UPDATES

സിനിമ

നടി ശില്പയുടെ മരണം; ആത്മഹത്യ അല്ലെന്ന് മാതാപിതാക്കള്‍; മകള്‍ അവര്‍ക്ക് ‘കറവപ്പശു’വായിരുന്നെന്ന് പോലീസ്

Avatar

വി ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു നിന്നും ബാലരാമപുരത്തേക്കു പോകുന്ന വഴിയിലൂടെ മോള്‍ നടന്നു പോകുന്നത് മാത്രമാണ് ഇപ്പോഴും ഞങ്ങളുടെ മനസ്സിലുള്ളത്. ജീവനോടെ അവളെ കാണുന്നത്  ആ ദിവസം കൊണ്ട് അവസാനിക്കുമെന്ന് കരുതിയിരുന്നില്ല. കരമനയാറ്റില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി എന്ന് കേട്ടപ്പോഴും അത്  അവളാവുമെന്ന് കരുതിയില്ല. പിറ്റേന്ന് മോര്‍ച്ചറിയില്‍ നിന്നും അവളുടെ തണുത്തു വിറങ്ങലിച്ച ശരീരം കാണുമ്പോള്‍ എല്ലാം തീര്‍ന്നുവെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. ഇനി ഞങ്ങളുടെ മോളെ കാണാന്‍ കഴിയില്ലെന്നും’– കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിനിമ-സീരിയല്‍ നടി ശില്പയുടെ മാതാപിതാക്കളായ ഷാജിയുടെയും സുമയുടെയും വാക്കുകളാണിത്.

മകളുടെ മരണത്തിന്റെ ഉത്തരം തേടി അവര്‍ അലയാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ എട്ടു മാസം പൂര്‍ത്തിയാകുന്നു. ഇന്നും കേസ് അന്വേഷണം ആത്മഹത്യയില്‍ തന്നെയാണ് എത്തി നില്‍ക്കുന്നത്. തുടക്കത്തില്‍ അന്വേഷിച്ച കരമന എസ്ഐ വത്സലന്റെ അതേ കണ്ടെത്തല്‍ തന്നെയാണ് നിലവില്‍ ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ്റ് കമ്മീഷണര്‍ പ്രമോദ് കുമാറിനും.

‘അന്വേഷണം അവസാന ഘട്ടത്തിലാണ്.പട്ടാപ്പകല്‍ നാലു മണിക്കാണ് സംഭവം നടന്നത് ആത്മഹത്യ ആണെന്നുള്ളതിനു വ്യക്തമായ തെളിവുകളും സാക്ഷികളും ഉണ്ട്. അത് കുട്ടിയുടെ മാതാപിതാക്കളെ  ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.’- എന്നാണ് കേസന്വേഷണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. 

തങ്ങളുടെ കുട്ടി അങ്ങനെ ചെയ്യില്ല എന്ന് അന്നും ഇന്നും ഷാജിയും സുമയും വിശ്വസിക്കുന്നു. അന്വേഷണത്തില്‍ മാതാപിതാക്കള്‍ തൃപ്തരല്ല എന്നുള്ളതിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു…

‘അവരെയും ഈ കേസില്‍ പ്രതി ചേര്‍ക്കേണ്ടതാണ്. മകള്‍ അവര്‍ക്കൊരു കറവപ്പശുവായിരുന്നു. രണ്ടുപേരും ജോലിക്കൊന്നും പോകാതെ കുട്ടിയുടെ ചിലവിലായിരുന്നു ജീവിതം. മാതാപിതാക്കള്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നുണ്ടാവില്ലായിരുന്നു’

സംഭവം നടക്കുമ്പോള്‍ കാരയ്ക്കാമണ്ഡപം നടുവത്ത് ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ശില്പയുടെ കുടുംബം. ശാസ്തമംഗലം ആര്‍കെഡിഎസ് സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു ശില്പ അപ്പോള്‍. കുട്ടിക്കാലം മുതല്‍ തന്നെ കലാപരിപാടികളില്‍ തല്‍പ്പരയായിരുന്ന മകളില്‍ ഏറെ പ്രതീക്ഷയായിരുന്നു അവര്‍ക്ക്. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം കഴിവുകള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും നിലവിലെ സാഹചര്യങ്ങളോട് മല്ലിട്ട് ശില്പ കലാരംഗത്തേക്ക് തന്നെ പോയി. കടമറ്റത്തു കത്തനാര്‍, ദേവീമാഹാത്മ്യം, ശ്രീകൃഷ്ണന്‍, അനന്തപദ്മനാഭ, ചന്ദനമഴ, എന്നീ സീരിയലുകളിലും ശില്പ അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി ഏറെ ഷോര്‍ട്ട് ഫിലിമുകള്‍, പരസ്യങ്ങള്‍ സിനിമകളിലെ ചെറു വേഷങ്ങള്‍ എന്നിവയിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ്‌ പണ്ഡിറ്റ്‌ സംവിധാനം ചെയ്ത് അഭിനയിച്ച ‘സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌’ എന്ന ചിത്രത്തിലെ നായികാ വേഷം വിവാദമായിരുന്നു. 

ഇലക്ട്രിക് പണികളും ഓട്ടോറിക്ഷ ഓട്ടവുമായി കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന അച്ഛന്‍ ഷാജിയ്ക്കും വീട്ടമ്മയായ സുമയ്ക്കും ഏറെ സഹായമായിരുന്നു ശില്പയുടെ വരുമാനം. അതവര്‍ മറച്ചു വയ്ക്കുന്നുമില്ല. എന്നാല്‍ തങ്ങള്‍ ഒരിക്കലും മകളെ ഒരു വരുമാന മാര്‍ഗ്ഗമായല്ല കണ്ടിരുന്നത്‌ എന്ന് അവര്‍ പറയുന്നു. പെട്ടന്നൊരു ദിവസം മകള്‍ ഇല്ലാതെയായ ആ കുടുംബം മാനസികമായി തകര്‍ന്നിരുന്നു. അതില്‍ നിന്നും ഇപ്പോഴും അവര്‍ കരകയറിയിട്ടില്ല. മകള്‍ ആത്മഹത്യ ചെയ്തതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഉള്ള ശ്രമം ആരംഭത്തില്‍ തന്നെ ഉണ്ടായിരുന്നു എന്ന് ഷാജിയും സുമയും പറയുന്നു. പോലീസ് മാധ്യമങ്ങള്‍ക്കു നല്‍കിയ വിവരങ്ങള്‍ അങ്ങനെയൊരു വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നതായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ശില്പയുടെ മരണം-മാധ്യമങ്ങളില്‍ രേഖപ്പെടുത്തിയത്

2015 ജൂലൈ 18ന് ആണ് ശില്പ മരണപ്പെടുന്നത്. ആ ദിവസം ബാലരാമപുരത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ ഈദ് സല്‍ക്കാരത്തിനായി എത്തിയതായിരുന്നു ശില്പ. അവിടെ വച്ച് സുഹൃത്തായ ആര്‍ഷയ്ക്കും മറ്റു സുഹൃത്തുക്കള്‍ക്കും ഒപ്പം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്‌. ശില്പയുടെ കാമുകനായ ലിജിന്‍ തന്നെ അറിയിക്കാതെ ഈദ് സല്‍ക്കാരത്തില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ചെകിടത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് കരമനയാറിനു സമീപമുള്ള ഏഴാം കല്ല്‌ എന്ന സ്ഥലത്തു വച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റം നടക്കുകയും തന്നെ വേണ്ടെന്നു വച്ച കാമുകന്റെ നിലപാടില്‍ തകര്‍ന്ന് ശില്പ ആറിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് അന്നു വന്ന വാര്‍ത്തകള്‍.

ശില്പയുടെ മരണം; മാതാപിതാക്കള്‍ക്കു പറയാനുള്ളത്

ശില്പയുടെ മരണം നടന്ന ദിവസം ഇപ്പോഴും അവരുടെ അമ്മ വ്യക്തമായി ഓര്‍ക്കുന്നു.

ഞങ്ങള്‍ കാരയ്ക്കാമണ്ഡപത്തു നിന്നും താമസം മാറിയ ദിവസമായിരുന്നു മോള്‍ മരിക്കുന്നത്. രാവിലെ തന്നെ സാധനങ്ങള്‍ എല്ലാം വണ്ടിയില്‍ കയറ്റാന്‍ പാകത്തില്‍ റെഡിയാക്കി വയ്ക്കുമ്പോഴാണ് അവള്‍ക്ക് ആര്‍ഷയുടെ ഫോണ്‍ വരുന്നത്. ബാലരാമപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ഈദ് സല്‍ക്കാരത്തിനെത്തില്ലേ എന്നന്വേഷിച്ചായിരുന്നു ആ വിളി. അതിനോടടുപ്പിച്ചു വേറെയും കുറേ കോളുകള്‍ വന്നു. ഏകദേശം 11 മണി കഴിഞ്ഞിരുന്നു അപ്പോള്‍. ഞങ്ങള്‍ അപ്പൊ രാവിലത്തെ ഭക്ഷണം കഴിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. എന്റെ പാത്രത്തില്‍ നിന്നും ഒരു പിടി ചോറു വാരിക്കഴിച്ചിട്ടാണ് അവള്‍ പോയത്. എന്നെ കുട്ടീ എന്നൊക്കെയാണ് വിളിക്കുക.
‘കുട്ടീ എനിക്കൊരു 20 രൂപ തരണേ’ എന്നും പറഞ്ഞു അതും വാങ്ങിയിട്ടാണ് അവള്‍ പോയത്.

രണ്ടു മണി ആയപ്പോള്‍ എനിക്ക് ആര്‍ഷയുടെ ഫോണ്‍ വന്നു.’ശില്പ ഇവിടെ നിന്നും പിണങ്ങിപ്പോയി, വീട്ടില്‍ എത്തിയോ’ എന്നു ചോദിച്ചു. അപ്പോള്‍ നെടുമങ്ങാട്‌ നില്‍ക്കുകയായിരുന്ന ഞാന്‍ മകനെ വിളിച്ച്  അവള്‍ കാരയ്ക്കാമണ്ഡപത്തെത്തിയോഎന്നന്വേഷിച്ചപ്പോള്‍ ഇല്ലായെന്ന് മനസ്സിലായി. ഞങ്ങള്‍ അപ്പോഴും അവളുടെ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ആദ്യം പോലീസില്‍ അറിയിക്കാമെന്നു വിചാരിച്ചെങ്കിലും കാര്യമൊന്നുമില്ലെങ്കില്‍ വെറുതേ അവള്‍ക്കു നാണക്കേട് ആവുമല്ലോ എന്നു വിചാരിച്ച് അതു മാറ്റി വയ്ച്ചു. ഒരു നാലു മണി ആയപ്പോള്‍ ആര്‍ഷ കാരയ്ക്കാമണ്ഡപത്തുള്ള വീട്ടിലെത്തി. മകന്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവന്റെ കൈയ്യില്‍ അവള്‍ ഒരു 300 രൂപ കൊടുത്തു. എന്നിട്ട് ഒന്നും പറയാതെ സ്ഥലം വിടുകയും ചെയ്തു. സാഹചര്യമെന്താണ് എന്നന്വേഷിക്കാന്‍ വന്നത് പോലെയാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്. കാട്ടാക്കട സ്വദേശിയായ ഷാജഹാന്‍ എന്ന വ്യക്തിയുടെ കൂടെയാണ് അന്ന് അവള്‍ വീട്ടിലെത്തിയത് എന്ന് പിന്നിട് അറിഞ്ഞു.

ഏറെ അന്വേഷണങ്ങള്‍ക്കു ശേഷം വൈകിട്ട് ആറുമണി ആയപ്പോള്‍ ഞങ്ങള്‍ കാരയ്ക്കാമണ്ഡപത്തെത്തി. അവിടെ നിന്നും പല തവണ ശില്പയുടെ ഫോണില്‍ വിളിച്ചു. ആര്‍ഷയെ വിളിച്ചെങ്കിലും ആ കുട്ടി ഫോണ്‍ എടുത്തില്ല. പിന്നീട് ആര്‍ഷയെ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ശില്പയുടെ ഫോണ്‍ ലോക്ക് ആയിരുന്നു അതുകൊണ്ടാണ് ഫോണ്‍ എടുക്കാഞ്ഞത് എന്നായിരുന്നു. ശില്പ ഇതുവരെ വീട്ടിലെത്തിയില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ആര്‍ഷയുടെ മറുപടി അവളെ തിരുവല്ലം ബസ് സ്റ്റാന്‍ഡിനു പിറകില്‍ ലിജിന്‍ എന്ന ആളിന്റെ അടുത്തു കൊണ്ടു ചെന്നാക്കി എന്നായിരുന്നു. ആരാണ് അയാള്‍, എന്റെ കുട്ടിക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലീസില്‍ അറിയിക്കും കേസ് നല്‍കും എന്നു പറഞ്ഞപ്പോഴേക്കും അവളുടെ സ്വരം മാറി. അമ്മേ എന്ന് വിളിച്ചു കൊണ്ടിരുന്ന അവള്‍ പിന്നീട് വായില്‍ തോന്നിയതൊക്കെ എന്നെ പറഞ്ഞു. അവള്‍ തന്ന നമ്പരില്‍ ഞാന്‍ ലിജിനെ വിളിച്ചു. ശില്പ എവിടെ എന്നന്വേഷിച്ചപ്പോള്‍ എനിക്കങ്ങനെ ആരെയും അറിയില്ല എന്ന് അവന്‍ പറഞ്ഞു. ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ശില്പ ഇവിടെ നിന്നും പിണങ്ങിപ്പോയി എന്ന്  മാറ്റിപ്പറഞ്ഞു. അതിനു ശേഷം അയാള്‍ ഫോണ്‍ എടുത്തിട്ടില്ല. മരുതൂര്‍ക്കടവ് ഭാഗത്ത് ഒരു പെണ്‍കുട്ടിയുടെ മൃതശരീരം കിട്ടി എന്ന വാര്‍ത്തയില്‍ ആദ്യം ഞങ്ങള്‍ക്ക് സംശയം തോന്നിയിരുന്നില്ലയെങ്കിലും പിന്നീട് അതെക്കുറിച്ച് അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു’ –സുമ കണ്ണീരോടെ പറഞ്ഞു നിര്‍ത്തി.

രാത്രിയോടെ ശില്പയുടെ സഹോദരന്‍ ഷിനോജ് ആണ് മരിച്ചത് സഹോദരി തന്നെ എന്നുറപ്പിച്ചത്. ദിവസങ്ങള്‍ക്കു ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാവാഞ്ഞത് കാരണം ഇവര്‍ മുഖ്യമന്ത്രിയെയും ഡിജിപിയേയും കാണുകയും തുടര്‍ന്ന് കരമന എസ്ഐയില്‍ നിന്ന് ഫോര്‍ട്ട്‌ അസിസ്റ്റന്റ്റ് കമ്മീഷണര്‍ സുധാകരന്‍ പിള്ളയ്ക്ക് അന്വേഷണം കൈമാറിയിരുന്നു. തുടര്‍ന്നു ലിജിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

എന്നാല്‍ അന്വേഷണം ഇന്നും ലിജിനും ശില്പയും തമ്മില്‍ ഉണ്ടായിരുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ്. തുടക്കം മുതല്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തങ്ങള്‍ക്കു സംശയമുള്ള ആള്‍ക്കാരുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു എന്ന് ഷാജിയും സുമയും വ്യക്തമാക്കുന്നു.  ശില്പയുടെ കാമുകനായ ഒറ്റശേഖരമംഗലം വീരണകാവ് സ്വദേശി ലിജിന്‍, അതേ സ്ഥലത്തു നിന്നുള്ള ആര്‍ഷ, പരിസരവാസിയായ സജീര്‍, ഷാജഹാന്‍ എന്നിവരാണ് അവര്‍. പക്ഷേ അന്വേഷണത്തിന്റെ ഏതോ ഘട്ടത്തില്‍ ലിജിന്റെ ഒഴികെ ബാക്കി മൂന്നു പേരുകളും കേസില്‍ നിന്നും ഇല്ലാതായി എന്ന് മാതാപിതാക്കള്‍ പറയുന്നു. തങ്ങളുടെ മകളുടെ മരണം ആത്മഹത്യയല്ല എന്ന് തന്നെ ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിന് ഉപോല്‍ബലകമായി ഏറെ തെളിവുകളും മകള്‍ നഷ്ടപ്പെട്ട ആ മാതാപിതാക്കള്‍ നിരത്തുന്നു.

ഇതില്‍ ലിജിനെ മാത്രം ടാര്‍ഗറ്റ് ചെയ്ത് ശില്പയുടെ മരണം ഒരു പ്രണയനൈരാശ്യത്തെത്തുടര്‍ന്നുള്ള  ആത്മഹത്യക്കഥയാക്കിത്തീര്‍ക്കാം എന്ന നീക്കമാണ് അന്വേഷണത്തിന്റെ ആരംഭം മുതല്‍ നടക്കുന്നത് എന്ന് മാതാപിതാക്കള്‍ പറയുന്നു.

ലിജിന്‍റെ പങ്ക്

ശില്പയുടെ കാമുകന്‍ ആയിരുന്ന ഈ യുവാവ് ഫോട്ടോഗ്രാഫറും ആര്‍ഷയുടെ അയല്‍വാസിയുമായിരുന്നു. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ സ്ഥിരമായി ഇടിച്ചു കയറി പ്രത്യക്ഷപ്പെടുന്ന ഒരു യുവാവിനെക്കുറിച്ച് ശില്പ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇയാള്‍ പലപ്പോഴും ശില്പയുടെ നമ്പറില്‍ വിളിക്കാറുണ്ടായിരുന്നു എന്നും ഒരിക്കല്‍ മകള്‍ തനിക്കു ഫോണ്‍ കൈമാറിയതായും തന്‍ ശകാരിച്ചതിനെത്തുടര്‍ന്ന് ഇനി വിളിക്കില്ല എന്നു ലിജിന്‍ പറഞ്ഞതായും സുമ ഓര്‍ക്കുന്നു. എന്നാല്‍ എപ്പോഴോ ഇവര്‍ തമ്മില്‍ പ്രണയത്തിലായി എന്നുള്ളതും സുമയും ഷാജിയും സമ്മതിക്കുന്നുണ്ട്. മരണദിവസം ആര്‍ഷയില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ വിവരങ്ങള്‍ മാറ്റി പറഞ്ഞതും ശേഷം ഫോണ്‍ സ്വിച്ചോഫ്‌ ചെയ്തതും സംശയാസ്പദമാണ്. ഒരു തവണ അറിയില്ല എന്നു പറഞ്ഞ വ്യക്തി പിന്നീട് മൊഴി മാറ്റുന്നതും സ്വഭാവികമായി കാണാന്‍ കഴിയില്ല എന്നുള്ളതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വിട്ടുപോയ കണ്ണികള്‍

ആര്‍ഷ

കാട്ടാക്കട വീരണകാവ് സ്വദേശിയാണ് ഇവര്‍. മരിക്കുന്നതിന് നാലു മാസം മുന്‍പാണ് ആര്‍ഷയും ശില്പയും തമ്മില്‍ സൗഹൃദത്തിലാവുന്നത്. ഒഴിവ് സമയങ്ങളില്‍ ഈവന്റ് മാനേജ്മെന്‍റ് വര്‍ക്കുകള്‍ ചെയ്തിരുന്ന ശില്പ അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് അതേ ഫീല്‍ഡിലുള്ള ആര്‍ഷയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ആ ബന്ധം വളരുകയും ശില്പയുടെ അമ്മയോടടക്കം ആര്‍ഷ ബന്ധം സ്ഥാപിക്കുകയും ചെയ്തു. സ്ഥിരമായി ആര്‍ഷയുടെ ഫോണ്‍ കോളുകള്‍ വരാറുണ്ടായിരുന്നു എന്ന് സുമ പറയുന്നു. സാധാരണ ഗതിയില്‍ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ചടങ്ങുകളിലും ശില്പയുടെ കൂടെപ്പോകാറുള്ള സുമ രണ്ടു മൂന്നു തവണ ആര്‍ഷയോടൊപ്പം മകളെ അയച്ചിട്ടുണ്ടായിരുന്നു. ശില്പയും ലിജിനും തമ്മില്‍ പരിചയപ്പെടാന്‍ കാരണം ആര്‍ഷയാണ് എന്ന് സുമയും ഷാജിയും പറയുന്നു. മകള്‍ പങ്കെടുത്തിരുന്ന ചടങ്ങുകളുടെ വിവരങ്ങള്‍ എല്ലാം ആര്‍ഷ ലിജിന് കൈമാറിയിരുന്നു എന്നും അവര്‍ വിശ്വസിക്കുന്നു.

മരണദിവസം ശില്പയുടെ അമ്മയോട് ഇവര്‍ ആദ്യം ഫോണില്‍ പറഞ്ഞിരുന്നത് ചടങ്ങ് നടന്ന വീട്ടില്‍ നിന്നും ഫോണ്‍ മറന്നു വച്ചുവെന്നും ശില്പ പിണങ്ങിപ്പോയി എന്നുമായിരുന്നു. പിന്നീട് തിരുവല്ലം ബസ് സ്റ്റാന്‍ഡിനു സമീപം കൊണ്ടാക്കിയെന്ന് പറഞ്ഞു. പോലീസിനു മൊഴി നല്‍കിയപ്പോള്‍ ശില്‍പ്പയും ലിജിനും കരമന മരുതൂര്‍ക്കടവില്‍ നിന്നു സംസാരിക്കുന്നതിനു സാക്ഷിയായി എന്നായി മാറി. കൂടാതെ സംഭവത്തിനു രണ്ടാഴ്ചയ്ക്കു ശേഷമാണ് ആര്‍ഷ ശില്‍പ്പയുടെ മൊബൈല്‍ ഫോണ്‍ പോലീസിനു കൈമാറുന്നത്. മൊബൈലില്‍ ഉണ്ടായിരുന്ന എട്ടു ജിബി മെമ്മറികാര്‍ഡ് അപ്പോള്‍ അതില്‍ ഇല്ലായിരുന്നു എന്നതും കോള്‍ ഹിസ്റ്ററി ഇറേസ് ചെയ്തതായും പോലീസ് പറഞ്ഞതായി ശില്പയുടെ മാതാപിതാക്കള്‍ പറയുന്നു. ശില്പയുടെ മൊബൈലില്‍ ഉണ്ടായിരുന്ന സിം കാര്‍ഡിനെക്കുറിച്ചും ആര്‍ഷ നല്‍കിയത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. നിലവില്‍ ഉണ്ടായിരുന്ന സിമ്മിന് പുറമേ  ഫോണില്‍ ഉണ്ടായിരുന്ന സിം ആര്‍ഷ നല്‍കിയിരുന്നതാണ് എന്ന് ശില്പ തങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍ പോലീസിനു നല്‍കിയ മൊഴിയില്‍ ആര്‍ഷ പറഞ്ഞത് സിം ലിജിന്‍ നല്‍കിയതാണ് എന്നാണ്. ശില്പയുടെ മൃതദേഹം കണ്ടെടുക്കുന്ന സമയത്തും ഈ ഫോണ്‍ ഓണ്‍ ആയിരുന്നു. 

സജീര്‍

മിമിക്രി ആര്‍ട്ടിസ്റ്റ്, നര്‍ത്തകന്‍. ശില്‍പ്പയെ എങ്ങനെയെങ്കിലും തന്റെ ഡാന്‍സ് ട്രൂപ്പില്‍ എത്തിക്കാന്‍ കൂട്ടുകാരിയോട് സജീര്‍ പറഞ്ഞതായി ഷാജിയും സുമയും പറയുന്നു. അവളുടെ അച്ഛനും കൂടെയുണ്ടാവും എന്ന് പറഞ്ഞ കൂട്ടുകാരിയോട് അയാള്‍ക്ക് ഒരു കുപ്പി വാങ്ങിക്കൊടുത്ത് മൂലയ്ക്ക് കിടത്താം എന്ന് സജീര്‍ പറഞ്ഞുവെന്ന് ആ കൂട്ടുകാരി ശില്പയോടു പറഞ്ഞിരുന്നു. മുന്പ് ഒരു പരിപാടിക്കിടയില്‍ വച്ച് ഇയാള്‍ കൂടെയുള്ള കുട്ടികളെ ശല്യം ചെയ്തതും നമ്പര്‍ വാങ്ങാന്‍ പിറകേ നടന്നതും  അവര്‍ ഓര്‍ക്കുന്നുണ്ട്.


സന്തോഷ് പണ്ഡിറ്റുമൊത്ത് ശില്പ

ശില്പയെക്കുറിച്ചന്വേഷിക്കാന്‍ ഷിനോജ് കരമന പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ അവിടെയുണ്ടായിരുന്നു. പാറാവ്‌ നിന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് ശില്പയുടെ ആളാണോ എന്ന് ചോദിച്ചതായി ഷിനോജ് മാതാപിതാക്കളോട് പറഞ്ഞിരുന്നു. വീട്ടുകാര്‍ വന്നു തിരിച്ചറിയാതെ തന്നെ അജ്ഞാത മൃതദേഹം ശില്പയുടേത് തന്നെ എന്ന് പോലീസ് എങ്ങനെ അറിഞ്ഞു എന്ന് ഇവര്‍ ചോദിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പലതവണ സ്റ്റേഷനില്‍ എത്തിയപ്പോഴും ഇയാള്‍ സ്ഥലത്തുണ്ടായിരുന്നു. ഒരു തവണ പോലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത്തിനിടയില്‍ ഇയാളുടെ മാതാവ് ഇടപെട്ടതായും അവര്‍ പറയുന്നു. 

ഷാജഹാന്‍

ഷാജഹാന്‍റെ സഹോദരിയുടെ വീട്ടിലാണ്‌ ഈദ് സല്‍ക്കാരത്തിനായി ശില്പ പോയത്. സംഭവം നടന്നയിടങ്ങളില്‍ ഇയാളുടെയും മറ്റുള്ളവരുടെയും സാനിധ്യമുണ്ടായിരുന്നതായി ശില്പയുടെ മാതാപിതാക്കള്‍ പറയുന്നു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്

ശില്പ ആറ്റിലേക്ക് ചാടി എന്നു പറയപ്പെടുന്ന സ്ഥലം കരമനയാറിന്റെ സമീപമുള്ള ഏഴാം കല്ല് എന്നയിടമാണ്. മെയിന്‍ റോഡില്‍ നിന്നും ഏറെ ഉള്ളിലുള്ള വിജനമായ ഒരു സ്ഥലം. ഇവിടെ നിന്നും 750 മീറ്ററോളം അകലെ കരമന മരുതൂര്‍ക്കടവ് പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തുന്നത്.

ശില്പയേയും കൂട്ടി ആര്‍ഷയും കൂട്ടരും എന്തിനിവിടെ എത്തി? ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞതെങ്കില്‍ എന്തുകൊണ്ട് ഇവര്‍ ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ല? എന്നിങ്ങനെയുള്ള തങ്ങളുടെ ചോദ്യങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ പുല്ലുവില പോലും നല്‍കിയില്ല എന്നും ഇവര്‍ പറയുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു മല്‍പ്പിടിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവെന്നും മരണം നടന്നു രണ്ടു ദിവസമായിട്ടും ശില്‍പ്പയുടെ ചെരിപ്പുകള്‍ അവിടെ കിടപ്പുണ്ടായിരുന്നു എന്നും ഷിനോജ് പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്ന ഒരാള്‍ അമ്പലനടയില്‍ കയറാന്‍ പോകുന്നത് പോലെ ചെരിപ്പൊക്കെ അഴിച്ചു വയ്ച്ചിട്ടാണോ പോവുക എന്നൊരു ചോദ്യവും അവര്‍ ഉന്നയിക്കുന്നു.  കൂടാതെ സംഭവം നടന്ന ദിവസം അവിടെ ഉച്ചത്തില്‍ വഴക്കു നടന്നതായി ചിലര്‍ കണ്ടുവെന്നും എന്നും ഷിനോജ് കണ്ടെത്തി. മറ്റൊന്ന് ഷിനോജും മറ്റുള്ളവരും സംഭവസ്ഥലത്ത് എത്തി നിമിഷങ്ങള്‍ക്കകം പോലീസ് അവിടെയെത്തിയതാണ്. തങ്ങള്‍ കണ്ടെത്തിയ ചെരിപ്പും മറ്റും അപ്പോഴാണ് പോലീസ് കൊണ്ടു പോയത് എന്ന് കുടുംബം പറയുന്നു. 

മറ്റൊന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇവരോട് നടത്തിയ ഒരു പരാമര്‍ശമാണ്. പോസ്റ്റ്‌ മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്, ആമാശയത്തില്‍ രണ്ടു പിടി ചോറും ഉള്ളിയുടെ കഷ്ണവും മാത്രമാണ് അവശേഷിച്ചത് എന്നാണ്. എന്നാല്‍ അസിസ്റ്റന്റ്റ് കമ്മീഷണര്‍ പ്രമോദ് കുമാര്‍ അവരോടു പറഞ്ഞത് കുട്ടി സല്‍ക്കാര സ്ഥലത്തു നിന്നും ബിരിയാണി കഴിച്ചിട്ടുണ്ട് എന്നും. കൂടാതെ കഴുത്തിന്‍റെയും ചെവിയുടെ ഭാഗത്തും ഉള്ള മുറിവുകളും നല്ല രീതിയിലുള്ള അക്രമം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നതില്‍ ഇവര്‍ ഉറച്ചു നില്‍ക്കുന്നു.

എന്നാല്‍ ശരിയായ രീതിയിലുള്ള അന്വേഷണം നടത്താതെ അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് എന്ന് ഷാജിയും സുമയും ആരോപിക്കുന്നു.

കേസിന്റെ പുരോഗതി അന്വേഷിച്ച് പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ചെങ്കിലും അത് നിങ്ങളെ അറിയിക്കേണ്ടതില്ല എന്നായിരുന്നു മറുപടി എന്ന് ശില്‍പ്പയുടെ കുടുംബം വ്യക്തമാക്കുന്നു. എങ്കിലും മകളുടെ മരണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്തുന്നത് വരെ തങ്ങള്‍ മുന്‍പോട്ടു പോകുമെന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇതിനായി മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഷാജിയും സുമയും.    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍