UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത് ഭരണഘടനയ്ക്കെതിരെയുള്ള കലാപത്തിന്- സീതാറാം യെച്ചൂരി

Avatar

സീതാറാം യെച്ചൂരി

ജെ എന്‍ യു, രോഹിത് വെമൂല വിഷയങ്ങളിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സീതാറാം യെച്ചൂരി രാജ്യസഭയില്‍ ഫെബ്രുവരി 25നു നടത്തിയ പ്രസംഗം. 

സര്‍, ഈ ചര്‍ച്ച ഞാന്‍ തുടങ്ങിവെക്കുന്നത് ഈ രാജ്യത്ത് നടക്കാന്‍ പോകുന്നത് എന്താണ് എന്ന കടുത്ത മനോവേദനയും കോപവും ആശങ്കയും വെച്ചുകൊണ്ടാണ്. കാരണം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ജെ എന്‍ യുവിലും നടന്നത് നമ്മുടെ രാജ്യത്തെ ഒന്നോ രണ്ടോ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന സംഭവങ്ങളല്ല. HCU-വിനും ജെ എന്‍ യുവിനും പുറമെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍, ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എല്ലാം സംഭവിക്കുന്നത് അങ്ങ് കണ്ടു. ബര്‍ദ്വാനിലും അലഹാബാദിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും അങ്ങ് കണ്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല, ICHR, ICSSR, നെഹ്രു സ്മാരക മ്യൂസിയം എന്നിവയിലിലെല്ലാം ഇതാണ് നടക്കുന്നത്. ഈ സ്ഥാപനങ്ങളിലെല്ലാം നിയമാനുസൃതമല്ലാത്ത ഒരുത്തരവിന്റെ ഇടപെടല്‍ നടക്കുകയാണ്. എല്ലാ  സ്ഥാപനങ്ങളും, കേന്ദ്രസര്‍വകലാശാലകളും പാര്‍ലമെന്‍റ് അംഗീകരിച്ച നിയമപ്രകാരം നിലവില്‍ വന്നവയാണ്. അത് ലംഘിച്ചാല്‍ ഇടപെടുകയും അത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ ചുമതലയാണ്. അതുകൊണ്ട് ആദ്യം തന്നെ ഹൈദരാബാദ്, ജെ എന്‍ യു സര്‍വകലാശാലകളിലെ സംഭവവികാസങ്ങളെക്കുറിച്ച്  പഠിക്കാന്‍ ഒരു സഭാസമിതി രൂപവത്കരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. കാരണം ഇപ്പോളുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നാല്‍കാനുള്ള ബാധ്യത നമുക്കുണ്ട്.

ഉന്നത വിദ്യാഭ്യാസരംഗത്തെയും വിദ്യാഭ്യാസത്തെ പൊതുവേയും, ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദുപുരാണമാക്കി മാറ്റാനുള്ള എന്നു ഞാന്‍ കരുതുന്ന തരം ശ്രമങ്ങള്‍ നടക്കുന്നു. ചരിത്രത്തിന് പകരം പുരാണവും സമ്പന്നമായ ഇന്ത്യന്‍ തത്വചിന്തക്ക് പകരം ഹിന്ദു ഐതിഹ്യങ്ങളും പ്രതിഷ്ഠിക്കാനുള്ള വലിയ ശ്രമം ഇന്ത്യയെന്ന മതേതര, ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്ന പദ്ധതിയുടെ ഭാഗമാണ്. ഇത് ഇന്ത്യ ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിന് നേരെയുള്ള കലാപത്തിനാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.

എന്തുകൊണ്ടാണ് ഞാനിതു പറയുന്നതെന്ന് വിശദമാക്കാം. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സംഭവങ്ങള്‍ നോക്കാം. എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് ഈ ദളിത് വിദ്യാര്‍ത്ഥികളോട് പെരുമാറിയതെന്നും നമുക്കെല്ലാവര്‍ക്കുമറിയാം. മുന്‍കാലങ്ങളില്‍ സംഭവിച്ചതും, ആ സര്‍വകലാശാലയില്‍ നിരവധി ദളിത വിദ്യാര്‍ത്തികള്‍ ആത്മഹത്യ ചെയ്തതും നമുക്കറിയാം. പക്ഷേ അതൊന്നും രോഹിത് വെമൂലയുടെ ദുരന്തത്തെ ഇല്ലാതാക്കുന്നില്ല. ഈ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ ബഹിഷ്കരണം നേരിടുകയായിരുന്നു. അവരുടെ സ്കോളര്‍ഷിപ് തടഞ്ഞുവെച്ചു. അതില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ അമ്മ, ഒരു ഏകരക്ഷിതാവ് എന്ന നിലയിലും, തന്റെ രണ്ടു മക്കളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചു. നമ്മുടെ നാട്ടില്‍ ദളിതര്‍ക്ക് സാധാരണ കിട്ടുന്ന ജോലികള്‍ നിങ്ങള്‍ക്കറിയാം. അതിനെയൊക്കെ മറികടന്നാണ് അവര്‍ മക്കളെ വളര്‍ത്തിയത്. അവരുടെ സ്കോളര്‍ഷിപ് നിര്‍ത്തുക എന്നതിന്റെ അര്ത്ഥം വാസ്തവത്തില്‍ അവരെ കൊല്ലുക എന്നതായിരുന്നു. നിങ്ങളത് ചെയ്തു. അങ്ങനെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന ഒരാന്തരീക്ഷം നിങ്ങളുണ്ടാക്കി.

രണ്ടു വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കേന്ദ്രമന്ത്രി കത്തെഴുതി. സര്‍വകലാശാലയുടെ പ്രോക്ടോറിയല്‍ അന്വേഷണം നടന്നു. പ്രശ്നം ഒത്തുതീര്‍ന്നു. എന്നാല്‍ നിങ്ങള്‍ വീണ്ടും മന്ത്രിക്ക് കത്തെഴുതുന്നു. ശരിയാണ്, നമ്മളെല്ലാം മന്ത്രിക്ക് എഴുതാറുണ്ട്. അതില്‍ തെറ്റൊന്നുമില്ല. ഞാനും എഴുതിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുവേണ്ടി ഞാന്‍ എഴുതിയിട്ടുണ്ട്. മന്ത്രിക്ക് കത്തെഴുതുന്നത് ഒരു കുറ്റമല്ല. കത്തുകിട്ടി, പരിഗണിക്കാം എന്നൊരു മറുകുറിപ്പും ലഭിക്കും. അത് ഏത് മന്ത്രിയുടെയും ജോലിയാണ്. എന്നാല്‍ ഇതില്‍ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് നടപടിയെടുക്കാന്‍ സര്‍വകലാശാലക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കി ആത്മഹത്യക്ക് വഴിവെച്ചതാണ്.

ഡോക്ടര്‍ അംബേദ്ക്കറോടുള്ള ബഹുമാനസൂചകമായി രണ്ടുദിവസത്തെ സമ്മേളനം ചേര്‍ന്നപ്പോള്‍ ഇത്തരം വാചകമടിയും പ്രഭാഷണങ്ങളും മാത്രമായാല്‍ കാര്യമില്ലെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. പട്ടികജാതി/പട്ടികവര്‍ഗ നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. ഒന്നും നടന്നില്ല. ദളിതുകളുടെ പങ്കിനെക്കുറിച്ച് നിങ്ങള്‍ ശരിക്കും ആകുലപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടര്‍ അംബേദ്കറിനെ ആദരിക്കണം. എന്താണ് അദ്ദേഹം  പറഞ്ഞത്? ഞാന്‍ പലപ്പോഴും ഉദ്ധരിച്ചിട്ടുണ്ട്. ഞാന്‍ അതും വീണ്ടും മുഴുവന്‍ ആവര്‍ത്തിക്കുന്നില്ല. എല്ലാ പൌരന്‍മാര്‍ക്കും ഒരു വോട്ട് നല്‍കിയ നമ്മള്‍ നമുക്കൊരു രാഷ്ട്രീയ ഘടന നല്കി. ഓരോ വോട്ടിനും ഒരേ മൂല്യമാണ്. “ഒരാള്‍ ഒരു വോട്ട്, ഒരു വോട്ട് ഒരു മൂല്യം.” ഒരു വോട്ട് ഒരു മൂല്യം എന്നത് വളരെ വേഗം ‘ഒരു വ്യക്തി ഒരു മൂല്യം’ എന്നാകുമോ എന്നു അംബേദ്കര്‍ ആശ്ചര്യപ്പെടുന്നു. അങ്ങനെയെങ്കില്‍ ഈ രാഷ്ട്രീയസംവിധാനം നിലനില്‍ക്കില്ല. അത് തകര്‍ന്നടിയും. ഇതാണ് അംബേദ്കര്‍ മുന്‍കൂട്ടി പറഞ്ഞത്.

നാം ആ വഴിക്കാണോ നീങ്ങുന്നത്? രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ നമുക്കത് ചര്‍ച്ച ചെയ്യാം. ബജറ്റ് വരുമ്പോള്‍ നമ്മളെന്താണ് ഇവിടെ ചെയ്യുന്നതെന്നും നമുക്ക് ചര്‍ച്ച ചെയ്യാം. പക്ഷേ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന ‘ജാതി,വംശ,ലിംഗഭേദമില്ലാത്ത’ ഒരു സമത്വസമൂഹം സൃഷ്ടിക്കുന്നതിലാണ് കാര്യം. അതാണ് നാം ഭരണഘടനയില്‍ നമുക്കു നല്‍കിയിരിക്കുന്നത്, അതാണ് ലംഘിക്കപ്പെടുന്നത്. ഇത് വളരെ ഗൌരവമേറിയ കാര്യമാണ്; സര്‍വകലാശാലയിലെ കുഴപ്പത്തില്‍നിന്നും അത് മുന്നോട്ടുപോകുന്നു. ഇത് ഭരണകൂടത്തിന്റെ ഇടപെടലിനെക്കുറിച്ചാണ്. ഭരണകൂടത്തിന്റെ ഇടപെടല്‍ ദളിത് വിരുദ്ധമാകുന്നു എങ്കില്‍ നമ്മള്‍ പാര്‍ലമെന്റില്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം പാര്‍ലമെന്റിലെ നിയമമനുസരിച്ചാണ് അവ രൂപവത്കരിച്ചത്. അത് ചെയ്യുന്നില്ലെങ്കില്‍ നാം നമ്മുടെ കടമ വിസ്മരിക്കുകയാണ്.

ഇനി ജെ എന്‍ യു വിഷയത്തിലേക്ക് വരാം. ഞങ്ങള്‍ ജെ എന്‍ യു ഉത്പന്നങ്ങളാണ്. ഈ മന്ത്രിസഭയിലെ പലരുമുണ്ട്. ഞാന്‍ ഡി രാജയ്ക്കും കെ സി ത്യാഗിക്കുമൊപ്പം ആഭ്യന്തരമന്ത്രിയെ കണ്ടു. ആരെങ്കിലും ദേശവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. നിരപരാധികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പിന്നാലെ വരുന്നു ഹഫീസ് സയ്യിദ് എന്ന ഭീകരവാദിയുടെ-പണ്ട് ബി ജെ പി സര്‍ക്കാര്‍ വിട്ടയച്ച ആളാണ് ഹഫീസ് സയ്യിദ്- ഒരു ട്വീറ്റ് ആധാരമാക്കിക്കൊണ്ടു, വിദ്യാര്‍ത്ഥികള്‍ക്ക് സയ്യിദിന്റെ പിന്തുണയുണ്ടെന്ന പരാമര്‍ശം. രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരങ്ങള്‍ സദാ കിട്ടുന്ന ഒരു കേന്ദ്ര ആഭ്യന്തര മന്ത്രി ഒരു ട്വീറ്റ് നല്കുകയും പിന്നെ അതില്‍നിന്നും പിന്‍വാങ്ങുകയും ചെയ്ത സംഭവം സങ്കല്‍പ്പിക്കാനാവുമോ? അദ്ദേഹമത് പഠാന്‍കോട്ടില്‍ ചെയ്തു. ഇപ്പോള്‍ ഹാഫിസ് സയ്യിദിന്റെ കാര്യത്തിലും. ഇതൊരു വ്യാജ ട്വീറ്റ് എക്കൌണ്ട് ആണെന്ന് ഡല്ഹി പൊലീസ് മുന്നറിയിപ്പും നല്കുന്നു. ഒരു വ്യാജ ട്വീറ്റ് അനുസരിച്ചാണ് നിങ്ങള്‍ നടപടികള്‍ എടുക്കുന്നത്.

ഞാന്‍ മുമ്പ് പലതവണ പറഞ്ഞതാണ്, വീണ്ടും ആവര്‍ത്തിക്കട്ടെ, എന്തെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനമോ, ഭീകരവാദത്തെ  പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോ നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണം. പക്ഷേ അതിന്റെ പേരില്‍ ഒരു സര്‍വകലാശാലയെ മുഴുവന്‍ കുറ്റവാളിയാക്കുന്നത് ശരിയല്ല. കാരണം ഈ ചെറുപ്പക്കാര്‍ സര്‍ദാര്‍ പട്ടേല്‍ ഒരിക്കല്‍ പറഞ്ഞപോലെ ഇന്ത്യയുടെ ഉരുക്കുചട്ടക്കൂടാണ്. ഇന്ത്യയുടെ ഉരുക്കുചട്ടക്കൂട് IAS, IFS, IPS, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, പണ്ഡിതലോകം തുടങ്ങിയവയാണ്. ഈ സര്‍ക്കാരില്‍ ജെ എന്‍ യുവില്‍ നിന്നുള്ള വിവിധ വകുപ്പ് മേധാവികളെ ഞാന്‍ പറഞ്ഞുതരാം. വിദേശകാര്യ സെക്രട്ടറി, ഭീകരവാദ വിരുദ്ധ പ്രത്യേകസെല്ലിന്റെ തലവന്‍, സഭാംഗവും മന്ത്രിയുമായ നിര്‍മല സീതാരാമന്‍ എന്നിവരെല്ലാം ജെ എന്‍ യുവില്‍ നിന്നാണ്. നിര്‍മല സീതാരാമന്‍ അവിടെനിന്നാണെന്ന് അവര്‍ക്കറിയാം എന്നു കരുതുന്നു. ഞാനതവരെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ഈ വിദ്യാര്‍ത്ഥികള്‍ മികവ് തെളിയിക്കാത്ത ഒരു മേഖലയുമില്ല. ഇന്നിപ്പോള്‍, മുഴുവന്‍ സര്‍വകലാശാലയും ദേശദ്രോഹികളാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുന്നു. നിങ്ങള്‍ പറയുന്നത് ഈ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ ശത്രുക്കളാണ് എന്നാണ്? നമ്മളെവിടേക്കാണ് പോകുന്നത്,സര്‍? എന്താണ് സംഭവിക്കുന്നത്? മഹാത്മാഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെ ദേശീയനായകനാകും, സീതാറാം യെച്ചൂരിയും ഉപാധ്യക്ഷനും ദേശദ്രോഹികളും! ഇതാണോ നമ്മുടെ ദേശീയത?

വിദ്യാര്‍ത്ഥികളില്‍ ദേശീയബോധം വളര്‍ത്താന്‍ എല്ലാ കേന്ദ്ര സര്‍വകലാശാലയിലും ഒരു കൂറ്റന്‍ ദേശീയ പതാക വേണമെന്ന് നിങ്ങള്‍ പറയുന്നു. അതും 207 അടി ഉയരത്തില്‍. വളരെ നല്ലത്. രാജ്യം മുഴുവന്‍ അത് സ്ഥാപിച്ചോളൂ. പക്ഷേ ഓര്‍ക്കുക, ത്രിവര്‍ണപതാക ഞങ്ങളുടെ ഹൃദയത്തിലാണ്, ദേശീയപതാക നിങ്ങള്‍ സ്ഥാപിക്കുന്ന എല്ലാ ദേശീയപതാകകളേക്കാളും വലുതാണ് ഞങ്ങളുടെ ഹൃദയത്തിലെ ദേശീയ പതാക. നിങ്ങള്‍ ഞങ്ങളെ ദേശഭക്തി പഠിപ്പിക്കേണ്ട. ഇതരത്തിലുള്ള ഇരട്ടത്താപ്പുകാരുടെ കയ്യില്‍ നിന്നും ഞങ്ങള്‍ക്ക് രാജ്യസ്നേഹത്തിന്റെ സാക്ഷ്യപത്രം ആവശ്യമില്ല.

ഞാനൊരു വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നുമാണ് വരുന്നത്. ഞാനാ വിദ്യാര്‍ത്ഥി സംഘടനയെ ജെ എന്‍ യുവില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനെ അസമില്‍ ഭീകരവാദികള്‍ ആക്രമിച്ചു. ശരീരം വെട്ടിനുറുക്കി. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാനാ പേരുപറയാം. അയാളൊരു രക്തസാക്ഷിയായാണ് പോയത്. നിരഞ്ജന്‍ താലൂക്ദര്‍. അയാളുടെ ശരീരം വെട്ടിക്കൂട്ടി ഒരു ചാക്കിലാക്കി ഒരു കിണറ്റിലെറിയുകയായിരുന്നു. ഒരു മാസത്തോളം മൃതദേഹം കണ്ടുകിട്ടിയില്ല. പിന്നീട് ഫോറെന്‍സിക് പരിശോധനയിലൂടെ പല്ല് പരിശോധിച്ചാണ് ശരീരം തിരിച്ചറിഞ്ഞത്. 

ഞങ്ങള്‍ ഈ ഭീകരവാദികള്‍ക്കെതിരെ നിന്നവരാണ്. ഇപ്പോള്‍ ഞങ്ങളെയാണ് ദേശസ്നേഹം പഠിപ്പിക്കുന്നത്. രാജ്യദ്രോഹനിയമം ഉപയോഗിച്ചാണ് മഹാത്മാഗാന്ധിയെ ജയിലില്‍ അടച്ചത്. ബാലഗംഗാധര തിലകനെ ജയിലില്‍ അടച്ചത്. സ്വാതന്ത്ര്യ സമരകാലത്ത് നല്‍കിയ വാഗ്ദാനം ഈ രാജ്യദ്രോഹ നിയമം എടുത്തുകളയും എന്നായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഭഗത് സിങ്ങിനേ തൂക്കിലേറ്റിയ ഈ നിയമം ഇപ്പൊഴും നിങ്ങള്‍ ഉപയോഗിക്കുന്നു. ദില്ലി പൊലീസ് ആഭ്യന്തര മന്ത്രിയുടെ കീഴിലാണ്. ദില്ലി പൊലീസ് കമ്മീഷണര്‍ പറയുന്നത് “നിരപരാധിത്വം തെളിയിക്കും വരെ അവര്‍ കുറ്റവാളികളാണ്” എന്നാണ്. പൊലീസ് കമ്മീഷണര്‍ നീതിയുടെ തത്വങ്ങളെത്തന്നെ കീഴ്മേല്‍ മറിക്കുന്നു. സഭാനേതാവ്, വലിയ അഭിഭാഷകന്‍ കൂടിയാണ്. ഇതെവിടുത്തെ നിയമമാണെന്ന് പറയണം, സര്‍?

നമ്മുടെ പ്രധാനമന്ത്രി ഇത്രയും രാജ്യങ്ങള്‍ കറങ്ങിവന്നു. ന്യൂയോര്‍ക് ടൈംസിലെ മുഖപ്രസംഗം നിങ്ങളൊന്നു വായിക്കൂ. ഞാനത് വായിച്ചുതരണോ? അതില്‍ പറയുന്നു,“ഇന്ത്യ ഒരു സംഘര്‍ഷാത്മകമായ ഏറ്റുമുട്ടലിന്റെ കൊടും വേദനയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദു വലതുപക്ഷത്തുള്ള രാഷ്ട്രീയ സഖ്യകക്ഷികളും വിമതശബ്ദത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഭാരത് മാത കീ ജയ് എന്നും വഞ്ചകര്‍ ഇന്ത്യ വിടുക എന്നുമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ച അഭിഭാഷകരും ബി ജെ പി അനുയായികളും മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ആക്രമിച്ചു.”

യൂറോപ്പിലെ പ്രധാന പത്രങ്ങളിലൊന്നാണ് Le Monde. ഇന്ത്യയില്‍ നടക്കുന്നതിനെക്കുറിച്ച് അവരും മുഖപ്രസംഗം എഴുതിയിരിക്കുന്നു. ഇതൊക്കെയാണ് സംഭവിക്കുന്നതെങ്കില്‍ പിന്നെയീ വിദേശയാത്രകള്‍കൊണ്ടും ഇന്ത്യക്ക് പിന്തുണ നേടുന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞതുകൊണ്ടും എന്തുകാര്യം? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇത് ഭരണഘടനക്കെതിരായ കലാപമാണെന്ന്. ഭരണഘടനയാണ് എനിക്ക് അവകാശങ്ങള്‍ തരുന്നത്. ഒരു മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ. ആ ഭാരതത്തിലാണ് ഞാന്‍ ജനിച്ചത്. ഞങ്ങളെ സംബന്ധിച്ചു ഭാഗവത്ഗീതയും ബൈബിളും ഖുര്‍ആനും ഈ ഭരണഘടനയാണ്. ഈ ഭരണഘടനയിലെ പ്രതിജ്ഞ ചൊല്ലിയാണ് ഞങ്ങള്‍ ഇവിടെയും നിങ്ങള്‍ അവിടെയും ഇരിക്കുന്നത്. ഇതിനുള്ളില്‍ ആരെങ്കിലും നിങ്ങളുടെ നയങ്ങള്‍ക്കെതിരെ പറഞ്ഞാല്‍, മുദ്രാവാക്യം മുഴക്കിയാല്‍ ദേശദ്രോഹികളാകുമോ?

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് പറയുന്നു. തീര്‍ച്ചയായും സ്വാതന്ത്ര്യത്തിനുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കും. ഞങ്ങളും വിളിക്കും ഞങ്ങളെയും അറസ്റ്റ് ചെയ്യണം. പട്ടിണിയില്‍ നിന്ന്, ദാരിദ്ര്യത്തില്‍ നിന്നും, മനുവാദത്തില്‍ നിന്ന് ഞങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. സംഘപരിവാരില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഈ സ്വാതന്ത്ര്യമാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതിനുവേണ്ടി ഞങ്ങള്‍ പോരാടുകയും ചെയ്യും. അതിനുള്ള അവകാശം എനിക്കീ ഭരണഘടന തന്നിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നതു ദേശീയതയുടെ ചോദ്യം ഉയരുന്നുണ്ട് എന്ന്. നിങ്ങള്‍ പറയുന്ന ദേശീയതയെ മറികടന്നാണ് രവീന്ദ്രനാഥ് ടാഗോറും, സുഭാഷ് ചന്ദ്രബോസും, മഹാത്മാഗാന്ധിയും എഴുതിയത്.

എന്താണ് ഇന്ത്യ? ഇതൊരു ചൂളയാണ്. മാനവനാഗരികതയുടെ ചൂളയാണ് ഈ ഭൂമി. നമ്മള്‍ ലോകത്തിന് പലതും നല്കിയിട്ടുണ്ട്, അതുകൊണ്ടുകൂടിയാണ് ഇന്നീക്കാണുന്ന രൂപത്തില്‍ ആധുനിക നാഗരികത നിലനില്‍ക്കുന്നത്. ഇതെല്ലാം ഹിന്ദു നാഗരികതയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഈ മുന്നേറ്റങ്ങളില്‍ മിക്കതും ഉണ്ടായത് നമ്മുടെ രാജ്യത്തു ബുദ്ധമതം ഭരണമതമായി നിലനിന്നിരുന്ന കാലത്താണ്. പിന്നീട്, മനുവാദം-അതില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്-ജാതിമേധാവിത്തവുമായി മടങ്ങിയെത്തിയപ്പോള്‍ ഈ മുന്നേറ്റങ്ങള്‍ക്കെല്ലാം തടയിടുകയും ചെയ്തു. ആ നഷ്ടപ്പെട്ട ധാരയെ വീണ്ടെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ദാര ഷികോയുടെ കാര്യം പറഞ്ഞാല്‍ ഇവര്‍ പറയും ബാബറുടെ പേരമക്കളാണെന്ന്. സംസ്കൃതം പഠിച്ച് മജ്മ-ഉല്‍-ബഹ്റിന്‍ എഴുതിയ ആളാണ് ദാര. ഇന്ന് ലോകം വേദങ്ങളെയും, ഉപനിഷത്തുക്കളെയും കുറിച്ച് അറിയുന്നുണ്ടെങ്കില്‍ അതിനു കാരണമായത് ദാരാ ഷികോഹാണ്. അയാള്‍ ബാബറുടെ പേരക്കുട്ടിയാണ്. മജ്മ-ഉല്‍-ബഹറൈന്‍-രണ്ട് സമുദ്രങ്ങളുടെ സംയോജനം- ഇസ്ളാമിക സൂഫിസത്തിന്റെയും ഇന്ത്യയുടെ വേദാന്ത പാരമ്പര്യത്തിന്റെയും സംയോജനമാണ്.നമ്മള്‍ ഉയര്‍ന്ന തലത്തിലുള്ള ഒരു ആത്മീയ സമൂഹത്തിലേക്ക് നീങ്ങുകയായിരുന്നു.

ഒന്നോ രണ്ടോ കുറ്റങ്ങളെക്കുറിച്ചല്ല, ആരെങ്കിലും ഇന്ത്യാവിരുദ്ധ നിലപാടൊ പ്രവര്‍ത്തനമോ നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം. പക്ഷേ അതിന്റെ പേരില്‍ ഒരു സര്‍വകലാശാലയെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്. ഇതിനാണോ നാമിവിടെ വന്നിരിക്കുന്നത്? നമ്മുടെ ദേശീയ പ്രതീകമായി നാം സ്വീകരിച്ച ആ സിംഹങ്ങളുടെ സ്തംഭത്തില്‍ അശോകന്‍ കുറിച്ചുവെച്ചത്, ഒരാളുടെ ധര്‍മമോ, വിശ്വാസമോ എന്തുമായിക്കൊള്ളട്ടെ ഭരണകൂടം ആ വിശ്വാസത്തെ സംരക്ഷിക്കും എന്നാണ്. ഭഗവദ് ഗീതയില്‍ എന്താണ് ഭഗവാന്‍ കൃഷ്ണന്‍ പറയുന്നത്? ബഹുമാന്യയായ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടത് അത് നമ്മുടെ വിശുദ്ധഗ്രന്ഥമാക്കണം എന്നാണ്. എന്നാല്‍ അതിലെന്താണ് പറയുന്നത്? ഓരോരുത്തരും തെരഞ്ഞെടുക്കുന്ന അവരവരുടെ വിശ്വാസത്തെ താന്‍ സംരക്ഷിക്കും എന്നാണ്. നാമത് ചെയ്യുന്നുണ്ടോ? ഇന്ത്യക്ക് സാധ്യമാകുന്നതെന്ത് എന്ന് നാം മനസിലാക്കുന്നുണ്ടോ? അതിനുപകരം നിങ്ങള്‍ ടാഗോര്‍ പറഞ്ഞ പോലെ ‘ഇടുങ്ങിയ വീട്ടുമതിലുകള്‍’ ഉണ്ടാക്കുകയാണ്. ഞാനത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ല.

ഇടതുപക്ഷം മന്ത്രവാദിനികളെപ്പോലെയാണ് എന്ന് നിങ്ങള്‍ വിളിച്ചു. ഓര്‍ക്കുക, ഇതൊരു പ്രതിഭയുടെ 400-ആം ജന്‍മവര്‍ഷമാണ്; വില്ല്യം ഷേക്സ്പിയര്‍. അദ്ദേഹത്തിന്റെ മാക്ബത്ത് നാടകത്തില്‍ മന്ത്രവാദിനികളുടെ ഒരു പാട്ടുണ്ട്. “Double, double toil and trouble; Fire burn and cauldron bubble”. എന്തിനാണത്?“For a charm of powerful trouble, Like a hell-broth boil and bubble”. “Hell-broth boil and bubble”. ഇതാണ് മന്ത്രവാദിനികളുടെ പാട്ട്. ഇതാണ് ശക്തമായ കുഴപ്പത്തിന്റെ സൌന്ദര്യം. അതേ ഞങ്ങള്‍ മന്ത്രവാദിനികളാണ്; ഞങ്ങള്‍ പ്രവചിക്കുന്നു. എന്താണ് നടക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു. മാക്ബത്തിലെ പോലെ മന്ത്രവാദിനികള്‍ മുന്നറിയിപ്പ് നല്കുന്നു. മാക്ബത്തിന് രാജാവാകാം, പക്ഷേ സിംഹങ്ങളുടെ രാജാവു ബ്രാങ്കോയില്‍ നിന്നും വരും. നിങ്ങള്‍ ഇന്ന് രാജാവായിരിക്കും; പക്ഷേ ഇന്ത്യയിലെ സിംഹങ്ങളുടെ രാജാവ് മറ്റൊരു ബ്രാങ്കോയില്‍ നിന്നും വരും, നിങ്ങളില്‍ നിന്നല്ല. അപ്പോള്‍, ഞങ്ങളെ മന്ത്രവാദിനികളെന്ന് വിളിക്കുമ്പോള്‍, മന്ത്രവാദിനികളുടെ പ്രവചനം കൂടി മനസിലാക്കുക. മുന്നറിയിപ്പ് എന്നാല്‍ സജ്ജരായിരിക്കുക എന്നതുകൂടിയാണ്. അതുകൊണ്ടാണ് ഞങ്ങളിത് പറയുന്നത്. ദേശീയതയുടെ പേരില്‍ നടക്കുന്ന വാസ്തവത്തില്‍ ഒരുതരത്തിലുള്ള മതാത്മകമായ ഈ ആക്രമണത്തിനെതിരെ സുസജ്ജരാകാനാണ് ഞങ്ങള്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്.

സര്‍,ഞാനും താങ്കളുമെല്ലാം ഈ ലോകത്താണ് വളര്‍ന്നത്. ഇസ്ളാമിക, ക്രിസ്ത്യന്‍ സ്വാധീനമെല്ലാമുള്ള ഈ രാജ്യത്താണ് വളര്‍ന്നത്. ഞാന്‍ ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. പതിനൊന്നാം വയസില്‍ ഉപനയനവും നടത്തി. വേദപഠനവും കഴിഞ്ഞു. എല്ലാ വേദങ്ങളും പഠിക്കുകയും ചെയ്തിട്ടും എങ്ങനെ കമ്മ്യൂണിസ്റ്റായി? ഞാന്‍ കമ്മ്യൂണിസ്റ്റായത് ഞാന്‍ വേദങ്ങളെല്ലാം പഠിച്ചു എന്നതുകൊണ്ടാണ്. അതുകൊണ്ടു ഞങ്ങളെ അതൊന്നും പഠിപ്പിക്കല്ലേ. സംവദിക്കാനും വാദിക്കാനുമാണെങ്കില്‍ ആകാം, അങ്ങനെയാണ് നമ്മുടെ തത്വചിന്ത വളര്‍ന്നത്. അതിനെയാണ് ഇന്നവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും. അടിച്ചമര്‍ത്തരുത് എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

ഓര്‍ക്കുന്നുണ്ടോ, നമ്മുടെ പ്രധാനമന്ത്രി അടുത്തിടെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒരു ബിരുദദാന ചടങ്ങിന് പോയി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു അലഹാബാദ് സര്‍വകലാശാലയിലും ഇങ്ങനെ പോയിട്ടുണ്ട്. അന്നത്തെ ചടങ്ങില്‍ പണ്ഡിറ്റ് നെഹ്രു സര്‍വകലാശാലകളെക്കുറിച്ച് എന്താണ് പറഞ്ഞതെന്നറിയുമോ?, “മാനവികതയ്ക്കും സഹിഷ്ണുതയ്ക്കും ചിന്തയ്ക്കും ആശയ സാഹസങ്ങള്‍ക്കും സത്യാന്വേഷണത്തിനുമാണ് ഒരു സര്‍വകലാശാല നിലകൊള്ളുന്നത്. കൂടുതല്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള മനുഷ്യരാശിയുടെ മുന്നേറ്റത്തിനുവേണ്ടിയാണ് അത് നിലകൊള്ളുന്നത്. സര്‍വകലാശാലകള്‍ അവയുടെ കടമ ശരിയായി നിര്‍വഹിച്ചാല്‍ രാജ്യത്തിനും ജനതയ്ക്കും കാര്യങ്ങള്‍ ശരിയാണ് എന്നാര്‍ത്ഥം.”

അപ്പോള്‍, ആശയസാഹസവും സഹിഷ്ണുതയും മാനവികതയുമാണത്. നിങ്ങള്‍ ചെയ്യുന്നതോ, ഒരു സര്‍വകലാശാലയെ മുഴുവന്‍ കുറ്റവാളികളായി മുദ്രകുത്തുന്നു. അവര്‍ ദേശദ്രോഹികളാണെന്നും നിങ്ങള്‍ പറയുന്നു. അതടച്ചുപൂട്ടണമെന്നും! നാല്പതു കൊല്ലങ്ങള്‍ക്ക് മുമ്പ് ഓര്‍ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ ഇതാവശ്യപ്പെട്ടിരുന്നു, “അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണ്, അതടച്ചുപൂട്ടണം.” ഇന്നിപ്പോള്‍ ഭരണകക്ഷിനേതാക്കള്‍ ആവശ്യപ്പെടുന്നു അതടച്ചുപൂട്ടണമെന്ന്.  അവിടേക്കു ഒരു യുദ്ധടാങ്ക് അയക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ദേശീയപതാക മാത്രമല്ല! അടിയന്തരാവസ്ഥക്കാലത്ത്  സര്‍വകലാശാല ഭരണസമിതി യോഗം അകത്തുചേരാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. ഇന്ദിരാഗാന്ധിയായിരുന്നു ചാന്‍സലര്‍. ഞങ്ങള്‍ പറഞ്ഞു, “ഞങ്ങള്‍ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിക്കുകയാണ്, ഇവിടെ യോഗം ചേരാന്‍ അനുവദിക്കുകയില്ല.” അത് വിഗ്യാന്‍ ഭവനിലേക്ക് മാറ്റി-ഞങ്ങള്‍ ജനാധിപത്യത്തിനെതിരായ ആക്രമണങ്ങളെ ചെറുത്തു. സമാനമായ രീതിയില്‍ കൂടുതല്‍ ഊര്‍ജത്തോടെ നമ്മുടെ മതേതര ഘടനക്ക് നേരെയുള്ള ആക്രമണങ്ങളെ ജനങ്ങള്‍ ചെറുക്കുകയാണ്. വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതല്ല ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും.

അതുകൊണ്ടു ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്‍റ് നിയമപ്രകാരം സ്ഥാപിച്ച കേന്ദ്രസര്‍വകലാശാലകളില്‍ നടക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒരു സഭാസമിതി രൂപവത്കരിക്കാന്‍ നാം ഇന്ന് തീരുമാനിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അവിടെ തെറ്റായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതിനു നമുക്ക് രാജ്യത്തോട് ഉത്തരവാദിത്തമുണ്ട്. നമ്മളെല്ലാം കത്തെഴുതാറുണ്ട്. പക്ഷേ അതിനൊന്നും ഇതരത്തിലുള്ള പ്രാധാന്യം കിട്ടാറില്ല. രോഹിത് വെമൂലയ്ക്കെതിരെ നടപടിയെടുക്കാന്‍ 5 ഉദ്യോഗസ്ഥരാണ് സര്‍വകലാശാലയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയത്. രോഹിത് വെമൂലയുടെ മരണം അതിന്റെ ഫലമാണ്. അതുകൊണ്ട് ‘മനുവാദത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം മുഴങ്ങുക തന്നെ ചെയ്യും. അതിനെന്നെ അറസ്റ്റ് ചെയ്യുമെങ്കില്‍ ചെയ്യണം സര്‍. ‘പട്ടിണിയില്‍ നിന്നുള്ള സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം ഞാന്‍ വിളിക്കും. ലോകത്ത് ഓരോ ദിവസവും പട്ടിണിമൂലം മരിക്കുന്ന 5 കുട്ടികളില്‍ 3 പേര്‍ എന്റെ രാജ്യത്തുനിന്നാണെന്നതില്‍ എനിക്ക് ലജ്ജയുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിദ്യാര്‍ത്ഥികളെയും സര്‍വകലാശാലയെയും ഇങ്ങനെ മുദ്രകുത്തരുതെന്ന്. നിങ്ങളുടെ ദേശീയതാ വ്യാഖ്യാനം അടിച്ചേല്‍പ്പിക്കാനും ഈ മതേതര, ജനാധിപത്യ റിപ്പബ്ലിക്കിനെ ഒരു ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുമുള്ള നിങ്ങളുടെ ശ്രമത്തെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഈ ആക്രമണം അവസാനിപ്പിക്കണം.

അതുകൊണ്ട് സര്‍, വിവിധ വിശ്വാസങ്ങളും, ജാതികളും, ഭാഷകളും സംസ്കാരങ്ങളുമുള്ള നമ്മുടെ ബഹുസ്വര സംസ്കാരത്തിന്റെ സമ്പന്നത ഈ സര്‍ക്കാരിനെ ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. ഇന്ത്യയെന്ന മഹത്തായ ഈ രാഷ്ട്രത്തില്‍ നമ്മളെല്ലാം വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. നമുക്കെല്ലാം വ്യത്യസ്തമായ അഭിപ്രായങ്ങളും ആശയങ്ങളുമുണ്ടാകാം, അതെല്ലാം ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയുമാണ് നാം കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലെത്തിക്കേണ്ടത്. ഇന്ത്യയുടെ കഴിവുകളെ നശിപ്പിക്കരുത്. എന്താണ് നടന്നത് എന്ന്‍ അന്വേഷിക്കാന്‍ ഒരു സഭാസമിതി വേണമെന്ന് ഞാന്‍ വീണ്ടും ആവശ്യപ്പെടുന്നു. എന്താണ് ദേശവിരുദ്ധത എന്നറിയണം. അതിനെ നാം കര്‍ശനമായി ശിക്ഷിക്കണം. ഇപ്പോള്‍ ചെയ്യുന്നതുപോലുള്ള രാജ്യദ്രോഹനിയമത്തിന്റെ ദുരുപയോഗം തടയാന്‍ ആ വകുപ്പ് എടുത്തുകളയുകയും വേണം. പോലീസിന്റെ ചുമതല ക്രമസമാധാനം പാലിക്കാന്‍ സഹായിക്കുകയാണ്, അതിനെ തകര്‍ക്കുകയല്ല.

ഈ രാജ്യത്തെ യുവാക്കള്‍ക്ക് നിങ്ങള്‍ വിദ്യാഭ്യാസം നല്‍കൂ, തൊഴില്‍ നല്‍കൂ അപ്പോളവര്‍ സ്വയം ഒരു മികച്ച ഭാരതം സൃഷ്ടിക്കും. അപ്പോള്‍ നമ്മുടെ ആവശ്യം വേണ്ടിവരില്ല. അത് നല്കുക മാത്രമാണു നമ്മുടെ ജോലി.

നിങ്ങള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ച്, രാജ്യത്തിന്റെ പുരോഗതിക്കായി കൂട്ടായി മുന്നോട്ട് പോകണമെന്ന് കൂടി പറഞ്ഞുകൊണ്ട് നിര്‍ത്തട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍