UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു: യെച്യൂരിക്ക് ഭീഷണി

അഴിമുഖം പ്രതിനിധി

ദല്‍ഹിയിലെ സിപിഐഎമ്മിന്റെ ഓഫീസിന് പൊലീസ് സുരക്ഷ ശക്തമാക്കി. ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ആം ആദ്മി ബല്‍വീര്‍ സേനാ അംഗമാണ് എന്ന് അവകാശപ്പെട്ട് ഫോണ്‍ വിളിച്ചയാള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതില്‍ അസഭ്യം പറഞ്ഞു. യെച്യൂരി രാജ്യം വിട്ടുപോകണമെന്നും ഭീഷണി ഫോണ്‍ വിളി നടത്തിയയാള്‍ ആവശ്യപ്പെട്ടു.

ജെ എന്‍ യുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പൊലീസ് നടപടിയെ സിപഐഎം നേതാവ് ശക്തമായി വിമര്‍ശിച്ചിരുന്നു. ആര്‍ എസ് എസിന്റെ ആശയങ്ങള്‍ നടപ്പിലാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ചു കൊണ്ട് യെച്യൂരി പറഞ്ഞിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത എ ഐ എസ് എഫ് നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെ ഉടന്‍ വിട്ടയക്കണമെന്നും യെച്യൂരി ആവശ്യപ്പെട്ടിരുന്നു. ഇന്ന് വിദ്യാര്‍ത്ഥികള്‍ കനയ്യയുടെ വിടുതല്‍ ആവശ്യപ്പെട്ട് സമരം നടത്തുകയാണ്. കനയ്യയെ വിടുന്നതുവരെ ക്ലാസില്‍ കയറേണ്ടതില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

അതേസമയം, കനയ്യ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന വാദത്തില്‍ ദല്‍ഹി പൊലീസ് ബി എസ് ബസ്സി ഉറച്ചു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകള്‍ പൊലീസ് നിരീക്ഷിക്കുകയാണെന്ന് ബസ്സി അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ബസ്സിയും ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കൂടിക്കാഴ്ച നടത്തി.  

കനയ്യയുടെ കേസ് പരിഗണിക്കുന്ന ദല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഉന്തുംതള്ളുമുണ്ടായി. കോടതിയില്‍ വച്ച് അഭിഭാഷകര്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. ജെ എന്‍ യു വിദ്യാര്‍ത്ഥികളേയും അഭിഭാഷകര്‍ മര്‍ദ്ദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍