UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പകല്‍ ക്രൌഡ് ഫണ്ടിംഗ്, രാത്രി ടോയ്‌ലറ്റ് ശുചീകരണം

Avatar

ആഭ ഭട്ടറായ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

ഒരു പൊതു ശൌചാലയത്തിന്റെ തറ ഏതെങ്കിലും രീതിയിലുള്ള പ്രചോദനം തരാനുള്ള സാധ്യത വളരെ കുറവാണ്.

എന്നാല്‍ എല്ലാ ആഴ്ചയും ബ്രയാന മെര്‍സിഡെസ് വെയിഡ്നെര്‍ അവിടെ നിന്നാണ് പ്രചോദനമുള്‍ക്കൊള്ളുന്നത്; എല്‍ക്റ്റന്‍ മേരിലാന്‍ഡിലെ സെസില്‍ കൌണ്ടി ഡിപ്പാര്‍ട്മെന്‍റിന്‍റെ 21 കക്കൂസുകളും 4 യൂറിനലുകളും വൃത്തിയാക്കുമ്പോള്‍.

ഇയര്‍ഫോണ്‍ തിരുകി, കൈകളില്‍ നീല ഗ്ലൌസുമിട്ട് ടോയിലെറ്റ് സീറ്റുകളില്‍ ലൈസോള്‍ തളിക്കുന്നു. ശ്രദ്ധ വേണ്ടാത്ത ജോലിയാണത്, ആ 25കാരി പറയുന്നു. അതിനാല്‍ തന്‍റെ മനസിനെ അലയാന്‍ അനുവദിക്കുന്നു: അടുത്ത സ്കെച്ചിലേയ്ക്ക്, അടുത്ത ബിസിനസ് പദ്ധതിയിലേയ്ക്ക്, തന്നെയൊരു ചെറിയ സംരംഭകയാക്കിയ കിക്ക്സ്റ്റാര്‍ട്ടറിന്‍റെ പ്രവര്‍ത്തനത്തിലേയ്ക്ക്.

അവരുടെ രണ്ടു പ്രവര്‍ത്തനങ്ങളില്‍ ശുചിമുറികള്‍ വൃത്തിയാക്കലാണ് എളുപ്പം. മറ്റേത് , ഇല്ലസ്ട്രേഷന്‍ ബിസിനസ്സ്, അനിശ്ചിതത്വം നിറഞ്ഞഒന്നാണ്. 

“എല്ലാ മുട്ടകളും ഒരേ കുട്ടയില്‍ സൂക്ഷിയ്ക്കരുത് എന്നു പറയില്ലെ, അതുപോലെയാണ് ഇതും,” മണിക്കൂറിന് 12 ഡോളര്‍ വേതനമുള്ള ശുചിമുറി സൂക്ഷിപ്പു ജോലിയെ പറ്റി അവര്‍ പറയുന്നു. തന്‍റെ ബിസിനസ് സംരംഭം പച്ച പിടിക്കുന്നത് വരെ ചെറുതെങ്കിലും സ്ഥിരമായ വരുമാനം. “ഒരു കലാകാരിയെ സംബന്ധിച്ച് പല വഴിക്കുള്ള വരുമാനം എന്നത് വളരെ പ്രധാനമാണ്. ഒരു മാസം അധികം പണിയൊന്നും കിട്ടിയില്ലെങ്കിലും ചെലവുകള്‍ നടന്നു പോകണം.”

എല്ലാ ചെറുകിട സംരംഭകരെയും പോലെ തന്നെ വെയിഡ്നെറുടെയും മുന്നിലുള്ള ഏറ്റവും വലിയ തടസ്സം ബിസിനസ് തുടങ്ങാനുള്ള പണമാണ്. അവര്‍ സമ്പന്നയല്ല, അഥവാ ബാങ്ക് ലോണ്‍ കിട്ടുകയാണെങ്കില്‍ തന്നെ അതവരുടെ കടബാദ്ധ്യത കൂട്ടുകയേയുള്ളൂ.

കിക്ക്സ്റ്റാര്‍ട്ടര്‍, ഇന്‍ഡീഗോഗോ മുതലായ ക്രൌഡ് ഫണ്ടിങ് സൈറ്റുകള്‍ വഴി ഇത്തരം പ്രോജക്റ്റുകള്‍ക്കു ചെറുതുകകള്‍ സമാഹരിക്കാന്‍ ആള്‍ക്കാര്‍ക്ക് സാധിയ്ക്കുന്നു, വെയിഡ്നെറെ പോലെയുള്ളവര്‍ക്ക് അങ്ങനെ അല്പം നിക്ഷേപം സമാഹരിക്കാനാവുന്നു. ബാങ്കുകളും വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകളും ഒക്കെ ഹൈടെക് സ്റ്റാര്‍ട്-അപ്പുകള്‍ക്കും വലിയ റെസ്റ്റോറന്‍റുകള്‍ക്കും മാത്രം പണം മുടക്കുമ്പോള്‍ ക്രൌഡ് ഫണ്ടിങ് ഒരു വര്‍ഷം 34 ബില്ല്യണ്‍ ഡോളര്‍ മൂല്യത്തിലേയ്ക്ക് വളര്‍ന്നിരിക്കുകയാണ്. ആര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും വലിയ കാര്യങ്ങള്‍ തുടങ്ങാം എന്ന വിശ്വാസമാണ് ഇതിനു പിന്നില്‍.

ഫേസ്ബുക് 2 ബില്ല്യണ്‍ ഡോളര്‍ മുടക്കിയിട്ടുള്ള ഒകുലസ് റിഫ്റ്റ് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് കിക്ക്സ്റ്റാര്‍ട്ടറിലാണ് തുടങ്ങിയത്. പെബിള്‍ സ്മാര്‍ട്ട് വാച്ചും അങ്ങനെ തന്നെ, 20 മില്ല്യണ്‍ ഡോളറാണ് അവര്‍ സൈറ്റില്‍ നിന്നു സംഭരിച്ചത്. പക്ഷേ ക്രൌഡ്ഫണ്ടിങ് പ്ലാറ്റ്ഫോമുകള്‍ കൂടുതലായും ചെറിയ, പുതുമയുള്ള സംരംഭങ്ങളെയാണ് പിന്തുണയ്ക്കുന്നത്, വെയിഡ്നെറുടെ അനുഭവവും വ്യത്യസ്തമല്ല.

കോളേജ് കാലം മുതലേ അവര്‍ തന്‍റെ ചിത്രങ്ങള്‍ വില്‍ക്കാറുണ്ടായിരുന്നു, പക്ഷേ അതില്‍ നിന്നുള്ള വരുമാനം സ്ഥിരമായിരുന്നില്ല. ഒരു പൂച്ചയുടെ പോര്‍ട്രെയ്റ്റിനു 30 ഡോളര്‍ കിട്ടുമ്പോള്‍ റെസ്റ്റോറന്‍റ് ലോഗോയ്ക്ക് 200 ഡോളര്‍ എന്നിങ്ങനെ.

ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് വെയിഡ്നെര്‍ തന്‍റെ ക്ലീനിങ് ജോലിയുടെ സമയം ആഴ്ചയില്‍ 5 ഷിഫ്റ്റ് എന്നതില്‍ നിന്നും ഒന്നായി വെട്ടിക്കുറച്ചു. മുഴുവന്‍ സമയ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു അത്. കഷ്ടപ്പാടും അധ്വാനവും നിറഞ്ഞ കാലമായിരുന്നു അതെങ്കിലും ഇപ്പോള്‍ പ്രതീക്ഷയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.

തന്‍റെ ചിത്രങ്ങള്‍ അടിച്ച പിന്നുകളും സ്റ്റിക്കറുകളും ഉണ്ടാക്കാനായി 2,539 ഡോളര്‍ സ്വരുക്കൂട്ടാനായതോടെ വിജയത്തിന്‍റെ രുചി അറിയാന്‍ തുടങ്ങി.

മറ്റ് പലരെയും പോലെ കുളിമുറികള്‍ വൃത്തിയാക്കുമ്പോള്‍ ആണ് അവര്‍ക്ക് ആശയങ്ങള്‍ ലഭിക്കുന്നത്.

പുതുവര്‍ഷാരംഭത്തില്‍ തന്‍റെ ആശയം ഒന്നു പരീക്ഷിക്കാനുറച്ച് വെയിഡ്നെര്‍ ഐമാക്കിന് മുന്‍പിലിരുന്നു.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് “ഡസ്റ്റ് ബണ്ണി”, “ഡ്രാഗന്‍ റോള്‍” എന്നിങ്ങനെ മൃഗങ്ങളെ കൊണ്ടുള്ള കഥാപാത്രങ്ങളെ വരയ്ക്കാന്‍ ഒരു പരിപാടിയിട്ടിരുന്നു. ആദ്യം വരച്ചത് “ക്യാറ്റ് ലോഫ്” ആയിരുന്നു, ഒരു പൂച്ച നാലു കാലുകളും മടക്കിയൊതുക്കി ഇരിക്കുമ്പോള്‍ കണ്ടാല്‍ ‘bread loaf’ പോലെയാണ് എന്നതുകൊണ്ടായിരുന്നു ആ പേര്. സ്വന്തം വളര്‍ത്തുപൂച്ചയായ ഓസ്വല്‍ഡിനെ മാതൃകയാക്കി വരച്ച ആ ചിത്രം കണ്ടാല്‍ ഒരു കൂട് സാന്‍വിച്ച് ബ്രെഡിനു പൂച്ചയുടെ തലയും വാലും കൊടുത്തത് പോലെയായിരുന്നു.

250 ഡോളര്‍ ലക്ഷ്യമാക്കി കിക്ക്സ്റ്റാര്‍ട്ടറില്‍ ആ പടം അപ്ലോഡ് ചെയ്തു, 200 വിനൈല്‍ സ്റ്റിക്കറുകളും പിന്നുകളും അടിക്കാന്‍ വേണ്ട തുക.

18 മണിക്കൂറുകള്‍ക്കുളില്‍ അവര്‍ ലക്ഷ്യം കണ്ടു. ഒരു മാസം നീണ്ടു നിന്ന പ്രവര്‍ത്തനം ഫെബ്രുവരി 1നു അവസാനിപ്പിച്ചപ്പോള്‍ വേണ്ട തുകയുടെ പത്തിരട്ടി ലഭിച്ചിരുന്നു.

“ഞാന്‍ ആവേശത്തിലായി, ഇത്രയും ആള്‍ക്കാര്‍ക്ക് സ്റ്റിക്കര്‍ എന്ന ഐഡിയയില്‍ താല്‍പര്യമുണ്ടാകുമെന്ന് കരുതിയില്ല,” അവര്‍ പറയുന്നു.

പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയുടെ വാര്‍ട്ടന്‍ സ്കൂളിലെ അസിസ്റ്റന്‍റ് പ്രഫസറായ ഈഥന്‍ മോളിക് പറയുന്നതു ന്യൂനപക്ഷ, വനിതാ സംരംഭകര്‍ പരമ്പരാഗത നിക്ഷേപക വൃത്തങ്ങളില്‍ എന്നതിനേക്കാള്‍ ക്രൌഡ് ഫണ്ടിങ് സൈറ്റുകളില്‍ കൂടുതല്‍ വിജയിക്കുന്നു എന്നാണ്. കാരണം, വംശമോ, മറ്റ് ബന്ധങ്ങളോ അവിടെ പ്രധാനമല്ല.

“അവിടെ പക്ഷപാതം കുറവാണ്. എന്തു വിജയിക്കും, വിജയിക്കില്ല എന്നതില്‍ ആളുകളുടെ അനുഭവത്തെയോ വിശ്വാസങ്ങളെയോ നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നില്ല. നിങ്ങളുടെ സ്ഥലമോ സാമൂഹ്യ ബന്ധങ്ങളോ ഒരു പരിമിതിയാകുന്നില്ല,” മോളിക് പറയുന്നു.

എല്‍ക്ടണില്‍ ജനിച്ച്, ഏതാണ്ട് അവിടെ തന്നെ ജീവിച്ചിട്ടുള്ള വെയിഡ്നെര്‍ക്കു ട്വിറ്ററില്‍ 1400 ഫോളോവേഴ്സ് ഉണ്ട്; അതിനേക്കാള്‍ കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ കിക്ക്സ്റ്റാര്‍ട്ടര്‍ സഹായിച്ചു. 900 ഡോളറിന് 1600 സ്റ്റിക്കറുകളുള്ള ഒരു ബാച്ച് ഓര്‍ഡര്‍ ചെയ്തു. കൂടുതല്‍ ലാഭം തരുന്ന ടീ ഷര്‍ട്ട്, മൊബൈല്‍ കേസുകള്‍ എന്നിവയും ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

“ഒറ്റത്തവണ ഡിസൈന്‍ ചെയ്തു കൂടുതല്‍ കൂടുതല്‍ വില്‍ക്കാന്‍ സാധിച്ചാല്‍ അത് വളരെ സഹായകമാവും,” അവര്‍ പറഞ്ഞു. “ഏതാനും സ്റ്റിക്കറുകള്‍ വിറ്റ് മാസം 10 ഡോളര്‍ കിട്ടിയാല്‍ പോലും കുറച്ചു ദിവസത്തെ പലചരക്ക് വാങ്ങാനുള്ളതായി.”

ചുവരില്‍ ക്രയോണ്‍ കൊണ്ട് വരയ്ക്കുന്നതാണ് വെയിഡ്നെറിന്‍റെ ആദ്യത്തെ ഓര്‍മ. വഴക്കു പറയുന്നതിനു പകരം അമ്മ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. “അവളെ തടഞ്ഞു നിര്‍ത്താനാവില്ല എന്നെനിക്ക് മനസിലായി. അതുകൊണ്ട് ‘ഇതാണ് നിന്റെ കാന്‍വാസ്’ എന്നു ഞാന്‍ പറഞ്ഞു,” ജോയ് ബ്ലെസിയര്‍ പറഞ്ഞു. “അവള്‍ അന്തര്‍മുഖയായ, അധികം സംസാരിക്കാത്ത ഒരു കുട്ടിയായിരുന്നു. ചിന്തകളായിരുന്നു അവളുടെ ലോകം, കല അവള്‍ക്കൊരു ആശ്വാസമായി.”

വെയിഡ്നെര്‍ പറ്റുമ്പോഴൊക്കെ വരച്ചു. സ്കൂളില്‍, ഉത്തരക്കടലാസുകളുടെ മാര്‍ജിനില്‍ പോക്കെമോണ്‍ ഡൂഡിലുകള്‍ വരഞ്ഞിട്ടു, പൂച്ചകളുടെ രേഖാചിത്രങ്ങള്‍ അടങ്ങിയ ഒരു ക്ലിപ്പ്ബോര്‍ഡ് എപ്പോഴും കയ്യിലുണ്ടായിരുന്നു. ഉച്ചഭക്ഷണ സമയത്ത് അവള്‍ കഴിച്ചുകൊണ്ടും വരച്ചു.

“കല എന്നത് ജീവിതത്തെ നേരിടാനുള്ള എന്റെ മാര്‍ഗമായിരുന്നു, പ്രത്യേകിച്ചു മിഡില്‍ സ്കൂളില്‍. എനിക്കു കൂട്ടുകാരുണ്ടായിരുന്നില്ല. വീട്ടിലെ കാര്യങ്ങളും അത്ര സുഖകരമല്ലായിരുന്നു,” അവര്‍ പറഞ്ഞു.

മൃഗങ്ങളെ വരയ്ക്കാനായിരുന്നു കൂടുതലിഷ്ടം. എന്തു ജോലിയാണ് ചെയ്യുക എന്നുറപ്പില്ലായിരുന്നെങ്കിലും താനൊരു കലാകാരിയാകുമെന്ന് അറിയാമായിരുന്നുവെന്ന് വെയിഡ്നെര്‍ പറയുന്നു. അഡോബി ഫോട്ടോഷോപ്പ് മുതലായ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ആര്‍ട്ടും പരീക്ഷിച്ചു. ഹൈസ്കൂളിലെ ജൂനിയര്‍ വര്‍ഷങ്ങളിലാണ് കോളേജില്‍ പോകണമെന്ന് തീരുമാനിച്ചത്. മൂന്ന്‍ ആര്‍ട്ട് സ്കൂളുകളില്‍ അപേക്ഷിച്ച ശേഷം പെന്‍സില്‍വേനിയ കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ തെരഞ്ഞെടുത്തു.

അതൊരു ശരിയായ തീരുമാനമായിരുന്നോ എന്നു ഇപ്പോളും അറിയില്ല എന്നവര്‍ പറയുന്നു. പക്ഷേ ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിച്ചത് അവിടെ വച്ചാണ്, കുട്ടികള്‍ക്കായി ബേര്‍ഡ് ബോയ് എന്നൊരു പുസ്തകം സ്വയം പുറത്തിറക്കി. ഇതിലെ ചിറകുകളുള്ള നായകന്‍ കൂട്ടുകാരെ നേടാന്‍ കഷ്ടപ്പെടുന്ന ആളാണ്. തനിക്കിപ്പോള്‍ 35,000 ഡോളര്‍ കടമുണ്ട്, അത് എന്നെങ്കിലും കൊടുത്തു തീര്‍ക്കാനാകുമോ എന്നു ഉറപ്പില്ല.

മറ്റ് ചെലവുകളും പെരുകി വരുന്നു: ലോണും ഭര്‍ത്താവിന്‍റെ വൃക്കരോഗ ചികിത്സയുടെ മെഡിക്കല്‍ ബില്ലുകളും. തന്‍റെ 1999 മോഡല്‍ ഫോര്‍ഡ് എസ്കോര്‍ട്ട് അടുത്തിടെ ബ്രേക്ഡൌണായി, 5,000 ഡോളര്‍ കടമെടുക്കുകയല്ലാതെ വേറെ വഴിയില്ലാതെയായി.

“കടങ്ങള്‍ വീട്ടാന്‍ ക്രിയാത്മകമായ മാര്‍ഗങ്ങള്‍ തേടുകയാണ് ഞാന്‍. സ്വയംതൊഴില്‍- അതൊരു മഹത്തായ കാര്യമാണ്. ഭയപ്പെടുത്തുന്നതും. എത്ര പൈസയുണ്ടാക്കാം എന്നതിന് പരിധിയില്ല,” അവര്‍ പറഞ്ഞു.

വരയ്ക്കുന്നതും പെയിന്‍റ് ചെയ്യുന്നതും വെയിഡ്നെര്‍നു ജന്മസിദ്ധമാണെങ്കിലും ബിസിനസ്സ് ചെയ്യുന്നത് അങ്ങനെയായിരുന്നില്ല.

ആദ്യമായി തന്‍റെ ഡഞ്ചന്‍സ് ആന്‍ഡ് ഡ്രാഗണ്‍സ് കഥാപാത്രത്തിന്‍റെ ചിത്രം 16 ഡോളറിന് വിറ്റശേഷം ദിവസങ്ങളോളം ഉറങ്ങാനായില്ലെന്ന് അവര്‍ പറയുന്നു.

“മറ്റുള്ളവരുടെ പണം കൈപ്പറ്റുന്നതിനെ പറ്റി എനിക്കു അത്യധികമായ ഉത്കണ്ഠയുണ്ടായിരുന്നു. വില കുറച്ചാണ് തുടങ്ങിയത്. ഒരുപാട് സംശയങ്ങളും ഉണ്ടായിരുന്നു: എന്റെ ചിത്രങ്ങള്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുമോ? അവ നല്ലതല്ലെങ്കില്‍ എന്തു ചെയ്യും?”

പതുക്കെ അതൊക്കെ ശരിയായി വരുന്നു. വിശ്വസ്തരായ, സ്ഥിരം കസ്റ്റമേഴ്സ് കുറച്ചുണ്ട്. എഴുത്തുകാര്‍, ചെറുകിട ബിസിനസ്സുകാര്‍, പിന്നെ പക്ഷികളുടെ പടങ്ങള്‍ സ്ഥിരമായി വാങ്ങുന്ന റോക്കറ്റ് ശാസ്ത്രജ്ഞര്‍, അങ്ങനെ.

“അവര്‍ക്കൊരു തനതായ ശൈലിയുണ്ട്. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളിലേത് പോലെ ഭാവനാത്മകമാണത്, മേന്മയുമുണ്ട്,” ഗാംബ്രില്‍സ് മേരിലാന്‍ഡില്‍ നിന്നുള്ള മറ്റൊരു കലാകാരിയായ റേച്ചല്‍ ക്നെഷ്ട് (27) പറയുന്നു, വെയിഡ്നെറുടെ ഇരുപത്തിലധികം പൂച്ച ചിത്രങ്ങള്‍ ഇവര്‍ വാങ്ങിയിട്ടുണ്ട്.

വെയിഡ്നെറുടെ വര്‍ക്കുകളധികവും ഇപ്പോള്‍ ട്വിറ്ററില്‍ നിന്നാണ്, തന്‍റെ 1,400 ഫോളോവേഴ്സിനോട് പുതിയ ആശയങ്ങളെ പറ്റി അഭിപ്രായം ചോദിക്കുന്നു. കൂടാതെ ഇവന്‍റുകളില്‍ നിന്നും മെച്ചമുണ്ട്. മനുഷ്യരോടു സാദൃശ്യമുള്ള മൃഗ കഥാപാത്രങ്ങളുടെ വാര്‍ഷിക കണ്‍വെന്‍ഷനായ ആന്ത്രോകോണില്‍ ബൂത്തുകള്‍ ഇട്ടു പടങ്ങള്‍ വിറ്റു കമ്മീഷനാക്കുന്നു.

മാസം ഏകദേശം 700 ഡോളറോളം കലയില്‍ നിന്നു വരുമാനമുണ്ട്, ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാനും, ലോണിന്‍റെ ഒരു ഭാഗം അടയ്ക്കാനുമുള്ളത്. ഇപ്പോള്‍ ജോലിയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നുമുള്ള പണം ഒരേ അക്കൌണ്ടിലാണ് സൂക്ഷിക്കുന്നത്, ഒരുപക്ഷേ വെവ്വേറെയാക്കാനുള്ള സമയമായി എന്നവര്‍ കരുതുന്നു.

ഒരു കമ്പനി രൂപീകരിച്ച്, സെസില്‍ കോളേജില്‍ മാര്‍ക്കെറ്റിങ്ങിന്‍റെയും അക്കൌണ്ടിങ്ങിന്‍റെയും ക്ലാസ്സുകള്‍ എടുത്ത്, തന്‍റെ ബിസിനസ്സ് വികസിപ്പിക്കാന്‍ ആലോചിക്കുന്നു. “ഞാന്‍ മാത്രം പ്രോപ്രെയ്റ്റര്‍ ആയിരിക്കുന്നിടത്തോളം കാലം കാര്യങ്ങള്‍ പഠിച്ചു ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷേ ഇത് വളരുകയാണെങ്കില്‍ നിയമസാധുത്വമുള്ളതാക്കേണ്ടി വരും,” വെയിഡ്നെറുടെ ചിന്തകള്‍ ഇങ്ങനെ പോകുന്നു.

പ്രതീക്ഷകള്‍ യാഥാര്‍ഥ്യബോധത്തോടെയാവണം എന്നതാണു അവര്‍ പഠിച്ച ഒരു കാര്യം.

തന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണം കൂട്ടാനായി വെയിഡ്നെര്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെ ട്വീറ്റ് ചെയ്തു- തന്നെ റീട്വീറ്റ് ചെയ്യുന്നവരെ ഒരു തടിയന്‍ പക്ഷിയാക്കി വരച്ചു കൊണ്ടുള്ള ഡിജിറ്റല്‍ ചിത്രം തരുന്നതാണ്.

ഒരു ഡസനോളം റീട്വീറ്റ് പ്രതീക്ഷിച്ചിടത്ത് ഏതാണ്ട് എണ്ണൂറെണ്ണമാണ് കിട്ടിയത്.

അതൊരു വലിയ കാര്യമായിരുന്നു, അല്‍പ്പം ഭയങ്കരവും. “ഞാന്‍ ക്ഷീണിച്ച് അവശയാകുന്നതിന് മുന്‍പ് അന്‍പതോളം ചിത്രങ്ങള്‍ നല്‍കി,” ഇപ്പോളും താനവ വരയ്ക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. “ഒരുപാട് വാഗ്ദാനം ചെയ്താല്‍ ഞാന്‍ തളര്‍ന്നു പോകുമെന്ന് മനസിലായി.”

കോളേജ് കഴിഞ്ഞു ഒരു വര്‍ഷം വല്ലാത്ത അവശതയും മടുപ്പും ബാധിച്ച് കലയില്‍ നിന്ന് അകന്നു നിന്നതായി അവര്‍ ഓര്‍ക്കുന്നു. ഒരു ലീഗ് ഫോട്ടോഗ്രാഫറുടെ പടങ്ങളുടെ പ്രിന്‍റുകള്‍ വില്‍ക്കുന്നതടക്കമുള്ള പണികള്‍ ചെയ്തു, (“അതൊരു വല്ലാത്ത പണിയായിരുന്നു. അംപയര്‍മാരോട് കലഹിക്കുന്ന ആള്‍ക്കാരുടെ കുട്ടികളുടെ ഫോട്ടോകള്‍ വില്‍ക്കാന്‍ ശ്രമിക്കുക.”)

ശുചിമുറി വൃത്തിയാക്കുന്ന ജോലി 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളേജിലായിരുന്നപ്പോഴേ തുടങ്ങിയതാണ്. ഈ വര്‍ഷങ്ങളില്‍ പബ്ലിക് ലൈബ്രറികള്‍, ബാങ്കുകള്‍, പ്രൈവറ്റ് സ്കൂളുകള്‍ ഇവയുടെയൊക്കെ ടോയിലെറ്റുകള്‍ വൃത്തിയാക്കി. അവയൊക്കെ ഒരുപോലെ തന്നെ. ടോയിലെറ്റ് ടോയിലെറ്റ് തന്നെയാണ്, അവര്‍ പറയുന്നു.

“എനിക്കതൊന്നും പ്രശ്നമല്ല. വല്ലാത്ത ദുര്‍ഗന്ധമുണ്ടെങ്കില്‍ ഞാന്‍ ശ്വാസമടക്കി പിടിച്ച് അകത്തേക്ക് പോകും. എനിക്കു ചെയ്യാനുള്ളത് ഞാന്‍ ചെയ്യുന്നു, അതേപ്പറ്റി അധികം ആലോചിക്കാറില്ല,” അവര്‍ പറഞ്ഞു.

വൃത്തിയാക്കല്‍ ജോലിക്കിടയില്‍ കിട്ടുന്ന ഏകാന്തതയും നിശ്ശബ്ദതയും അവര്‍ ഇഷ്ടപ്പെടുന്നു. ബിസിനസ്സിനെ കുറിച്ചുള്ള ആശയങ്ങള്‍ അപ്പോള്‍ കിട്ടുന്നു. സൂക്ഷിച്ചു വയ്ക്കാവുന്ന, ഗുണമേന്‍മയുള്ള പ്രിന്‍റുകള്‍ വീട്ടില്‍ തന്നെ എടുക്കാന്‍ പാകത്തിന് ഒരു വൈഡ് ഫോര്‍മാറ്റ് പ്രിന്‍റര്‍ വാങ്ങാനാണ് അടുത്ത ആലോചന. അടുത്ത കിക്ക്സ്റ്റാര്‍ട്ടര്‍ പ്രോജക്റ്റ് അതാവാം.

“വൃത്തിയാക്കുമ്പോഴൊക്കെ എന്റെ മനസ്സ് പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ചിലപ്പോള്‍ നല്ല ആശയങ്ങള്‍ തോന്നും. അപ്പോള്‍ ഒരു മിനിറ്റ് നിര്‍ത്തി അത് എഴുതി വയ്ക്കും,” വെയിഡ്നെര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍