UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് നാറ്റമേറിയ ചില കണക്കുകള്‍

Avatar

അഴിമുഖം പ്രതിനിധി

സ്മാര്‍ട്ട് സിറ്റികളെ കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണുകയും പദ്ധതിയാവിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ കണ്ണു തുറന്ന് കാണേണ്ട ചില കണക്കുകളുണ്ട്. അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നങ്ങളിലൊന്ന് തന്നെയാണ് ഇതും. ഇന്ത്യയിലെ നഗരവാസികളായ 377 ദശലക്ഷം ആളുകള്‍ പുറന്തള്ളുന്ന മാലിന്യത്തിന്റെ 30 ശതമാനത്തിനപ്പുറം ഒന്നും സംസ്‌കരണ വിധേയമാകുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ നഗരങ്ങളിലെ 70 ശതമാനം മാലിന്യവും സംസ്‌കരിക്കപ്പെടുന്നില്ല.

ഈ മാലിന്യങ്ങളെല്ലാം നദികളിലോ കടലിലോ തടാകങ്ങളിലോ കിണറുകളിലോ തള്ളുന്നു എന്നു മാത്രമല്ല ഇവ രാജ്യത്തെ നാലില്‍ മൂന്ന് ജലസ്രോതസ്സുകളേയും മലീമസമാക്കുകയും ചെയ്യുന്നു. വിവിധ ഔദ്യോഗിക രേഖകള്‍ എടുത്ത് പൊതുതാല്‍പര്യ വാര്‍ത്താ പോര്‍ട്ടലായ ഇന്ത്യ സ്‌പെന്‍ഡ് ഡോട്ട് കോം നടത്തിയ വിശകലനത്തിലാണ് ഈ കണക്കുകള്‍ പറയുന്നത്.

റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നോക്കാം. രാജ്യത്ത് നഗര പ്രദേശങ്ങളില്‍ 62,000 ദശലക്ഷം ലീറ്റര്‍ മാലിന്യമാണ് പ്രതിദിനം പുറന്തള്ളപ്പെടുന്നത്. എന്നാല്‍ ഒരു ദിവസം 23,277 ദശലക്ഷം ലിറ്റര്‍ മാലിന്യം, അതായത് മൊത്തം മാലിന്യത്തിന്റെ 37 ശതമാനം, മാത്രം സംസ്‌കരിക്കാനുള്ള സംവിധാനമേ ഇന്ത്യയിലുള്ളൂ. 2015 ഡിസംബറില്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകളാണ് ഇത് പറയുന്നത്.

ഈ കണക്കുകളെ ഇഴകീറി പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഒന്നു കൂടി വ്യക്തമാകും. 816 മുനിസിപ്പല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകളില്‍ 522 മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. അതായത്, പ്രതിദിനം പുറന്തള്ളപ്പെടുന്ന 62,000 ദശലക്ഷം ലിറ്റര്‍ മാലിന്യത്തില്‍ 23,277 ദശലക്ഷം ലിറ്റര്‍ സംസ്‌കരിക്കാനുള്ള ശേഷി ഉണ്ടെങ്കിലും വാസ്തവത്തില്‍ 18,883 ദശലക്ഷം ലിറ്റര്‍ മാലിന്യമെ പ്രതിദിനം സംസ്‌കരിക്കുന്നുള്ളൂ എന്നര്‍ത്ഥം. നഗരമാലിന്യത്തിന്റെ 70 ശതമാനവും സംസ്‌കരിക്കപ്പെടുന്നില്ല!  സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) ഇന്‍വെന്ററൈസേഷന്‍ ഓഫ് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്‌സ് എന്ന റിപ്പോര്‍ട്ട് പ്രകാരം 79 മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുമ്പോള്‍ 145 യൂണിറ്റുകള്‍ നിര്‍മ്മാണത്തിലാണ്. 70 യൂണിറ്റുകളുടെ നിര്‍മ്മാണം നിര്‍ദ്ദിഷ്ട പദ്ധതിയായി തന്നെയിരിക്കുന്നു.

ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളുമാണ് അതാതിടങ്ങളിലെ ജലസ്രോതസ്സുകള്‍ മലീമസമാക്കുന്നത്. ഇതു പരിഹരിക്കുന്നതില്‍ വര്‍ഷങ്ങളായി കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ക്ലാസ് വണ്‍ നഗരങ്ങളിലും (ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ളവ) ക്ലാസ് ടു നഗരങ്ങളിലുമായി (അര ലക്ഷം മുതല്‍ ഒരു ലക്ഷം വരെ ജനസംഖ്യയുള്ളവ) ഏകദേശം 38,255 ദശലക്ഷം ലീറ്റര്‍ മാനില്യമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ 11,787 ദശലക്ഷം ലിറ്റര്‍ (30 ശതമാനം) മാത്രമെ സംസ്‌കരിക്കപ്പെടുന്നുള്ളൂവെന്ന് ജലസംരക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്ന വാട്ടര്‍ എയ്ഡ് എന്ന സന്നദ്ധ സംഘടന പുറത്തിറക്കിയ ഫിക്കല്‍ സ്ലഡ്ജ് മാനേജ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നു. 2009-ലെ സിപിസിബി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് വാട്ടര്‍ എയ്ഡ് ഈ കണക്കുകള്‍ നിരത്തുന്നത്. സംസ്‌കരിക്കപ്പെടാത്ത മാലിന്യം നേരിട്ട് ജലസ്രോതസ്സുകളിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യയുടെ മൊത്തം ഉപരിതല ജല വിഭവത്തിന്റെ മൂന്നില്‍ നാലു ഭാഗത്തെയും മലിനമാക്കുകയും ചെയ്യുന്നു. 80 ശതമാനം ജലസ്രോതസ്സുകളും മലിനീകരിക്കപ്പെട്ടിരിക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രവര്‍ത്തിച്ചു വരുന്ന മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ തന്നെ പരിസ്ഥിതി ചട്ടങ്ങളൊന്നും പാലിക്കുന്നില്ല. 39 ശതമാനം യൂണിറ്റുകളും പരിസ്ഥിതി സംരക്ഷണ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും ലംഘിച്ച് മാലിന്യം നദികളില്‍ തള്ളുന്നതായി സിപിസിബിയുടെ 2009-ലെ റിപ്പോര്‍ട്ട് പറയുന്നു. പ്രധാനമായും ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുന്നത് 75 ശതമാനം മുതല്‍ 80 ശതമാനം വരെ ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ പുറന്തപ്പെടുന്നത് വഴിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലുടനീളമുള്ള 522 മാലിന്യ സംസ്‌കരണ പ്ലാന്റുകളില്‍ ഏറ്റവും കൂടുതലുള്ളത് ഉത്തരേന്ത്യന്‍ സംസ്ഥാനമായ പഞ്ചാബിലാണ്. ഇവിടെ 86 പ്ലാന്റുകളുണ്ട്. എന്നാല്‍ 38 പ്ലാന്റുകള്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളുള്ളത്. 62 പ്ലാന്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 60 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയും 44 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടകയും തൊട്ടുപിറകെയുണ്ട്. ഇന്ത്യയില്‍ 17 ദശലക്ഷത്തോളം നഗര വീട്ടുകാര്‍ക്ക് മതിയായ ശുചിമുറി സംവിധാനങ്ങളില്ലെന്നും വാട്ടര്‍ എയ്ഡ് റിപ്പോര്‍ട്ട് പറയുന്നു. ഇവരില്‍ 14.7 ദശലക്ഷം വീട്ടുകാര്‍ക്കും കക്കൂസ് ഇല്ല. ഒരു വീട്ടില്‍ അഞ്ച് അംഗങ്ങളെ വീതം കണക്കാക്കുകയാണെങ്കില്‍ ഇന്ത്യയിലെ നഗരവാസികളായ 85 ദശലക്ഷം പേര്‍ക്ക്, അതായത് ജര്‍മ്മനിയുടെ മൊത്തം ജനസംഖ്യയിലേറെ പേര്‍ക്ക് കക്കൂസും കുളിമുറിയുമില്ല! 2015 ഡിസംബര്‍ ഏഴ് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം ഗ്രാമീണ വീട്ടുകാരില്‍ 48.4 ശതമാനത്തിനു (87.9 ദശലക്ഷം) മാത്രമെ കക്കൂസ് സംവിധാനമുള്ളൂവെന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു മറുപടിയില്‍ പറയുന്നു.

ഏതാണ്ട് അഞ്ച് ദശലക്ഷം (7.1 ശതമാനം) നഗരവാസികള്‍ ഉപയോഗിക്കുന്നത് സ്ലാബുകളില്ലാത്ത, തുറന്ന കക്കൂസ് കുഴികള്‍ (പിറ്റ് ലാട്രിന്‍) ആണ്. ഒമ്പതു ലക്ഷത്തോളം കക്കൂസുകളില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം നേരിട്ട് അഴുക്കു ചാലുകളിലേക്ക് ഒഴുക്കുന്നു. 32.7 ശതമാനം നഗര വീട്ടുകാര്‍ ഭൂഗര്‍ഭ മാനില്യക്കുഴല്‍ ശൃംഖലയുമായി ബന്ധിപ്പിച്ച കക്കൂസ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. സെപ്റ്റിക് ടാങ്കുള്ള 79 ദശലക്ഷം നഗരവീടുകളില്‍  30 ദശലക്ഷത്തോളം (38.2 ശതമാനം) വീട്ടുകാര്‍ക്ക് ശരിയായ രീതിയില്‍ മാലിന്യം നീക്കം ചെയ്യാനുള്ള സംവിധാനങ്ങളില്ല.

12.6 ശതമാനം നഗരവാസികളും മലവിസര്‍ജനം നടത്തുന്നത് തുറസ്സായ സ്ഥലങ്ങളിലാണ്. ചേരികളുടെ കാര്യമെടുത്താല്‍ ഈ തോത് ഉയര്‍ന്നതാണ്. 18.9 ശതമാനം ചേരിനിവാസികളും തുറസ്സായി സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്നു. കക്കൂസ് ഉണ്ടായിട്ടും തുറസ്സായി സ്ഥലങ്ങളെ 1.7 ശതമാനം ഇന്ത്യക്കാരും ഉപയോഗിക്കുന്നുവെന്നതും ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കണക്ക്. 2012-ലെ നാഷണല്‍ സാംപിള്‍ സര്‍വേ വിവരങ്ങളെ ഉദ്ധരിച്ച് സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചതാണ് ഈ കണക്കുകള്‍.

മധ്യപ്രദേശില്‍ 22.5 ശതമാനം പേരും തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്നവരാണ്. തമിഴ്‌നാട്ടില്‍ 16.2 ശതമാനവും ഉത്തര്‍ പ്രദേശില്‍ 14.8 ശതമാനവും ഗുജറാത്തില്‍ 8.7 ശതമാനവും മഹാരാഷ്ട്രയില്‍ 7.7 ശതമാനവും ദല്‍ഹിയില്‍ മൂന്ന് ശതമാനവും വരുമിത്. 2015 മേയില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ഒരു കണക്കു പ്രകാരം 55 ശതമാനത്തോളം ഗ്രാമവാസികളും തുറസ്സായ സ്ഥലങ്ങലില്‍ മലവിസര്‍ജനം നടത്തുന്നവരാണ്. 86.6 ശതമാനവുമായി ഒഡീഷയാണ് മുന്നില്‍. കേരളത്തില്‍ 3.9 ശതമാനം പേര്‍ തുറസ്സായ സ്ഥലങ്ങളെ പ്രാഥമികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.

ആഗോള തലത്തില്‍ തന്നെ തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്നവരുടെ എണ്ണം പകുതിയോളം കുറഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 1990-ല്‍ 24 ശതമാനമായിരുന്ന ഈ കണക്ക് 2015 ആയപ്പോഴേക്കും 13 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

2015-16 വര്‍ഷം 25 ലക്ഷം കക്കൂസുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധിയിട്ടിരിക്കുന്നത്. ലഭ്യമായ ഏറ്റവും പുതിയ വിവരമനുസരിച്ച് ഡിസംബര്‍ വരെ 8,82,905 കക്കൂസുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. സ്വഛ് ഭാരത് മിഷനു കീഴിലുള്ള ഒരു ലക്ഷം പൊതു കക്കൂസുകളില്‍ 32,014 എണ്ണവും പൂര്‍ത്തിയായിട്ടുണ്ട്. ആറു ദശലക്ഷം കക്കൂസുകള്‍ ലക്ഷ്യമിട്ടിരുന്ന  ഗ്രാമീണ ശുചിത്വ പദ്ധതി പ്രകാരം 8.8 ദശലക്ഷം കക്കൂസുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍