UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യം മാത്രമല്ല സ്ഥാനാര്‍ത്ഥികള്‍ക്കുള്ള യോഗ്യത; ടി ശിവദാസ മേനോന്‍/അഭിമുഖം

Avatar

ടി ശിവദാസ മേനോന്‍/എം കെ രാമദാസ്

സി പി ഐ എം മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന ടി ശിവദാസ മേനോന്‍ നിയമസഭാ  തെരഞ്ഞെടുപ്പ്, കേരള രാഷ്ട്രീയം, യു ഡി എ ഭരണം എന്നിവയെക്കുറിച്ച് അഴിമുഖം പ്രതിനിധി എം കെ രാമദാസിനോട് സംസാരിക്കുന്നു.

എം കെ രാമദാസ്: തെരഞ്ഞെടുപ്പില്‍ വിജയമാണ് മുഖ്യ അജണ്ടയായി സി പി ഐ എം മുന്നോട്ട് വെയ്ക്കുന്നത്. എങ്ങനെയും ജയിക്കുക, പരമാവധി സീറ്റുകള്‍ നേടുക എന്നിങ്ങനെയൊക്കെ. പാര്‍ട്ടിയുടെ നയം മാറ്റമാണോ ഇത് സൂചിപ്പിക്കുന്നത് ?

ടി ശിവദാസ മേനോന്‍: ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. വിജയം അനിവാര്യമാണ്. അതിനാവശ്യമായ തന്ത്രങ്ങള്‍ക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. ആദര്‍ശം പറഞ്ഞിട്ടൊന്നും കാര്യമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജയം തന്നെയാണ് പ്രധാനം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിലും വിജയം തന്നെയാണ് പ്രധാന ഘടകം. പാര്‍ട്ടി ആലോചിച്ചെടുത്ത തീരുമാനമാണിത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാന്‍ഡിഡേറ്റുകള്‍ ആകണമെന്നില്ല. വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് സി പി ഐ എമ്മിന് തെരഞ്ഞെടുപ്പ്. പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യം മാത്രമല്ല സ്ഥാനാര്‍ത്ഥികള്‍ക്കുള്ള യോഗ്യത. ബൂര്‍ഷ്വാ സ്വാധീനമുള്ള സൊസൈറ്റിയാണ് നമ്മുടേത്. അതുകൊണ്ട് ബൂര്‍ഷ്വാ സമൂഹത്തിലെ അഴുക്കുകള്‍ പാര്‍ട്ടിയില്‍ ഉണ്ടാകും. പാര്‍ലമെന്ററി ജനാധിപത്യത്തിലെ പോരായ്മകള്‍ പാര്‍ട്ടിയേയും ബാധിച്ചിട്ടുണ്ട്.

രാ: ദൈവവിശ്വാസം, ആള്‍ദൈവങ്ങള്‍ എന്നിവയോടുള്ള പാര്‍ട്ടി സമീപനം?

ശി: ഞങ്ങള്‍ ദൈവ നിഷേധികളല്ല. ദൈവങ്ങളല്ല ഞങ്ങളുടെ എതിരാളി. മാക്‌സിസം ദൈവവിരുദ്ധമല്ല. സാമൂഹിക അരക്ഷിതാവസ്ഥയുടെ ഉല്‍പ്പന്നമാണ് ദൈവവിശ്വാസം. സമൂഹത്തിലെ എല്ലാവര്‍ക്കും സമത്വം കൈവരിക്കുന്ന അന്തരീക്ഷത്തിനുവേണ്ടിയാണ് മാര്‍ക്സിസം നിലകൊള്ളുന്നത്. തുല്യതയില്ലാത്ത സമൂഹത്തില്‍ ദൈവത്തിന് വലിയ സ്ഥാനമുണ്ട്. നളിനിയെന്ന കാവ്യത്തില്‍ കുമാരനാശാന്‍ പരിപൂര്‍ണ്ണമല്ലാത്ത അവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ദുഃഖിതരായവര്‍ക്ക് പിന്നാലെയാണ് കമ്മ്യൂണിസ്റ്റുകാര്‍. ചില പാളിച്ചകള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. പീഡിതരോട് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്കെ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ആകൂ. വിശ്വാസികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം. ദൈവ നിന്ദ അംഗീകരിക്കുന്നില്ല. ആരാധനാസമയത്ത് പള്ളികള്‍ക്ക് മുന്നില്‍ കൊട്ടിപ്പാടുന്നത് ശരിയല്ല. ദീപാരാധന സമയത്ത് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പ്രകടനം നടത്തുന്നതും ബഹളമുണ്ടാക്കുന്നതും അംഗീകരിക്കുന്നില്ല.

ശബരിമലയിലേക്ക് പോകുന്നതില്‍ ഭൂരിഭാഗവും സി പി ഐ എം കാരാണ്. വിശ്വാസികള്‍ക്കിടയില്‍ സര്‍വ്വെ നടത്തിയാല്‍ ശബരിമലയില്‍ എത്തുന്ന ഭൂരിപക്ഷവും സി പി ഐ എം അനുഭാവികള്‍ ആണെന്ന് തീര്‍ച്ചയാണ്. സാധാരണക്കാരുടെ പാര്‍ട്ടിയാണ് ഞങ്ങളുടേത്. ഇണങ്ങേണ്ടിടത്ത് ഇണങ്ങുകയും പിണങ്ങേണ്ടത് പിണങ്ങുകയും എന്നതാണ് ആള്‍ദൈവങ്ങളോടുള്ള പാര്‍ട്ടി സമീപനം.

രാ: വികസനം എന്ന കാഴ്ചപ്പാടില്‍ മാറ്റമുണ്ടോ? തെരഞ്ഞെടുപ്പിലെ കാതലായ വിഷയം വികസനമെന്ന് പിണറായി വിജയന്‍ പറയുന്നു. പാര്‍ട്ടി പരിപാടികളില്‍ മാറ്റമുണ്ടോ?

ശി: റോഡും പാലവും മാത്രമല്ല വികസനം. ജനങ്ങളുടെ ജീവിത സാഹചര്യങ്ങളുടെ സുരക്ഷിതത്വമാണത്. വികസനത്തെക്കുറിച്ച് വ്യക്തവും വ്യത്യസ്തവുമായ കാഴ്ചപ്പാട് പാര്‍ട്ടിക്കുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജപ്പാന്‍ വികസന കുതിപ്പ് നടത്തി. റോഡും പാലവും നിര്‍മ്മിച്ചല്ല. ആ രാജ്യം നേട്ടമുണ്ടാക്കിയത്. സമഗ്രകാഴ്ചപ്പാടാണ് വികസനത്തെക്കുറിച്ച് വേണ്ടത്. കേരളം റിച്ചാണ്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ഭരണപ്രവര്‍ത്തനമല്ല ഇവിടെ ആവശ്യം. അണ്ടനും അടകോടനും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അവിടെ പ്രവര്‍ത്തിക്കാനാകും. കേരളത്തിന്റെ വികസന ആവശ്യം വ്യത്യസ്തമാണ്.

രാ: സംസ്ഥാനം കടക്കെണിയിലാണ്. ധനകാര്യ മന്ത്രിയെന്ന നിലയില്‍ ദീര്‍ഘ പരിചയമുള്ള താങ്കള്‍ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി  എങ്ങനെയാണ് വിലയിരുത്തുന്നത്?

ശി: അതിഭയങ്കരമായ കടത്തിലാണ് കേരളം. വി ആര്‍ ഇന്‍ എ ഡെബിറ്റ് ട്രാപ്പ്. വാങ്ങിയ കടം തിരിച്ച് നല്‍കാനും കടം വാങ്ങുന്ന അവസ്ഥയിലാണ് സംസ്ഥാനം. ഇതൊരു തുടര്‍ച്ചയാണ്. എല്ലാവര്‍ക്കും പങ്കുണ്ട്. അത് അംഗീകരിക്കുമ്പോഴും സര്‍ക്കാരുകളുടെ നിലപാട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. ദുര്‍ചെലവ് നിയന്ത്രിക്കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍ പരാജയമാണ്. വരവിനനുസരിച്ച് ചെലവഴിക്കുകയാണ് ശരിയായ ബഡ്ജറ്റ്. ഒരു വീട്ടമ്മ കുടുംബ ബജറ്റ് തയ്യാറാക്കുന്നതുപോലെ സംസ്ഥാനത്തിന്റെ സാമ്പത്തിക ക്രമീകരണമാണ് ബഡ്ജറ്റിലൂടെ ഉണ്ടാകേണ്ടത്. അഞ്ച് ബഡ്ജറ്റുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നാലോ അഞ്ചോ ക്ലാസ് വെള്ളം കുടിച്ച് അവതരിപ്പിക്കേണ്ട ഒന്നല്ല ബഡ്ജറ്റ്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണത്. ഗവണ്‍മെന്റ് പോളിസിയാണ് ബഡ്ജറ്റിലൂടെ നടപ്പാക്കുന്നത്. സര്‍ക്കാരിന്റെനയം ബഡ്ജറ്റില്‍ റിഫ്‌ളക്റ്റ് ചെയ്യും. പാര്‍ട്ടിയുടെ നയം അനുസരിച്ചാണ് ബഡ്ജറ്റിന് രൂപം നല്‍കുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയവും ഇവിടെ പ്രതിഫലിക്കും. ബഡ്ജറ്റ് തയ്യാറാക്കുന്നതിന് പാര്‍ട്ടി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

രാ: വിഭാഗീയത, മറ്റ് പാര്‍ട്ടി  പ്രശ്‌നങ്ങള്‍ അവസാനിച്ചുവോ?

ശി: പാര്‍ട്ടിയില്‍ പ്രോബ്ലം ഇല്ല. കമാന്ററുടെ ഉത്തരവ് വന്നാല്‍ എല്ലാം അവസാനിക്കും. പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഒന്നും ഇതില്‍ നിന്ന് പുറത്തല്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വിഷയത്തില്‍ പാര്‍ട്ടി തീരുമാനം എല്ലാവരും അനുസരിക്കണം. 

രാ: എല്‍ ഡി എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രി?

ശി: രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. പാര്‍ട്ടി ഒരിക്കലും മുഖ്യമന്ത്രിയെ തീരുമാനിച്ച് മത്സരത്തിന് ഇറങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനം. ഇ എം എസ്സിനെപ്പോലും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടല്ല പാര്‍ട്ടി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്.  വി എസ് അച്യുതാനന്ദനും പിണറായി വിജയനും മാത്രമല്ല, തെരഞ്ഞെടുപ്പിന് ശേഷം ആരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരാം.

രാ: കേരള സമൂഹത്തില്‍ വര്‍ഗ്ഗീയത വളരുകയാണോ?

ശി: നോ കമന്റ്..

രാ: താങ്കളുടെ മകളുടെ ഭര്‍ത്താവ്  കെ പി ശ്രീധരന്‍ നായര്‍ മഞ്ചേരിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയില്‍ കഴമ്പുണ്ടോ? 

ശി: എനിക്കറിയില്ല… ഞാന്‍ അതിന്റെ പാര്‍ട്ട് അല്ല. മഞ്ചേരി സി പി ഐയുടെ മണ്ഡലമല്ലേ? ആരും സ്ഥാനാര്‍ത്ഥിയായി വരാം. ചിലപ്പോള്‍ അദ്ദേഹവും ആവാം. എ കെ ജി സെന്ററിന്റെ ചുമതല സംസ്ഥാന കമ്മിറ്റി നല്‍കിയിരിക്കുന്നത് എനിക്കാണ്. അസുഖം കാരണം മഞ്ചേരിയിലെ മകളുടെ വീട്ടില്‍ വിശ്രമത്തിലാണ്. കാര്യങ്ങളെല്ലാം യഥാസമയത്ത് കമ്മ്യുണിക്കേറ്റ് ചെയ്യുന്നുണ്ട്.

(അഴിമുഖം കണ്‍സള്‍റ്റിംഗ് എഡിറ്ററാണ് രാമദാസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍