UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിര്‍ഭാഗ്യവശാല്‍, രോഹിത് വെമുല അങ്ങനെയൊരു ‘കുട്ടി’ ആയിരുന്നില്ല മാഡം

Avatar

ടീം അഴിമുഖം

ഹൈദരാബാദില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയെ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തില്‍ തന്റെ നിലപാടിനെ മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി വെള്ളിയാഴ്ച ശക്തമായി ന്യായീകരിച്ചു.

ഒരിടത്തും രോഹിത് വെമുലയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം. പകരം, ആത്മഹത്യക്കുറിപ്പുകൊണ്ട് രാജ്യത്തെ മുഴുവന്‍ ക്ഷുഭിതരാക്കിയ ഇരുപത്തിയാറുകാരനായ ഗവേഷകവിദ്യാര്‍ത്ഥിയെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്ന ‘കുട്ടി’ എന്നായിരുന്നു മന്ത്രി വിശേഷിപ്പിച്ചത്.

വളരെ കരുതലോടെയും കണക്കുകൂട്ടിയും തയാറാക്കിയ ഒരു തന്ത്രമാണിത്. നമ്മുടെ കാലത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഒന്നിനെ നിഷ്പ്രഭമാക്കാനുള്ള തന്ത്രം.

വെമുല തന്റെ മരണത്തിന് ആരെയും കുറ്റപ്പെടുത്തിയില്ലെന്നും പ്രതിപക്ഷം വെമുലയുടെ ജീവിതം സര്‍ക്കാരിനെ ആക്രമിക്കാനുള്ള ആയുധമാക്കുകയാണെന്നും അങ്ങനെ വെമുലയെ ചൂഷണം ചെയ്യുകയാണെന്നുമായിരുന്നു ബുധനാഴ്ചത്തെ പ്രസംഗത്തില്‍ മന്ത്രിയുടെ നിലപാട്.

ജാതിവ്യവസ്ഥയ്‌ക്കെതിരെ ക്യാംപസില്‍ വെമുല നടത്തിയ പോരാട്ടം, വലതുപക്ഷ തീവ്രവാദവുമായി നടത്തിയിരുന്ന ഏറ്റുമുട്ടല്‍, വധശിക്ഷ ഇല്ലാതാക്കല്‍ മുതല്‍ മൂന്നാംലിംഗക്കാര്‍ക്ക് തുല്യനീതി ഉറപ്പാക്കല്‍ വരെ പുരോഗമന ആശയങ്ങള്‍ക്ക് വെമുല നല്‍കിയിരുന്ന പിന്തുണ എന്നിവയൊന്നും മന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടില്ല. ഇത്തരം സമരങ്ങള്‍ക്ക് രോഹിത് നല്‍കിയ പിന്തുണയാണ് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദിനെ (എബിവിപി) രോഹിതിന് അവരുടെ പ്രിയപ്പെട്ട വിളിപ്പേര് നല്‍കാന്‍ പ്രേരിപ്പിച്ചത് – ദേശവിരുദ്ധന്‍.

കുട്ടി എന്ന വിളി വെമുല പ്രതിനിധാനം ചെയ്ത എല്ലാ സമരങ്ങളെയും തുടച്ചുമാറ്റാനുള്ള ശ്രമമാണ്. ചിന്താശേഷിയില്ലാത്ത, ചപലനായ, പുരോഗമാനശയങ്ങളോട് അടുപ്പമില്ലാത്ത, പുസ്തകപ്പുഴുവായി രോഹിതിനെ ചിത്രീകരിക്കാനുള്ള ശ്രമം. അതുതന്നെയാണ് വലതുപക്ഷത്തിന് ആവശ്യമുള്ള വിദ്യാര്‍ത്ഥി രൂപം.

ക്യാംപസുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് താന്‍ എതിരാണെന്ന് ഇറാനി പറയുന്നു. എന്നാല്‍ ജാതിരഹിതരാകാനുള്ള സാമൂഹിക മൂലധനം ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം കോളജുകളും യൂണിവേഴ്‌സിറ്റികളും ദയയില്ലാത്തവിധം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് വെമുലയും മറ്റ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പറഞ്ഞുകൊണ്ടിരുന്നത്.

നാഗരികരും സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവരുമായവര്‍ ഒഴികെ എല്ലാവരോടും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശത്രുത പുലര്‍ത്തുന്നു. പരാജയഭീഷണികളുമായി അവരെ ആത്മഹത്യയിലേക്ക് പറഞ്ഞുവിടാന്‍ ശ്രമിക്കുന്നു, താഴ്ന്ന ജാതിക്കാരായ വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചമര്‍ത്തുന്നു, അവരെ ബഹിഷ്‌കരിക്കുകയും അവര്‍ക്ക് അന്തസ് നിഷേധിക്കുകയും ചെയ്യുന്നു.

അത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് ലഭിച്ച ശക്തമായ ശബ്ദമായിരുന്നു രോഹിത് വെമുല. ക്യാംപസില്‍ ദളിത് ശബ്ദങ്ങളെ ഒതുക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനായി പരിശ്രമിച്ച ഒരാള്‍. രാഷ്ട്രീയ സംഘാടനം വഴി, ആശയങ്ങളും എഴുത്തും വഴി അധീശ വര്‍ത്തമാനങ്ങള്‍ക്ക് തുല്യ എതിര്‍ ശക്തിയായി രോഹിത് പ്രവര്‍ത്തിച്ചു.

സംസ്‌കാരത്തെ ഇല്ലാതാക്കുന്ന, ശബ്ദങ്ങളെ നിശബ്ദരാക്കുന്ന, ജീവിതങ്ങളെ സ്വന്തമാക്കി അപകീര്‍ത്തി മുദ്രകുത്താന്‍ ശ്രമിക്കുന്ന അടിച്ചമര്‍ത്തലിനെതിരെയുള്ള ദളിത് ബഹുജന സമൂഹങ്ങളുടെ ചരിത്രപരമായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായിരുന്നു രോഹിത് വെമുല. രോഹിതിനെ കുട്ടിയാക്കുന്നവര്‍ ഈ ചരിത്രത്തെ തള്ളിപ്പറയാന്‍ ശ്രമിക്കുകയാണ്.

ജാതിയുടെ അടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തലിനെപ്പറ്റി തുറന്നു പറയുകയും ക്യാംപസിലെ സമരങ്ങള്‍ക്കു പിന്തുണ നല്‍കുകയും ചെയ്യുന്ന വെമുലയുടെ അമ്മയില്‍നിന്ന് ഇറാനിക്ക് ചില കാര്യങ്ങള്‍ പഠിക്കാനായേക്കും. സ്വന്തം മകന്‍ അടിച്ചമര്‍ത്തലുകളെപ്പറ്റി സംസാരിച്ചതിലും അതിനെതിരെ നിലപാട് എടുത്തതിലും അവര്‍ക്ക് അഭിമാനമാണ്. ജാതിയോടുള്ള വൈമുഖ്യമായിരിക്കണം വെമുലയെ കുട്ടി എന്നു വിളിക്കാന്‍ ഇറാനിയെ പ്രേരിപ്പിച്ചത്. അവരുടെ മനസില്‍ കുട്ടി ഒരുപക്ഷേ ജാതി കൊണ്ട് മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ടാകില്ല.

ദളിത് പണ്ഡിതര്‍ ദശകങ്ങളോളമായി പറയുന്നതുപോലെ ഒരു താഴ്ന്ന ജാതിക്കാരന്റെ ജീവിതം എന്നും ജാതിയാല്‍ മുദ്ര കുത്തപ്പെട്ടതാണ്. ജനനം മുതല്‍ അടിച്ചമര്‍ത്തലുകള്‍ക്ക് ലക്ഷ്യം വയ്ക്കപ്പെട്ടതാണ്. ജാതിയില്ലായ്മ എന്നത് ഉയര്‍ന്ന ജാതിക്കാരുടെ മാത്രം അവകാശമാണ്.

ബുധനാഴ്ച ഉറഞ്ഞുതുള്ളിയ ഇറാനി ഒരു ദിവസം കഴിഞ്ഞപ്പോള്‍ അല്‍പം അടങ്ങിയെങ്കിലും മഹിഷാസുര ആഘോഷങ്ങളെപ്പറ്റിയുള്ള അവരുടെ അസഹിഷ്ണുത രണ്ടുദിവസവും വ്യക്തമായിരുന്നു. ധാര്‍മിക അധഃപതനമെന്നായിരുന്നു ഇറാനി ഇതേപ്പറ്റി പറഞ്ഞത്. തന്റെ ജാതി കണ്ടെത്താന്‍ പ്രതിപക്ഷത്തോടുള്ള വെല്ലുവിളിയും അസ്വസ്ഥത വ്യക്തമാക്കുന്നതായിരുന്നു.

സ്വയം അവകാശപ്പെടുന്ന ജാതിരാഹിത്യം ഒരു ഗുണമാണെന്നാകാം ഇറാനി കരുതുന്നത്. എന്നാല്‍ വിദ്യാഭ്യാസം, തൊഴില്‍, സുഹൃത്തുക്കള്‍, കുടുംബം എന്നിങ്ങനെ നാം നേടുന്നതെല്ലാം തന്നെ അധികാരത്തോടുള്ള സാമീപ്യത്തെ ആശ്രയിച്ചുനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജാതിരാഹിത്യം അവകാശപ്പെടാനാകുക തന്നെ ജാതി ആനുകൂല്യത്തിന്റെ തെളിവാണ്.

മഹിഷാസുരനെ ആഘോഷിക്കുന്നത് ഇറാനി ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ട്? താഴ്ന്ന ജാതിക്കാരെയും ഗോത്രവര്‍ഗക്കാരെയും രാക്ഷസരായി ചിത്രീകരിക്കുന്ന സവര്‍ണരുടെ കഥപറച്ചിലിനെ അത് തകിടം മറിക്കുന്നതുകൊണ്ട്. ദുര്‍ഗയാല്‍ കൊല്ലപ്പെട്ട ഗോത്രരാജാവിനെ ആഘോഷം മനുഷ്യനാക്കുന്നതുകൊണ്ട്. അദ്ദേഹത്തിന്റെ ആളുകളെ കുരങ്ങന്മാരും ഭീകരരൂപികളുമായി ചിത്രീകരിക്കുന്നതിനു മാറ്റം വരുത്തുന്നതുകൊണ്ട്. അവര്‍ക്ക് അധികാരം ലഭിക്കുന്നതുകൊണ്ട്.

അതുപോലെതന്നെ ശിവജിയും ഒരു ബഹുജന്‍ രാജാവായിരുന്നിരിക്കാനാണ് സാധ്യത. ശിവസേന പോലെയുള്ള ഉയര്‍ന്ന ജാതി സംഘടനകള്‍ തട്ടിയെടുത്ത ഈ രാജാവിനെ ഇപ്പോള്‍ ബ്രാഹ്മണനായി ചിത്രീകരിക്കാനാണ് ശ്രമം. മറുചരിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കരുതെന്നും അത്തരം പോരാട്ടങ്ങളും യാഥാര്‍ത്ഥ്യങ്ങളും അറിയരുതെന്നുമാണ് ഇറാനി ആഗ്രഹിക്കുന്നത്. പകരം മുന്നോക്കസമുദായങ്ങളുടെ കഥകള്‍ എല്ലാവരും വിശ്വസിക്കണം. കലാപങ്ങളെപ്പറ്റിയും ബഹുവിശ്വാസങ്ങളെപ്പറ്റിയും വിദ്യാര്‍ത്ഥികള്‍ പഠിക്കരുതെന്ന് ഇറാനി കരുതുന്നു.

എന്തുകൊണ്ട് എന്ന് മനസിലാക്കാവുന്നതേയുള്ളൂ. സംഘടിതമായ ആശയപ്രാചരണങ്ങള്‍ക്ക് അടിമപ്പെടുന്ന ‘കുട്ടികള്‍’ ഒന്നിനെയും ചോദ്യം ചെയ്യില്ല, അടിച്ചമര്‍ത്തലുകള്‍ക്കെതിരെ യുദ്ധം ചെയ്യില്ല. രാജ്യമെങ്ങും പ്രതിഷേധങ്ങളാല്‍ വളയപ്പെട്ടിരിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ച്, നിര്‍ഭാഗ്യവശാല്‍, രോഹിത് വെമുല അങ്ങനെയൊരു കുട്ടി ആയിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍