കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ വിദ്യാഭ്യാസരേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സിബിഎസ്ഇക്ക് നിര്‍ദ്ദേശം തുറന്ന വിവാദത്തിലേക്ക് നീങ്ങുമ്പോള്‍
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയതും തന്റെ വിദ്യാഭ്യാസ രേഖകള്‍ നല്‍കരുതെന്ന് ഇറാനി ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചിരുന്നതും പുറത്തു വന്നതാണെല്ലോ പുതിയ വിവാദം. സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ വിദ്യാഭ്യാസരേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) സിബിഎസ്ഇക്ക് ഇതിനിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ‘സ്വകാര്യ വിവരങ്ങള്‍,’ ഉള്‍പ്പെടുന്നതാണെന്ന സിബിഎസ്ഇയുടെ വാദം തള്ളിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. മാനവശേഷി മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും വിവരാവകാശ കമ്മീഷണര്‍ എംഎസ് ആചാര്യലുവിനെ നീക്കി ഏതാനും ദിവസങ്ങള്‍ക്കകമാണ് നേരത്തെ നിരവധി തവണ ഉയര്‍ന്നു വന്ന പ്രശ്‌നം വീണ്ടും ഒരു തുറന്ന വിവാദത്തിലേക്ക് നീങ്ങുന്നത്.
ഈ വിഷയത്തില്‍ ബാക്കിയെന്തൊക്കെയാണ് വാര്‍ത്തയാവുന്നത് എന്ന് പരിശോധിക്കാം
ഡല്‍ഹി സര്‍വകലാശാലയുടെ 1978ലെ ബിരുദ രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ആചാര്യലുവിന്റെ ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. 1978ലെ ഡല്‍ഹി സര്‍കലാശാലയുടെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കുന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ഡല്‍ഹി സര്‍വകലാശാലയുടെ വിശദീകരണ പ്രകാരം ആ വര്‍ഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദം നേടിയത്.
കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട അവസാന സംഭവവികാസങ്ങള്‍ എന്തൊക്കെയാണ്?
1991ലെയും 1993ലെയും സിബിഎസ്ഇ രേഖകള്‍ സൂക്ഷിക്കുന്ന അജ്മീര്‍ സിബിഎസ്ഇയില്‍ നിന്നും ഇതുവരെ ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടില്ലാത്ത രേഖകളുടെ കൂമ്പാരത്തില്‍ നിന്നും പ്രസ്തുത രേഖകള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനായി സ്മൃതി ഇറാനിയുടെ രജിസ്റ്റര്‍ നമ്പറോ അല്ലെങ്കില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റെന്തെങ്കിലും നമ്പരോ നല്‍കാന്‍ സിബിഎസ്ഇയ്ക്കും കേന്ദ്ര ടെക്‌സറ്റൈല്‍സ് മന്ത്രാലയത്തിനും അവര്‍ പഠിച്ചിറങ്ങി എന്ന് അവകാശപ്പെടുന്ന ഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് ഓക്‌സില്യം സ്‌കൂളിനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
വിവരങ്ങള്‍ നല്‍കുന്നതിനെ കുറിച്ചുള്ള ഡല്‍ഹി സര്‍വകലാശാലയുടെ വിശദീകരണത്തിന് സമാനമായി, വിവരങ്ങള്‍ ‘വ്യക്തിപരം’ ആയതിനാല്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് സിബിഎസ്ഇയും വാദിച്ചത്. എന്നാല്‍ സിബിഎസ്ഇയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞ കമ്മീഷന്‍, ‘പ്രസക്ത രേഖകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും അപേക്ഷകന്‍ ആവശ്യപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സൗജന്യമായി നല്‍കാനും,’ കമ്മീഷന്‍ സിബിഎസ്ഇയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഒരു വിദ്യാര്‍ത്ഥി പരീക്ഷ പാസാവുകയും ഒരു സര്‍ട്ടിഫിക്കറ്റിനോ ബിരുദത്തിനോ യോഗ്യത നേടുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആ വ്യക്തിയുടെ സ്വകാര്യ വിവരമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ആചാര്യലു കൂട്ടിച്ചേര്‍ത്തു.
ആരാണ് എംഎസ് ആചാര്യലു?
ഡല്‍ഹി സര്‍വകലാശാല നല്‍കുന്ന വിവരങ്ങള്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദം നേടിയ വര്‍ഷമായ 1978ലെ സര്‍വകലാശാലയുടെ ബിരുദ പരീക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള അനുമതി ഡിസംബര്‍ 21ന് നല്‍കിയ വിവരാവകാശ കമ്മീഷണറാണ് എംഎസ് ആചാര്യലു. ആവശ്യപ്പെട്ട വിവരങ്ങള്‍, ‘നിര്‍ദ്ദിഷ്ട വിദ്യാര്‍ത്ഥിയുടെ സ്വകാര്യ വിവരങ്ങള്‍,’ ആയാണ് പരിഗണിക്കപ്പെടുന്നതെന്നും ‘അത് പുറത്തുവിടുന്നത് ഏതെങ്കിലും തരത്തിലുള്ള പൊതു പ്രവര്‍ത്തനമോ താല്‍പര്യവുമായോ ബന്ധമില്ല’ എന്നുമായിരുന്നു ഡല്‍ഹി സര്‍വകലാശാല കേന്ദ്ര പൊതു വിവരാവകാശ ഓഫീസറുടെ മറുപടി. ‘ഇത്തരം തിരിച്ചറിയലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ അല്ലെങ്കില്‍ സ്വകാര്യതയിലേക്കുള്ള അവിഹിതമായ കടന്നുകയറ്റമോ ആകുമോ എന്ന ചോദ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവ് സമര്‍പ്പിക്കാനോ അല്ലെങ്കില്‍ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയെ ലംഘിക്കുകയോ അല്ലെങ്കില്‍ സ്വകാര്യതയ്ക്ക് നേരെയുള്ള അനാവശ്യ കടന്നുകയറ്റമോ ആയി മാറുമെന്ന് സ്ഥാപിക്കുന്നതിനുള്ള എന്തെങ്കിലും വിശദീകരണം നല്‍കുന്നതിനോ പൊതുവിവരാവകാശ ഓഫീസര്‍ക്ക് സാധിച്ചിട്ടില്ല,’ എന്നായിരുന്നു ഇതിനുള്ള ആചാര്യലുവിന്റെ മറുപടി.
എന്താണ് ശരിക്കുള്ള പ്രശ്‌നം?
2004ലെയും 2014ലെയും ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നല്‍കിയ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പരസ്പരവിരുദ്ധ പ്രസ്താവനകള്‍ സ്മൃതി ഇറാനി നല്‍കി എന്ന വസ്തുത പുറത്തുവന്ന 2014ല്‍ തന്നെ മുന്‍ എച്ച്ആര്‍ഡി മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ആരംഭിച്ചിരുന്നു. വിവിധ തിരഞ്ഞെടുപ്പുകളില്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങളാണ് ഇറാനി നല്‍കിയത് എന്നാരോപിച്ച് അഹമെര്‍ ഖാന്‍ എന്ന സ്വതന്ത്ര എഴുത്തുകാരന്‍ 2015 ജൂണില്‍ ഒരു ഹര്‍ജി നല്‍കിയിരുന്നു.
ഒരു വിവാദത്തിന് കാരണമായ സത്യവാങ്മൂലത്തിലെ വൈരുദ്ധ്യങ്ങള്‍ എന്തൊക്കെയായിരുന്നു?
അഹമെര്‍ ഖാന്റെ പരാതി പ്രകാരം, താന്‍ 1996-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിഎ വിദ്യാഭ്യാസം (തപാല്‍ വഴി) പൂര്‍ത്തിയാക്കിയതായി 2004 ഏപ്രില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി സത്യവാങ്മൂലം നല്‍കിയിരുന്നത്. എന്നാല്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന വേളയില്‍ തന്റെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഡല്‍ഹി സര്‍വകലാശാല വിദൂര വിദ്യാഭ്യാസ സ്‌കൂളില്‍ നിന്നുള്ള ബികോം-പാര്‍ട്ട്-1 ആണെന്ന് അവര്‍ സത്യവാങ്മൂലം നല്‍കിയതായി ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേത്തി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന വേളയില്‍, ഡല്‍ഹി സര്‍വകലാശാലയുടെ ഓപ്പണ്‍ സ്‌കൂളില്‍ നിന്നുള്ള ബികോം-പാര്‍ട്ട്-1 ബിരുദം പൂര്‍ത്തിയാക്കിയതായി അവരുടെ സത്യവാങ്മൂലത്തില്‍ പറയുന്നതായി ഖാന്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കിലും അവര്‍ക്കെതിരെ പ്രഥമദൃഷ്ട്യ പരാതി നിലനില്‍ക്കുമെന്ന് ഒരു ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. അവര്‍ രാജി വെക്കണമെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒരുപോലെ ആവശ്യപ്പെട്ടു. യേല്‍ സര്‍വകലാശാലയില്‍ നിന്നുമുള്ള ഒരു ബിരുദത്തിന്റെ പേരില്‍ അവര്‍ ചില അവകാശവാദങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് മറ്റൊരു വിവാദത്തിലും ഇറാനി ചെന്നുപെട്ടു. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സര്‍കലാശാലയുടെ നേതൃത്വ പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനാണ് തനിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും അവര്‍ പിന്നീട് വ്യക്തമാക്കി.
പരാതി ഉയര്‍ന്നതിന് ശേഷമുള്ള പ്രതികരണങ്ങള്‍ എന്തൊക്കെയായിരുന്നു?
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അവരുടെ രാജി ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യ കേസുണ്ടെന്ന ഡല്‍ഹി കോടതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന്, അവര്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ കാബിനറ്റില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. എച്ച്ആര്‍ഡി മന്ത്രിയായി സ്മൃതി ഇറാനി തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ‘അവര്‍ വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നത് കോണ്‍ഫ്ലിക്ട് ഓഫ് ഇന്‍റ്റസ്റ്റിന് കാരണമാകില്ലേ? തന്റെ മന്ത്രാലയത്തിന്റെ അധികാരപരിധിയിലാണ് ഡല്‍ഹി സര്‍വകലാശാല എന്നതിനാല്‍ തന്നെ അന്വേഷണത്തെ സ്വാധീനിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെ? ഈ കേസില്‍ സത്യം പുറത്തുവരുമെന്ന് ഒരാള്‍ക്ക് എങ്ങനെയാണ് പ്രതീക്ഷിക്കാന്‍ സാധിക്കുക? നീതി ലഭിക്കുമെന്ന് എങ്ങനെയാണ് ഒരാള്‍ക്ക് പ്രതീക്ഷിക്കാന്‍ സാധിക്കുക,’ മാക്കന്‍ ചോദിച്ചു.
‘സ്വന്തം വിദ്യാഭ്യാസത്തെ കുറിച്ച് എച്ചആര്‍ഡി മന്ത്രി കള്ളംപറയുകയാണെന്ന് തെളിഞ്ഞു,’ എന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സര്‍ജെവാല ചൂണ്ടിക്കാണിച്ചു. ‘രാജ്യത്തുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി എന്തായിരിക്കും,’ അദ്ദേഹം ചോദിച്ചു. ‘ഒരു ദിവസം പോലും സ്ഥാനത്ത് തുടരുന്നതിനുള്ള ധാര്‍മ്മികമോ ഭരണഘടനാപരമോ നിയമപരമോ ആയ അവകാശം,’ ഇറാനിക്കില്ലെന്നും സര്‍ജെവാല കൂട്ടിച്ചേര്‍ത്തിരുന്നു.
ഇലക്ഷന്‍ കമ്മീഷനോട് അവര്‍ ‘കള്ളം’ പറഞ്ഞുവെന്നും വിഷയത്തില്‍ അവര്‍ കുറ്റവിമുക്തയാവേണ്ടതുണ്ടെന്നും ചൂട്ടിക്കാട്ടി സിപിഎമ്മും ഇറാനിയുടെ രാജിക്കായുള്ള മുറവിളിയില്‍ പങ്കുചേര്‍ന്നു.
‘സ്മൃതി ഇറാനിക്കെതിരായ കേസ് നിലനില്‍ക്കുമെന്ന കോടതിയുടെ ഉത്തരവ് ഗൗരവമേറിയതാണ്. വിഷയത്തില്‍ എച്ച്ആര്‍ഡി മന്ത്രി തന്റെ നിരപരാധിത്വം തെളിയിക്കേണ്ടിയിരുന്നെങ്കിലും അവര്‍ അത് ചെയ്തില്ല. അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ ഒരുംഗം സത്യസന്ധയായിരിക്കണമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു,’ എന്ന് സിപിഎം പോളിറ്റ്‌ബ്യോറോ അംഗ ബൃന്ദ കാരാട്ട് അന്ന് പറഞ്ഞു.
സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും ഡല്‍ഹി സര്‍വകലാശാലയോടും കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ഡല്‍ഹി കോടതി നിര്‍ദ്ദേശിച്ചിരുന്നു. ‘പരാതി സമര്‍പ്പിക്കാന്‍ 11 വര്‍ഷത്തെ കാലതാമസം ഉണ്ടായി,’ ഡല്‍ഹി സര്‍വകലാശാലയില്‍ യഥാര്‍ത്ഥ രേഖകള്‍ ഇല്ല എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇറാനിക്കെതിരായ കേസ് തള്ളിക്കളഞ്ഞിരുന്നു.
അതിനിടെയാണ് തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച രേഖകള്‍ നല്‍കരുതെന്ന് സ്മൃതി ഇറാനി തങ്ങളോട് നിദേശിച്ചിരുന്നതായി ഡല്‍ഹി സര്‍വകലാശാല വിവരാവകാശ കമ്മീഷനെ അറിയിച്ച വിവരം പുറത്തു വന്നത്. ഫെബ്രുവരി 10-നകം രേഖകള്‍ നല്‍കണമെന്നാണ് കഴിഞ്ഞ ഡിസംബര്‍ 23-നു വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചുരുക്കത്തില്‍ സ്മൃതി ഇറാനിയുടെ ബിരുദ യോഗ്യത മാത്രമല്ല 10, 12 ക്ലാസുകള്‍ പാസായത് സംബന്ധിച്ച രേഖകളുമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.