UPDATES

അമേരിക്കയിലെ വര്‍ണ്ണവിവേചനം ചൂണ്ടിക്കാട്ടി വിതുമ്പിക്കരഞ്ഞ് ഏഴുവയസ്സുകാരി; വികാരഭരിതരായി കാഴ്ച്ചക്കാര്‍

അഴിമുഖം പ്രതിനിധി 

നിരായുധനായ കെയ്ത്ത് സ്‌കോട്ട് എന്ന കറുത്ത വർഗ്ഗക്കാരനെ അമേരിക്കന്‍ പോലിസ് വെടിവെച്ച് കൊന്നതിന് ശേഷം കരോളിനയിലെ ഷാര്‍ലോറ്റ് സിറ്റി കൌണ്‍സിലില്‍ സിയാന ഒലിഫന്റ്റ് എന്ന എഴ് വയസ്സുകാരി നടത്തിയ ഹൃദയത്തില്‍ തൊടുന്ന പ്രസംഗം സാമൂഹ്യമാധ്യമങ്ങളിലൂടെ ആളുകളുടെ മനസ്സ് കീഴടക്കുകയാണ്.

അമേരിക്കയുടെ തെക്ക് കിഴക്കന്‍ സംസ്ഥാനമായ നോര്‍ത്ത് കരോളിന സിറ്റിയില്‍ തിങ്കളാഴ്ച്ച രാത്രി കൂടിയ പ്രതിഷേധ സംഘമതത്തില്‍ ഒരുപാട് ആളുകള്‍ അവള്‍ക്ക് മുന്‍പ് പ്രസംഗിച്ചു എങ്കിലും ആ  കുഞ്ഞിന്‍റെ വാക്കുകള്‍ മാത്രമാണ് ജനങ്ങളുടെ കണ്ണുകള്‍ നിറയിച്ചത്. സംസാരിക്കുമ്പോള്‍ അവളും സങ്കടം അടക്കിവെക്കാന്‍ പാടുപെട്ട് വിതുമ്പുകയായിരുന്നു.

“ഞങ്ങള്‍ കറുത്ത വര്‍ഗ്ഗക്കാരാണ്, സത്യത്തില്‍ ഞങ്ങള്‍ ഇങ്ങനെ കരയാന്‍ പാടില്ലാത്തവരാണ്… ഞങ്ങളുടെ മാതാപിതാക്കൾ ഇത്തരത്തിൽ കൊല്ലപ്പെടുന്നത് നാണക്കേടാണ്… അവരുടെ ശരീരങ്ങൾ വഹിച്ചുകൊണ്ട് സെമിത്തേരിയിലേക്ക് പോകണം എന്ന് പറയുന്നതും നാണക്കേടാണ്…”

വെളുത്തവർഗക്കാരെയും കറുത്തവർഗക്കാരെയും തുല്യരായി കണക്കാക്കണം. നിങ്ങൾ ഞങ്ങളോട് പെരുമാറുന്ന ആ രീതി എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പ്രത്യേകിച്ച് നിറം എന്നത് എന്റെ മുന്നിൽ വിഷയമല്ലാതിരിക്കുമ്പോൾ…”

അത്രയും പറയുമ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറയുകയും ശബ്ദമിടറുകയും മൈക്കിനു മുന്നില്‍ തല കുനിച്ച് നില്‍ക്കുകയും ചെയ്തു. കുറച്ചു നേരത്തിന് ശേഷം അവള്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി.

സിയാന്നയുടെ പ്രസംഗത്തെ വികാരഭരിതാരായാണ് സഭയില്‍ കൂടിയിരുന്നവര്‍ കേട്ടിരുന്നത്.

ലോകസമാധാനതതിന്റെ പതാക വാഹകര്‍ എന്നവകാശപ്പെടുന്ന അമേരിക്കയും അവരുടെ പോലീസും കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെ നടത്തി വരുന്ന അക്രമങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല എന്ന് ലോകത്തോട്‌ വിളിച്ചു പറയുകയാണ് ഈ പ്രസംഗത്തിലൂടെ സിയാന്ന.

സംശയാസ്പദമായ സാഹചര്യത്തില്‍ ആയുധവുമായി കണ്ടത് കൊണ്ടാണ് കെയ്ത്ത് സ്‌കോട്ടിനെ വെടിവെച്ച് കൊന്നത് എന്നാണ് അമേരിക്കന്‍ പോലീസിന്റെ വിശദീകരണം. എന്നാല്‍ അതിനെയെല്ലം തള്ളിക്കളയുകയാണ് സിയാന്ന.

സിയാന്ന പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും നടത്താതെയാണ് പ്രസംഗ വേദിയില്‍ കയറിയത് എന്ന് അവളുടെ മാതാവ്‌ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഞാൻ വളരെ വൈകാരികമായി പ്രതികരിക്കുന്ന ആളാണ്. ഞാൻ പറഞ്ഞ വാക്കുകൾ വളരെ ശക്തമാണെന്നെനിക്കറിയാം. അതുകൊണ്ടാണ് അറിയാതെ കരഞ്ഞു പോയത്. ചില സംഭവങ്ങളിൽ വൈകാരികമായി ഏറെ വേദനിച്ചു. എന്റെ അവസ്ഥ എല്ലാവരെയും അറിയിക്കാൻ തോന്നി, അതുകൊണ്ടാണ് യോഗത്തില്‍ സംസാരിച്ചത്”. പ്രസംഗ ശേഷം സിയാന്ന മാധ്യമങ്ങളോട് പറഞ്ഞു.

സിയാന്നയുടെ മനസ്സ് വേദനിപ്പിക്കുന്ന പ്രസംഗത്തിനോട് വൈകാരികമായി ആണ് സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ആളുകള്‍ പ്രതികരിച്ചത്. വര്‍ണ്ണ വിവേചനത്തിന് എതിരെ ഒരു ഏഴു വയസ്സുകാരി ഒരുകൂട്ടം ആളുകളുടെ മുന്നില്‍ വിതുമ്പിക്കരയേണ്ട ഗതികേട് ഇപ്പോഴും അമേരിക്കയില്‍ നിലനില്‍ക്കുന്നു  എന്ന് സമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ആളുകള്‍ പറയുന്നു. സിയാന്നയുടെ ഈ പ്രസംഗം പുതിയ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും  കാരണമായേക്കാം എന്ന പ്രതീക്ഷയിലാണ് സോഷ്യല്‍ മീഡിയ. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍