UPDATES

ട്രെന്‍ഡിങ്ങ്

എന്റെ ശവക്കുഴിയിലെ ആദ്യത്തെ രാത്രി എങ്ങനെയായിരിക്കും? ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫിസര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഫിറോസ് അഹമ്മദ് ധര്‍ അടക്കം അഞ്ചു പൊലീസുകാരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്

‘ ചിന്തിച്ചുനോക്കൂ…നിങ്ങള്‍ നിങ്ങളുടെ ശവക്കല്ലറയില്‍…ഇരുട്ടമൂടിയ കുഴിയുടെ താഴെ…ഒറ്റയ്ക്ക്’

തന്റെ മരണം മുന്‍കൂട്ടി പ്രവചിച്ചതുപോലെയാണ് ഫിറോസ് അഹമ്മദ് ധാറിന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വായിക്കുമ്പോള്‍ തോന്നുന്നത്.

ഇന്നലെ രാത്രിയായിരുന്നു ധറിന്റെ ശവസംസ്‌കാരം. അനന്ത്‌നാഗ് ജില്ലയില്‍ പൊലീസ് സംഘത്തിനുനേരെ ലക്ഷകര്‍ ഇ തൊയ്ബ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയ ധാറിന് ജീവന്‍ നഷ്ടമായത്.ദോഗ്രിപോരയിലെ കുടുംബ ശ്മശാനത്തില്‍ ആ 32 കാരന്റെ ശരീരം അടക്കം ചെയ്തിട്ട് ഒരുദിവസം കഴിഞ്ഞെങ്കിലും പുല്‍വാമയിലെ നിരവധി കണ്ണുകള്‍ ഇനിയും തോര്‍ന്നിട്ടില്ല. ധറിന്റെ കുടുംബാംഗങ്ങള്‍, കൂട്ടുകാര്‍, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍ നാട്ടുകാര്‍; എല്ലാവര്‍ക്കും ധാര്‍ ഇനി മരിക്കാത്ത ഓര്‍മയാണ്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അനന്ത്‌നാഗിലെ അചബലലില്‍ തീവ്രവാദി ആക്രമണം ഉണ്ടായത്. രണ്ടു ലക്ഷകര്‍ ഭീകരരെ സൈന്യം വധിച്ചതിന്റെ പ്രതികാരം. ധാര്‍ ഉള്‍പ്പെടെ അഞ്ചുപൊലീസുകാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണം കഴിഞ്ഞു തിരികെ പോകുന്നതിനു മുമ്പ് കൊലപ്പെടുത്തിയ പൊലീസുകാരുടെ മുഖം വികൃതമാക്കാനും ഭീകരരുടെ ക്രൂരമനസ് തയ്യാറായിരുന്നു.

അധികനേരം ധാറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ പോലും സാധിച്ചില്ല.

ധറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അയാളുടെ സുഹൃത്തുക്കളാണ് 2013 ജനുവരി 18 ന് ധര്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് പറഞ്ഞത്. ഇപ്പോഴാ വരികള്‍ തങ്ങളെ വേട്ടായാടുന്നതായി അവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.

നീ എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ, ശവക്കുഴിയിലെ നിന്റെ ആദ്യത്തെ രാത്രിയില്‍ എന്തൊക്കെയാണ് നടക്കാന്‍ പോകുന്നതെന്ന്? നിന്റെ മൃതദേഹം കുളിപ്പിക്കുന്നു, ശവക്കുഴിയിലേക്ക് എടുക്കാനായി തയ്യാറാക്കുന്നു…ആ നിമിഷത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ… ആളുകള്‍ നിന്നെ നിന്റെ ശവക്കുഴിവരെ ചുമന്നുകൊണ്ടുപോകുന്നു, നിന്റെ കുടുംബം കരയുന്നു. നിന്നെ ശവക്കുഴിയിലേക്ക് കിടത്തുന്നു, ആലോചിച്ചു നോക്കൂ ആ നിമിഷങ്ങളെക്കുറിച്ച്…

ധറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികള്‍…

ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ ശവക്കുഴിയിലെ ആദ്യത്തെ രാത്രി, ദോഗ്രിപോര അവരുടെ നായകനെക്കുറിച്ചോര്‍ത്ത് കരയുകയായിരുന്നു അപ്പോഴും.

ചെറിയ സമയത്തേക്കായിരുന്നെങ്കിലും ധറിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഗ്രാമം അവസാനമായി അയാളെ കാണാന്‍ ഒഴുകിയെത്തി. രണ്ടുകുട്ടികളാണ് ധറിന്, ആറുവയസുകാരി ആദ്ധയും രണ്ടുവയസുകാരി സിമ്രാനും. ആ കുട്ടികളുടെ മുഖം പരിഭ്രാന്തമായിരുന്നു. എന്താണ് തങ്ങളുടെ വീട്ടില്‍ ഇത്രയ്ക്ക് ആള്‍ക്കൂട്ടം എന്നവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ധറിന്റെ ഭാര്യ മുബീന അക്തറും അയാളുടെ വൃദ്ധരായ മാതാപിതാക്കളും നെഞ്ചിലടിച്ച് കരയുകയായിരുന്നു. തങ്ങള്‍ക്കുണ്ടായിരിക്കുന്ന നഷ്ടവുമായി അവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലായിരുന്നു.

ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അവന്‍ അറിയപ്പെട്ടിരുന്നത് ഒറ്റയാള്‍ പട്ടാളം എന്നായിരുന്നു. അവന്റെ ധൈര്യം ആണ് അങ്ങനെയൊരു പേരിനു കാരണം. കശ്മീര്‍ ഒരു സാധാരണ ജീവിതത്തില്‍ എത്തുന്നതായിരുന്നു എന്നും അവന്റെ സ്വപ്നം.

ധര്‍ 2013 മാര്‍ച്ച് എട്ടിന് ഫെയ്‌സ്ബുക്കില്‍ കുറിച്ചതും അതായിരുന്നു;

എന്റെ ദൈവമേ, ശാന്തമായ കശമീരിനെ ഞങ്ങള്‍ക്ക് എന്നാണ് കാണാനാവുക…

സഹപാഠിയായിരുന്ന സുനില്‍ശര്‍മ ഫെയ്‌സ്ബുക്കില്‍ ധറിന്റെ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തത് ഒരു പാട്ടിന്റെ രണ്ടുവരിയായിരുന്നു; ബസ് ഇത്‌ന യാദ് രഹേ, എക് സാഥി ഓര്‍ ബഹി താ’ എല്‍ഒസി കാര്‍ഗില്‍ എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍.

അഞ്ചുനേരം നിസ്‌കരിക്കുന്ന ദൈവഭയമുള്ള മുസല്‍മാനായിരുന്ന അവന്‍. എല്ലാവരോടും അവന് സ്‌നേഹം മാത്രമായിരുന്നു; സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.

എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുകയും എല്ലാവരുടെയും ബഹുമാനം നേടുകയും ചെയ്ത ഓഫിസര്‍ ആയിരുന്നു ഫിറോസ് അഹമ്മദ് ധര്‍. അദ്ദേഹം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കും. ഈ മനുഷ്യത്വരഹിതമായ പ്രവര്‍ത്തി കാണിച്ചവര്‍ക്ക് തീര്‍ച്ചയായും ശിക്ഷ കിട്ടിയിരിക്കും. അവര്‍ അര്‍ഹിക്കുന്ന ശിക്ഷ. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട സഹപ്രവര്‍ത്തകരോടുള്ള ദുഖം രേഖപ്പെടുത്തുകയാണ്; ദക്ഷിണ കശ്മീരിലെ പൊലീസ് ഡി ഐ ജി സ്വയം പ്രകാശ് പാനി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിടുന്നു.

ധറിന്റെ ഓര്‍മകള്‍ ഇവിടെ നിലനില്‍ക്കും. അദ്ദേഹത്തിന്റെ കുടുംബം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോവും. പക്ഷേ ധര്‍ കണ്ട സ്വപ്‌നം…ശാന്തമായ കശ്മീര്‍…അതെന്നു സംഭവിക്കും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍