UPDATES

സിനിമ

ചെമ്മീനിന്റെ പകിട്ടില്‍ നിന്ന് എസ് എല്‍ പുരത്തിന് ഭ്രഷ്ട് കല്‍പ്പിച്ചത് ആരുടെ ഗൂഡാലോചന?

Avatar

രാകേഷ് നായര്‍ 

എഴുതിയത്രയും രംഗങ്ങള്‍ എസ് എല്‍ പുരം സദാനന്ദന്‍ രാമു കാര്യാട്ടിനെ കാണിക്കുന്നത് അല്‍പ്പം പരിഭ്രത്തോടുകൂടിയായിരുന്നു. അത്രപോര എന്നൊരു സംശയം അപ്പോഴും സദാനന്ദനെ വിട്ടുപോയിരുന്നില്ല. തനിക്കു വായിക്കാന്‍ കിട്ടിയ രംഗങ്ങളില്‍ നിന്നു കണ്ണെടുത്തശേഷം രാമു കാര്യാട്ട് ചെയ്തത് സദാനന്ദനെ കെട്ടിപ്പിടിക്കുകയായിരുന്നു. ഈ രീതിയില്‍ ബാക്കികൂടി എഴുതൂ എന്ന രാമു കാര്യാട്ടിന്റെ പ്രോത്സാഹനത്തില്‍ എസ് എല്‍ പുരം എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് മലയാള സിനിമയുടെ അഭിമാനം ദേശീയതലത്തിലേക്ക് ആദ്യമായി ഉയര്‍ത്തിയ ചെമ്മീന്‍.

പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ആദ്യത്തെ സിനിമയായ ചെമ്മീന്‍ പുറത്തിറങ്ങിയിട്ട് അമ്പതാണ്ട് തികഞ്ഞിരിക്കുന്നു. ഈ സിനിമയും അതിന്റെ അണിയറപ്രവര്‍ത്തകരും നോവലിന്റെ സൃഷ്ടാവുമെല്ലാം ഇന്നും ആദരിക്കപ്പെടുമ്പോള്‍ ഒരാള്‍ മാത്രം, ഇവരുടെ കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു! അത് എസ് എല്‍ പുരം സദാനന്ദനെയാണ്. ചെമ്മീന്‍ എന്ന നോവലിനെ അഭ്രപാളിയിലേക്ക് യാതൊരു കോട്ടവും തട്ടാതെ എഴുതിയൊരുക്കിയ തിരക്കഥാകൃത്തിനെ. അമ്പതാണ്ട് തികഞ്ഞ ഇക്കാലയളവിലും സിനിമയുടെ ചരിത്രമെഴുതുന്നവരുള്‍പ്പെടെ ആ പേര് മനപൂര്‍വമെന്നവണ്ണം മറന്നുപോകന്നതെന്തുകൊണ്ടാണ്? മലയാള സിനിമയുടെ ചരിത്രത്തില്‍ നിന്നു തന്നെ വെട്ടിമാറ്റപ്പെടുന്നൊരു ഭാഗമായി എസ് എല്‍ പുരം സദാനന്ദന്‍ പരിണമിക്കുന്നുണ്ടെങ്കില്‍ അതില്‍ യാദൃശ്ചികത ആരോപിക്കുക ദ്രോഹമാണ്.

തകഴി തൊട്ട് രാമു കാര്യാട്ടിനെയും മര്‍കസ് ബര്‍ട്‌ലിയെയും ഋഷികേശ് മുഖര്‍ജിയേയും സലില്‍ ചൗധരിയെയും വയലാറിനെയുമൊക്കെ ഒരൊറ്റ സിനിമയ്ക്കുവേണ്ടി എഴുതിപ്പൊലിപ്പിക്കുന്നവരില്‍ ഒന്നോ രണ്ടോപേര്‍മാത്രമാണ് ഓരോ വരിയിലെങ്കിലും ആ സിനിമയുടെ തിരക്കഥാകൃത്തിനെ ഓര്‍ക്കുന്നത്.

തിരക്കഥ സിനിമയുടെ ആത്മാവായിരിക്കെ തിരക്കഥാകൃത്ത് വിസ്മരിക്കപ്പെടുന്നതിന് കാരണം എന്താണ്? ഇന്നും വലിയൊരു വിഭാഗം ചെമ്മിന്റെ തിരക്കഥാകൃത്ത് എസ് എല്‍ പുരം സദാനന്ദന്‍ ആണെന്ന് അറിയാതെപോകുന്നത് ആരുടെ കുറ്റംകൊണ്ടാണ്?

അതൊരു ബോധപൂര്‍വമായ മാറ്റിനിര്‍ത്തലായിരുന്നോ?
1956 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലായിരുന്നു ചെമ്മീന്‍. നോവലിറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ ഒമ്പത് വര്‍ഷക്കാലയളവില്‍ ആ നോവലിന് കിട്ടിയിരുന്ന ജനപ്രിയതയായിരുന്നില്ല 1965 മുതല്‍ ഇന്നോളം ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെമ്മീന്‍ എന്ന നോവല്‍ നേടിയതിനെക്കാള്‍ പ്രശസ്തി ചലച്ചിത്രമാണ് ഉണ്ടാക്കിയത്. അല്ലെങ്കില്‍ തകഴിയുടെ ചെമ്മീനിനെ ഇത്രയും പോപ്പുലറാക്കിയത് അതിന്റെ ചലച്ചിത്രരൂപമാണ്. അങ്ങനെവരുമ്പോള്‍ കഥാകാരനോളം തന്നെ പ്രശസ്തി ആ നോവലിന് തിരക്കഥയൊരുക്കിയവനും കിട്ടേണ്ടതാണ്. എന്തുകൊണ്ടത് കിട്ടിയില്ല എന്ന ചോദ്യത്തിന്, ആരുടെയൊക്കെയോ ആസൂയ, അല്ലെങ്കില്‍ അംഗീകാരം വീതംവെച്ചുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയുമായിരുന്നു പിന്നിലെന്ന് കാണാം. ഈ ആശങ്കയും അസൂയയുമൊക്കെ ആരിലായിരുന്നു കാറ്റും കോളും വിതച്ചതെന്ന് സാമാന്യയുക്തിയനുസരിച്ച് ചിന്തിച്ചാല്‍ പിടികിട്ടും.

നോവലിന് ആര് തിരക്കഥയെഴുതണമെന്നതില്‍ ഒരു തര്‍ക്കം നിലനിന്നിരുന്നു. ഒരു വിഭാഗത്തിന്, ആ നിയോഗം ഏല്‍പ്പിക്കാന്‍ യോഗ്യന്‍ തോപ്പില്‍ ഭാസിയായിരുന്നു. എന്നാല്‍ സംവിധായകനായ രാമൂ കാര്യാട്ടിന് ഇക്കാര്യത്തില്‍ എസ് എല്‍ പുരം സദാനന്ദന്‍ അല്ലാതെ മറ്റൊരു ചോയ്‌സും ഉണ്ടായിരുന്നില്ല. കടലിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്നൊരു കഥയ്ക്ക് എസ് എല്‍ പുരത്തിനെപ്പോലെ തീരദേശ ജീവിതം അടുത്തറിയുന്നൊരാള്‍ തിരക്കഥയൊരുക്കുന്നതിലെ യുക്തിബോധവും സംവിധായകനുണ്ടായിരുന്നു. എന്നാല്‍ എസ് എല്‍ പുരത്തിന് തന്നെ ഏല്‍പ്പിച്ച ജോലിയില്‍ അത്രകണ്ട് ആത്മവിശ്വാസം ഉണ്ടായിരുന്നുമില്ല. ഒരഭിമുഖത്തില്‍ അദ്ദേഹം അതിനെക്കുറിച്ച് പറയുന്നുണ്ട്- ‘ ചെമ്മീന്റെ വിജയത്തിനു പിന്നില്‍ ശക്തമായൊരു തിരക്കഥയുണ്ട്. രാമു കാര്യാട്ട് തിരക്കഥയ്ക്കായി സമീപിച്ചപ്പോള്‍ പറഞ്ഞു; എനിക്ക് വലിയ ആത്മവിശ്വാസം തോന്നുന്നില്ല, ഒന്നാമത് ലോകപ്രശസ്തമായൊരു നോവല്‍. ഉടന്‍ നോവല്‍ കൈയില്‍ തന്നിട്ട് രാമു കാര്യാട്ട് പറഞ്ഞു; താന്‍ എഴുതെടോ, വേറെ ആരെയും ഞാന്‍ സമീപിക്കുന്നില്ല. രംഗങ്ങള്‍ എഴുതിയതിനുശേഷം രാമുവിനെ കാണിച്ചു. വായിച്ചുനോക്കിയ രാമു എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു.’

എസ് എല്‍ പുരം തന്നെ പറഞ്ഞതുപോലെ, ശക്തമായൊരു തിരക്കഥയുടെ പിന്‍ബലത്തിലാണ് ആ സിനിമ അത്രവലിയ വിജയം കൊയ്തതെങ്കിലും പിന്നീട് തിരക്കഥാകൃത്തിന്റെ പേര് ഫെയിഡ് ഔട്ടാകുന്നതാണ് കണ്ടത്. 

അതിനൊരുദാഹരണം പറയാം; ആലപ്പുഴ എസ്ഡിവി സ്‌കൂളില്‍ ചെമ്മീന്റെ അണിയറക്കാര്‍ക്ക് സ്വീകരണമൊരുക്കിയിരുന്നു. തകഴിയുള്‍പ്പെടെ പങ്കെടുത്ത ആ ചടങ്ങിലേക്ക് എസ് എല്‍ പുരം മാത്രം ക്ഷണിക്കപ്പെട്ടില്ല! എന്തുകൊണ്ടും ക്ഷണിക്കപ്പെടേണ്ടയൊരാള്‍ എങ്ങനെ പുറത്തു നില്‍ക്കേണ്ടി വന്നു? മറ്റാരെക്കാളും എളുപ്പത്തില്‍ എത്താവുന്ന ദൂരമേയുള്ളൂ എസ്എല്‍ പുരത്ത് നിന്ന് ആലപ്പുഴയിലേക്ക്. എന്നിട്ടും സദാനന്ദന്‍ ആ ചടങ്ങില്‍ പങ്കെടുക്കാതെ പോയെങ്കില്‍ അത് മറ്റൊരു തിരക്കഥയുടെ ഭാഗമായിട്ടായിരുന്നു.

ഒരുറച്ച കമ്യൂണിസ്റ്റ്കാരനായിരുന്ന എസ് എല്‍പുരം സദാനന്ദന്‍ പൊതുവെ തന്റെ മനസിന്റെ കാലുഷ്യം പുറത്ത് വരാതെ നോക്കുമായിരുന്നെങ്കിലും ഈ അവഗണനയുടെ വേദന തന്നോട് പങ്കുവച്ചിരുന്നതായി സുഹൃത്ത് ശ്രീധരന്‍ മാലൂര്‍ ഓര്‍ക്കുന്നുണ്ട്. തനിക്കെതിരായി ഒരു ലോബി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് സദാനന്ദന് തോന്നിയിരുന്നു. തകഴിയുള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കാളിയായിരുന്നുവെന്ന് അയാള്‍ക്ക് മനസ്സിലായി. തന്നെ അവഗണിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യണ്ടതിന്റെയൊരു അജണ്ട അവര്‍ക്കുണ്ടായിരുന്നുവെന്ന് അയാള്‍ പറയുമായിരുന്നു. ശ്രീധരന്‍ മാലൂരിന്റെ വാക്കുകള്‍ സാധൂകരിക്കുന്ന മറ്റൊരു തെളിവ്, ആലപ്പുഴയില്‍ നടന്ന ചടങ്ങിന്റെ സംഘാടകരില്‍ ഒരാള്‍ നേരിട്ട് വീട്ടിലെത്തി എസ് എല്‍ പുരത്തിനോട് പറഞ്ഞിട്ടുമുണ്ട്- തകഴി പറഞ്ഞിട്ടാണ് എസ് എല്‍ പുരത്തെ വിളിക്കാതിരുന്നതെന്ന് ആ വ്യക്തി ഏറ്റു പറഞ്ഞു.

എന്തായിരുന്നു എസ് എല്‍ പുരത്തിന്റെ ബ്ലാക് മാര്‍ക്കുകള്‍?
‘ചെമ്മീന് തിരക്കഥയെഴുതണമെന്ന് കഥാകാകരന് തന്നെ ആഗ്രഹമുണ്ടായിരുന്നു. നോവലിന്റെയും സിനിമയുടെയും സങ്കേതങ്ങള്‍ വ്യത്യസ്തമാണ്. മികച്ചൊരു നോവലിസ്റ്റിന് മികച്ചൊരു തിരക്കഥ എഴുതാന്‍ കഴിയണമെന്നില്ല. തനിക്ക് പറ്റില്ലെങ്കില്‍ ആ ചുമതല തോപ്പില്‍ ഭാസിയെ ഏല്‍പ്പിക്കാമെന്നായിരുന്നു തകഴി കരുതിയത്. അവിടെയ്ക്കാണ് എസ് എല്‍ പുരം കടന്നുവരുന്നതും നോവല്‍ വെള്ളിത്തിരയിലെ ചരിത്രമാകാന്‍ പ്രധാനപങ്കുവഹിച്ചതും. എഴുത്തുകാരനെക്കാള്‍ തിരക്കഥാകൃത്ത് വലുതായി പോകുന്നതിലെ അസ്വസ്ഥത ഉടലെടുക്കുന്നത് അങ്ങനെയാകണം.’- കവിയും ഗ്രന്ഥകാരനുമായ ചേരാവള്ളി ശശി പറയുന്നു. 

എസ് എല്‍പുരത്തിന് നേരിടേണ്ടി വന്നത് ജാതീയമായ മാറ്റിനിര്‍ത്തല്‍ കൂടിയായിരുന്നുവെന്നു പറയുന്നവരുമുണ്ട്. അചുംബിതമായ സാഹിത്യസൃഷ്ടികള്‍ നടത്തുന്നവരിലും അസഹിഷ്ണുത മുറ്റിനിന്നിരുന്നുവത്രേ. വിദ്യാഭ്യാസംകൊണ്ടോ കുടുംബപശ്ചാത്തലംകൊണ്ടോ മേന്മ അവകാശപ്പെടാനില്ലാത്തൊരാള്‍ തങ്ങളെക്കാള്‍ മുകളിലക്ക് പോകുന്നതിന്റെ ‘ശരികേട്’ അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. തനിക്കുകിട്ടേണ്ട കൈയടി മറ്റൊരുത്തന്‍വന്ന് കൊണ്ടുപോകുന്നതിന്റെ വൈഷമ്യം അതില്‍ നിന്നുണ്ടായ വാശിയും തന്നെയാകണം ബോധപൂര്‍വമായ മാറ്റിനിര്‍ത്തലിന് എസ് എല്‍ പുരം വിധേയനാകേണ്ടി വന്നതിന് കാരണവും.

ഒരിക്കല്‍ ഒരു സിനിമയുടെ തിരക്കഥയെഴുതാന്‍ മദ്രാസിലെത്തിയ എസ് എല്‍ പുരത്തോട് തിരിച്ചുപൊയ്‌ക്കോളാന്‍ പറഞ്ഞതിന് പിന്നിലും ഇതേസംഘത്തിലെ ഒരു കവിയുടെ കരങ്ങളുമുണ്ട് (എസ് എല്‍ പുരത്തിന്റെ അടുത്തസുഹൃത്തും അയല്‍നാട്ടുകാരനുമായിരുന്നു അദ്ദേഹമെന്നോര്‍ക്കണം). കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സദാനന്ദനോട് വളരെ അടുത്തിടപഴകിയിരുന്ന മറ്റെഴുത്തുകാര്‍ക്കുപോലും ആസൂയ ആയിരുന്നു. വളരെ താഴേന്നു വന്നൊരാള്‍, കഷ്ടപ്പെട്ട് വളര്‍ന്ന്, വലിയ സാമ്പത്തിക പശ്ചാത്തലമൊന്നുമില്ലാത്തൊരു കുടുംബത്തില്‍ നിന്നും അനുഭവസമ്പത്തും ഭാവനയും മാത്രം കൈമുതലാക്കി കൊണ്ട് തങ്ങളെക്കാളൊക്കെ ഉയരത്തിലേക്കും തിരക്കിലേക്കുമൊക്കെ പോകുന്നത് അവര്‍ക്ക് ഇഷ്ടക്കേടുണ്ടാക്കി.

ജാതി പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ടൊരാള്‍ ആയിരുന്നു എസ് എല്‍ പുരം സദാനന്ദന്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ശ്രീകുമാരന്‍ തമ്പി പറയുന്നത്. ജാതി നോക്കിയായിരുന്നെങ്കില്‍ ടി ഇ വാസുദേവന്‍ എസ് എല്‍ പുരത്തെക്കൊണ്ട് എഴുതിക്കുമായിരുന്നോ? ജയമാരുതി പ്രൊഡക്ഷന്റെ സകലചിത്രങ്ങള്‍ക്കും( മുസ്ലിം പശ്ചാത്തലമുള്ളതൊഴികെ) തിരക്കഥയൊരുക്കിയത് എസ് എല്‍ പുരമായിരുന്നു. ജാതി നോക്കിയാണെങ്കില്‍ ഒരു നായരായ വാസുദേവന് തന്റെ സിനിമകള്‍ക്ക് മറ്റൊരു നായരായ തോപ്പില്‍ ഭാസിയെക്കൊണ്ട് എഴുതിപ്പിച്ചാല്‍ പോരായിരുന്നോ? അതുകൊണ്ട് ജാതി പറഞ്ഞ്( സിനിമയില്‍ അതില്ലെന്നല്ല) അദ്ദേഹത്തെ ആരും അകറ്റി നിര്‍ത്തിയെന്ന് പറയുന്നതില്‍ കാര്യമില്ല. പക്ഷെ ചെമ്മീന്റെ പിന്നില്‍ സംഭവിച്ചതുപോലെ അദ്ദേഹം പലപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടിരുന്നു. അതിന്റെ യഥാര്‍ത്ഥകാരണം എന്താണെന്ന് എനിക്കും അറിയില്ല. ഒരുപക്ഷേ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളായിരിക്കാം അതിനു കാരണം– ശ്രീകുമാരന്‍തമ്പി പറയുന്നു.

ധാര്‍ഷഠ്യക്കാരനായ സദാനന്ദന്‍
എസ് എല്‍ പുരം ഏറ്റവും കൂടുതല്‍കേട്ട വിമര്‍ശനം അദ്ദേഹത്തിന്റെ സ്വഭാവത്തിലെ കാഠിന്യമായിരുന്നു. തനിക്കു പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയാനും എഴുതിയതിന്റെ പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങാനും എസ് എല്‍ പുരം മടികാണിച്ചില്ല (പണം മുഴവന്‍ കിട്ടിയാലെ സ്‌ക്രിപ്റ്റ് പൂര്‍ണമാക്കി നല്‍കാറുണ്ടായിരുന്നുള്ളൂ). ഈ സ്വഭാവം അദ്ദേഹത്തെ മറ്റുള്ളവരുടെ മുന്നില്‍ ഒരു റിബലാക്കി മാറ്റി.

അച്ഛന്‍ കണക്കു പറഞ്ഞ് കാശു വാങ്ങുമായിരുന്നുവെന്നത് സത്യമാണ്. എംടിപോലും നാപ്പതിനായിരം രൂപ പ്രതിഫലം വാങ്ങിയിരുന്നപ്പോള്‍ അച്ഛന്‍ അറുപതിനായിരം വരെ വാങ്ങുമായിരുന്നു. അതുപക്ഷെ കാശിനോട് ആര്‍ത്തിയുള്ളൊരാളായിട്ടല്ലായിരുന്നു. അതറിയണമെങ്കില്‍ അച്ഛന്റെ കുടുംബപശ്ചാത്തലം കൂടി മനസ്സിലാക്കണം. വലിയൊരു പ്രാരാബ്ധക്കാരനായിരുന്നു അച്ഛന്‍. പതിനെട്ടോളം അംഗങ്ങളുണ്ടായിരുന്നു വീട്ടില്‍. മൂന്നു പെങ്ങന്മാരുടെ വിവാഹം ഉള്‍പ്പെടെ, മറ്റുള്ളവരുടെ ചെലവുകളെല്ലാം നോക്കിയിരുന്നത് അച്ഛനായിരുന്നു. ഇതിനെല്ലാം പണം വേണമായിരുന്നു. അതുകൊണ്ടാണ് താന്‍ ചെയ്യുന്ന ജോലിക്ക് കൃത്യമായി കൂലി വാങ്ങാന്‍ അച്ഛന്‍ നിര്‍ബന്ധിതനായത്. അല്ലാതെ സ്വന്തം ബാങ്ക് ബാലന്‍സ് ഉയര്‍ത്താനായിരുന്നില്ല. തന്റെ ചുമലിലുണ്ടായിരുന്ന ഉത്തരവാദിത്വങ്ങളെല്ലാം നിര്‍വഹിക്കാന്‍ ഓടിനടന്ന അച്ഛന് സ്വന്തമായൊരു കുടുംബം ഉണ്ടാക്കാന്‍ നാപ്പതിരണ്ടാം വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു– എസ് എല്‍ പുരത്തിന്റെ മൂത്തമകനും സംവിധായകനുമായ ജയസൂര്യ പറയുന്നു.

ആരെയും കൂസാത്ത വ്യക്തിത്വമായിരുന്നു സദാനന്ദന്. അതുകൊണ്ടുതന്നെ പലരും അയാളെ ഒരു അഹങ്കാരിയായി തെറ്റിദ്ധരിച്ചു. ഒപ്പം അയാളോടുള്ള അസൂയയും. സിനിമാലോകത്ത് ഈരണ്ടുകാര്യത്താലും സദാനന്ദന് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. പലരും തന്നെ ഒഴിവാക്കുന്നുവെന്ന് അയാള്‍ പറയാന്‍ കാരണവും ഇതായിരുന്നു. ഒരിക്കല്‍ ഇക്കാര്യം എന്നോട് പറഞ്ഞപ്പോള്‍, ഞാന്‍ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ള അയാളുടെ സ്വഭാവത്തിലെ ചില പ്രശ്‌നങ്ങളെക്കുറിച്ച് വീണ്ടും പറഞ്ഞു. നീ പറയുന്നതുപോലെയൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ട്, എന്നിട്ടും അവരുടെ പെരുമാറ്റത്തില്‍ മാറ്റമില്ലെടോ എന്നായിരുന്നു സദാനന്ദന്റെ സങ്കടം. ഒരു കമ്യൂണിസ്റ്റുകാരന്റെ കാര്‍ക്കശ്യം ഉണ്ടായിരുന്നെങ്കിലും മനസുകൊണ്ട് ശുദ്ധനായിരുന്നു സദാനന്ദന്‍. അയാള്‍ക്കെതിരെ ഉണ്ടായിരുന്നത് ഒരു സവര്‍ണലോബി തന്നെയായിരുന്നു– ശ്രീധരന്‍ മാലൂര്‍ ഓര്‍ത്തെടുക്കുന്നു. .

സിനിമയിലെ പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയില്‍ ലൈഫ് ടൈം മെംബറായിരുന്ന എസ് എല്‍ പുരത്തെ ഇതേ സംഘടനതന്നെ സംഘടിപ്പിച്ച ചെമ്മീന്‍ സിനിമയുടെ ആദരിക്കല്‍ ചടങ്ങിലേക്ക് പോലും ക്ഷണിക്കാതിരുന്നിട്ടുണ്ട്. അവിടെയും വില്ലനായത് സദാനന്ദനിലെ വിപ്ലവകാരിയായിരുന്നോ എന്നറിയില്ല. പക്ഷെ സംഘടനയ്ക്കുള്ളില്‍ തന്നെ തനിക്ക് തോന്നുന്ന അഭിപ്രായം ആരുടെയും മുഖം കറുക്കാതിരിക്കാന്‍ വേണ്ടി വിഴുങ്ങിയിട്ടില്ലായിരുന്നു അദ്ദേഹം. അതിനൊരുദാഹരണമാണ്, മാക്ട എടുക്കാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയെക്കുറിച്ചുള്ള സദാനന്ദന്റെ അഭിപ്രായം. മണിച്ചിത്രത്താഴിന്റെ വിജയത്തിനുശേഷം ഫാസിലും മറ്റു സംവിധായകരും ഒരുമിച്ചു ചേര്‍ന്നൊരു സിനിമയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതേക്കുറിച്ചാലോച്ചിക്കാന്‍ ചേര്‍ന്നയോഗത്തില്‍ സദാനന്ദന്‍ തുറന്നടിച്ചു- ഓരോ കലാകാരനും ഓരോ നാഴിയാണ്. ഒന്ന് മറ്റൊന്നില്‍ ഇറങ്ങില്ല. സംഘടന സിനിമ എടുക്കുന്നുണ്ടെങ്കില്‍ അത് ഫാസിലിനെ കൊണ്ടു സംവിധാനം ചെയ്യിക്കുക, അദ്ദേഹവുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം കൂടെ നില്‍ക്കട്ടെ, അല്ലാതെ ഇത്തരമൊരു സംരംഭം നടക്കില്ല. അന്ന് എസ് എല്‍ പുരത്തെ വിമര്‍ശിച്ച് കയ്യടി നേടാന്‍ പലര്‍ക്കും കഴിഞ്ഞെങ്കിലും ഇന്നും സഫലമാകാത്തൊരു സ്വപ്‌നമായി ആ സിനിമ മാറി എന്ന യാഥാര്‍ത്ഥ്യം സദാനന്ദന്റെ വാക്കുകളെ സത്യമാക്കി.

വിസ്മരിക്കപ്പെട്ട അവിസ്മരണീയന്‍
പിരപ്പന്‍കോട് മുരളി എസ് എല്‍ പുരത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. എസ് എല്‍ പുരത്തെ രേഖപ്പെടുത്താന്‍ ഏറ്റവും യോജിച്ച പ്രയോഗം. എന്താണ് മലയാള സിനിമയില്‍ എസ് എല്‍ പുരം സദാനന്ദന് ഉണ്ടായിരുന്ന പ്രസക്തി എന്തെന്നു തിരിച്ചറിയാതെ പോകുന്നൊരു തലമുറ ഒരിക്കലെങ്കിലും അദ്ദേഹത്തെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഇതേ തലവാചകം തന്നെയായിരിക്കും മനസ്സില്‍ തെളിയുക.

മലയാളസിനിമയുടെ ചരിത്ര പുസ്തകത്തിന്റെ പ്രഥമാദ്ധ്യായത്തില്‍ രേഖപ്പെടുത്താന്‍ എന്തുകൊണ്ടും യോഗ്യനാണ് എസ് എല്‍ പുരം എന്ന് മനസ്സിലാക്കാന്‍ രണ്ടുകാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി. ഒന്ന് ഇന്ത്യയില്‍ ആദ്യയമായി തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വ്യക്തിയാണ് എസ് എല്‍ പുരം സദാനന്ദന്‍. 1965 ല്‍ അഗ്നിപുത്രി (അദ്ദേഹത്തിന്റെ തന്നെ നാടകം) യിലൂടെയാണ് അദ്ദേഹം ദേശീയപുരസ്‌കാരം നേടിയത്. രണ്ടാമത്തെകാര്യം, ഇന്ത്യയില്‍ (ഒരുപക്ഷേ ലോകത്ത് തന്നെ) ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ച തിരക്കഥാകൃത്ത് എന്ന ബഹുമതിയും എസ് എല്‍ പുരത്തിന് തന്നെ. 135 തിരക്കഥകളാണ് എസ് എല്‍ പുരം എഴുതിയിട്ടുള്ളത്. എന്നിട്ടും അര്‍ഹമായൊരു സ്ഥാനം ആ കലാകരന് സിനിമ ചരിത്രത്തില്‍ കിട്ടിയിട്ടില്ലെങ്കില്‍ അതിന് കാരണം പറയേണ്ട ബാധ്യത ഇവിടുത്തെ സിനിമാചരിത്രകാരന്മാര്‍ക്കുണ്ട്. മലയാള സിനിമയുടെ ചരിത്രമെഴുതിയവരിലാരാണ് എസ് എല്‍ പുരത്തിന് വേണ്ടി പൂര്‍ണമായൊരു അധ്യായമെങ്കിലും മാറ്റിവച്ചിരിക്കുന്നത്?

കച്ചവടസിനിമാക്കാരന്‍
കച്ചവടസിനിമാക്കാരന്‍ എന്ന ചട്ടക്കൂടിലേക്ക് തളച്ചിട്ടുണ്ട് അദ്ദേഹത്തെ ചിലര്‍. കൊമേഴ്‌സ്യല്‍ സിനിമകളുടെ എഴുത്തുകാരനായ സദാനന്ദന്‍ നല്ല സിനിമകളുടെ(?) വക്താവായിരുന്നില്ലത്രേ! കച്ചവടം ചെയ്യാനല്ലാതെ ഏതു ചലച്ചിത്രമാണ് മലയാളത്തില്‍ ഉണ്ടായിട്ടുള്ളത്? ഒന്നുകില്‍ തിയേറ്ററില്‍, അല്ലെങ്കില്‍ ചലച്ചിത്രമേളകളിലൂടെ എല്ലാസിനിമകളും കച്ചവടം ചെയ്യുന്നുണ്ടെന്നിരിക്കെ ഒരാളെ അതിന്റെ പേരില്‍ മാറ്റിനിര്‍ത്താനാവുന്നതെങ്ങനെ? ജയമാരുതി പ്രൊഡക്ഷനുവേണ്ടി അദ്ദേഹം എഴുതിയതെല്ലാം ഒന്നാന്തരം കച്ചവട സിനിമകള്‍ തന്നെയാണ്. അവയെല്ലാം തന്നെ വമ്പന്‍ ഹിറ്റുകളുമായിരുന്നു. നിര്‍മാതാവ് നിറയെ കാശുമുണ്ടാക്കി. എന്നാല്‍ എസ് എല്‍ പുരത്തിന്റെ സിനിമകളെല്ലാം അത്തരമായിരുന്നോ?’ അഗ്നിപുത്രി, മിണ്ടാപ്പെണ്ണ്, ഒരു പെണ്ണിന്റെ കഥ, ഇന്‍ക്വിലാബ് സിന്ദാബാദ്, പുന്നപ്ര വയലാര്‍, നെല്ല്, യവനിക ഉള്‍പ്പെടെ ആര്‍ട്ടിസ്റ്റിക് ക്വാളിറ്റിയുള്ള എത്രയോ രചനകള്‍ അദ്ദേഹത്തിന്റെതായുണ്ട്. അവയൊന്നും എന്തുകൊണ്ട് എസ് എല്‍ പുരത്തെ കുറിച്ച് പറയുമ്പോള്‍ പരമാര്‍ശിക്കപ്പെടുന്നില്ല. ചെമ്മീന്‍ ക്ലാസ് സിനിമയെന്ന് വാഴ്ത്തുന്നവര്‍ അതിന്റെ ഒരോഹരിപോലും അദ്ദേഹത്തിന് നല്‍കുന്നില്ല? പെരുമ്പടവം, തകഴി, വത്സല, മുട്ടത്തുവര്‍ക്കി, കാനം ഈ ജെ, ചെമ്പില്‍ ജോണ്‍, എസ് കെ മാരാര്‍, തിക്കൊടിയന്‍ തുടങ്ങിയവരുടേതുള്‍പ്പെടെ പന്ത്രണ്ടോളം നോവലുകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട് എസ് എല്‍ പുരം. അവയെല്ലാം തന്നെ സിനിമയെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയുമാണ്. തകഴിയുടെ കൃതിയായതുകൊണ്ടാണ് ചെമ്മീന്‍ ശ്രദ്ധിക്കപ്പെട്ടതെന്നു പറയുന്നവര്‍ ഒരുകാര്യ മറന്നുപോകുന്നു. ചെമ്മീന്‍ മാത്രമല്ല സിനിമയായ തകഴിയുടെ കൃതി. വേറെയും കൃതികള്‍( ഏറ്റവും ഒടുവിലായി അടൂര്‍ സംവിധാനം ചെയ്ത നാലുപെണ്ണുങ്ങള്‍ വരെ) സിനിമരൂപത്തില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും ചെമ്മീന്റെയത്ര സ്വീകരിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണ്?നിസ്സംശയം പറയാം, ചെമ്മീന്റെയത്ര ശക്തവും കെട്ടുറപ്പുള്ളതുമായ തിരക്കഥകള്‍ അവയ്ക്കുണ്ടായില്ല എന്നതു തന്നെ കാരണം. എന്നിട്ടും അദ്ദേഹത്തെ കൊമേഴ്‌സ്യല്‍ സിനിമകളുടെമാത്രം വക്താവായി കാണുന്നതിലെ അനൗചിത്യം മനസ്സിലാകുന്നില്ല. മറ്റൊന്നുകൂടി ശ്രദ്ധിക്കണം, എസ് എല്‍ പുരം എഴുതിയ കച്ചവവട സിനിമകളുടെ സംവിധായകര്‍ ആരൊക്കെയായിരുന്നു, രാമു കാര്യാട്ടും സേതുമാധവനും ഹരിഹരനുമൊക്കെ ഉള്‍പ്പെടെ മലയാളത്തിലെ പ്രഗത്ഭരായ സംവിധായകര്‍ക്കെല്ലാമൊപ്പം സഹകരിച്ചൊരാള്‍ ഇപ്പറഞ്ഞ സംവിധായകരെല്ലാം ഔന്നിത്യത്തിന്റെ സിംഹാസനത്തില്‍ സ്ഥാനം നേടിയപ്പോള്‍, മുദ്രകുത്തപ്പെട്ട് മാറിനില്‍ക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? എസ് എല്‍ പുരം എഴുതിയ കച്ചവടസിനിമകളുടെ(?) സംവിധായകനായിരുന്നല്ലോ ആദ്യകാലത്ത് ഹരിഹരന്‍. എന്നാല്‍ പിന്നീട് ചെയ്ത ഏതാനും സിനിമകളുടെ ലേബലില്‍ അദ്ദേഹത്തിന് ശ്രേണീമാറ്റം നല്‍കിയവര്‍ എസ് എല്‍ പുരത്തിന്റെ കാര്യത്തില്‍ അതേ സഹിഷ്ണുത കാണിക്കാന്‍ തയ്യാറായില്ല?– ചേരാവള്ളി ശശി ചോദിക്കുന്നു.

എസ് എല്‍ പുരം, സിപിഎമ്മോ സിപിഐയോ?
ഈ ചോദ്യത്തിന് ഒരുത്തരമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു- ഞാനൊരു കമ്യൂണിസ്റ്റ് ആണ്.

കേരളത്തില്‍ കമ്യൂണിസത്തിന്റെ വിത്ത് മുളപ്പിച്ചവരുടെ കൂട്ടത്തിലൊരാളായിരുന്ന എസ് എല്‍ പുരത്തിന് പാര്‍ട്ടിയുടെ പിളര്‍പ്പ് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ, അക്കാരണം കൊണ്ട് അദ്ദേഹം ഇരുപാര്‍ട്ടിയിലും തെറ്റിദ്ധരിക്കപ്പെട്ടു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വയലാറും ഓഎന്‍വിയും തോപ്പില്‍ഭാസിയുമടക്കം ഒട്ടുമിക്കപേരും കെപിഎസിസിയുമായി ബന്ധപ്പെട്ട് സിപിഐയ്‌ക്കൊപ്പമായിരുന്നു. മറുപക്ഷത്ത് പ്രഗത്ഭനെന്നു പറയാന്‍ എസ് എല്‍ പുരം മാത്രമായിരുന്നു. ഇക്കാരണം മതിയായ എക്‌സപ്ലോഷര്‍ അദ്ദേഹത്തിന് ലഭിക്കാതെ പോകാന്‍ ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല, തോപ്പില്‍ ഭാസി പാര്‍ട്ടിക്കുവേണ്ടി നാടകങ്ങളും സിനിമകളും എഴുതിയപ്പോള്‍ എസ് എല്‍ പുരം അക്കാര്യത്തില്‍ അത്രകണ്ട് താല്‍പര്യം കാണിച്ചില്ല. എങ്കിലും ഒരാള്‍കൂടി കള്ളനായി, പുന്നപ്ര വയലാര്‍, ഈക്വിലാബ് സിന്ദാബാദ് തുടങ്ങിയ സിനിമകള്‍ എസ് എല്‍ പുരത്തിന്റെതായ കമ്യൂണിസ്റ്റ് രചനകളായിരുന്നു– ശ്രീകുമാരന്‍ തമ്പി പറയുന്നു.

എന്നാല്‍ ഈ വാദത്തോട് പൂര്‍ണമായി യോജിക്കാന്‍ ജയസൂര്യ തയ്യാറാകുന്നില്ല. അച്ഛന്‍ ഒരിക്കലും താന്‍ സിപിഐ ആണോ സിപിഎം ആണോ എന്നു വ്യക്തമാക്കിയിരുന്നില്ല. താനൊരു കമ്യൂണിസ്റ്റ് ആണെന്നുമാത്രമായിരുന്നു പറഞ്ഞത്. അതുകൊണ്ടു തന്നെ രണ്ടുപാര്‍ട്ടിക്കാരും അദ്ദേഹം മറ്റേ പാര്‍ട്ടിക്കാരനാണന്ന ധാരണയായിരുന്നു അച്ഛനുമേല്‍വച്ചിരുന്നത്. സിപിഎമ്മുകാര്‍ ഒരിക്കലും എസ് എല്‍ പുരം തങ്ങളുടെ കൂടെയുള്ളൊരാളാണെന്നു കരുതിയില്ല, പിന്നെയും അങ്ങനെയൊരു ചിന്ത കൊണ്ടുനടന്നത് സിപിഐ ആണ്. അച്ഛന്‍ സിപിഎമ്മുകാരനായിരുന്നെങ്കില്‍, ഇന്ത്യയിലാദ്യമായി തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നേടിയൊരു വ്യക്തിയുടെ അന്ത്യകര്‍മ്മത്തിന് സര്‍ക്കാര്‍ ആദരവ് ലഭിക്കാതെ പോകുമായിരുന്നോ? അദ്ദേഹത്തിന് ഉചിതമായൊരു സ്മാരകം നിര്‍മ്മിക്കാതെ മാറിനില്‍ക്കുമോ? അതേസമയം എം എ ബേബിയടക്കമുള്ളവരുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സ്വന്തം കാശുമുടക്കി പ്രസംഗിക്കാന്‍ പോകുമായിരുന്നു അച്ഛന്‍. അല്ലെങ്കില്‍ അവര്‍ വന്ന് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. പ്രസംഗത്തിലൂടെ ആളുകളെ കയ്യിലെടുക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു അച്ഛന്. ഒരുപക്ഷേ തങ്ങള്‍ അവഗണിച്ചു എന്ന കുറ്റബോധത്തില്‍ നിന്നാകണം എല്‍ഡിഎഫ് ഗവണ്‍മെന്റ് മികച്ച നാടക കലാകാരനുള്ള ഒരു ലക്ഷം രൂപയുടെ എസ് എല്‍ പുരം സദാനന്ദന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അതൊരു അംഗീകാരം തന്നെയാണെങ്കിലും ഈ അവാര്‍ഡ് നല്‍കുന്നത് ആരും അറിയാറുപോലുമില്ലെന്നതാണ് വാസ്തവം– ജയസൂര്യ പറയുന്നു.



ചിലകാര്യങ്ങളില്‍ എസ് എല്‍ പുരത്തിനും പിഴച്ചു
അച്ഛന് പറ്റിയ അബദ്ധം, തന്റെ സൃഷ്ടികള്‍ അദ്ദേഹം സ്വരുക്കൂട്ടിവച്ചില്ല എന്നതാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ തിരക്കഥകള്‍ പബ്ലിഷ് ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഒരുപരിധി വരെയെങ്കിലും അച്ഛന് മേല്‍ മറ്റുള്ളവര്‍ മൂടിയ കാര്‍മേഘങ്ങളെ മാറ്റിയെടുക്കാമായിരുന്നു. അത്തരം കാര്യങ്ങളിലൊന്നും അച്ഛന്‍ ശ്രദ്ധ കാണിച്ചില്ല. തന്റെ രചനകളുടെ അവകാശംപോലും ഒന്നും നോക്കാതെ നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കുമായിരുന്നു. പ്രതിഫലം കൃത്യമായി വാങ്ങുമെന്നല്ലാതെ മറ്റുകാര്യങ്ങളിലൊന്നും യാതൊരു പിടിവാാശിയും കാണിച്ചിരുന്നില്ല. നിര്‍മാതാക്കളെ അച്ഛന് വല്ലാത്ത ബഹുമാനമായിരുന്നു. ഒരു സിനിമയുടെ യഥാര്‍ത്ഥ തലവന്‍ അതിന്റെ നിര്‍മാതാവാണെന്നായിരുന്നു അച്ഛന്‍ വിശ്വസിച്ചിരുന്നത്– ജയസൂര്യ പറഞ്ഞു.

എന്നാല്‍ ഈ കാഴ്ച്ചപ്പാടാണ് ഒരുപക്ഷേ മലയാളസിനിമയിലെ ഏറ്റവും വലിയ വഞ്ചന എന്നുപറയാവുന്ന ആള്‍മാറാട്ടത്തിന്റെ ഇരയാക്കി എസ് എല്‍ പുരത്തെ തീര്‍ത്തതും.

ഇന്ത്യന്‍ സിനിമയിലെ എണ്ണപ്പെട്ട തിരക്കഥകളിലൊന്നായ, കുറ്റാന്വേഷണരംഗത്ത് പാഠപുസ്തകമെന്നപോലെ കരുതുന്ന, സിനിമ പഠിക്കുന്നവര്‍ വായിച്ചിരിക്കേണ്ടതായ ‘യവനിക’യുടെ പിന്നിലായിരുന്നു ആ ചതി നടന്നത്.

കെ‌ ടി  മുഹമ്മദായിരുന്നു ആദ്യം യവനികയുടെ തിരക്കഥ എഴുതാന്‍ ആരംഭിച്ചത്. എന്തോകാരണങ്ങളാല്‍ ഇടയ്ക്കുവെച്ച് അത് നിന്നു. തുടര്‍ന്നാണ് കെ ജി ജോര്‍ജ് എസ് എല്‍ പുരത്തെ സമീപിക്കുന്നത്. താന്‍ എഴുതണമെങ്കില്‍ ആദ്യം കെ‌ ടിയുടെ അനുവാദം വേണമെന്നായിരുന്നു എസ് എല്‍ പുരത്തിന് പറയാനുണ്ടായിരുന്നത്. അദ്ദേഹം തന്നെ കെ ടി യെ വിളിക്കുകയും ചെയ്തു. ആശാന്‍ എഴുതിക്കോ, പക്ഷെ കൂടെയുള്ളവരെ സൂക്ഷിക്കണം എന്നായിരുന്നു കെ‌ ടിയുടെ മറുപടി. തുടര്‍ന്നാണ് എസ് എല്‍ പുരം സ്‌ക്രിപ്റ്റ് എഴുതാന്‍ ആരംഭിക്കുന്നത്. ഒരു പ്രൊഫഷണല്‍ നാടകപ്രവര്‍ത്തകന്‍ കൂടിയായ എസ് എല്‍ പുരത്തിന് നാടകപശ്ചാത്തലത്തലുള്ള കഥയില്‍ ഒത്തിരികാര്യങ്ങള്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യാനുണ്ടായിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരാഴ്ച്ച കഴിഞ്ഞാണ് ജോര്‍ജ് വിളിക്കുന്നത്, ടൈറ്റിലില്‍ തിരക്കഥയുടെ കൂടെ എന്റെ പേരുകൂടി ചേര്‍ക്കുമെന്നായിരുന്നു വിളിയുടെ ഉദ്ദേശ്യം. എസ് എല്‍ പുരമാകട്ടെ എതിരൊന്നും പറഞ്ഞില്ല. അങ്ങനെ സിനിമ ഇറങ്ങിയത് എസ് എല്‍ പുരം സദാനന്ദന്‍- കെജി ജോര്‍ജ് തിരക്കഥയില്‍! 

സാധാരണ മനസ് അസ്വസ്ഥമായാല്‍ കാരണമെന്താണെന്ന് പുറത്തുപറയാതെ മുറികളിലൂടെ കയറിയിറങ്ങി നടക്കുകയാണ് പതിവ്. കാര്യമെന്തായിരിക്കുമെന്ന് ചെറിയ ധാരണവച്ചുകൊണ്ടാണ് ഞാന്‍ തിരക്കിയത്, സാധാരണ ആരെയും കൂട്ടുചേര്‍ത്ത് എഴുതാറില്ലല്ലോ പിന്നെയന്തിനാണ് ഈ സിനിമയ്ക്ക് മറ്റൊരാളെക്കൂടെ കൂട്ടിയത്. എന്റെ ഊഹം ശരിയായിരുന്നു, അസ്വസ്ഥതയ്ക്ക് കാരണവും അതായിരുന്നു. ജോര്‍ജ് എന്തിനാണ് അങ്ങനെയൊരു പ്രവര്‍ത്തി ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. വേണമെങ്കില്‍ എനിക്ക് കോടതിയില്‍ പോകാം. സിനിമ സ്‌റ്റേ ചെയ്യും. പക്ഷെ അവിടെ കുഴപ്പത്തിലാകുന്നത് നിര്‍മാതാവാണ്. ഞാന്‍ കാരണം ഒരു നിര്‍മാതാവും പ്രതിസന്ധിയിലാകാന്‍ പാടില്ല, ആ പ്രശ്നത്തെ അദ്ദേഹം മറികടന്നത് ഈ നിലപാടെടുത്തായിരുന്നു– എസ് എല്‍ പുരത്തിന്റെ പത്‌നി ഓമന സദാനന്ദന്‍ ഓര്‍ക്കുന്നു. 

ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് യവനികയ്ക്കായിരുന്നു, അതായത് എസ് എല്‍ പുരത്തിനും കെ ജി ജോര്‍ജിനും. അനര്‍ഹമായൊരു നേട്ടം അങ്ങനെ ജോര്‍ജ് സ്വന്തമാക്കി. അന്ന് അവാര്‍ഡ് കമ്മിറ്റിയിലുണ്ടായിരുന്ന ഒരു വ്യക്തി പിന്നീട് എഴുതിയൊരു കത്തില്‍ വ്യക്തമാക്കുന്നുണ്ട്, ഈ തിരക്കഥയുടെ മൗലിതക എസ് എല്‍ പുരത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും പക്ഷെ ടൈറ്റിലില്‍ രണ്ടുപേരുടെയും പേരുണ്ടായിരുന്നതുകൊണ്ട് അവാര്‍ഡ് ആ വിധത്തില്‍ പ്രഖ്യാപിച്ചതാണെന്നും (ഇതേ വ്യക്തി എഴുതിയ മലയാളസിനിമയുടെ ചരിത്രത്തില്‍ എസ് എല്‍ പുരം സദാനന്ദന്‍ അസ്പൃശ്‌നാണെന്നതാണ് മറ്റൊരു കൗതുകം).

അതായിരുന്നില്ല ചതി. എസ് എല്‍ പുരത്തിന്റെ മരണശേഷം യവനികയുടെ തിരക്കഥ പുസ്തക രൂപത്തില്‍ പുറത്തിറക്കിയ കെ ജി ജോര്‍ജ് അതില്‍ തന്റെ മാത്രം പേരുവച്ചു.

മാതൃഭൂമി പുറത്തിറക്കിയ ആ തിരക്കഥാ പുസ്തകത്തിനെതിരെ ഞങ്ങള്‍ പരാതി പറഞ്ഞു. മാതൃഭൂമിക്കാര്‍ക്ക് കാര്യങ്ങള്‍ ബോധ്യം വന്നതിനെ തുടര്‍ന്ന് അവര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പക്ഷെ കെ ജി ജോര്‍ജ് തനിക്ക് തെറ്റ് പറ്റിയതാണെന്നു സമ്മതിക്കാന്‍ തയ്യാറായില്ല. അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നെങ്കില്‍ അച്ഛന്‍ മരിക്കാന്‍ കാത്തിരിക്കേണ്ടിയിരുന്നില്ലല്ലോ അദ്ദേഹത്തിന് തിരക്കഥ പുസ്തകരൂപത്തിലാക്കി പുറത്തിറക്കാന്‍? കോടതിയില്‍ പോകാന്‍ തീരുമാനിച്ചിരുന്ന ഞങ്ങള്‍ ചിലരുടെ സ്‌നേഹബുദ്ധ്യാലുള്ള ഉപദേശപ്രകാരമാണ് അതില്‍ നിന്നും പിന്തിരിയുന്നത്. പക്ഷെ ഇക്കാര്യത്തില്‍ വ്യക്തമായി അറിവുള്ള തിലകന്‍ ചേട്ടനുള്‍പ്പെടെയുള്ളവര്‍ പോലും സത്യമെന്തെന്ന് പുറത്തുപറയാന്‍ തയ്യാറായില്ല. പറയാമെന്നു ഞങ്ങളോടു പറഞ്ഞിട്ടുപോലും തിലകന്‍ ചേട്ടന്‍ ഒരിടത്തുപോലും യവനിക എസ് എല്‍ പുരത്തിന്റെ മാത്രം തിരക്കഥയെന്ന് വ്യക്തമാക്കാന്‍ തയ്യാറാകാതിരുന്നതിന്റെ കാരണം ഞങ്ങള്‍ക്ക് അജ്ഞാതമാണ്, അതില്‍ വേദനയുമുണ്ട്– ജയസൂര്യ പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമയും സിനിമാക്കാരും ഇങ്ങനെ പലതരത്തില്‍ ഒഴിവാക്കലിന്റെയും അവഗണനയുടെയും ഇരുള്‍മുറികളിലേക്ക് മാറ്റിനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് എസ് എല്‍ പുരത്തിന്റെ ചലച്ചിത്രജീവിതത്തെ അല്‍പ്പമെങ്കിലും അടുത്തറിയാന്‍ ശ്രമിച്ചവര്‍ക്ക് മനസ്സിലാകും. അതുപക്ഷെ എസ് എല്‍ പുരമെന്ന കലാകാരന്റെ മാറ്റ് കുറയ്ക്കാന്‍ പ്രാപ്തമല്ല. പക്ഷെ ഇനിവരുന്നൊരു തലമുറയ്ക്ക് ഈ കലാകാരന്‍ പൂര്‍ണമായും അജ്ഞാതനായി മാറിയാല്‍ അതിന്റെ പാപഭാരം ഇന്നുള്ളവര്‍ ചുമക്കണം. പ്രത്യേകിച്ച് ചരിത്രമെഴുതുന്നവര്‍. നീതിബോധമില്ലാതെയുള്ള ചരിത്രാഖ്യായികള്‍ കൊടുംപാതകങ്ങളായിരുന്നവെന്ന് നാളെയൊരു തലമുറ തിരിച്ചറിയുന്ന നിമിഷം അതെഴുതിയവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റവാളികളായി മാറും.

എന്റെ തൊഴിലാണ്  എന്റെ ദൈവമെന്ന് വിശ്വസിച്ചുപോന്ന ഒരു കലാകാരനോട് അതിനാല്‍ നാം നീതി കാട്ടിയേ തീരൂ…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍