UPDATES

സയന്‍സ്/ടെക്നോളജി

ഇനി നിങ്ങള്‍ക്ക് വാച്ചിനോട് പറയാം ടാക്സി വിളിക്കാന്‍

Avatar

ഹെയ്ലി സുകയാമ
വാഷിങ്ങ്ടണ്‍ പോസ്റ്റ്

എല്‍ ജിജി വാച്ചും, സാംസങ്ങ് ഗിയര്‍ ലിവും വിപണിയിലെത്തിയിരിക്കുന്നു. ഗൂഗിളിന്റെ മൊബൈല്‍ പ്രവര്‍ത്തന സംവിധാനത്തിലെ ധരിക്കാവുന്ന കംപ്യൂട്ടറുകള്‍ക്ക് (wearables/body-borne computer) മാത്രമായ Android Wear-ന്റെ മികവിന്റെ ആദ്യ പരീക്ഷണമാണിത്. ഇത് ധരിക്കാവുന്ന കംപ്യൂട്ടറുകളുടെ മേഖലയിലേക്കുള്ള ഗൂഗിളിന്റെ കുതിച്ചു ചാട്ടമാണ്. ആപ്പിളിനെ പോലുള്ള എതിരാളികളെക്കാള്‍ ഒരു മുഴം മുന്നില്‍ എറിയാനുള്ള ശ്രമം.

രണ്ടു സ്മാര്‍ട് വാച്ചുകളും  നിരവധി പുത്തന്‍ വിദ്യകള്‍ അവതരിപ്പിക്കുന്നുണ്ട്. ഫോണ്‍ വിളിക്കാം, ഗൂഗിളില്‍ തിരയാം, വാച്ചിനോട് പറഞ്ഞു ടാക്സി വിളിപ്പിക്കാം, കൈത്തണ്ടയില്‍ വഴിയിലെ ഗാതഗത കുരുക്കിന്റെ തത്സമയ വിവരങ്ങളുമറിയാം. പക്ഷേ രണ്ടും തമ്മില്‍ ചില്ലറ വ്യത്യാസങ്ങളുമുണ്ട്. പ്രധാന വ്യത്യാസം വിലയില്‍ത്തന്നെ: സാംസങ് 199.99 ഡോളര്‍ വില പറയുമ്പോള്‍ എല്‍ ജി 229 ഡോളറിലെത്തി. എല്‍ ജിക്ക് കൂടുതല്‍ കാശ് കൊടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരിത്തിരി വലിയ ബാറ്ററിയും, ബാറ്ററി ദൈര്‍ഘ്യവും  കൂടുതലായി കിട്ടുന്നു. ഗിയര്‍ ലിവിനൊപ്പം ഒരു ഹൃദയമിടിപ്പ് കാണിക്കുന്ന മോണിട്ടര്‍  ഉള്ളപ്പോള്‍ എല്‍ ജി ജി വാച്ചിന് അതില്ല. രണ്ടിനും പെഡൊമീറ്ററുണ്ട്.

വാങ്ങുന്നതിന് മുമ്പ് ഒന്നോര്‍ക്കണം: ഇതിലേതെടുത്താലും നിങ്ങളുടെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ഗൂഗിളിന് നല്‍കുകയാണ്. അതത്ര മോശം കാര്യമല്ല. കൂടുതല്‍ സൌകര്യങ്ങള്‍ ആസ്വദിക്കാന്‍ അതുപകരിക്കും. അല്ലെങ്കിലും സ്മാര്‍ട്ഫോണില്‍ നിന്നും ഇത്തരം ധരിക്കാവുന്ന കംപ്യൂട്ടറുകളെ വ്യത്യസ്തമാക്കുന്നത് ഈ അധിക വിവരങ്ങളാണ്.

നടത്തം അളക്കുന്നതും ഹൃദയമിടിപ്പ് കണക്കാക്കുന്നതും ഒക്കെ തുടക്കം മാത്രം. Android Wear-ല്‍ ഗൂഗിള്‍ കുറച്ചുകാലമായി സ്മാര്‍ട്ഫോണില്‍ ഉപയോഗിയ്ക്കുന്ന ഗൂഗിള്‍ നൌ എന്ന സംവിധാനം പൂര്‍ണ്ണമായും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇത് നിങ്ങളുടെ വാച്ചിനെ നിങ്ങളുടെ കാര്യസ്ഥനാക്കി മാറ്റും. ഗതാഗത തിരക്ക് കണക്കാക്കി നിങ്ങളെപ്പോള്‍ എത്തുമെന്ന് പറയും, ആപ്പീസിലോ വീട്ടിലോ നിങ്ങള്‍ക്ക് ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കും, ഇ-മെയില്‍ അയക്കും, എന്തിന് കേട്ടെഴുതുക വരെ ചെയ്യും. ഇതൊക്കെ നിങ്ങളെ ഗൂഗിളിന്റെ ജീവചക്രവുമായി കൂടുതല്‍ ഇഴചേര്‍ക്കും. കുറിപ്പുകള്‍ ഗൂഗിള്‍ കീപ്പിലേക്ക്, ദിശാനിയന്ത്രണം ഗൂഗിള്‍ മാപ്പില്‍ നിന്നും. അതത്ര അത്ഭുതമുള്ള കാര്യമല്ലെങ്കിലും വാങ്ങുന്നവര്‍ അറിഞ്ഞിരിക്കണമല്ലോ!

ഈ ഗൂഗിള്‍ വക ജീവിതം ആവേശം കൊള്ളിക്കുന്നുവെങ്കില്‍-സത്യം പറഞ്ഞാല്‍ ഇപ്പോള്‍ത്തന്നെ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍- വാങ്ങുന്നതിന് മുന്‍പ് കുറച്ചുകൂടി കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങള്‍ക്കീ സ്മാര്‍ട്ട് വാച്ച് എന്ന വസ്തു ഒഴിച്ചുകൂടാനാവാത്തതല്ലെങ്കില്‍ ഓടിപ്പോയി വാങ്ങണ്ട എന്നാണ് പലരും പറയുന്നത്. ഇവയെ പ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പൊഴും ഒരു സ്മാര്‍ട്ട്ഫോണ്‍ വേണം. വിലയോ സ്മാര്‍ട്ഫോണിന്റെ  അത്രതന്നെ ആകുകയും ചെയ്യും. ധരിക്കുന്ന കമ്പ്യൂട്ടര്‍ എന്ന ആശയത്തോട് എത്രമാത്രം അടുത്തുനില്‍ക്കുന്നു എന്ന സംശയം ബാക്കി.

ഈ സ്മാര്‍ട് വാച്ചുകള്‍ ഇനിയും മെച്ചപ്പെടാനുണ്ട് എന്നതിന് പുറമെ ഒന്നു കാത്തിരിക്കാന്‍ പ്രധാനപ്പെട്ട മറ്റൊരു കാരണം കൂടിയുണ്ട്: വരുന്നു, വരുന്നു എന്നു കേള്‍ക്കുന്ന ആപ്പിളിന്റെ ഐ വാച്ച്.

ആപ്പിള്‍ ഇതിനെക്കുറിച്ച് പുക പുറത്തുവിട്ടിട്ടില്ല. പക്ഷേ ആഡംബര വാച്ച് നിര്‍മ്മാതാക്കളായ ടാഗ് ഹെയറിന്റെ തലവന്‍ CNBCയോട് പറഞ്ഞത് തങ്ങളുടെ സെയില്‍സ് മാനേജരെ ആപ്പിള്‍ പൊക്കിക്കൊണ്ടുപോയി എന്നാണ്. 9 to 5 മാക് പിന്നീട് റിപ്പോര്‍ട് ചെയ്തത് ഇത് പാട്രിക് പ്രൂനീയാക്സ് ആയിരിയ്ക്കും എന്നാണ്. ആപ്പിള്‍ മൌനം തുടരുന്നു.

ആപ്പിള്‍ മാത്രമല്ല, മറ്റ് പല കമ്പനികളും ഈ രംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞു. മോട്ടറോളയുടെ മോട്ടോ 360 ഈ വര്‍ഷം തന്നെ വിപണിയിലെത്തും. അതായത് സിനിമയുടെ ആദ്യ കളിക്ക് തന്നെ ഇടിച്ചുകേറി ബ്ലാക്കില്‍ ടിക്കറ്റെടുക്കുന്നവര്‍ ഒന്നു കാത്തിരിക്കുക.  മറ്റ് പടങ്ങള്‍ വരുന്നുണ്ട്.

എല്‍ ജി ജി വാച്ചും സാംസംഗ് ഗിയര്‍ ലൈവും ഗൂഗിള്‍ പ്ലേ വഴി വാങ്ങാന്‍ കിട്ടും.

അപ്പോള്‍ ഹൃദയമിടിപ്പും യാത്രാസമയവും പറഞ്ഞുതരൂ കുട്ടിച്ചാത്താ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍