UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് ഒത്തുതീര്‍ക്കാന്‍ ശ്രമം

അഴിമുഖം പ്രതിനിധി

അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഉള്‍പ്പെട്ട മൈക്രോഫൈനാന്‍സ് തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ യോഗം ശ്രമം തുടങ്ങി. ബാങ്കില്‍ അടക്കേണ്ട 2.21 കോടി രൂപ തിരിച്ചടയ്ക്കാമെന്ന് പറഞ്ഞു അടൂര്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ക്ക് കത്ത് നല്‍കി.

അടൂര്‍ യൂണിയന് കീഴിലെ 256 വനിതാ സംഘങ്ങളിലെ 5000-ത്തോളം സ്ത്രീകളാണ് തട്ടിപ്പിന് ഇരയായിരുന്നത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പിന് ഇരയായ കാര്യം അവര്‍ അറിയുന്നത്. തുടര്‍ന്ന് ഒരു വര്‍ഷമായി സമരം നടത്തുകയാണ്. എസ്എന്‍ഡിപി ഉള്‍പ്പെട്ട മൈക്രോഫൈനാന്‍സ് തട്ടിപ്പുകളില്‍ അടൂരില്‍ മാത്രം 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇടപെട്ടത്തോടെയാണ് എസ്എന്‍ഡിപിയുടെ മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് ജനശ്രദ്ധയാകര്‍ഷിച്ചത്. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ വിഎസ് പുറത്തുവിട്ടിരുന്നു. കൂടാതെ അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. രണ്ട് ശതമാനം പലിശയ്ക്ക് എടുത്ത തുക 12 ശതമാനം പലിശയ്ക്കാണ് എസ്എന്‍ഡിപിയുടെ മൈക്രോഫൈനാന്‍സ് പദ്ധതി വഴി യൂണിയനുകളിലെ അംഗങ്ങള്‍ക്ക് നല്‍കിയിരുന്നത്. അംഗങ്ങളുടെ പേരില്‍ പണം നല്‍കിയെന്ന രേഖകള്‍ ഉണ്ടെങ്കിലും പണം അവര്‍ക്ക് നല്‍കിയില്ലെന്ന് ആരോപണവും ഉണ്ടായിരുന്നു.

ഇതേതുടര്‍ന്ന് ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍ക്കാന്‍ എസ്എന്‍ഡിപി യോഗം ശ്രമങ്ങള്‍ ആരംഭിച്ചത്. 2012-ല്‍ മൈക്രോ ഫൈനാന്‍സ് വായ്പയായി അടൂര്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഏഴ് കോടി 68 ലക്ഷം രൂപ വായ്പയായി എടുത്തിരുന്നു. ഇതില്‍ പലിശ ഒഴിച്ചുള്ള പണം അടയ്ക്കാമെന്നാണ് ബാങ്കിനോട് യൂണിയന്‍ പറഞ്ഞിരിക്കുന്നത്. എസ്എന്‍ഡിപി നേതൃത്വം അറിയാതെയാണ് അന്നത്തെ ഭരണസമിതി തട്ടിപ്പ് നടത്തിയതെന്ന് യോഗം ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശന്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനെ തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന തിരിച്ചറിവിലാണ് വായ്പ തിരിച്ചടയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍