അഴിമുഖം പ്രതിനിധി
കേരളത്തിലെ വസ്ത്രവില്‍പനശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ദേശീയ മനുഷ്യാവകാശകമ്മിഷന്‍ ഇടപെടുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന തുണിക്കടകളിലെ അവസ്ഥ തീര്‍ത്തും മോശമാണെന്ന വസ്തുതയാണ് ഇതോടെ വെളിവായിരിക്കുന്നത്.
ഇരിക്കാനോ മറ്റു പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ പോലുമുള്ള അവകാശങ്ങള്‍ പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് നല്‍കുന്നില്ല. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ആരോഗ്യം, അന്തസ്സ് എന്നിങ്ങനെയുള്ള അവകാശങ്ങള്‍ നിഷേധിക്കപെടുന്നതിനെ വളരെ ഗൗരവപൂര്‍ണമായാണ് കാണുന്നതെന്നും ഈ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
കമ്മീഷനു ലഭിച്ച പരാതിയില്‍ പല കടകളിലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലുമില്ലെന്നുള്ളത് കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല. മാനേജരോട് ചോദിക്കാതെ പ്രാഥമിക കൃത്യങ്ങള്‍ക്കു പോകാനുള്ള അവകാശങ്ങള്‍ പോലും നിഷേധിക്കപെടുന്നു. കൂടുതല്‍ സമയം നില്‍ക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളും സ്ത്രീ തൊഴിലാളികളെ അലട്ടുന്നുണ്ട്.
ഈ പ്രശ്‌നങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന സമരങ്ങളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. 1960 ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ ആക്ട് രണ്ടു വര്‍ഷം മുമ്പ് പുനരാവിഷ്‌കരിച്ചപ്പോഴും സംഘടനാരഹിതമായി ജോലി ചെയ്യുന്ന ഇത്തരത്തിലുള്ള തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചിരുന്നില്ല .