UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മൃതി ഇറാനി എന്ന ഉട്ടോപ്യയിലെ രാജകുമാരി

എഡിറ്റോറിയല്‍/ടീം അഴിമുഖം

‘ഇന്ത്യ കേന്ദ്രീകൃത റാങ്കിംഗ് ചട്ടക്കൂട്’ എന്ന പേരില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു റാങ്കിംഗ് സംവിധാനം ആരംഭിക്കാനുള്ള പുറപ്പാടിലാണ് സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള മാനവശേഷി വികസന മന്ത്രാലയം. സംവരണം വഴിയുള്ള ഉള്‍ക്കൊള്ളിക്കല്‍ വിദ്യാഭ്യാസം പോലെയുള്ള ഘടകങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്, വിശ്രുതമായ ആഗോള റാങ്കിംഗിന് സമാന്തരമായ ഒരു സംവിധാനമായി ഇത് മാറും എന്നാണ് അനുമാനിക്കപ്പെടുന്നത്. അതുവഴി, ലണ്ടന്‍ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് പോലെയുള്ള പ്രശസ്തമായ ആഗോള റാങ്കിംഗുകളില്‍ പിന്തള്ളപ്പെട്ടുപോയ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മെച്ചപ്പെട്ട റാങ്കിംഗില്‍ എത്തിക്കുകയാണ് പുതിയ ചട്ടക്കൂടിന്റെ ലക്ഷ്യം.

ഒരു ഒട്ടകപക്ഷി മണ്ണില്‍ തലപൂഴ്ത്തിയിരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? (യഥാര്‍ത്ഥത്തില്‍ ഇതൊരു തെറ്റായ പ്രയോഗമാണ്. കാരണം, ഒട്ടകപക്ഷികള്‍ തങ്ങളുടെ തല മണ്ണില്‍ പൂഴ്ത്തിവെക്കാറില്ല. സര്‍വവിജ്ഞാനകോശങ്ങള്‍ എന്ന ആശയം നിര്‍ദ്ദേശിച്ച റോമന്‍ പണ്ഡിത കാരണവര്‍ പ്ലീനിയാവണം ഈ സങ്കല്‍പം ആദ്യമായി അവതരിപ്പിച്ചത്. പുതിയ വിവരങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ മഹാപണ്ഡിതന്മാരെ പോലും വെല്ലുവിളിക്കണം എന്ന് മനസിലാക്കിക്കുന്നതിന് വേണ്ടിയാണ് ഈ ഉദാഹരണം ഉന്നത വിദ്യാഭ്യാസത്തില്‍ പഠിപ്പിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഉന്നത വിദ്യാഭ്യാസമെന്നത് സ്മൃതി ഇറാനിക്കോ അവരുടെ സഹപ്രവര്‍ത്തകര്‍ക്കോ വലിയ താല്‍പര്യമുള്ളതോ പരിചയമുള്ളതോ ആവാന്‍ തരമില്ല.)

ഉന്നത വിദ്യാഭ്യാസത്തെ ബാധിച്ചുക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയ്ക്കുള്ള മികച്ച പരിഹാരമാണോ ഇന്ത്യന്‍ കേന്ദ്രീകൃത റാങ്കിംഗ് സംവിധാനം? നഗരപ്രദേശങ്ങളിലുള്ള നമ്മുടെ കോളേജുകളില്‍ പഠിക്കുന്ന നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളില്‍ നിന്നും വരുന്ന കുട്ടികളാണെന്ന കണക്ക് നോക്കുമ്പോള്‍, നിങ്ങളുടെ റാങ്കിംഗ് സംവിധാനം നല്ലതാണെന്ന് തോന്നും. പക്ഷെ ശ്രീമതി ഇറാനി, അവരില്‍ ഭൂരിപക്ഷത്തിനും അവരുടെ അദ്ധ്യാപകരെ മനസിലാക്കാന്‍ സാധിക്കാതിരിക്കുമ്പോള്‍, അവരുടെ സഹപാഠികളില്‍ പലരും യാതൊരു അനുകമ്പയുമില്ലാത്ത ഉപദ്രവകാരികളായി തീരുമ്പോള്‍, അവരുടെ ഉന്നത വിദ്യാഭ്യാസം ഒരു വലിയ പിന്നോക്കാവസ്ഥയായി അവസാനിക്കുമ്പോള്‍, അവര്‍ക്കുണ്ടാകുന്ന വലിയ ഇച്ഛാഭംഗത്തെ നിങ്ങള്‍ ഏത് റാങ്കിംഗിലാണ് പെടുത്താന്‍ സാധിക്കുക? അപമാനഭാരവും പേറി തങ്ങളുടെ ദരിദ്ര ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന അവരെ നിങ്ങള്‍ എങ്ങനെ റാങ്ക് ചെയ്യും?

ഒരു കാവല്‍ക്കാരനോ ബസ് കണ്ടക്ടറോ ആയി ജോലി ചെയ്യുന്ന പിഎച്ച്ഡി ബിരുദധാരിയുടെ ഗതികേടിനെ നിങ്ങള്‍ എങ്ങനെ റാങ്ക് ചെയ്യും? ഇംഗ്ലീഷിലെ ഒരു വരി പോലും മര്യാദയ്ക്ക് വായിക്കാനറിയാത്ത ഒരു ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയെ നിങ്ങള്‍ എങ്ങനെ റാങ്ക് ചെയ്യും? ശ്രീമതി ഇറാനി, നിങ്ങളുടെ സര്‍ക്കാരും ശിങ്കിടികളും കൂടി അടിച്ചമര്‍ത്തുന്ന അടിസ്ഥാന ഭക്ഷണ താല്‍പര്യങ്ങള്‍ മുതല്‍ അഭിപ്രായസ്വാതന്ത്ര്യം വരെയുള്ള മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു തലമുറയുടെ ഇച്ഛാഭംഗത്തെ നിങ്ങള്‍ എങ്ങനെ റാങ്ക് ചെയ്യും? സാഹിത്യചോരന്മാരും അയോഗ്യരുമായ അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന ഒരു തലമുറയുടെ ഗതികേടിനെ നിങ്ങള്‍ എങ്ങനെ റാങ്ക് ചെയ്യും? ആഗോള റാങ്കിംഗില്‍ പിന്തള്ളപ്പെട്ടതുകൊണ്ട് മാത്രമാണോ നമ്മുടെ കാമ്പസുകള്‍ താറുമാറായിപ്പോയത്? സത്യത്തില്‍, നമ്മുടെ മിക്ക കാമ്പസുകള്‍ ആഗോള റാങ്കിംഗിന്റെ പരിധിയില്‍ പോലും വരാത്ത വിധം ജീര്‍ണാവസ്ഥലായി കഴിഞ്ഞിരിക്കുന്നു.

വിവിധ വീക്ഷണകോണുകളില്‍ കൂടി നോക്കുമ്പോഴുള്ള ഒരു സര്‍വകലാശാലയുടെ തല്‍സ്ഥിതിയാണ് ആഗോള റാങ്കിംഗില്‍ പ്രതിഫലിക്കുന്നത്. അദ്ധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം, ആഗോള പ്രബന്ധങ്ങളിലുള്ള പരാമര്‍ശങ്ങള്‍, കാമ്പസ് വഴിയുള്ള പ്ലേസ്‌മെന്റുകള്‍, ശരാശരി വേതനം, അദ്ധ്യാപകരുടെ മറ്റ് നേട്ടങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സങ്കലനവും വൈവിദ്ധ്യവും തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും.

ഈ വര്‍ഷത്തെ ക്യൂഎസ് ലോക സര്‍വകലാശാല റാങ്കിംഗില്‍, ബംഗ്‌ളൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് 147-ാം സ്ഥാനത്തും ഡല്‍ഹി ഐഐടി 179-ാം സ്ഥാനത്തുമെത്തി. ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് സ്ഥാപനങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വകലാശാലകള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്നതെങ്കിലും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ലജ്ജാകരമായ അവസ്ഥയുടെ പ്രതിഫലനം കൂടിയായി അത് മാറുന്നു.

ഒരു വക്രീകൃത റാങ്കിംഗ് സംവിധാനത്തിലൂടെ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അണിയിച്ചൊരുക്കുന്നതാണ്, ദേശീയ, ആഗോളതലങ്ങളില്‍ ഇന്ത്യന്‍ പ്രതിഛായ മെച്ചപ്പെടുത്താനുള്ള വഴിയെന്ന് ഇറാനിയും അവരുടെ ഉപദേശകരും ധരിച്ചിരിക്കുന്നു. ഗൗരതരമായി കാര്യങ്ങളെ കാണുന്ന ഒരു സര്‍ക്കാര്‍ എന്നതിനേക്കാള്‍ ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അത്തരം അണിയിച്ചൊരുക്കല്‍ ഒരു പരിഹാരമായിരിക്കാം.

അതെന്തായാലും, പ്രതിഷേധം ഇരമ്പുന്ന പൂനെ എഫ്ടിഐഐയിലെയോ പോണ്ടിച്ചേരി സര്‍വകലാശാലയിലെയോ ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥിയോട് കാര്യങ്ങള്‍ ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. അക്കാദമിക് വിദഗ്ധരെന്ന വ്യാജേന അര്‍ദ്ധ ലൈംഗിക ചിത്രങ്ങളിലെ അഭിനേതാക്കളും സാഹിത്യ മോഷ്ടാക്കളും അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് അവരുടെ യഥാര്‍ത്ഥ പ്രശ്‌നം. സൗകര്യങ്ങളുടെ അപര്യാപ്തതയും അയോഗ്യരായ അദ്ധ്യാപകരുമാണ് യഥാര്‍ത്ഥ പ്രശ്‌നം. അവരുടെ ചക്രവാളങ്ങളെ ജ്വലിപ്പിക്കാനും സ്വപ്‌നങ്ങളെ പ്രചോദിപ്പിക്കാനും ശേഷിയില്ലാത്ത അദ്ധ്യാപകരുടെ ഒരു തലമുറയാണ് അവരെ അലട്ടുന്നത്.

ഏതെങ്കിലും ഒരു റാങ്കിംഗ് സംവിധാനത്തില്‍ മെച്ചപ്പെട്ട നില കൈവരിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അടിസ്ഥാനപരമാണ്. പഠിക്കാനും സ്വപ്‌നം കാണാനും ഔദ്ധ്യോഗിക ജീവിതം കെട്ടിപ്പടുക്കാനും നല്ല പൗരന്മാരാകാനും ആഗോള വേദിയില്‍ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ കാമ്പസുകളില്‍ ഇതിനൊന്നിനുമുള്ള അവസരങ്ങള്‍ ലഭ്യമല്ല. അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി കുട്ടികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമ്പോള്‍, ഇറാനിയും അവരുടെ ഉപദേശകരും റാങ്കുകള്‍ മെച്ചപ്പെടുത്താനുള്ള തിരക്കിലാണ്. പ്രക്ഷുബ്ദ മനസുകളില്‍ നിരാശ കൂടുകെട്ടുമ്പോള്‍ മറ്റെന്താണ് ചെയ്യാനാവുക?

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍