UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളി അധിക്ഷേപിച്ച എം.എം മണിക്ക് എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും ബിജെപിയുടെ കൂടെ ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തയ്യാറായ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ വെള്ളാപ്പള്ളി നടേശനെതിരെയുള്ള എതിര്‍പ്പുകള്‍ പുറത്തുവരുന്നു.

വെള്ളാപ്പള്ളി കരിംഭൂതമെന്നും കരടിയെന്നും വിളിച്ച് അധിക്ഷേപിച്ച സിപിഐഎം നേതാവ് എംഎം മണിക്ക് യോഗം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മണിയുടെ പ്രചാരണത്തിനിടെ കരുണാപുരം പഞ്ചായത്തില്‍ വച്ച് പോത്തിന്‍കണ്ടത്ത് ശാഖാ പ്രസിഡന്റ് എന്‍ കെ പൊന്നപ്പന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. പൊന്നപ്പനൊപ്പം യോഗം വനിത സംഘം സെക്രട്ടറി സിന്ധു ബിജുവും ഉണ്ടായിരുന്നു.

പൊന്നപ്പനോട് രാജി വയ്ക്കാന്‍ മലനാട് യൂണിയന്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എസ് എന്‍ ഡി പി യോഗം ആരുടേയും കുടുംബ സ്വത്തല്ലെന്നും യോഗം അംഗങ്ങള്‍ക്ക് സ്വതന്ത്രമായി നില്‍ക്കാനും ഏത് രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്നും പൊന്നപ്പന്‍ പറഞ്ഞു. രാജി വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അവസരം ലഭിച്ചപ്പോള്‍ യോഗം നേതൃത്വത്തിന് എതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഇറങ്ങിയത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോകുന്ന ബിഡിജെഎസിനെതിരെ എസ് എന്‍ ഡി പിയിലുള്ള അഭിപ്രായ വ്യത്യാസം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍