UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

ഡോ. വീണാ മണി

ന്യൂസ് അപ്ഡേറ്റ്സ്

കുലടകളും കുലസ്ത്രീകളും ഉണ്ടാകുന്ന വിധം

കുറച്ചു കൊല്ലങ്ങൾക്ക് മുൻപാണ്. വീട്ടിൽ നടക്കുന്ന കല്യാണ ആലോചനക്കിടയിൽ തനിക്ക് ഇഷ്ടമുള്ള ഒരു ചങ്ങാതിയുടെ കാര്യം പറയാന്‍ വേണ്ടി വീട്ടില് പോയ കൂട്ടുകാരിയെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അവൾ തിരിച്ചെത്തിയപ്പോള്‍ ഞങ്ങൾ ചാടി വീണു. കാര്യം തിരക്കിയപ്പോൾ അവൾ ഭാവമാറ്റമില്ലാത്ത മുഖത്തോടെ അച്ഛൻ മറുചോദ്യം ചോദിച്ചതിങ്ങനെയാണെന്ന്  പറഞ്ഞു.

“തേവിടിശി ! നീ അവന്റെ കൂടെ കിടന്നോ?”

ആകെ കണ്‍ഫ്യൂഷനായി. സ്നേഹത്തിന്റെ കാര്യം പറയുമ്പോൾ അവന്റെ കൂടെ കിടന്നോ എന്ന് ചോദിക്കുന്നതെന്തിനാണ്? സെക്സ് പേടിയോടെ മാത്രം ചര്‍ച്ച ചെയ്തിരുന്ന, കോണ്‍വെന്‍റ് വിദ്യാഭാസത്തിന്റെ എല്ലാ ഗുലുമാലും ഉള്ള നല്ല കുട്ടികളായിരുന്നു ഞങ്ങൾ. വുതെറിംഗ്പ ഹൈറ്റ്സ് പഠിപ്പിച്ചപ്പോൾ, “ശെടാ, തമ്മിൽ ഇഷ്ടമില്ലാത്ത Heathcliff -ഇനും Isabella ക്കും എങ്ങനെ കുട്ടിയുണ്ടായി എന്ന് അന്തം വിട്ട ടീംസ് ആണ്. അപ്പോഴാണ്‌ സ്വന്തം കല്യാണത്തിന് ഒരു “സജഷൻ ” പറഞ്ഞ കൂട്ടുകാരിയെ അവളുടെ അച്ഛൻ “തേവിടിശി” എന്ന് വിളിക്കുന്നത്‌. മൊത്തത്തിൽ കണ്‍ഫ്യൂഷൻ ആയി. ഒരാളെ ഇഷ്ടപ്പെട്ടാൽ തേവിടിശി ആകുന്നതെങ്ങനെ ആണ്? നമ്മുടെ ജീവിതത്തിലെ പല ഉത്തരങ്ങള്‍ക്കും കുറെ കഴിഞ്ഞു ഉത്തരം കിട്ടാറുണ്ട്, ആ ചോദ്യങ്ങൾ വിലയില്ലാണ്ടായില്ലെങ്കിൽ!

മറ്റൊരു സംഭവം അങ്ങ് അമേരിക്കയിലാണ് നടക്കുന്നത്. contraceptives-ന്റെ (ഗർഭനിരോധനം മാത്രമല്ല ഉദേശിക്കുന്നത്) ചെലവു കൂടി ഹെൽത്ത് ഇന്‍ഷൂറന്‍സിൽ ഉൾപ്പെടുത്തണം എന്ന സാന്ദ്ര ഫ്ലൂക്കിന്റെ ആവശ്യം  പല യഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നും എതിർപ്പുളവാക്കി. അതിൽ ഏറ്റവും വിഷമേറിയത്‌  റുഷ് ലിംബോ തന്റെ റേഡിയോ ഷോയിൽ ഫ്ലൂകിനെ “സ്ലട്ട്” എന്നും “പ്രോസ്റ്റിറ്റ്യൂട്ട്” എന്നും വിളിച്ചതാണ്. contraceptives  വേണമെന്ന്‍ ആവശ്യപ്പെടുന്നതിലൂടെ, അതിനു ഇന്‍ഷൂറന്‍സ് കവർ വേണം എന്ന് ആവശ്യപ്പെടുന്നതിലൂടെ ഫ്ലൂക് ഒരു സ്ലട്ടും  പ്രോസ്റ്റിറ്റ്യൂട്ടും ഒക്കെ ആയി “വിലയിരുത്താനുള്ള” ധൈര്യമാണ് അമേരിക്കൻ സമൂഹം ലിമ്പോക്ക് നല്കിയത്. ഇതിനെതിരെ ഫെമിനിസ്റ്റുകൾ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കുകയും ലിമ്പോ പിന്നീട് ഫ്ലൂക്കിനോട് ക്ഷമ ചോദിക്കുകയും ചെയ്തു.

ഈ വിഷയത്തില്‍ പിന്നീടു കുറെ  ചർച്ച ചെയ്യപ്പെട്ടത്  “സ്ലട്ട്” എന്ന പദമാണ്.  ഒരു വിഭാഗം ഫെമിനിസ്റ്റുകൾ പറഞ്ഞത്, ഒരു വ്യക്തിയെ മറ്റൊരു വ്യക്തി അകാരണമായി ജഡ്ജ് ചെയ്യ്ന്നതിനെ നിശിതമായി വിമര്‍ശിക്കണം എന്ന് പറയുമ്പോഴും നമ്മൾ ശ്രദ്ധിച്ചു നോക്കേണ്ടത്, ഇവിടെ “സ്ലട്ട്” എന്ന വിളിയെ എല്ലാവരും അങ്ങേയറ്റം ഒഫെന്‍സീവായി കണ്ടു എന്നുള്ളതാണ്. പ്രോസ്റ്റിറ്റ്യൂട്ട്  എന്ന്‍ പ്രയോഗിക്കുമ്പോഴും എന്തുകൊണ്ട് ഡിഗ്ന്നിറ്റി ഇല്ലാതാകുന്നു എന്നുള്ളതും ചിന്തിക്കേണ്ട വിഷയമാണ്. പ്രോസ്റ്റിറ്റ്യൂഷന്‍ ചര്‍ച്ച ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടു നടക്കുന്ന ഹുമൻ ട്രാഫിക്കിങ്ങും, പീഡനങ്ങളും കൂട്ടി വായിക്കുമ്പോൾ അത് വേറെ തന്നെ വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. എന്നിരുന്നാലും വേശ്യകൾ ഹ്യൂമന്‍ ഡിഗ്ന്നിറ്റി  അർഹിക്കുന്നില്ല  എന്നുള്ള കാഴ്ചപ്പാട് തികച്ചും തെറ്റായ ഒന്നാണ്.

വീണ്ടും “സ്ലട്ട്” എന്ന പദത്തിലേക്ക് തിരിച്ചു വരാം. “സ്ലട്ട്” എന്നാൽ ഒന്നില്‍ക്കൂടുതൽ ലൈംഗിക പങ്കാളികൾ ഉള്ളവൾ എന്നാണർത്ഥം. ഇതിന്റെ പുരുഷ വേർഷൻ womaniser , Don Juan, Casanova തുടങ്ങിയ വാക്കുകള്‍ ഉണ്ടെങ്കിലും അവക്കൊന്നും സ്ലട്ടിനെ പോലെ അപകീര്‍ത്തിയുടെ  ഭാരം ഇല്ല തന്നെ. “അവളും “, “അവനല്ലാത്ത മറ്റു ലിംഗങ്ങളും” എന്നും പെഴയും “അവൻ” എന്നും പ്ലെയറുമാണല്ലോ!

എന്തുകൊണ്ടാണ് സ്വന്തം വിവാഹ കാര്യത്തിൽ തീരുമാനമെടുത്തവളും, contraceptiveനെ കുറിച്ച് സംസാരിച്ചവളും “സ്ലട്ട്” ആവുന്നത്? ഈ മൂന്നു കാറ്റഗറിക്കും പൊതുവായുള്ള പ്രധാന വിശേഷം, ഇവരൊക്കെ സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള relative autonomy  ചെലുത്തുന്നു എന്നുള്ളതാണ്. പുരുഷാധിപത്യ വാർപ്പുമാതൃകകള്‍ക്കപ്പുറം മറ്റൊരു ജീവിതരീതിയെ ഭാവന ചെയ്യുന്നതാണ് ഇവരുടെ കുറ്റം. ഇത്തരം സ്ത്രീകൾ പുരുഷാധിപത്യ കോട്ടകളായ കുടുംബം മോഹിക്കുന്ന ഒരു തരം  സ്ത്രീകളുടെ അപരര്‍ (others) ആക്കിക്കൊണ്ട്‌  കുലസ്ത്രീകളെ സൃഷ്ടിക്കുന്നു. ഇവരെ ഒരുപോലെ സമൂഹം ഭയക്കുകയും രഹസ്യമായി ആരാധിക്കുകയും ചെയ്യുന്നു. സ്വന്തം ശരീരത്തെ ആനന്ദത്തിന്റെ (pleasure) മേൽ പുനർനിർമിക്കുമ്പോൾ ഈ സ്ത്രീകള്  സെക്കന്‍ഡ് വേവ് ഫെമിനിസം ഉയര്‍ത്തിക്കൊണ്ട് വന്ന്‍ ശരീരത്തിന് മുകളിലുള്ള സ്ത്രീകളുടെ അവകാശത്തെയാണ്  മുന്നോട്ടുവെക്കുന്നത്. ഒരു തരത്തിൽ “സ്ലട്ട്” ആവാനുള്ള അവകാശത്തിനും കൂടിയാണ് അവർ പോരാടിയത്. ഇന്ന് ആ അവകാശം എങ്ങനെ അഭികാമ്യമല്ലാതായി? പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ക്കും കൂടിയാണ് അന്ന് വാദങ്ങൾ നടന്നത്. 1950-കളിൽ പോരാടി തുടങ്ങിയ സമരങ്ങൾ ഇനിയും ശക്തമായി തുടരണം എന്നുള്ളതിന്റെ സന്ദേശമാണ്  2012-ൽ നടന്ന ലുംബൊ-ഫ്ലൂക് ചര്‍ച്ചയും, ഇന്ന് നമ്മൾ കേട്ട് കൊണ്ടേയിരിക്കുന്ന സ്ത്രീവിരുദ്ധ തെറികളും ഓർമിപ്പിക്കുന്നത്‌.

സ്ത്രീകള് എന്തു ധരിക്കണം തുടങ്ങി എത്ര  പിള്ളേരെ ഉണ്ടാക്കണം എന്നുവരെ ആജ്ഞാപിക്കുന്ന മാന്യന്മാരോട് പോയി പണി നോക്കാൻ പറയാന്‍ നമുക്ക്  പറ്റിയില്ലെങ്കിൽ, അതിനെയൊക്കെ നിരന്തരം ചോദ്യം ചെയ്യാൻ പഠിച്ചില്ലെങ്കിൽ, പിന്നെ എന്ത് കാര്യം?  കപടവും, ഇടുങ്ങിയതും,  അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ ഈ സമൂഹത്തിൽ  ഒരിക്കലെങ്കിലും “സ്ലട്ട്” എന്ന് വിളിക്കപ്പെട്ടിട്ടില്ലെങ്കിലാണ് പ്രശ്നം.

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍