രമലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ സ്മൃതി ഇറാനിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് അവര്‍ക്ക് വിദ്യാഭ്യാസ മന്ത്രിസ്ഥാനം നല്‍കിയത് എന്ന് ചോദിച്ചു. അവരതിനു മറുപടി നല്‍കാതെ ഇതേ ചോദ്യം തനിക്ക് മുന്നില്‍ സ്റ്റുഡിയോയില്‍ ഇരുന്ന സദസ്യരോട് തിരിച്ചു ചോദിച്ചു. ഇത് മതിയായിരുന്നു അവരെ കോപാകുലരാക്കാന്‍.
അവര്‍ “നാണക്കേട്” എന്ന് ആക്രോശിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകനെ ആക്രമിക്കാന്‍ കസേരകള്‍ക്ക് മുകളിലൂടെ പാഞ്ഞടുത്തു. ആക്രമണത്തിന് ഇരയാവുന്നതിനു നിമിഷങ്ങള്‍ക്ക് മുന്‍പ് സ്മൃതി ഇറാനി എഴുന്നേറ്റ് ജനത്തെ തടഞ്ഞ് മാധ്യമ പ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിച്ചു.
മാനവ വിഭവ ശേഷി മന്ത്രിയായ 40 വയസ്സുകാരി സ്മൃതി ഇറാനി വിവാദങ്ങളുടെ രാജ്ഞി കൂടിയാണ്. മുന്‍പ് സീരിയല്‍ നടി ആയിരുന്ന ഇറാനി ഭരണത്തില്‍ കയറിയതു മുതല്‍ വാര്‍ത്തകളില്‍ നിരന്തരം ഇടം പിടിച്ചു കൊണ്ടിരുന്നു. ചില സമയങ്ങളില്‍ തന്റെ മൂര്‍ച്ചയേറിയ നാക്കിന്റെ പേരിലും അഭിനയത്തിന്റെ പേരിലും ആണെങ്കില്‍ മറ്റു ചില സമയങ്ങളില്‍ അത് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ സംബന്ധിച്ചും സര്‍വകലാശാലാ അദ്ധ്യാപകരെ താഴ്ത്തിക്കെട്ടിയതിന്റെ പേരിലും ആണെന്ന് മാത്രം.
മോദിയുടെ പ്രിയപ്പെട്ട മന്ത്രിമാരില്‍ ഒരാളായി അറിയപ്പെടുന്ന ഇറാനി ഇന്ത്യയിലെ മതനിരപേക്ഷമായ വിദ്യാഭ്യാസ സമ്പ്രദായത്തെ ഹൈന്ദവവത്കരിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്രയധികം ബിരുദധാരികള്‍ ഉണ്ടായിട്ടും ജോലിക്ക് നിയമിതരാവാനുള്ള കഴിവില്ലാത്ത ചെറുപ്പക്കാരെ സൃഷ്ടിക്കുന്ന സര്‍വകലാശാലകളെ പറ്റി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ ആണ് ഇറാനിയ്ക്ക് എതിരെ ഇത്തരമൊരു ആരോപണം കൂടി ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ ഏറെ ആയി പുനഃപരിശോധിക്കപ്പെട്ടിട്ടില്ലാത്ത ദേശീയ വിദ്യാഭ്യാസ നയം മാറ്റി എഴുതുന്ന തിരക്കില്‍ ആണ് ഇറാനി ഇപ്പോള്‍.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിക്ക് പുറത്ത് വെച്ച് നടന്ന ഒരു ചര്‍ച്ചയില്‍ തന്‍റെ മുന്‍പില്‍ ഇരുന്ന 42 സര്‍വകലാശാല തലവന്മാരോട് തങ്ങളുടെ സുഖപ്രദമായ കൂടുകളില്‍ നിന്നും പുറത്തിറങ്ങി കാര്യങ്ങള്‍ ചിട്ടയോടെ നടത്താന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കിടെ ഇരുന്ന് ഉറങ്ങിയ രണ്ടു പേരെ വഴക്ക് പറയുകയും തന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച ഒരാളെ ഇറക്കി വിടുകയും ചെയ്തു.
രാഷ്ട്രീയ നിരീക്ഷകനായ രാമചന്ദ്ര ഗുഹയുടെ അഭിപ്രായത്തില്‍ ഇറാനി വളരെ അപായകരമായ ഒരു വിദ്യാഭ്യാസ മന്ത്രിയാണ്. “അവര്‍ അഹന്തയുടെയും അജ്ഞതയുടെയും ദുരന്തപൂര്‍ണ്ണമായ സംയോഗമാണ്. അവര്‍ രാജ്യത്തിന്‍റെ ഏറ്റവും മികച്ച സര്‍വകലാശാലകളെയും പണ്ഡിതരേയും അപമാനിക്കുകയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ ചിന്താഗതികള്‍ക്ക് കൂടെ നില്‍ക്കുകയും ചെയ്യുന്നു”. ഗുഹ കൂട്ടിച്ചേര്‍ത്തു.
മോദിയുടെ ക്യാബിനറ്റില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പരിഹാസ പാത്രമായിട്ടുള്ള മന്ത്രി സ്മൃതി ഇറാനി തന്നെ ആവും. ട്വിട്ടറിലൂടെ തന്റെ എതിരാളികളുമായി വാക്തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും പതിവാണ്. ഇറാനിയുടെ ദേശീയത തുളുമ്പുന്ന പ്രസ്താവനകള്‍ മൂലം വിമര്‍ശകര്‍ അവരെ “നാടക റാണി” എന്നും “ആന്‍റി- നാഷണല്‍” എന്നും പേരിട്ടു വിളിക്കാറുണ്ട്.
2014ല്‍ ഇറാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയ രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ടപ്പോള്‍ മോദി അവരെ രാഹുലിന്റെ സഹോദരി ആയിട്ടാണ് വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തിയത്.
മോദി തന്റെ കാബിനെറ്റിലേക്ക് ഇറാനിയെ തിരഞ്ഞെടുത്തപ്പോള്‍ അവര്‍ക്ക് അതിനുള്ള വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നു പ്രതിപക്ഷം വാദിച്ചു. ഇറാനി ഇതിനു മറുപടിയായി നല്‍കിയ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡിഗ്രി എടുത്തിട്ടുണ്ടെന്ന വാദം മറ്റൊരു വലിയൊരു വിവാദത്തിനു വഴിവെച്ചു. പിന്നീട് ഇറാനി യേല്‍ സര്‍വകലാശാലയില്‍ 2013ല്‍ ഒരാഴ്ചത്തെ നേതൃത്വ പാടവ ക്യാമ്പില്‍ ആണ് പങ്കെടുത്തത് എന്നറിഞ്ഞതോടെ സാമൂഹിക മാധ്യമങ്ങള്‍ ദിവസങ്ങളോളം അവരെ ആക്ഷേപപാത്രമാക്കി.
അടുത്തിടെ ‘governor’ എന്നുള്ളതിന് ‘governer’ എന്ന് ട്വീറ്റ് ചെയ്ത് വീണ്ടും പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങി.
എന്നിരുന്നാലും ഇറാനി ഈ വിമര്‍ശനങ്ങള്‍ എല്ലാം തനിക്ക് കിട്ടിയ പദവികള്‍ ആയി കണ്ട് അഭിമാനത്തോടെ നടക്കുകയാണ്. കൂടാതെ അവര്‍ തമാശ രൂപേണ സ്വയം “നിരക്ഷര” എന്ന് വിശേഷിപ്പിക്കാറും ഉണ്ട്.
ഈ ബഹളങ്ങളുടെ എല്ലാം ഹൃദയഭാഗത്ത് നിലകൊള്ളുന്ന രണ്ടു ചോദ്യങ്ങള്‍ ഉണ്ട്. ഒരു വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയുടെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ ഇന്ത്യക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു? ഇറാനി ഈ സ്ഥാനത്തിനു അര്‍ഹയാണോ?
കഴിഞ്ഞ വര്‍ഷം ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തില്‍ ഇറാനി പറഞ്ഞത് താന്‍ ഒരു സിന്‍ഡ്രല്ല അല്ലെന്നും തന്നെ ആരും രക്ഷിക്കാന്‍ വരേണ്ടന്നും ആണ്. തനിക്ക് അപമാനകരമായി തോന്നിയാല്‍ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറയാനുള്ള കഴിവ് തനിക്കുണ്ടെന്നും ഇറാനി കൂട്ടിച്ചേര്‍ത്തു.
രണ്ടു വര്ഷം മുന്‍പ് ഇവര്‍ അധികാരത്തില്‍ കയറിയതു മുതല്‍ മൂന്നു സര്‍വകലാശാല തലവന്മാര്‍ക്ക് തങ്ങളുടെ നിയമന കാലാവധി കഴിയുന്നതിനു മുന്‍പേ രാജി വെക്കേണ്ടി വന്നു.
ഈ വര്‍ഷം ജോലി നഷ്ടപ്പെട്ട സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുഷാന്ത ദത്തഗുപ്തയുടെ അഭിപ്രായത്തില്‍ ഒരു വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഭാവനാപരമായ ഉള്‍ക്കാഴ്ചയും പല തരത്തിലുള്ള ചിന്താഗതികളെ ഉള്‍ക്കൊള്ളാനുള്ള മനസും ഉണ്ടാവണം. കൂടാതെ സര്‍വകലാശാലകളെ പുരോഗമനപരമായ ആശയങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സ്ഥലങ്ങളായും കാണണം. ഇറാനിയ്ക്ക് ഈ പറഞ്ഞതൊന്നും ഇല്ലെന്നാണ് ദത്തഗുപ്തയുടെ വാദം.
ഇതിനു മറുപടിയായി ഇറാനി പറഞ്ഞത് ദത്തഗുപ്ത അഴിമതിക്കാരന്‍ ആണെന്നായിരുന്നു. സ്വാഭാവികമായും ഈ ആരോപണം ദത്തഗുപ്ത തള്ളിക്കളഞ്ഞു.
എന്നിരുന്നാലും ഇറാനി വളരെ സമര്‍ത്ഥയായ ഒരു മന്ത്രി ആണെന്ന പക്ഷം ഉള്ളവരും കുറവല്ല.
വിദ്യാര്‍ത്ഥികളുടെ സൗകര്യത്തിനായി കോളേജുകള്‍ക്ക് ദേശീയ റാങ്കിംഗ് നടപ്പിലാക്കുന്നതുവഴി ഇറാനി മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. കൂടാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലഘൂകരിക്കുന്നതുവഴി വിദേശ പഠന സംവിധാനങ്ങള്‍ക്ക് അവസരം ഒരുക്കുകയും ചെയ്തു. പി എച്ച്ഡിയ്ക്ക് പോകുന്ന സ്ത്രീകള്‍ക്ക് പ്രസവാവധിയും ശിശു പരിചരണ അവധിയും അനുവദിച്ചു.
ഹൈന്ദവവത്ക്കരണത്തിനെ സംബന്ധിച്ച് ഇറാനിയെ പറ്റി പറയപ്പെടുന്നത് അവര്‍ സ്കൂളുകളിലും കോളേജുകളിലും സംസ്കൃതവും യോഗയും പ്രോത്സാഹിപ്പിച്ചു എന്നതാണ്. കൂടാതെ ചരിത്ര ഗവേഷണ കൌണ്‍സില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് എന്നിവയുടെ നടത്തിപ്പിനായി ഹിന്ദു ദേശീയവാദികളെ ചുമതലപ്പെടുത്തി എന്നതുമാണ്. പല നിരീക്ഷകര്‍ക്കും ഇപ്പോഴുള്ള സംശയം വരുംകാലങ്ങളില്‍ ഹിന്ദു മേധാവിത്വ സ്വഭാവമുള്ള പുസ്തകങ്ങള്‍ നിര്‍ബന്ധിത വിദ്യാഭ്യാസത്തിനായി വരുമോ എന്നുള്ളതാണ്.
ഡല്‍ഹിയിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിക്കുകയും സ്കൂള്‍ കാലത്തിനു ശേഷം മുംബൈയിലേക്ക് താമസം മാറുകയുമായിരുന്നു ഇറാനി. വര്‍ഷങ്ങളോളം ഇന്ത്യയിലെ സീരിയല്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായിരുന്ന ഇറാനി 2003ല്‍ ബി ജെ പിയില്‍ ചേര്‍ന്നു. താമസിയാതെ പാര്‍ട്ടി വക്താവും രാജ്യസഭ അംഗവും ആയി മാറി.
അടുത്തിടെ ഇറാനി ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയത് തീവ്രവാദികളെ സഹായിച്ചു എന്ന പേരില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പേരെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് രണ്ടു സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്തതിനാണ്. അത് ഒരു പി എച്ച്ഡി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആണ് കലാശിച്ചത്. രാജ്യത്തെ സര്‍വകലാശാലകളില്‍ ഉണ്ടാവുന്ന അസ്ഥിരതയ്ക്ക് പരിഹാരം ആയി ഇറാനി നിര്‍ദ്ദേശിച്ചത് എല്ലാ സര്‍വകലാശാലകളുടെയും മുന്‍പില്‍ ഓരോ വലിയ ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. അതുവഴി വിദ്യാര്‍ത്ഥികളില്‍ ദേശഭക്തി വളര്‍ത്താന്‍ കഴിയുമെന്നും ഇറാനി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ വിവാദവിഷയമായി നിന്നപ്പോള്‍ ഇറാനി രാജ്യത്തെ മാതാപിതാക്കളെ കുറ്റപ്പെടുത്തുകയുണ്ടായി. അവര്‍ പെണ്‍കുട്ടികളെ പ്രതികരണശേഷി ഇല്ലത്തവരാക്കിയാണ് വളര്‍ത്തുന്നത്, എത്രയൊക്കെ അപമാനിക്കപ്പെട്ടാലും മിണ്ടരുതെന്ന് പറഞ്ഞാണ് പഠിപ്പിക്കുന്നത്. ശേഷം ഇറാനി പെണ്‍കുട്ടികളോട് അന്യായങ്ങളോട് പ്രതികരിക്കാന്‍ ആഹ്വാനം ചെയ്തു. അടിക്കുറിപ്പായി തന്നെ പരിഹസിക്കുന്ന ആന്റി നാഷണല്‍ എന്ന പേരുവെച്ചാണ് അവര്‍ കുറിപ്പ് അവസാനിപ്പിച്ചത്.