UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മൃതി ഇറാനിയുടെ 10, 12 ക്ലാസ് രേഖകള്‍ പരിശോധിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍

വ്യക്തിപരമായ വിവരം ഉള്‍ക്കൊള്ളുന്നതിനാല്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നുമുള്ള സിബിഎസ്ഇയുടെ വാദം തള്ളിക്കൊണ്ടാണ് രേഖകള്‍ കൈമാറാന്‍ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ സ്‌കൂള്‍ രേഖകള്‍ പരിശോധിക്കാനായി കൈമാറണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) സിബിഎസ്ഇയോട് ആവശ്യപ്പെട്ടു. വ്യക്തിപരമായ വിവരം ഉള്‍ക്കൊള്ളുന്നതിനാല്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നുമുള്ള സിബിഎസ്ഇയുടെ വാദം തള്ളിക്കൊണ്ടാണ് രേഖകള്‍ കൈമാറാന്‍ സിഐസി ആവശ്യപ്പെട്ടിരിക്കുന്നത്. സ്മൃതി ഇറാനിയുടെ ഓഫീസിനോടും അവര്‍ പഠിച്ച ഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിനോടും സ്മൃതിയുടെ സിബിഎസ്ഇ റോള്‍ നമ്പറും റഫറന്‍സ് നമ്പറും വ്യക്തമാക്കണെമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1991, 93 വര്‍ഷങ്ങളിലെ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അഡ്മിറ്റ് കാഡിലേയും മാര്‍ക്ക് ഷീറ്റിലേയും വ്യക്തിപരമായ വിവരങ്ങള്‍ ഒഴികെയുള്ള കാര്യങ്ങള്‍ 60 ദിവസത്തിനകം നല്‍കാനാണ് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലു സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1978ലെ ഡല്‍ഹി സര്‍വകലാശാലയുടെ ബിഎ കോഴ്‌സ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ നേരത്തെ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ഇത്. ഒരു വിദ്യാര്‍ത്ഥി പരീക്ഷ എഴുതി ജയിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞാല്‍ പിന്നെ അത് വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് മറച്ച് വയ്ക്കാനാവില്ലെന്ന് ആചാര്യുലു പറഞ്ഞു. ഇതില്‍ സ്വകാര്യതയെ ബാധിക്കുന്ന യാതൊരു പ്രശ്‌നവുമില്ല. അഡ്മിറ്റ് കാഡിലോ മറ്റ് രേഖകളിലോ ഉള്ള വിദ്യാര്‍ത്ഥിയുടെ അഡ്രസ്, കോണ്‍ടാക്ട് നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയ വിവരങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സ്മൃതി ഇറാനിയെ വ്യക്തിപരമായി ബാധിക്കുന്ന തരത്തിലുള്ള ഒരു വിവരവും തേടിയിട്ടില്ലെന്നും ആചാര്യുലു പറഞ്ഞു.

ഒരു ജനപ്രതിനിധി തന്‌റെ വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുമ്പോള്‍ അത് പരിശോധിക്കാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ട്. സ്മൃതി സുബിന്‍ ഇറാനി കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഒരു ഭരണപദവി വഹിക്കുന്നയാള്‍ കൂടിയാണ്. അവരുടെ ഓഫീസ് വിവരാവകാശ നിയമത്തിന്‌റെ പരിധിയില്‍ വരുന്നതാണ്. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം വിദ്യാഭ്യാസ യോഗ്യതകള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അവര്‍ക്ക് ബാദ്ധ്യതയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ വിദ്യാഭ്യാസ യോഗ്യത, സാമ്പത്തികസ്ഥിതി, ക്രിമിനല്‍ കേസുകള്‍ തുടങ്ങിയവ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ നല്‍കുകയാണെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് റദ്ദാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രേഖകള്‍ ഇതുവരെ ഡിജിറ്റലൈസ് ചെയ്തിട്ടില്ലെന്നും രേഖ തപ്പിയെടുക്കാനുള്ള ബുദ്ധിമുട്ടും എല്ലാം ഒഴിവ് കഴിവായി സിബിഎസ്ഇ മുന്നോട്ട് വച്ചെങ്കിലും വിവരാവകാശ കമ്മീഷന്‍ അ്ംഗീകരിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍