UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സുഖമായി ഉറങ്ങിയാല്‍ ആരോഗ്യം നേടാം

തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരുക, വിഷാദം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, പൊണ്ണത്തടി, സൗഖ്യക്കുറവ് ഇവയെല്ലാം ഉറക്കമില്ലായ്മ കാരണമാകും

സഹന ബിജു

സഹന ബിജു

ഉറക്കം സൗഖ്യത്തിന്റെയും ആരോഗ്യത്തിന്റെയും സൂചകമാണ്. ജീവിതത്തിന്റെ മൂന്നിലൊന്നും നമ്മള്‍ ഉറക്കത്തിനായാണ് ചെലവഴിക്കുന്നത്. രാത്രി സുഖകരമായ ഉറക്കം കിട്ടേണ്ടത് വളരെ പ്രധാനമാണ്. പക്ഷേ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ യഥാര്‍ത്ഥത്തില്‍ എട്ടോ അതിലധികമോ മണിക്കൂര്‍ സമയം ഉറങ്ങാന്‍ സാധിക്കുന്നുള്ളൂ. വിശ്രമം എന്തെന്ന് അറിയാത്തവരും നമുക്കിടയിലുണ്ട്. കാപ്പി, ഊര്‍ജപാനീയങ്ങള്‍, അലാറം ക്ലോക്കുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്‍പ്പെടെ പുറത്തു നിന്നുള്ള വെളിച്ചം ഇതെല്ലാം നമ്മുടെ ഉറക്കത്തിന്റെയും ഉണരലിന്റെയും ചക്രത്തെ അതായത് സര്‍കാഡിയന്‍ റിഥത്തെ ബാധിക്കുന്നു.

ഓരോ പ്രായക്കാര്‍ക്കും ലഭിക്കേണ്ട ഉറക്കം വ്യത്യസ്തമാണ്. നവജാത ശിശുക്കള്‍ ഇരുപത് മണിക്കൂര്‍ വരെയും പ്രായമായവര്‍ ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെയും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജോലിസമയം, സമ്മര്‍ദം, ജീവിതശൈലി, ആരോഗ്യം ഇവയെല്ലാം ഉറക്കത്തെ ബാധിക്കുന്നു. യു എസ് നോണ്‍ പ്രോഫിറ്റ് നാഷണല്‍ സ്ലീപ് ഫൌണ്ടേഷന്‍ സുഖകരമായ ഉറക്കത്തെ ഇങ്ങനെ നിര്‍വചിക്കുന്നു. കിടക്കയിലായിരിക്കുന്ന സമയത്തിന്റെ 85 ശതമാനമെങ്കിലും ഉറങ്ങുകയും ഉറങ്ങിയ ശേഷം രാത്രിയില്‍ ഉണര്‍ന്നാലും ഇരുപതു മിനിറ്റിനുള്ളില്‍ വീണ്ടും ഉറങ്ങുന്നതും ആണത്രേ നല്ല ഉറക്കത്തിന്റെ ലക്ഷണം.

കിടന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഉറങ്ങുന്നവരും രാത്രിയില്‍ ഒരു തവണ മാത്രം ഉറക്കമുണരുന്നവരും ആരോഗ്യവാന്മാരായിരിക്കും. പഠനത്തിനായി ചില സാങ്കേതിക ഉപകരണങ്ങളും ഗവേഷകര്‍ ഉപയോഗിച്ചു. ഉറങ്ങുന്ന സമയം മുഴുവന്‍ ധരിക്കുന്നതോ കിടക്കയുടെ സമീപം വയ്ക്കുന്നതോ ആയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഓരോ രാത്രിയും ലഭിക്കുന്ന ഉറക്കം വിശകലനം ചെയ്തു. കൂടാതെ ഒരാള്‍ എത്ര തവണ ഉറക്കം ഉണരുന്നുവെന്നും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുവെന്നും പരിശോധിച്ചു.

എന്‍ എസ് എഫ് ന്റെ സ്ലീപ് ഹെല്‍ത്ത് ഇന്‍ഡക്‌സ് അനുസരിച്ച് 27%പേരും കിടന്ന് അര മണിക്കൂറിലധികം സമയം കഴിഞ്ഞേ ഉറങ്ങാറുള്ളൂ.  തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരുക, വിഷാദം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, പൊണ്ണത്തടി, സൗഖ്യക്കുറവ് ഇവയെല്ലാം  ഉറക്കമില്ലായ്മ കാരണമാകും എന്ന് സ്ലീപ് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ സുഖകരമായ ഉറക്കവും ആരോഗ്യത്തിന് കൂടിയേ തീരൂ.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍