്കല്‍ക്കൂടി ഞാനത് ഉദ്ധരിക്കുകയാണ്.

‘1950 ജനുവരി 26ന് ഒരിക്കല്‍ക്കൂടി നോക്കുക, അതാണ് ഭരണഘടന ദിനം, റിപ്പബ്ലിക് ദിനം നാം വൈരുദ്ധ്യങ്ങളുടെ ഒരു ജീവിതത്തിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത്. രാഷ്ട്രീയത്തില്‍ നാം തുല്യത നല്‍കും, എന്നാല്‍ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ അസമത്വം തുടരും. രാഷ്ട്രീയത്തില്‍ നാം തത്വത്തില്‍ ‘ഒരാള്‍ക്ക് ഒരു വോട്ട്’,’ഒരു വോട്ടിന് ഒരേ മൂല്യം’എന്ന ആശയം അംഗീകരിക്കും. നമ്മുടെ സാമൂഹ്യ, സാമ്പത്തിക ജീവിതത്തില്‍ നമ്മുടെ സാമൂഹ്യ, സാമ്പത്തിക ഘടനയുടെ കാരണങ്ങളാല്‍ ‘ഒരു മനുഷ്യന്‍ ഒരു മൂല്യം’ എന്ന തത്വം നിഷേധിക്കുന്നത് നാം തുടരുകയും ചെയ്യും. ഇതാണ് വൈരുദ്ധ്യം. എന്നിട്ട് അദ്ദേഹം തുടരുന്നു,’നീണ്ടനാള്‍ അങ്ങനെ ചെയ്യുന്നത് തുടര്‍ന്നാല്‍ നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ നാശത്തിലേക്ക് തളിവിടുകയായിരിക്കും നാം ചെയ്യുന്നത്. എത്രയും വേഗം ഈ വൈരുദ്ധ്യങ്ങളെ നാം പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, ഈ സഭ ഏറെ പരിശ്രമിച്ചുണ്ടാക്കിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ ഈ അസമത്വത്തിന്റെ ഇരകള്‍ തകര്‍ക്കും.’ ഇതാണ് ഡോ: അംബേദ്കര്‍ അതേ പ്രസംഗത്തില്‍ പറഞ്ഞത്. ഇന്നത്തെ അവസ്ഥയെന്താണ്? നമ്മുടെ രാജ്യത്തെ നൂറോളം ശതകോടീശ്വരന്‍മാരുടെ ആസ്തി രാജ്യത്തിന്റെ ജി ഡി പിയുടെ പകുതിയോളം വരും. പുതിയ സെന്‍സസ് പ്രകാരം എന്റെ രാജ്യത്തെ 90% കുടുംബങ്ങള്‍ക്കും പ്രതിമാസവരുമാനം 10,000 രൂപയിലും കുറവാണ്. ഈ വൈരുദ്ധ്യം പരിഹരിക്കുകയാണോ അതോ അതിനെ കൂടുതലാക്കുകയാണോ? ഈ വൈരുധ്യത്തിലെ അന്തരം എങ്ങനെ കുറയ്ക്കാനാകും എന്നതിനെക്കുറിച്ചാണോ നാം ചര്‍ച്ച ചെയ്യുന്നത്? പകരം, ഓരോ വിദേശസന്ദര്‍ശനത്തിലും വിദേശ മൂലധനത്തിന് പുതിയ ഇളവ് നല്‍കുന്നതാണ് നാം കാണുന്നത്. 15 പുതിയ മേഖലകള്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നുകൊടുത്തു. വാണിജ്യ വിളകളുടെ ആഭ്യന്തര ഉത്പാദനത്തെ സ്വതന്ത്ര വ്യാപാര കരാറുകള്‍ നശിപ്പിക്കുകയാണ്. കാര്‍ഷിക പ്രതിസന്ധി രൂക്ഷമാകുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ഈ സര്‍ക്കാരിന്റെ കണക്കുകള്‍ത്തന്നെ വച്ചു വ്യാവസായിക ഉത്പാദന സൂചിക ഈ മാസം 6 ശതമാനത്തിലേറെ ഉണ്ടായിരുന്നതില്‍ നിന്നും മൂന്നു ശതമാനത്തോളമായി ഇടിഞ്ഞിരിക്കുന്നു. നിര്‍മ്മാണ മേഖല ആറില്‍ നിന്നും 2.4 ശതമാനമായി കുറഞ്ഞു.

അംബേദ്കറുടെ സാമൂഹ്യനീതി സങ്കല്‍പ്പത്തില്‍ നാം എവിടെയെത്തി നില്‍ക്കുന്നു? പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചും സംവരണത്തെക്കുറിച്ചും ഞാന്‍ പരാമര്‍ശിച്ചിരുന്നു. അസമത്വത്തിന്റെ വിഷയമെടുത്താല്‍ നമ്മുടെ ജനങ്ങളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്താണീ വൈരുദ്ധ്യം? നിങ്ങള്‍ യാഥാര്‍ത്യത്തിലേക്കൊന്നു നോക്കണം. നമ്മള്‍ അംബേദ്കറെ അനുസ്മരിക്കുകയാണോ? ഈ നിലക്കാണോ ആധുനിക ഇന്ത്യ സാമൂഹ്യനീതിയുടെ കാഴ്ച്ചപ്പാടുകളെ പൂര്‍ത്തീകരിക്കുന്നത്. രാഷ്ട്രീയ കക്ഷികളെ മറന്നേക്കൂ. ഏത് കക്ഷിയിലാണ് നമ്മളെന്നതും വിട്ടുകളയാം. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഈ വിശ്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം നമ്മളോട് സത്യസന്ധത പുലര്‍ത്തുന്നുണ്ടോ? നമുക്ക് സ്വാതന്ത്ര്യവും ഭരണഘടനയും തന്ന അംബേദ്കറടക്കമുള്ള ആ തലമുറയോടു നെഹ്‌റു, ഗാന്ധി, അബ്ദുള്‍ കലാം ആസാദ്, സര്‍ദാര്‍ പട്ടേല്‍ നാം നീതിപുലര്‍ത്തുന്നുണ്ടോ? എന്തു ചെയ്യാനാണ് അവര്‍ നമ്മെ ആഹ്വാനം ചെയ്തത്? അത് നമ്മള്‍ ചെയ്യുന്നുണ്ടോ? എന്താണീ വിശ്വാസം ഊട്ടിയുറപ്പിക്കല്‍? ഫെഡറലിസത്തിലേക്ക് വരാം. അംബേദ്കര്‍ എന്താണ് പറഞ്ഞത് ?

ഒരു ഫെഡറല്‍ ഘടനയില്‍, കേന്ദ്രസംസ്ഥാന ബന്ധങ്ങളെക്കുറിച്ച് അംബേദ്കര്‍ എന്താണ് പറഞ്ഞത്? ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തുല്യരാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതേ പ്രസംഗത്തില്‍ നിന്നും ഞാന്‍ വായിക്കാം,’ഇത്തരമൊരു ഭരണഘടനയെ കേന്ദ്രീകൃതം എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടാണ്. അതായത് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വം നിയമനിര്‍മ്മാണ, നടത്തിപ്പ് അധികാരങ്ങള്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ പങ്കുവെച്ചിട്ടുണ്ട് എന്നാണ്. ഇതേതെങ്കിലും കേന്ദ്രനിയമപ്രകാരമല്ല, ഭരണഘടനയനുസരിച്ചാണ്.’ അതാണ് ഭരണഘടനയുടെ സത്ത. ഫെഡറലിസത്തിന്റെ ഈ തത്വം പിന്തുടരുന്നുണ്ടോ സര്‍? നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 356ന്റെ ദുരുപയോഗത്തെക്കുറിച്ച് പറയുന്നു. അതതിന്റെ ഒരു ഭാഗം മാത്രമാണ്. കേരളത്തിലെ ഞങ്ങളുടെ സര്‍ക്കാരാണ് ആര്‍ട്ടിക്കിള്‍ 356ന്റെ ആദ്യ ഇര. അങ്ങ് 1950കളില്‍. അന്ന് നിങ്ങളിലെത്ര പേര്‍ ഉണ്ടായിരുന്നു എന്നെനിക്കറിയില്ല. രണ്ടാമതും 1960കളില്‍ ഞങ്ങളതിന്റെ ഇരകളായി. ബംഗാളില്‍ രണ്ടു തവണ 1967ലും 1969ലും ഞങ്ങള്‍ക്കെതിരെ അത് പ്രയോഗിച്ചു.

ടി കെ രംഗരാജന്‍: ശ്രീ ആന്റണി ഇവിടെയുണ്ട്. അദ്ദേഹമായിരുന്നു നായകന്‍.

യെച്ചൂരി: ബഹുമാനപ്പെട്ട ആന്റണി ഇവിടെയുണ്ട്. സര്‍, അതൊക്കെ മാറ്റിനിര്‍ത്തിയാല്‍ എന്താണ് ഫെഡറലിസം? അത് വെറും തുല്യത മാത്രമല്ല, സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കൂടിയാണ്. അത് നമ്മള്‍ നല്‍കുന്നുണ്ടോ? പിന്നെ നിങ്ങള്‍ നീതിന്യായ സംവിധാനത്തെക്കുറിച്ച് പറഞ്ഞു. ഞാന്‍ പറയട്ടെ, അംബേദ്കര്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. അതേ പ്രസംഗത്തില്‍ നിന്നുതന്നെ ഞാനെടുത്തു പറയാം,’കോടതികള്‍ക്ക് പുതുക്കാം, പക്ഷേ പകരം വെക്കാനാവില്ല. പുതിയ വാദമുഖങ്ങളും വീക്ഷണങ്ങളും വരുമ്പോള്‍ അവയ്ക്ക് മുന്‍ വ്യാഖ്യാനങ്ങള്‍ പുനരവലോകനം ചെയ്യാം. എന്നാല്‍ അവയ്ക്ക് മറികടക്കാന്‍ പാടില്ലാത്ത ചില തടസങ്ങളുണ്ട്. മാറ്റിയേല്‍പ്പിക്കാനാകാത്ത ചില ഉത്തരവാദിത്തങ്ങളുണ്ട്. നിലവിലുള്ള അധികാരങ്ങള്‍ക്ക് ഒരു വിശാലഘടന നല്‍കാം, എന്നാല്‍ മറ്റൊരു അധികാരകേന്ദ്രത്തിന് നല്‍കിയ അധികാരങ്ങളെ മറ്റൊന്നിന് മാറ്റിനല്‍കാന്‍ അവയ്ക്കാവില്ല.’ എക്‌സിക്യൂട്ടീവ്, നീതിന്യായ സംവിധാനം, നിയമനിര്‍മ്മാണസഭ എന്നിവയുടെ ചുമതലകളുടെ വേര്‍തിരിക്കലും അനുപൂരകത്വവും നമ്മുടെ ഭരണഘടനയുടെ സവിശേഷതകളാണ്. ഇത് കോടതികളെ സംബന്ധിച്ച്. പക്ഷേ എന്നെ അസ്വസ്ഥനാക്കുന്നത് നിങ്ങള്‍ അംബേദ്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു എന്നതാണ്. ഓര്‍ക്കുക, 1946 മുതല്‍ 1950 വരെ ലോകത്തിന്റെ അവസ്ഥയെന്തായിരുന്നു? ദശലക്ഷക്കണക്കിനാളുകള്‍ കൊളോണിയല്‍ അടിമത്തത്തിലായിരുന്നു. ഈ രാജ്യങ്ങള്‍ സ്വതന്ത്രമായപ്പോള്‍ നാം ഇന്ത്യയില്‍ ചെയ്തത് വിപ്ലവകരമായ ഒരു നടപടിയാണ്. നാം സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കി. മറ്റ് രാജ്യങ്ങള്‍ ചെയ്തിരുന്നില്ല (തടസങ്ങള്‍). യൂറോപ് അതനുവദിച്ചിരുന്നില്ല, എന്തിന് യു.എസും അനുവദിച്ചിരുന്നില്ല. പ്രസിഡണ്ട് ഒബാമ ഇവിടെ വന്നു. ഇരുപക്ഷത്തുമുള്ള എല്ലാവരും സെന്‍ട്രല്‍ ഹാളില്‍ ആകാംക്ഷയോടെ ഇരുന്നു. അപ്പോള്‍ അദ്ദേഹം പാര്‍ലമെന്റിന്റെ സുവര്‍ണ പുസ്തകത്തില്‍ എഴുതി അതില്‍ സ്വര്‍ണമൊന്നുമില്ല ‘ലോകത്തെ ഏറ്റവും പഴയ ജനാധിപത്യത്തില്‍ നിന്നും ഏറ്റവും വലിയ ജനാധിപത്യത്തിന് ആശംസകള്‍.’ ഇതായിരുന്നു സന്ദേശം. അന്ന് വൈകീട്ട് രാഷ്ട്രപതിയുടെ വിരുന്നില്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു,’സര്‍, നിങ്ങള്‍ ലോകത്തെ ഏറ്റവും പഴക്കമുള്ള ജനാധിപത്യമാണെന്നത് ശരിയല്ല.’ അദ്ദേഹം ചോദിച്ചു,’എന്തുകൊണ്ട്?’ ഞാന്‍ പറഞ്ഞു,’സര്‍, നിങ്ങള്‍ക്ക് അതായത് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് യു.എസില്‍ സാര്‍വത്രിക വോട്ടവകാശം ലഭിച്ചതു 1962ലാണ്, അതായത് താങ്കള്‍ ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞ്. ഇന്ത്യയില്‍ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം ഞങ്ങള്‍ 1950ല്‍ നല്‍കി.’ നിങ്ങള്‍ ദളിതനോ, ഭൂവുടമയോ, മുസ്ലീമോ, ഹിന്ദുവോ ആരുമാകട്ടെ നമ്മളത് 1950ല്‍ നല്‍കി. എന്നാല്‍ ഇന്നെന്താണ് സംഭവിക്കുന്നത്? ഹരിയാനയില്‍ 86% ആളുകളെയും പല കാരണങ്ങളാല്‍ വോട്ടുചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കാനാണ് പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കുറെ മാനദണ്ഡങ്ങളില്‍പ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മത്സരിക്കാനും വോട്ട് ചെയ്യാനുമാകില്ല.

രാജസ്ഥാനില്‍ പകുതിയോളം ജനങ്ങളെ വോട്ടവകാശത്തില്‍ നിന്നും പുറത്താക്കുന്ന നിബന്ധനകളാണ്. ഗുജറാത്തില്‍, നിങ്ങള്‍ക്ക് ഒരു പക്ക ശൗചാലയം ഇല്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനോ മത്സരിക്കാനോ ആകില്ല. ഇവിടെയെല്ലാം ബി ജെ പി സര്‍ക്കാരുകളാണ്. നിങ്ങള്‍ അംബേദ്കറിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് വന്നത്. അദ്ദേഹം ചെയ്ത വലിയൊരു കാര്യം സാര്‍വത്രിക വോട്ടവകാശമാണ്. ബി ജെ പിയുടെ സംസ്ഥാന സര്‍ക്കാരുകളുള്ള ഇടങ്ങളില്‍ നിങ്ങളത് ജനങ്ങള്‍ക്ക് നിഷേധിക്കുന്നു(സമയം അറിയിക്കുന്ന മണി മുഴങ്ങുന്നു).

സര്‍, മണി മുഴക്കുമെന്നെനിക്കറിയാം. ഇക്കാര്യങ്ങളെല്ലാം അങ്ങ് പരിഗണിക്കണം. ഭരണനിരകള്‍ കാലിയാണ്. തിങ്കളാഴ്ച്ച മറുപടി വരുമ്പോള്‍ ആര് ആരെ എന്തറിയിക്കുമെന്ന് എനിക്കറിയില്ല.

ഉപാധ്യക്ഷന്‍: മന്ത്രിമാര്‍ ഇവിടുണ്ട്… (തടസങ്ങള്‍) അവരറിയിക്കും.

യെച്ചൂരി: എന്റെ സുഹൃത് മുക്താര്‍ അബ്ബാസ് നഖ്‌വിയോട് എനിക്കു സഹതാപമുണ്ട്. എന്തൊക്കെ ഭാരമാണ് അദ്ദേഹം ചുമക്കുക. ഇക്കണ്ടതൊക്കെ പറഞ്ഞത് മുകളില്‍പ്പോയി പറഞ്ഞു മറുപടി പറയണമെന്ന് എങ്ങനെ പറയും? ഉദ്യോഗസ്ഥര്‍ പോലും പോയിരിക്കുന്നു. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഞങ്ങള്‍ക്ക് മനസിലാകും. അവര്‍ ഞങ്ങളെ സ്വാഭാവികമായും അവഗണിക്കുകയാണ്(തടസങ്ങള്‍).

സര്‍, ഞാനെന്റെ അവസാന വാദങ്ങളിലേക്ക് വരാം. സഭാ നേതാവ് ജര്‍മ്മനിയിലെ തേഡ് റെയിക് സംബന്ധിച്ച് ശ്രദ്ധേയമായ ഒരു പരാമര്‍ശം നടത്തി. നന്നായിരിക്കുന്നു,സര്‍. തേഡ് റെയ്ക്കിനെ കുറിച്ചും അതിന്റെ അപകടങ്ങളെയും സമഗ്രാധിപത്യത്തെയും കുറിച്ചു ഓര്‍ക്കാന്‍ ഞങ്ങള്‍ക്ക് അവസരം തന്നതില്‍ സഭാനേതാവിനോടു നന്ദിയുണ്ട്. സര്‍, 1939ല്‍ ഈ ഇന്ത്യയുടെ സ്വഭാവം എന്തായിരിക്കണമെന്ന കാര്യത്തില്‍ സംവാദങ്ങള്‍ നടക്കവേ, ഇന്ത്യയുടെ രാഷ്ട്രീയത്തിലും ഭാവിയിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഒരു പുസ്തകം, മാധവ് സദാശിവ് ഗോള്‍വാര്‍ക്കര്‍ എഴുതിയ’ നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു,’ ഉണ്ടായിരുന്നു. അദ്ദേഹത്തെ ആര്‍ എസ് എസ് ഗുരു എന്നാണ് വിളിച്ചിരുന്നത്. സഭാ നേതാവ് തേഡ് റെയ്കിനെ കുറിച്ചു പറഞ്ഞതുകൊണ്ടു ഞാനാ പുസ്തകത്തില്‍ തേഡ് റെയ്ക്കിനെ കുറിച്ചു പറഞ്ഞത് എടുത്തുപറയാം. ഹിന്ദുക്കള്‍ മാത്രമാണ് ഈ രാജ്യത്തു അധിവസിക്കുന്നവര്‍ എന്നാണു അദ്ദേഹം പറഞ്ഞത്. ‘വംശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ സെമിറ്റിക് വംശമായ ജൂതന്മാരെ ഇല്ലാതാക്കിക്കൊണ്ട് ജര്‍മ്മനി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ‘സര്‍, ഇന്ത്യയിലെ സമാന്തര സമാനതകള്‍ നോക്കൂ ജൂതന്‍മാര്‍ക്കും വംശത്തിനും സംസ്‌കാരശുദ്ധിക്കും പകരം ഇന്ത്യയില്‍ ആരൊക്കെയാണ്, എന്തൊക്കെയാണ്. ഞാന്‍ ഉദ്ധരണി തുടരാം, ‘വംശാഭിമാനം അതിന്റെ ഔന്നത്യത്തില്‍….(തടസങ്ങള്‍)

വി പി സിംഗ് ബദ്‌നോരെ: സര്‍, ഏത് പുസ്തകമാണ് അദ്ദേഹം പറയുന്നത്?

ഉപാധ്യക്ഷന്‍: ഏത് പുസ്തകമാണ്?

ആനന്ദ് ശര്‍മ: അദ്ദേഹം നിങ്ങളുടെ ശാസ്ത്രങ്ങളില്‍ നിന്നാണ് ഉദ്ധരിക്കുന്നത്(തടസങ്ങള്‍).

ഉപാധ്യക്ഷന്‍: ഏതാണ് പുസ്തകം?

യെച്ചൂരി: ബി ജെ പി എം പി ആയതുകൊണ്ട് എന്റെ സുഹൃത്തിന് ആര്‍ എസ് എസിന്റെ കാര്യങ്ങള്‍ അത്ര പിടിയുണ്ടാകില്ല. പുസ്തകത്തിന്റെ പേര് ‘We or Our nationhood Defined’ പുറം 35. 1939ല്‍ ഭാരത് പ്രകാശനാണ് പുസ്തകം പ്രസാധനം ചെയ്തത്. രണ്ടാം പതിപ്പ് 1944ല്‍. അതാണതിന്റെ ആധികാരികത. ഇതിനകം മാറ്റിയിട്ടില്ലെങ്കില്‍ അത് വായനശാലയിലുണ്ടാകും. ഞാന്‍ ഉദേശിച്ചത്, ഇത്തരം എല്ലാ പുസ്തകങ്ങളും മാറ്റുന്ന ഒരു പതിവ് അവര്‍ക്കുണ്ടെന്നാണ്. പക്ഷേ അതല്ലെങ്കില്‍ പുസ്തകം പാര്‍ലമെന്റ് വായനശാലയിലുണ്ടാകണം. അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ സഹായിക്കാം, ഒരു പകര്‍പ്പ് തരാം.

പുറം 35ല്‍ പറയുന്നു,’വംശാഭിമാനാം അതിന്റെ ഔന്നത്യത്തില്‍ പ്രകടമാണ്. അടിവേരോളം ഭിന്നതകളുള്ള വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒന്നിച്ചുപോകല്‍ എത്ര അസാധ്യമാണെന്നും ജര്‍മ്മനി കാണിച്ചു തന്നിരിക്കുന്നു. നമുക്ക് നല്ലൊരു പാഠമാണത്.’ ദയവായി ഇതൊന്നു മനസിലാക്കണം.

വി പി സിംഗ് ബദ്‌നോരെ: നമുക്കത് ചെയ്യാനാകില്ല. അതുകൊണ്ട്! ഏതാണ് ആ വ്യാഖ്യാനം? (തടസങ്ങള്‍) നമുക്കത് ചെയ്യാനാകില്ല. അതിലെന്താണ് കുഴപ്പം (തടസങ്ങള്‍)

യെച്ചൂരി: ഒരു വാചകം (പുസ്തകത്തിലെ)എടുത്തുപറഞ്ഞു ഞാന്‍ നിര്‍ത്തട്ടെ ‘ഹിന്ദുസ്ഥാനില്‍ നമുക്ക് നല്ലൊരു പാഠമാണ്, ഇത് ഗുണം ചെയ്യും.’ ഇതാണ് തേഡ് റെയ്കിനെ കുറിച്ച് സഭാ നേതാവ് ഓര്‍മ്മിപ്പിച്ചത്.

ഇതാണ് കൃത്യമായും ഹിന്ദുരാഷ്ട്രം എന്നുവെച്ചാല്‍, സര്‍. അതുകൊണ്ടാണ് അംബേദ്കറിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുമ്പോള്‍ പ്രസംഗത്തില്‍ അവസാനം പറഞ്ഞത് ദയവായി ഓര്‍ക്കണം. ‘തുല്യതയില്ലാതെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകില്ല. സാഹോദര്യമില്ലാതെ തുല്യതയും സ്വാതന്ത്ര്യവുമുണ്ടാകില്ല. തുല്യതയും സാഹോദര്യവുമില്ലാതെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകില്ല.’ നിങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് ആഘോഷിക്കുന്നതെങ്കില്‍ തുല്യതയും സാഹോദര്യവും അവഗണിക്കാനാകില്ല. എന്നാല്‍ ഈ അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ ഇവ രണ്ടുമാണ് ദുര്‍ബ്ബലമാകുന്നത്.

സര്‍, ഡോ: രാജേന്ദ്രപ്രസാദിനെ ഉദ്ധരിച്ചുകൊണ്ടു ഞാന്‍ നിര്‍ത്താം. ഭരണഘടനയുടെ കരടില്‍ ഒപ്പുവെക്കാന്‍ നേരത്താണ് അദ്ദേഹമത് പറഞ്ഞത്. അന്ന് രാഷ്ട്രപതിയായിട്ടില്ല. ജനുവരി 26നാണ് അദ്ദേഹം രാഷ്ട്രപതിയായത്. ബ്രിട്ടീഷുകാര്‍ നിയമിച്ചതിനാല്‍ അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ഡോ:രാജഗോപാലാചാരിക്ക് രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ കഴിയില്ല. പിന്നെ ചീഫ് ജസ്റ്റിസാണ് അത് ചെയ്തത്. അതിനുശേഷം രാജേന്ദ്രപ്രസാദ് ഇടക്കാല സര്‍ക്കാരിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടന അനുസരിച്ച് പുനക്രമീകരണം നടത്തി പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് 1952ല്‍ നടന്നു. സര്‍, നമ്മളിന്നു കേള്‍ക്കുന്നു സര്‍ദാര്‍ പട്ടേലിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകാനുള്ള അവസരം നിഷേധിച്ചുവെന്ന് നമ്മോട് പറയുന്നു. നിര്‍ഭാഗ്യവശാല്‍ പാവം സര്‍ദാര്‍ 1950ല്‍ മരിച്ചു. തെരഞ്ഞെടുപ്പ് നടന്നത് 1952ലാണ് (തടസങ്ങള്‍)… ഇനി ഭഗവാന്‍ ഗണേശന്റെ കാര്യത്തിലെന്നപോലെ ചില മന്ത്രമോ തന്ത്രമോ മായാജാലമോ കൊണ്ട് മരിച്ചതിന് ശേഷം തിരിച്ചുവരാന്‍ കഴിഞ്ഞാല്‍, നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രിയാകാന്‍, എനിക്കു മനസിലാകും.

അപ്പോള്‍ എന്താണ് ഡോ:രാജേന്ദ്രപ്രസാദ് പറഞ്ഞത്?’ഒടുവിലായി, ഒരു ഭരണഘടന, ഒരു യന്ത്രം പോലെ, ജീവനില്ലാത്ത ഒരു സാധനമാണ്. അതിനെ നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരാണ് അതിനു ജീവന്‍ നല്‍കുന്നത്. ഇന്ത്യക്കിന്നു വേണ്ടത് തങ്ങള്‍ക്ക് മുന്നില്‍ രാജ്യതാത്പര്യം മാത്രമുള്ള ഒരുകൂട്ടം ആളുകളാണ്…നമ്മുടെ ജീവിതത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും വിഭാഗീയമായ പ്രവണതകള്‍ ഉയരുന്നുണ്ട്. നമുക്കിടയില്‍ മതം,ജാതി,ഭാഷ,പ്രവിശ്യാ എന്നിങ്ങനെ പല ഭിന്നതകളുണ്ട്. ഇത്തരം ഭിന്നതകള്‍ക്കപ്പുറം വളര്‍ന്ന് ചെറിയ സംഘങ്ങള്‍ക്കുവേണ്ടി രാജ്യത്തെ ബലികഴിക്കാത്ത ശക്തമായ മനസും, കാഴ്ച്ചപ്പാടുമുള്ള ആളുകളെയാണ് അതിനുവേണ്ടത്. അത്തരം നിരവധിയാളുകളെ ഈ രാജ്യം തരുമെന്നു നമുക്കാഗ്രഹിക്കാം.’ അതാണോ സംഭവിക്കുന്നത്? നാമെന്താണ് ഇന്ന് കാണുന്നത്?അത്തരം ആളുകളെ ധാരാളമായി നാം സൃഷ്ടിച്ചോ? ഇല്ലെങ്കില്‍, ആ ധാരണ തിരുത്താറായി എന്നെനിക്ക് തോന്നുന്നു. അപ്പോള്‍ ഡോ:അംബേദ്കര്‍ക്ക് യഥാര്‍ത്ഥ ആദരാഞ്ജലി അര്‍പ്പിക്കണമെങ്കില്‍ അല്ലെങ്കില്‍ ഭരണഘടനയിലെ വിശ്വാസം ആവര്‍ത്തിക്കണമെങ്കില്‍ ഇപ്പറഞ്ഞതായിരിക്കണം നാം ചെയ്യേണ്ടത്. നന്ദി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍