UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മാര്‍ട്ട്സിറ്റി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്മാര്‍ട്ട്സിറ്റി അധികൃതരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്നു വര്‍ഷ സമയപരിധിക്കുള്ളില്‍ നിര്‍മ്മാണജോലികള്‍ തീര്‍പ്പാക്കാന്‍ ധാരണയായിട്ടുണ്ട്. 2020നപ്പുറം ഒരുകാരണവശാലും പോകില്ല. ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാര്‍ട്ട്സിറ്റി വികസനം ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്മാര്‍ട്ട്സിറ്റിയുമായുള്ള കരാര്‍ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ 67 ലക്ഷം ചതുരശ്ര അടി ഐടി കാര്യങ്ങള്‍ക്കും 21 ലക്ഷം ചതുരശ്ര അടി ഐടി-ഇതര കാര്യങ്ങള്‍ക്കും വേണ്ടിയാകും. നിലവില്‍ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. 

അമ്പത്തിയഞ്ചര ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിര്‍മ്മാണം 2020ന് മുമ്പ് പൂര്‍ത്തിയാക്കും. ഇത് പൂര്‍ണ്ണമായും ഐടി മേഖലയ്ക്കുവേണ്ടി ആയിരിക്കും. ഇതിനുപുറമേ വരുന്ന നിര്‍മ്മാണം ഐടി മേഖലയിലെ ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായിരിക്കും. അടുത്ത സ്മാര്‍ട്ട്സിറ്റി ബോര്‍ഡ് യോഗം ആഗസ്റ്റ് 6ന് കൊച്ചിയില്‍ ചേരാനും യോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.

സ്മാര്‍ട്ട്സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. യൂസഫലി, സ്മാര്‍ട്ട്സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ബാബു ജോര്‍ജ്, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐടി സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍