UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികളോട് ഏത് ഭാഷയില്‍ സംസാരിക്കും?

Avatar

ക്ലേര്‍ ബോവേന്‍
(സ്ലേറ്റ്)

പുതിയ മാതാപിതാക്കള്‍ക്ക് ധാരാളം സംഘര്‍ഷങ്ങളുണ്ട്. ഒരു അമ്മയാകുന്നത് വരെ ഈ ഉപദേശക്കടലിന്റെ ആഴം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.

അച്ഛനമ്മമാരുടെ ഭാഷ രണ്ടാണെങ്കില്‍ കുട്ടിയോട് എന്തുഭാഷയില്‍ സംസാരിക്കും എന്നതാണ് പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്ന്. കുട്ടി ഏറ്റവും മികച്ചത് തെരഞ്ഞെടുക്കണം എന്ന് ആളുകള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. കുട്ടികളെ വളര്‍ത്തുമ്പോള്‍ അതിലേയ്ക്ക് സ്വന്തം കുട്ടിക്കാലം കൊണ്ടുവരുന്നതും സ്വാഭാവികം. എന്നാല്‍ ഒരു ഭാഷ നിങ്ങള്‍ അത്ര സുഗമാമായല്ല സംസാരിക്കുന്നതെങ്കിലോ? നിങ്ങള്‍ മുതിര്‍ന്ന ശേഷം പഠിച്ച ഭാഷയാണതെങ്കിലോ? നിങ്ങള്‍ക്ക് നന്നായി സംസാരിക്കാന്‍ കഴിയാത്ത ഭാഷ കുട്ടിയോട് സംസാരിക്കുന്നത് ശരിയാണോ?

മദര്‍ലോഡ് എന്ന ബ്ലോഗില്‍ ജിം ക്ലിംഗ് എഴുതുന്നത് ശ്രദ്ധിക്കുക. ക്ലിംഗിന്റെ ഭാര്യയുടെ ഭാഷ തഗാലോഗ് ആണ്. ക്ലംഗിന്റെത് ഇംഗ്ലീഷും. കുട്ടിയോട് എന്തു ഭാഷയില്‍ സംസാരിക്കണം എന്നതാണ് ചോദ്യം.

ഒടുവില്‍ തനിക്ക് അത്ര നന്നായറിയാത്ത ഭാഷയ്ക്ക് പകരം ഇംഗ്ലീഷ് ഉപയോഗിക്കാനാണ് ക്ലിംഗ് തീരുമാനിച്ചത്. ഈ തീരുമാനത്തിലെത്താന്‍ സഹായിച്ചത് എറികാ ഹോഫിനെപ്പോലെയുള്ളവരുടെ ഗവേഷണവും. അമേരിക്കയിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ കുട്ടികളുടെയിടയിലാണ് ഹോഫ് പഠനം നടത്തിയത്. കുട്ടികളോട് സ്പാനിഷില്‍ സംസാരിച്ചവരും ഇംഗ്ലീഷില്‍ സംസാരിച്ചവരും തമ്മിലാണ് താരതമ്യപഠനം നടത്തിയത്. വീട്ടില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന കുട്ടികളാണ് പഠനമികവു കാണിക്കുന്നത് എന്നുകരുതിയെങ്കില്‍ തെറ്റി. രണ്ടുഭാഷയും പഠിച്ചുവന്നവരാണ് മികച്ചുനിന്നത്.

ഒരു ഭാഷ നിങ്ങളുടെ മാതൃഭാഷയല്ലെങ്കില്‍ അതില്‍ കുട്ടികളോട് സംസാരിക്കുന്നത് ശരിയാകില്ല എന്നാണ് ക്ലിംഗ് ഇതില്‍ നിന്ന് മനസിലാക്കിയത്. കുട്ടിയോട് ഇംഗ്ലീഷിനുപകരം തഗാലോഗില്‍ സംസാരിച്ചാല്‍ അത് നീതിയാകില്ല എന്ന് ക്ലിംഗിനു തോന്നി. രണ്ടുഭാഷകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആ ഭാഷ മാതൃഭാഷയല്ലാത്ത ആളുകള്‍ നല്ല മാതൃകയാകില്ല. അവരുടെ ഭാഷയുടെ വ്യാകരണവും ശൈലികളും ഒന്നും ശരിയാകണമെന്നില്ല.

ഒരു ഭാഷാശാസ്ത്രവിദഗ്ധ എന്ന നിലയില്‍ ഞാന്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ സന്ദേശമാണ് എടുക്കുന്നത്. ഇംഗ്ലീഷ് വീട്ടില്‍ സംസാരിച്ച കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് വലിയ ഗുണമൊന്നും കിട്ടിയിരിക്കില്ല. എന്നാല്‍ സ്പാനിഷ് സംസാരിക്കുന്ന കുട്ടികള്‍ക്ക് ഭാഷയുടെ അടിസ്ഥാനം മാതാപിതാക്കളില്‍ നിന്നും കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്നും കിട്ടിയിരിക്കണം. രണ്ടുഭാഷകളും കേട്ടുവളരുന്നതിന്റെ ഗുണം അവര്‍ക്ക് ലഭിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം 

കണ്ണു തുറന്നിരിക്കുന്ന ഈ ലോകത്തോട് ചിലത് പറയാനുണ്ട്- റീം ഷംസുദ്ദീന്‍ എഴുതുന്നു
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി ഏത് സ്പോര്‍ട്സ് ടീമില്‍ കളിക്കും?
അവന്‍ അവള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ ഈ ലോകം മാറും
അടിച്ചാല്‍ കുട്ടികള്‍ പഠിക്കുമോ?
ഡിലന്‍: അവിശ്വസനീയമായ ഒരു തിരിച്ചുവരവ്

രണ്ടുഭാഷകള്‍ കൈകാര്യം ചെയ്ത് വളരുന്നത് നല്ലതാണെന്ന് സൂചിപ്പിക്കുന്ന ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്. മള്‍ടി ടാസ്‌കിംഗ് സാധിക്കുക മുതല്‍ അല്ഷിമെര്‍സ് പ്രതിരോധിക്കല്‍ വരെ രണ്ടിലേറെ ഭാഷകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് സാധിക്കുമത്രേ. സോഷ്യോലിംഗ്വിസ്റ്റുകള്‍ പറയുന്നത് കുട്ടികള്‍ തീരെ ചെറുപ്രായം മുതല്‍ അടുത്തുള്ള സഹപാഠികളില്‍ നിന്ന് ഭാഷ പഠിക്കുമെന്നാണ്. ഭാഷാവിദഗ്ധനായ വോള്‍ഫ്രാം പറയുന്നത് നാലുവയസുമുതല്‍ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ ഭാഷയെ സ്വാധീനിക്കുന്നത് സഹപാഠികളാണ് എന്നാണ്. എന്റെ ഭര്‍ത്താവും ഞാനും ഓസ്‌ട്രേലിയയില്‍ നിന്നാണെങ്കില്‍ എന്റെ കുട്ടികള്‍ യാങ്കികളെപ്പോലെ സംസാരിക്കുന്നത് ഇതുകൊണ്ടാണ്. അതുകൊണ്ടാണ് മാതാപിതാക്കള്‍ സ്പാനിഷ് സംസാരിച്ചിട്ടും കുട്ടികള്‍ സഹപാഠികളില്‍ നിന്ന് നന്നായി ഇംഗ്ലീഷ് പഠിച്ചെടുത്തത്.

 

എങ്ങനെയാണ് ഭാഷ മാതൃഭാഷയല്ലെങ്കില്‍ അത് സംസാരിക്കുന്നവര്‍ മോശം ഭാഷ കുട്ടികള്‍ക്ക് വേണ്ടി സൃഷ്ടിക്കുന്നത്? നമ്മുടെ മാതൃഭാഷയല്ലെങ്കില്‍ നമ്മള്‍ അതില്‍ വ്യാകരണപ്പിശകുകള്‍ വരുത്തും. കുട്ടികള്‍ അത് പഠിക്കുകയും ചെയ്യും. ഇതിനുപക്ഷെ തെളിവൊന്നുമില്ല. സത്യത്തില്‍ കുട്ടികള്‍ പിന്നീട് ഈ ഭാഷയുടെ മികച്ച ഉപയോക്താക്കളായി മാറുകയും ചെയ്യും. ഉദാഹരണത്തിന് കേള്‍വിയുള്ള മാതാപിതാക്കളുടെ ബധിരരായ കുട്ടികള്‍ കേള്‍വിയുള്ള എന്നാല്‍ സൈന്‍ ഭാഷ വശമുള്ള മറ്റു മാതാപിതാക്കളില്‍ നിന്ന് സൈന്‍ ഭാഷ ആദ്യം പരിചയിച്ചാലും പിന്നീട് അവര്‍ ജനനം മുതല്‍ സൈന്‍ ഭാഷ പരിചയിച്ച കുട്ടികളെപ്പോലെ തന്നെയാകും.

കുട്ടികള്‍ക്ക് ഭാഷ വേഗം പഠിക്കാനാകും എന്ന് മാത്രമല്ല ഭാഷ നന്നായി ഉപയോഗിക്കുന്ന ആളുകളെ തിരിച്ചറിയാനും അവര്‍ക്ക് ചെറുപ്പത്തിലേ കഴിയും. നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയെ വിശ്വസിക്കാമോ ഇല്ലയോ എന്നവര്‍ മനസിലാക്കും. കേള്‍ക്കുന്ന ഭാഷാരീതികള്‍ മനസിലാക്കാനും തെറ്റായ ഭാഷാപ്രയോഗങ്ങള്‍ കേട്ടാലും ഒരു സ്ഥിരം ശൈലി ഉപയോഗിക്കാനും അവര്‍ക്ക് കഴിയും.

കുട്ടികള്‍ക്ക് ആവശ്യം ഏറ്റവും കൃത്യമായി സംസാരിക്കുന്ന ഒരു ഭാഷാ വിദഗ്ധന്റെ സാന്നിധ്യമല്ല, മറിച്ച് കൂടുതല്‍ ആളുകള്‍ ആ ഭാഷയില്‍ സംസാരിക്കുകയാണ്. ഈ ഭാഷ മാതൃഭാഷയല്ലാത്ത അച്ഛനോ അമ്മയോ കൂടി ഇതേ ഭാഷയില്‍ സംസാരിക്കണം. വീട്ടില്‍ സംസാരിച്ചാലും ഇല്ലെങ്കിലും ക്ലിംഗിന്റെ കുട്ടി ഇംഗ്ലീഷ് പഠിക്കും. പക്ഷെ മുഴുവന്‍ കുടുംബവും തഗാലോഗ് സംസാരിച്ചാല്‍ പലഭാഷകള്‍ ഉപയോഗിക്കുന്നതിന് ഒരു നല്ല മാതൃകയാണ് അവര്‍ കുട്ടിക്ക് നല്‍കുക. ഒപ്പം തഗാലോഗ് ഭാഷയില്‍ കുട്ടിയോട് സംസാരിക്കാന്‍ കുട്ടിയുടെ അമ്മയെയും സഹായിക്കലാകും അത്.

അതുകൊണ്ട് ജിം, നിങ്ങളുടെ കുട്ടിയോട് ഇഷ്ടമുള്ള ഭാഷയില്‍ സംസാരിക്കുക. രണ്ടു ഭാഷയിലും സംസാരിക്കുന്നത് കുട്ടിക്ക് ഗുണമേ ചെയ്യൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍