UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സദാചാരക്കാരെ വെല്ലുവിളിച്ച തേക്കിന്‍കാട് മൈതാനത്തെ പുഞ്ചിരി ബുധന്‍

Avatar

അഴിമുഖം പ്രതിനിധി

ഒരുമിച്ചിരിക്കരുത് എന്ന് പറഞ്ഞവരോട് അവര് പുഞ്ചിരിയോടെ പറഞ്ഞു; ഞങ്ങളിതാ ഒരുമിച്ചിരിക്കുന്നു. പാടരുതെന്നും പടംവരയ്ക്കരുതെന്നും ശാസിച്ചവരോട് മുദ്രാവാക്യം വിളിച്ചും അക്രമം കാണിച്ചും എതിര്‍ക്കാനും അവര്‍ പോയില്ല, പകരം അവര്‍ ഉറക്കെ പാടി, പടം വരച്ചു, കഥ പറഞ്ഞു…കൂട്ടം കൂടലും ഒര സമരമാണെന്ന് അവര്‍ തെളിച്ചു. സദാചാര തിട്ടൂരമിറക്കി സമൂഹത്തില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന വര്‍ഗ്ഗീയ മൂഢന്മാര്‍ക്കെതിരെ തീര്‍ത്തും വ്യത്യസ്തമായ ഒരു സമരമുറയിലൂടെ അവതരിപ്പിച്ച പ്രതിഷേധം അങ്ങനെ കേരളത്തിന് പുതിയൊരു അനുഭവമായി.

തേക്കിന്‍കാട് മൈതാനിയില്‍ ഇന്നലെ സംഘടിപ്പിച്ച സര്‍ഗ്ഗാത്മക സായാഹ്നമായ പുഞ്ചിരി ബുധന്‍ എന്ന കൂട്ടായ്മയാണ് സദാചാരവാദികളെ പുഞ്ചിരിയോടെ നേരിട്ട് തങ്ങളുടെ അസ്തിത്വം തെളിയിച്ചത്. വിവിധകലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. വൈകിട്ട് നാലുമണിയോടെ ഫൈന്‍ ആര്‍ട്‌സ് കോളേജിലെയും സെന്റ്.അലോഷ്യസ് കോളേജിലെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങിയ സംഘങ്ങളാണ് സര്‍ഗാത്മക കൂട്ടായ്മയില്‍ ആദ്യത്തെ പങ്കാളികളായത്്.തുടര്‍ന്ന് തൃശൂരിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യുവാക്കളും പിറകെയെത്തി. എത്തിയവര്‍ ചിലര്‍ ഉറക്കെ പാടി, ചിലര്‍ പടം വരച്ചു. മറ്റു ചിലര്‍ ഫോട്ടോയെടുത്തു. ഒരുമിച്ചിരിക്കരുതെന്ന് പറഞ്ഞവരോട്, ഞങ്ങളിതാ ഒരുമിച്ചിരിക്കുന്നു എന്നവര്‍ പ്രഖ്യാപിക്കുകയായിരുന്നു. ചരിത്രപരമായും രാഷ്ട്രീയപരമായും സാംസ്‌കാരികപരമായും കേരളത്തിന്റെ ഭൂപടത്തില്‍ സുപ്രധാനമായ അടയാളമായ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഹൈന്ദവ മതവിഭാഗത്തിന്റെ പ്രതിനിധികളെന്നു പറയന്നവര്‍ തങ്ങള്‍ക്ക് പഥ്യമല്ലാത്തവരെ പുറത്താക്കുന്നതരത്തിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് ഇതിനെ പ്രതികരിക്കാന്‍ യുവസമൂഹം മുന്നോട്ടുവന്നത്. തേക്കിന്‍കാട് മൈതാനം ക്ഷേത്ര കോമ്പൗണ്ടാക്കാനുള്ള ശ്രമമാണ് ഹിന്ദുമതമൗലികവാദികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വഴിയാത്രക്കാരന്‍ മുതല്‍ നാടുഭരിക്കുന്നവന് വരെ അവകാശമുള്ളൊരു ഇടത്ത് തങ്ങളുടെ ഇഷ്ടംമാത്രം നടന്നാല്‍ മതിയെന്ന് പറയുന്ന ഫാസിസ്റ്റ് നിര്‍ബന്ധത്തെ തടയാന്‍ അധികാരമുള്ളവര്‍ക്ക് കഴിയാതെ വരുമ്പോഴാണ്, ചെറുത്തുനില്‍പ്പുമായി സമൂഹം തന്നെ മുന്നോട്ടുവരുന്നത്. അഹിന്ദുകള്‍ കയറരുതെന്നും ആണും പെണ്ണും ഒരുമിച്ചിരിക്കരുതെന്നും ഇവിടെയിരുന്ന പടം വരച്ചാല്‍ തല്ലിയോടിക്കുമെന്നുമൊക്കെ പറയുന്നതിലെ ധാര്‍ഷ്ഠ്യത്തെയാണ് ഇന്നലെയാണ് ഒരുകൂട്ടം യുവാക്കള്‍ വെല്ലുവിളിച്ചത്.

ഒരുമിച്ചിരുന്നാല്‍ ഒരു ഭൂമികുലുക്കവും ഉണ്ടാവുന്നില്ലായെന്ന് പറയാന്‍ കഴിയണം. പാടരുത് എന്നു പറയുന്നവരോട് ഞങ്ങളിതാ പാടുന്നു, ആകാശം പൊട്ടിവീഴുന്നില്ലായെന്നു പറയാന്‍ പറ്റണം. തമ്മില്‍ മിണ്ടരുത് എന്നു പറയുന്നവരോട് ഞങ്ങളിതാ മിണ്ടുന്നു. മനോഹരങ്ങളായ കവിതകളല്ലാതെ മറ്റൊന്നും ഞങ്ങളില്‍നിന്നുണ്ടാവുന്നില്ലായെന്ന് പറയണം അവര്‍ പറഞ്ഞു.

മുദ്രാവാക്യം വിളിച്ച് തല്ലുകൊണ്ട് സമരം നടത്തുന്നതിനേക്കാള്‍ എനിക്കിഷ്ടം പാട്ടുപാടിയും കൊട്ടിയും വരച്ചും കളിയും കഥയും പറഞ്ഞുമുള്ള സമരരീതിയാണ്. കൂട്ടുകൂടുക എന്നതുതന്നെയാണ് വരുംകാലത്തേക്കുള്ള ഏറ്റവും മുന്തിയ രാഷ്ട്രീയപ്രവര്‍ത്തനം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ പറഞ്ഞു.

പൊതുസ്ഥലത്ത് ചിത്രം വരയ്ക്കരുത് എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഇതുവരെ ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല. കലയില്‍ സ്‌നേഹം പ്രതിഫലിക്കണമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അരുതാത്തത് എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അതുകൊണ്ടുതന്നെയാണ് ഞാന്‍ ഇതില്‍ പങ്കെടുത്തത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചിത്രം വരയ്ക്കലിന് ചുക്കാന്‍പിടിച്ച ഫൈന്‍ ആര്‍ട്‌സ് കോളേജ് അധ്യാപികയും ചിത്രകാരിയുമായ കവിതാ ബാലകൃഷ്ണന്‍ പറഞ്ഞു. തേക്കിന്‍കാട് എല്ലാവരുടെയും പൊതുസ്വത്താണ്. അത് അമ്പലം വകയാക്കിത്തീര്‍ക്കാനുള്ള ഒരുകൂട്ടം ആളുകളുടെ നടപടി എതിര്‍ക്കപ്പെടുകതന്നെ ചെയ്യുമെന്നും കവിതാ ബാലകൃഷ്ണന്‍ പറഞ്ഞു. ‘സദാചാരക്കാരുടെ തീട്ടൂരങ്ങള്‍ക്കു മുമ്പില്‍ ഭയപ്പെടുന്നവര്‍ക്ക് ? മുന്നറിയിപ്പായി ഒരു ദിവസം. ഇതിനെ അങ്ങനെ കണക്കാക്കാനാണ് എനിക്കിഷ്ടം വിവിധ കലാകാരന്‍മാര്‍ ഉള്‍പ്പെട്ട ബാന്‍ഡിന്റെ പ്രതിനിധി മാര്‍ട്ടിന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍