UPDATES

സയന്‍സ്/ടെക്നോളജി

ഐഫോണ്‍ വില്‍പനയില്‍ മാന്ദ്യം

Avatar

ഹേയ്‌ലി സുകായാമ
(വാഷിങ്ടണ്‍ പോസ്റ്റ്)

2007ല്‍ വിപണിയിലെത്തിയശേഷം ഏറ്റവും താഴ്ന്ന നിരക്കിലാണ് ഐഫോണുകളുടെ വില്‍പനയിലെ വളര്‍ച്ചയെന്ന് ആപ്പിള്‍ അറിയിച്ചു. കമ്പനിയുടെ പ്രമുഖ ഉത്പന്നമായ ഐഫോണ്‍ വില്‍പനയിലെ കുതിച്ചുചാട്ടത്തിന്റെ കാലം പിന്നിടുകയാണ് എന്നു സൂചന നല്‍കുന്നതാണ് ഈ അറിയിപ്പ്.

കഴിഞ്ഞ വര്‍ഷം അവസാനത്തെ മൂന്നുമാസങ്ങളില്‍ 74.8 മില്യണ്‍ ഐ ഫോണുകളാണ് കമ്പനി വിറ്റത്. ഇതേകാലയളവില്‍ 2014ല്‍ 74.5 മില്യണ്‍ ഫോണുകളായിരുന്നു വില്‍പന. 75 മുതല്‍ 77 വരെ മില്യണ്‍ വില്‍പനയുണ്ടാകുമെന്ന പ്രവചനങ്ങള്‍ നിലനില്‍ക്കെയാണിത്.

ഐഫോണ്‍ വിപണിക്കുണ്ടാകുന്ന എത്ര ചെറിയ ഇടിവും ആപ്പിളിന് ആശങ്കയുണ്ടാക്കും. കാരണം കമ്പനിയുടെ 60 ശതമാനം വരുമാനവും ഇതില്‍നിന്നാണ്. കഴിഞ്ഞ വര്‍ഷം 76.7 ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിച്ച കമ്പനിക്ക് 75.9 ബില്യണ്‍ ഡോളര്‍ നേടാനേ കഴിഞ്ഞുള്ളൂ. അവസാനപാദത്തില്‍ 18.4 ബില്യണ്‍ ഡോളര്‍ അറ്റാദായം നേടിയ കമ്പനി ലാഭക്കണക്കില്‍ പക്ഷേ റെക്കോഡ് പിന്നിട്ടു.

മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കുമെന്ന് കമ്പനി പ്രവചിച്ചുകഴിഞ്ഞു. മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനിയുടെ വരുമാനം 50-53 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷ. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 58 ബില്യണ്‍ ഡോളറിന്റെ വില്‍പനയാണ് കമ്പനി നേടിയത്.

വില്‍പനയിലെ ഇടിവിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ മാസങ്ങളായി ആപ്പിളിനെ വേട്ടയാടുകയാണ്. കമ്പനിക്ക് ഐഫോണ്‍ പാര്‍ട്ടുകള്‍ നല്‍കുന്ന പല കമ്പനികളിലും ഓര്‍ഡറില്‍ കുറവുണ്ടായെന്ന വാര്‍ത്തയും പരന്നിരുന്നു. ഈ വാര്‍ത്തകള്‍ ആപ്പിളിന് ഓഹരിവിപണിയില്‍ ഇടിവുണ്ടാക്കി. ജൂലൈ മുതല്‍ 25 ശതമനം ഇടിവുണ്ടായ ആപ്പിള്‍ ഓഹരികളുടെ സാധാരണ വ്യാപാരം 100 ഡോളര്‍ എന്ന നിരക്കിലാണ് നടന്നിരുന്നത്. അവധിവ്യാപാരത്തില്‍ ഇതില്‍ വീണ്ടും രണ്ടുശതമാനത്തിലധികം ഇടിവുണ്ടായി.

കമ്പനിയുടെ അനിതരസാധാരണമായ വളര്‍ച്ച അവസാനിക്കാറായെന്ന പ്രവചനങ്ങളെ എന്നും തോല്‍പിച്ചിട്ടുള്ള ആപ്പിളിന് ഇത്തവണ അതിനായില്ല. മുന്‍പ് ഓരോ പാദത്തിലും ഇത്തരം പ്രവചനങ്ങള്‍ തെറ്റാണെന്നു കാണിക്കാന്‍ കമ്പനിക്കു കഴിഞ്ഞിരുന്നു. മറ്റൊരു അമേരിക്കന്‍ കോര്‍പറേഷന്‍ ഓഹരിക്കും എത്താന്‍ കഴിയാത്തത്ര ഉയരത്തില്‍ ആപ്പിളിന്റെ ഓഹരി എത്തുകയും ചെയ്തിരുന്നു. വളര്‍ച്ചാ കാലഘട്ടം പിന്നിടുമ്പോള്‍ കമ്പനിക്കുമേല്‍ മറ്റൊരു സൂപ്പര്‍ ഉത്പന്നം കണ്ടെത്താനുള്ള സമ്മര്‍ദമേറുകയാണ്.

കമ്പനിയുടെ മറ്റൊരു പ്രമുഖ ഉത്പന്നമായ ഐ പാഡിന്റെ വില്‍പന കഴിഞ്ഞ പാദത്തില്‍ കുറയുകയാണുണ്ടായത്. 18 മില്യണ്‍ യൂണിറ്റുകള്‍ വില്‍പനയുണ്ടാകുമെന്നു കരുതിയിരുന്ന സമയത്ത് 16 മില്യണ്‍ വില്‍ക്കാനേ കമ്പനിക്കായുള്ളൂ. 2014ല്‍ ഇതേസമയത്തെക്കാള്‍ 25 ശതമാനം കുറവാണിത്.

കമ്പനിയുടെ ഏറ്റവും പുതിയ കണ്ടുപിടിത്തമായ ആപ്പിള്‍ വാച്ച് പൊതുവിപണിയിലെത്തിയിട്ടില്ല. ഇതിന്റെ വില്‍പന സംബന്ധിച്ച കണക്കുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും അഞ്ചുമില്യണോളം സ്മാര്‍ട്ട് വാച്ചുകള്‍ വിറ്റുവെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

അവസാനപാദ ഫലങ്ങള്‍ നിരീക്ഷകരുടെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്നു തെളിയിച്ചെങ്കിലും ഇത് കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ടായിരുന്നു എന്നാണ് പലരും കരുതുന്നത്.

എഫ്ബിആര്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് സീനിയര്‍ ടെക്‌നോളജി അനലിസ്റ്റ് ഡാനിയല്‍ ഐവ്‌സിന്റെ അഭിപ്രായപ്രകാരം ‘ ഭയപ്പെട്ടതിനെക്കാള്‍ മെച്ചമായിരുന്നു കാര്യങ്ങള്‍.’

ഹാര്‍ഡ്‌വെയര്‍ വില്‍പനയില്‍ മാത്രമല്ല സോഫ്റ്റ്‌വെയര്‍, സര്‍വീസസ് രംഗത്തും ശ്രദ്ധയൂന്നിയ കമ്പനി ഫലങ്ങളെപ്പറ്റി ഉല്‍സാഹത്തിലായിരുന്നു. ‘ സേവനരംഗത്തിന്റെ വളര്‍ച്ച ഈ പാദത്തില്‍ റെക്കോഡ് നേട്ടമുണ്ടാക്കി. ഒരു ബില്യണ്‍ ആക്ടീവ് ഡിവൈസസ് എന്ന ലക്ഷ്യവും നേടിക്കഴിഞ്ഞു,’ ചീഫ് എക്‌സിക്യൂട്ടിവ് ടിം കുക്ക് പ്രസ്താവനയില്‍ പറയുന്നു.

ചൈനയില്‍ വില്‍പന കുറഞ്ഞതാണ് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളില്‍ ഒന്ന്. കമ്പനിയുടെ 24 ശതമാനം വരുമാനവും ചൈനയില്‍നിന്നാണ്. ആപ്പിളിന്റെ വിപണികളില്‍ രണ്ടാം സ്ഥാനത്താണ് ചൈന.

‘ചൈനയില്‍, പ്രത്യേകിച്ച് ഹോങ്‌കോങ്ങില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നുവെന്ന്’ കുക്ക് നിക്ഷേപകരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. ‘ഡോളര്‍ ശക്തിപ്രാപിക്കുകയും മറ്റു കറന്‍സികള്‍ ദുര്‍ബലമാകുകയും ചെയ്തത് കമ്പനിയുടെ ലാഭത്തെയും ബാധിച്ചു.’

‘ഹ്രസ്വകാല അസ്ഥിരതയുണ്ടെങ്കിലും ചൈനീസ് വിപണിയുടെ ദീര്‍ഘകാലസാധ്യതകളെപ്പറ്റിയും വലിയ അവസരങ്ങളെപ്പറ്റിയും ആത്മവിശ്വാസമുണ്ടെന്നും നിക്ഷേപ പദ്ധതികളില്‍ മാറ്റമില്ലെന്നും’ കുക്ക് കൂട്ടിച്ചേര്‍ത്തു. ‘ ലോകമെമ്പാടുമുള്ള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും ആപ്പിള്‍ അവിശ്വസനീയമാംവിധം ശക്തമാണ്.’

വളര്‍ച്ചയില്‍ ആപ്പിള്‍ നേരിടുന്ന കുറഞ്ഞ നിരക്ക് മറ്റു സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണെന്ന് ഐഡിസിയിലെ മൊബൈല്‍ അനലിസ്റ്റായ രമണ്‍ ലിയമസ് ചൂണ്ടിക്കാണിക്കുന്നു. ‘ലോകമെമ്പാടും കൂടുതല്‍ പേര്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കഴിയുമ്പോള്‍ പുതിയ ഉപഭോക്താക്കളുടെ വിപണി ചുരുങ്ങുന്നു.’

ചൈനീസ് വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ഫോണുകള്‍ ലഭ്യമാക്കുന്ന പ്രാദേശിക കമ്പനികളില്‍നിന്ന് ആപ്പിളിനു കടുത്ത മല്‍സരം നേരിടേണ്ടി വരുന്നതായും ലിയമസ് പറയുന്നു.

വിലകുറഞ്ഞ ഫോണുകളുടെ വരവ് സ്മാര്‍ട്ട് ഫോണുകളുടെ ശരാശരി വില കുത്തനെ കുറച്ചതായി കണ്‍സ്യൂമര്‍ ടെക്‌നോളജി അസോസിയേഷന്‍ പറയുന്നു. 2016ല്‍ വില 263 ഡോളറിലെത്തുമെന്നാണ് പ്രവചനം. മുന്‍വര്‍ഷത്തെക്കാള്‍ ഏഴുശതമാനം കുറവാണിത്. ഇതാദ്യമായാണ് സ്മാര്‍ട്ട്‌ഫോണിന്റെ വില 300 ഡോളറില്‍ താഴെയെത്തുന്നത്.

‘വില കുറഞ്ഞ ഉപകരണങ്ങളുമായി ശ്രദ്ധ നേടുന്ന കമ്പനികള്‍ വളര്‍ച്ച നേടുന്നു,’ അസോസിയേഷനിലെ സാമ്പത്തിക വിദഗ്ധനായ ഷോണ്‍ ദബ്രാവാക് പറയുന്നു.

ഐ ഫോണിനൊപ്പം നില്‍ക്കുന്നവയല്ല ഇത്തരം ഫോണുകള്‍. പക്ഷേ മിക്ക ഉപയോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവ മതിയാകും. വിലയിലുള്ള ചെറുതല്ലാത്ത അന്തരവും ഇവയ്ക്കു ജനപ്രീതി നേടിക്കൊടുക്കുന്നു.

ഇത്തരം ആശങ്കകള്‍ ദൂരീകരിക്കാനാണ് കോണ്‍ഫറന്‍സില്‍ കുക്ക് ശ്രമിച്ചത്. ആപ്പിള്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ഉപഭോക്താക്കള്‍ സംതൃപ്തരാണെന്ന് കുക്ക് പറഞ്ഞു. ആപ്പിളിന്റെ ഒരു ഉത്പന്നം ഉപയോഗിക്കുന്നവര്‍ ആപ്പുകളും മറ്റു സേവനങ്ങളും വാങ്ങുമെന്നതിനാല്‍ കമ്പനിയില്‍നിന്നു തന്നെ ടാബ്ലറ്റുകളും ലാപ്‌ടോപ്പുകളും മറ്റ് ഗാഡ്ജറ്റുകളും വാങ്ങുകയും ഉപയോഗിച്ചിരുന്നവ മാറ്റിയെടുക്കുകയും ചെയ്യുന്നതായി കുക്ക് ചൂണ്ടിക്കാട്ടി.

ആപ്പ് സ്റ്റോര്‍, ഐ ട്യൂണ്‍സ്, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ പേ തുടങ്ങിയവയില്‍നിന്നുള്ള വരുമാനം 26 ശതമാനം ഉയര്‍ന്ന് ആറു ബില്യണിലെത്തിയതായി കമ്പനി ചൂണ്ടിക്കാണിക്കുന്നു. ആപ്പിള്‍ ടിവിയും ആപ്പിള്‍ വാച്ചുമടങ്ങുന്ന വിഭാഗത്തില്‍ 4.3 ബില്യണായിരുന്നു വരുമാനം. 62 ശതമാനം വര്‍ധനയാണിത്.

‘ഉപഭോക്താക്കളുടെ സംതൃപ്തിയിലും അവരെ ഒപ്പം നിലനിര്‍ത്താനുള്ള കഴിവിലും നാം ആരുടെയും പിന്നിലല്ല. ഇത് ഞങ്ങള്‍ക്ക് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അടിസ്ഥാനം ഉറപ്പാക്കുന്നു,’ കുക്ക് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍