UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീനാരായണഗുരുവിനെ ബ്രാന്‍ഡ് അംബാസിഡറാക്കി നടേശ മുതലാളിയുടെ രാഷ്ട്രീയക്കച്ചവടം

സങ്കുചിതമായ സാമുദായിക താല്‍പ്പര്യങ്ങളാണ് കേരളത്തിലെ സമുദായസംഘടനകള്‍ക്ക് എക്കാലത്തും ഉണ്ടായിരുന്നത്. ജാതിചിന്തയെ ഉച്ഛാടനം ചെയ്യാനായി കേരളത്തിലുണ്ടായ സാമൂഹികപ്രസ്ഥാനങ്ങളുടെ ലക്ഷ്യത്തെ തുരങ്കംവെയ്ക്കുകയെന്ന ദൗത്യമാണ് സമുദായ സംഘടനകള്‍ ഇപ്പോഴും നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. സമുദായത്തിന്റെ പേരില്‍ സംഘടിച്ച് അധികാരരാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ സമ്മര്‍ദ്ദശക്തിയായി പ്രവര്‍ത്തിക്കുകയാണ് അവയുടെ പൊതുരീതി. ജാതി-മത പ്രീണനത്തിലൂടെ അധികാരത്തിലേറാന്‍ തക്കംപാര്‍ത്തിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ട് ഏത് മുന്നണി അധികാരത്തിലെത്തുമ്പോഴും വഴിവിട്ട നേട്ടങ്ങളുണ്ടാക്കുന്നതില്‍ ഈ സംഘടനകള്‍ക്കുള്ള സാമര്‍ത്ഥ്യം നിസ്സാരമല്ല. ആരൊക്കെ മന്ത്രിമാരാകണമെന്നും ഏതൊക്കെ വകുപ്പുകളാണ് അവര്‍ക്ക് നല്‍കേണ്ടതെന്നുമെല്ലാം തീരുമാനിക്കുന്നതില്‍ ഈ സംഘടനകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഭരണഘടനയെപ്പിടിച്ച് ആണയിടുന്ന മന്ത്രിപുംഗവന്മാര്‍ സമുദായ നേതാക്കളുടെ ആസ്ഥാനത്തെത്തി അവരുടെ കാല്‍തൊട്ടുവണങ്ങിയതിനുശേഷമാണ് ജനസേവനത്തിറങ്ങുന്നതെന്ന അശ്ലീലം പുരോഗമനകേരളത്തില്‍ രോമാഞ്ചജനകമായ വാര്‍ത്തയാണ്. താക്കോല്‍ സ്ഥാനങ്ങളില്‍ നായര്‍ പ്രാതിനിദ്ധ്യമില്ലെന്ന എന്‍.എസ്.എസിന്റെ ആവലാതിയെത്തുടര്‍ന്നായിരുന്നു രമേശ് ചെന്നിത്തലയെ ഈ മന്ത്രസഭയില്‍ ആഭ്യന്തരമന്ത്രിയാക്കിയതെന്നോര്‍ക്കുക. മതേതര ജനാധിപത്യം എന്ന് മേനി പറയുമ്പോഴും മതം മാത്രമല്ല ജാതിയും ഉപജാതിയുമെല്ലാമാണ് രാഷ്ട്രീയത്തിലെ പരിഗണനകളെന്നത് കേരളം ഒരു അപരിഷ്‌കൃത സമൂഹം തന്നെയാണിപ്പോഴും എന്നാണ് തെളിയിക്കുന്നത്. 

ജാതി ചോദിക്കരുതെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടനയെത്തന്നെ ജാതിയെ വിറ്റ് ലാഭമുണ്ടാക്കുന്ന ഒരു വ്യവസായമായി അധ:പതിപ്പിക്കുന്നതില്‍ അതിന്റെ ഭരണം പിടിച്ചെടുത്ത മുതലാളിമാര്‍ വിജയിക്കുകയും ചെയ്തു. കേരളത്തിലെ സമുദായസംഘടനകള്‍ അതത് സമുദായങ്ങളിലെ വ്യാവസായിക-രാഷ്ട്രീയ ലാക്കുകളുള്ള ഏതാനും മാടമ്പികളുടെ വരുതിയിലാണെന്നത് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഗുണകരമാണെന്നതാണ് കൗതുകകരമായ സംഗതി. അധികാരത്തിന്റെ സൗകര്യങ്ങള്‍ പങ്കുവെച്ച് ഇത്തരക്കാരെ പ്രീണിപ്പിക്കുവാനും വോട്ടുബാങ്ക് സുരക്ഷിതമാക്കുവാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എളുപ്പവുമാണ്. കുത്തകമുതലാളിമാര്‍ക്ക് ഭരണകൂടവുമായും രാഷ്ട്രീയപ്പാര്‍ട്ടികളുമായും വിലപേശാനുള്ള ഒരു മറയായി സാമുദായിക സംഘടനകള്‍ മാറിയിട്ട് കാലമേറെയായി. കേരളത്തിലെ രണ്ട് വന്‍ വ്യവസായികളുടെ നേതൃത്വത്തിലാണ് എസ്.എന്‍.ഡി.പി യൂണിയനിലെ അധികാര വടംവലികളെന്നത് യാദൃച്ഛികമല്ല. അബ്കാരി മുതലാളിയായ വെള്ളാപ്പള്ളി നടേശനും ചിട്ടിക്കമ്പനി മുതലാളിയായ ഗോകുലം ഗോപാലനുമാണ് ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിലെ രണ്ട് പ്രബല വിഭാഗങ്ങളുടെ നേതൃത്വമെന്നോര്‍ക്കുക. ശ്രീനാരായണ ധര്‍മ്മം പരിപാലിക്കാനായി രൂപീകൃതമായ ഒരു സമുദായ സംഘടന അതിന്റെ സ്ഥാപനോദ്ദേശ്യം തന്നെ ഉപേക്ഷിച്ചുകഴിഞ്ഞു എന്നതിന് ഇതിലേറെ വിശദാംശങ്ങള്‍ ഹാജരാക്കേണ്ടതില്ല. നേതാക്കളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും രാഷ്ട്രീയലാഭങ്ങള്‍ക്കുംവേണ്ടി ഏത് വേഷവും അഭിനയിക്കാന്‍ മടിയില്ലാതായ സമുദായ സംഘടനകള്‍ ഏതറ്റംവരെ പോകുമെന്നതിന്റെ പുതിയ ഉദാഹരണമാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുവാനുള്ള എസ്.എന്‍.ഡി.പിയുടെ നീക്കം.

എസ്.എന്‍.ഡി.പിയുടെ ഇപ്പോഴത്തെ നേതാക്കളും മുതലാളിമാരുമായ വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഡല്‍ഹിയിലെത്തി ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ കണ്ടതിനുശേഷം പത്രലേഖകരോട് പറഞ്ഞത് ഹിന്ദുതാല്‍പര്യം സംരക്ഷിക്കാന്‍ ആരുമായും സഹകരിക്കുമെന്നാണ്. അവര്‍ പറയുന്നു:

‘ കേരളത്തിലെ മാറിമാറി വരുന്ന മുന്നണികള്‍ ഭൂരിപക്ഷ സമൂദായത്തോട് നീതി ചെയ്തില്ല. കേരളത്തില്‍ ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ശേഷിയുമില്ല. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷ ഹിന്ദു സമുദായ ഐക്യത്തെക്കുറിച്ച് ചിന്തിച്ചത്. ന്യൂനപക്ഷ സമുദായങ്ങല്‍ക്ക് എല്ലാം വാരിക്കോരി നല്‍കുമ്പോള്‍ ഭൂരിപക്ഷ ഹിന്ദുസമുദായങ്ങളെ മുന്നണികള്‍ അവഗണിക്കുകയാണ്.’ 

കേരളത്തില്‍ ബി.ജെ.പിക്ക് ശേഷിയില്ലാത്തതിനാല്‍, ഹിന്ദുസമുദായത്തിന്റെ ഐക്യത്തിനായി അവരെ പിന്തുണയ്ക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന അര്‍ത്ഥമാക്കുന്നത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ധര്‍മ്മം പരിപാലിക്കുകയല്ല, ജാതിയേതായാലും ഹിന്ദു ഐക്യം ശക്തിപ്പെടുത്തുകയാണ് എസ്.എന്‍.ഡി.പിയുടെ കടമയെന്നാണ് ആ സംഘടനയുടെ മുതലാളിമാരായ അച്ഛനും മകനും ഇപ്പോള്‍ മറയില്ലാതെ വെളിപ്പെടുത്തിയിരിക്കുന്നത്. സംഘപരിവാരത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയാണ് തങ്ങളുടെ കടമയെന്ന് പറയുമ്പോള്‍ ആ സംഘടന ശ്രീനാരായണ ഗുരുവിനെ തള്ളിപ്പറയുകയാണ്. ഹിന്ദു ഐക്യം ശക്തിപ്പെടുത്തണമെന്ന സംഘപരിവാരത്തിന്റെ മുദ്രാവാക്യം എസ്.എന്‍.ഡി.പിയുടെ മുദ്രാവാക്യമായി മാറുന്ന കാഴ്ചയാണിത്. മഞ്ഞയില്‍നിന്ന് കാവിയിലേക്കുള്ള ഈ പരിണാമം പക്ഷെ, വെള്ളാപ്പള്ളിയും കൂട്ടരും കരുതുമ്പോലെ അത്ര സുഗമമായിരിക്കണമെന്നില്ല. 

സ്വന്തം കമ്പനിയുടെ കച്ചവടനയം തീരുമാനിക്കാന്‍ ഏത് മുതലാളിക്കും അവകാശമുണ്ട്. അതുകൊണ്ട് എസ്.എന്‍.ഡി.പിയുടെ നയം തീരുമാനിക്കാനുള്ള വെള്ളാപ്പള്ളിയുടെയും അദ്ദേഹത്തിന്റെ മകന്റെയും അവകാശത്തെ ചോദ്യംചെയ്യേണ്ടതുമില്ലെന്ന് കരുതുന്നവരുണ്ടാവാം. എന്നാല്‍, ശ്രീനാരായണഗുരുവിനെ ബ്രാന്റ് അംബാസിഡറാക്കി വെച്ചുകൊണ്ട് നടേശന്‍ മുതലാളിയും മകനും നടത്തുന്ന രാഷ്ട്രീയക്കച്ചവടം നാരായണഗുരുവിന്റെ ആദര്‍ശങ്ങളെ വ്യഭിചരിക്കലാണെന്ന് പറയുവാന്‍ മലയാളികള്‍ക്ക് അവകാശമുണ്ട്. കാരണം, വെള്ളാപ്പള്ളിയുടെയും കുടുംബത്തിന്റെയും ഒരു കച്ചവട ബ്രാന്റു മാത്രമായി മാറിക്കഴിഞ്ഞിട്ടും ശ്രീനാരായണ ഗുരു മലയാളികള്‍ക്ക് മതേതര മാനവികതയുടെ വലിയൊരു പ്രതീകമാണ്. ആ പ്രതീകത്തെ കാവിയണിയിക്കാനുള്ള ഗൂഢനീക്കം അശ്ലീലമാണെന്ന് പറയാന്‍ എസ്.എന്‍.ഡി.പിയില്‍ അംഗത്വമില്ലാത്ത മലയാളികള്‍ക്കും അവകാശവും ബാദ്ധ്യതയുമുണ്ട്. അതുകൊണ്ട്, ബി.ജെ.പിയെപ്പോലൊരു വര്‍ഗ്ഗീയപ്പാര്‍ട്ടിയെ അര്‍ഹിക്കുംമട്ടില്‍ അവഗണിക്കുന്ന കേരളസമൂഹം വെള്ളാപ്പള്ളിയുടെ ഗൂഢരാഷ്ട്രീയത്തെയും അവഗമിക്കുമെന്നുറപ്പാണ്. 

സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ടയെക്കുറിച്ചും അതിന്റെ വര്‍ഗ്ഗീയപ്രത്യയശാസ്ത്രത്തെക്കുറിച്ചും അത് മുന്നില്‍ക്കാണുന്ന ഹൈന്ദവഫാസിസത്തെക്കുറിച്ചും അറിയാതെയാവില്ല വെള്ളാപ്പള്ളിയും മകനും ബി.ജെ.പി അദ്ധ്യക്ഷനുമായി സഖ്യചര്‍ച്ച നടത്തിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുള്ള കേരളത്തില്‍ സാന്നിദ്ധ്യമുറപ്പിക്കുകയെന്നത് സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ടകളില്‍ പ്രധാനമാണ്. മുഖ്യധാരാ മാദ്ധ്യമങ്ങളുടെ പിന്തുണയോടെ, കേരളത്തിലെ ബഹുജനാഭിപ്രായ രൂപീകരണത്തില്‍ ബി.ജെ.പിക്കും വലിയ പങ്കുണ്ടെന്ന പ്രതീതി സൃഷ്ടിക്കുവാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. മലയാളം ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ ബി.ജെ.പി വക്താക്കള്‍ക്ക് നല്‍കപ്പെടുന്ന പ്രാധാന്യം കണ്ടാല്‍ കേരളത്തിലെ മൂന്നാമത്തെ വലിയ പാര്‍ട്ടി ബി.ജെ.പിയാണോ എന്ന് പോലും സംശയം തോന്നും. ആ പ്രതീതിയെ യാഥാര്‍ത്ഥ്യമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഘപരിവാരം സമുദായ സംഘടനകളെ തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. വനവാസി കല്യാണാശ്രമത്തിലൂടെ ആദിവാസികളെ ആകര്‍ഷിച്ചതിനു സമാന്തരമായി സമുദായസംഘടനകളെ സമുദായപ്പാര്‍ട്ടികളാക്കി കൂടെ നിര്‍ത്തുകയാണ് ബി.ജെ.പിയുടെ തന്ത്രം. ഈ അവസരം മുതലെടുത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് വെള്ളാപ്പള്ളിയും മകനും ഇപ്പോള്‍ കരുക്കള്‍ നീക്കുന്നതെന്നത് വ്യക്തമാണ്. എസ്.എന്‍.ഡി.പിയുടെയോ സമുദായത്തിന്റെയോ നേട്ടമല്ല, അച്ഛന്റെയും മകന്റെയും സ്വകാര്യ നേട്ടമാണ് ഈ ഗൂഢനീക്കത്തിനുപിന്നിലുള്ളതെന്ന്് പറയേണ്ടതില്ല. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കിക്കൊണ്ടായിരിക്കും സംഘപരിവാര്‍ എസ്.എന്‍.ഡി.പിയെ സ്വന്തം കൂടക്കീഴിലേക്കാനയിക്കുകയെന്നാണ് വാര്‍ത്തകള്‍. 

ഗുരുവിനെ കാവി പുതപ്പിക്കാനുള്ള സംഘപരിവാരത്തിന്റെയും വെള്ളാപ്പള്ളിയുടെയും ഈ നീക്കത്തിനെതിരെ സാധാരണക്കാരായ ശ്രീനാരായണീയര്‍ കലാപക്കൊടി ഉയര്‍ത്തുമെന്നുറപ്പാണ്. അത് മുന്നില്‍ക്കണ്ടുകൊണ്ടാണ് പുതിയൊരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന ആശയം ബി.ജെ.പി വെള്ളാപ്പള്ളിയുടെ മുമ്പില്‍ വെച്ചുനീട്ടിയിരിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് എസ്.എന്‍.ഡി.പി നേരത്തെയും ആലോചിച്ചിരുന്നതാണെങ്കിലും പല കാരണങ്ങളാല്‍ അത് നടക്കാതെപോയി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടൊപ്പം നില്‍ക്കുന്നതാണ് ലാഭമെന്ന് കരുതുന്ന വെള്ളാപ്പള്ളിക്ക് പക്ഷെ, കേരളത്തിലെ ഈഴവസമുദായത്തിന്റെ പിന്തുണ ലഭിക്കുക പ്രയാസമാണ്. 

മതേതര മാനവികയെന്ന ഗുരുവിന്റെ ആദര്‍ശത്തിനുപകരം ഹൈന്ദവ ഐക്യം എന്ന ആശയം സ്വീകരിക്കുന്നതോടെ എസ്.എന്‍.ഡി.പി ശ്രീനാരായണ ധര്‍മ്മത്തെത്തെത്തന്നെയാവും നിഷ്‌കാസനംചെയ്യുന്നത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും നവോത്ഥാനമൂല്യങ്ങളുമായും താദാത്മ്യം പ്രാപിച്ച ഈഴവസമുദായത്തിന് സംഘപരിവാരത്തിന്റെ വര്‍ഗ്ഗീയ ഫാസിസത്തോട് പൊരുത്തപ്പെടാനാവില്ലെന്ന ചരിത്രപരമായ വസ്തുത കാണാതെയാണ് വെള്ളാപ്പള്ളി ഈ രാഷ്ട്രീയക്കച്ചവടത്തിന് തയ്യാറെടുക്കുന്നതെന്നുവേണം കരുതാന്‍. അത് നടപ്പിലായാല്‍ കേരളത്തിലെ വലിയൊരു വിഭാഗം ശ്രീനാരായണീയരും എസ്.എന്‍.ഡി.പിയില്‍നിന്ന് കൊഴിഞ്ഞുപോകാനാണ് സാദ്ധ്യത. കള്ളുമുതലാളിമാരുടെ കൈകളില്‍നിന്ന് സമുദായ സംഘടനയെ മോചിപ്പിക്കണമെന്ന് കരുതുന്നവര്‍ ഇപ്പോള്‍ത്തന്നെ എസ്.എന്‍.ഡി.പിയില്‍ ധാരാളമുണ്ട്. ഗുരുവിന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ചുനില്‍ക്കുകയും വര്‍ഗ്ഗീയതയുമായി സന്ധിചെയ്യാനില്ലെന്ന് കരുതുകയുംചെയ്യുന്ന ശ്രീനാരായണിയരുടെ ഒരു പുതിയ സാമൂഹികപ്രസ്ഥാനം അതോടെ രൂപമെടുത്തുകൂടായ്കയുമില്ല. അത് ചരിത്രത്തിന്റെ ഒരു അനിവാര്യതയാവാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍