UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന ദളിത് മര്‍ദ്ദനം തെറ്റ്; മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചെന്നും പഴി

Avatar

പശുവിനെ കൊന്നുവെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ഗുജറാത്തില്‍ നാലു ദളിത് യുവാക്കളെ പൊതുമധ്യത്തില്‍ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാകുമ്പോള്‍, ഈ വിഷയത്തില്‍ ഗുജറാത്തില്‍ ജീവിക്കുന്ന ആളുകളുടെ അഭിപ്രായം എന്താണ്? മാധ്യമപ്രവര്‍ത്തകനായ ഡി. ധനസുമോദ്  ഗുജറാത്ത് സന്ദര്‍ശിച്ച്  തയ്യാറാക്കിയത്. 

ബാബുഭായി
(ഓട്ടോ ഡ്രൈവര്‍)

ദളിതര്‍ പശുവിന്റെ ഇറച്ചി കഴിക്കാറില്ല. ചത്ത പശുവില്‍ നിന്നും തുകല്‍ ശേഖരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഈ തുകല്‍ കൊണ്ടാണ് ബെല്‍റ്റും ഷൂസും ചെരിപ്പുമൊക്കെ നിര്‍മിക്കുന്നത്. ദളിതര്‍ ചെയ്യുന്നത് ഒരു സാമൂഹ്യസേവനം കൂടിയാണ്. അവരെ മര്‍ദ്ദിച്ചത് മനുഷ്യത്വമുള്ളവര്‍ക്ക് യോജിച്ച പരിപാടിയല്ല. ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല; ഒരംശം പോലും. 

ജതിന്‍ ജാഫാനി
(ടെക്‌സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ടെക്കി) 

ദളിതരെ മര്‍ദ്ദിച്ചതായി പ്രചരിക്കുന്ന വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണ്. പൊതുനിരത്തില്‍ ഇങ്ങനെ മര്‍ദ്ദിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഗുജറാത്തില്‍ ദളിതരും പശുവിനെ തിന്നാറില്ല. പ്രത്യേക ലക്ഷ്യം വച്ച് ആരോ നിര്‍മ്മിച്ചതാണത്.

വീരേന്ദ്രകുമാര്‍ പാണ്ഡേ
(ഓട്ടോ ഡ്രൈവര്‍)

കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ സൂറത്തില്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. ദളിതരെ മര്‍ദ്ദിച്ചു എന്ന് വിശ്വസിക്കുന്നില്ല. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുകയാണ്. നിലവിലെ സംവരണം നിലനിര്‍ത്തുന്നതിനും കൂടുതല്‍ മേഖലയില്‍ സംവരണം ലഭിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ് ഈ ദളിത് മര്‍ദ്ദനം.

ശൈലേന്ദ്ര ഷെട്ടി
(ബിസിനസ്)
1965 മുതല്‍ ഗുജറാത്തില്‍ ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. ദളിതരെ മര്‍ദ്ദിച്ച സംഭവം ഏറെ വേദനിപ്പിച്ചു. വീഡിയോ ഞെട്ടിപ്പിക്കുന്നതാണ്. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു.

അശോക്‌
(ബിസിനസ്)
ദളിതരെ മര്‍ദ്ദിച്ചു എന്ന സംഭവം ശരിയാണ്. എന്നാല്‍ ഇരുമ്പുവടി കൊണ്ടു മര്‍ദ്ദിച്ചു എന്ന രീതിയില്‍ പെരുപ്പിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. പോലീസ് ഉപയോഗിക്കുന്ന ഗ്ലാസ് ലാത്തിയാണ് ഗോസുരക്ഷ സമിതി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ചത്. മര്‍ദ്ദനത്തോട് അശേഷം യോജിക്കുന്നില്ല. ചിലര്‍ ശ്രദ്ധ കിട്ടാന്‍ വേണ്ടി കാണിക്കുന്ന തന്ത്രമാണിത്. ചെറിയ, തീരെ ചെറിയ സംഭവമാണിത്. അമേരിക്കയില്‍ ഓരോ മുപ്പത് മിനിട്ടിനിടയിലും ഓരോ കുറ്റകൃത്യം നടക്കുന്നുണ്ട്. അതുപോലെ ഒരു നഗരത്തില്‍ നടന്ന തീരെ ചെറിയ കുറ്റകൃത്യമാണിത്. അതിനെ പെരുപ്പിച്ച് കാണിച്ച മാധ്യമങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍.

നിലീഫ് കുമാര്‍
(ക്യാമറാമാന്‍)
ചെറിയ ഒരടി കിട്ടിയതിന് ഇത്രയും ദിവസമായി ആശുപത്രിയില്‍ കിടക്കേണ്ട കാര്യമില്ല. വേറെ എന്തൊക്കെയോ ലക്ഷ്യം വച്ചാണ് ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ കിടക്കുന്നത്. ദളിതര്‍ മാത്രമല്ല, അവശത അനുഭവിക്കുന്ന നിരവധി സമൂഹങ്ങള്‍ ഇന്ത്യയിലുണ്ട്. എന്തൊക്കെയാണെങ്കിലും മര്‍ദ്ദനം ഞാന്‍ കണ്ടതാണ്. പോലീസ് എയ്ഡ് പോസ്റ്റിനു മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തോട് തരിമ്പും യോജിപ്പില്ല. മാത്രമല്ല അത് തെറ്റുകൂടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍