UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജ്ഞാപനത്തിന് പിന്നില്‍ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ട: മുഖ്യമന്ത്രി

വിജ്ഞാപനം ചര്‍ച്ച ചെയ്യുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

കന്നുകാലികളുടെ വില്‍പ്പനയ്ക്കും കശാപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് പിന്നില്‍ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജ്ഞാപനം ചര്‍ച്ച ചെയ്യുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയന്ത്രണം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നും അത് വിലക്കയറ്റത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. മൃഗശാലയിലെ മൃഗങ്ങള്‍ക്ക് പോലും ഭക്ഷണം ലഭിക്കാതെ വരും. കേന്ദ്ര വിജ്ഞാപനം ശുദ്ധതട്ടിപ്പാണെന്നാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. വന്‍കിട കച്ചവടക്കാരെ സഹായിക്കുന്നതാണ് വിജ്ഞാപനം. വിപണിയിലും വര്‍ഗ്ഗീയത കലര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തമാണ് ഗോമാതാവിനും കാള പിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നതെന്നും അദ്ദേഹം പരിഹസിച്ചു.

നരേന്ദ്ര മോദിയെ അഭിനവ ഹിറ്റ്‌ലറെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. അതേസമയം കേരളത്തെ ബാധിക്കാത്ത വിഷയം എന്തിനാണ് ചര്‍ച്ച ചെയ്യുന്നതെന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് കെഎം മാണി ചോദിച്ചത്. ഹൈക്കോടതി പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അതേസമയം പ്രത്യേക നിയമസഭ സമ്മേളനത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു.

സഭയില്‍ ഈ നിലപാടിന് എതിരായി സംസാരിക്കാന്‍ താന്‍ മാത്രമാണ് ഉള്ളതെന്നും അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് കോടതിയാണെന്നും നിയമസഭയല്ലെന്നും രാജഗോപാല്‍ വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരല്ല, തിരുവനന്തപുരത്ത് ബിജെപി ഓഫീസ് തകര്‍ത്തവരാണ് ഫാസിസത്തെക്കുറിച്ച പറയുന്നതെന്ന് പറഞ്ഞാണ് രാജഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍