UPDATES

എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണോ? യുവാക്കള്‍ പ്രതികരിക്കുന്നു

Avatar

 അഴിമുഖം പ്രതിനിധി

എസ്.എന്‍.ഡി.പി പാര്‍ട്ടി ഉണ്ടാക്കിയാല്‍ വെള്ളാപ്പള്ളിയും കുടുംബവും അല്ലാതെ ആരും കൂടെ ഉണ്ടാകില്ല എന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഒരു അന്വേഷണം നടത്തണം എന്ന് താല്പര്യം തോന്നിയത്. ചേര്‍ത്തലയിലെ വിദ്യാസമ്പന്നര്‍ ആയ ചെറുപ്പക്കാരെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഏറ്റവും വലിയ ഈഴവ വോട്ട് ഉള്ള നിയമ സഭാ നിയോജക മണ്ഡലം ആണ് എന്ന പ്രത്യേകത കൂടി ഈ മണ്ഡലത്തിനുണ്ട്. വയലാര്‍ രവിയുടെയും എ.കെ ആന്റണിയുടെയും ജന്മനാട് ആണെങ്കിലും ചേര്‍ത്തലയിലും അരൂരും മാരാരിക്കുളത്തുമൊക്കെ ഇടതുപക്ഷത്തിന്റെ എം.എല്‍.എ മാരാണ്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും കൊല്ലത്തും ആഞ്ഞടിച്ച ഈഴവ സുനാമി ആണ് യുഡിഎഫിനെ ഉലച്ചത് എന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഇടതുപക്ഷ അടിത്തറയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരില്‍ പോലും ഇപ്പോള്‍ ജാതി വികാരം ഉണ്ട് എന്നതാണ് ചെറുപ്പക്കാരോട് സംസാരിക്കുമ്പോള്‍ വ്യക്തമാക്കുന്നത്.

ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയിലാണ് മുന്‍കാലത്ത് ചെറുപ്പക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ജാതി സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ചെറുപ്പക്കാരെ കിട്ടുമായിരുന്നില്ല. ഇന്നിപ്പോള്‍ എസ്.എന്‍.ഡി.പി യുടെ യൂത്ത് മൂവ്‌മെന്റ് ശക്തമാണ്. ജാതി പറയുന്നത് കുറച്ചിലായ കാലത്ത് നിന്നും ചെറുപ്പക്കാര്‍ ഏറെ മാറിക്കഴിഞ്ഞു. ചെറിയ ശതമാനത്തെ മാറ്റി നിര്‍ത്തിയാല്‍ ഭൂരിപക്ഷ സമുദായം അവഗണന നേരിടുന്നതായി ഇവര്‍ പറയുന്നു. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാന വിവാദം ആണ് ചിലര്‍ തെളിവായി എടുത്തുയര്‍ത്തുന്നത്. മുസ്ലീം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും പിടിവാശിക്ക് മുന്നില്‍ ഉമ്മന്‍ ചാണ്ടിക്ക് കീഴടങ്ങേണ്ടി വരുന്നു എന്നാണ് പലരുടെയും അഭിപ്രായം. സമുദായം നേരിടുന്ന അവഗണനയെ പുറം ലോകത്ത് എത്തിക്കുന്നതില്‍ വെള്ളാപ്പള്ളി വിജയിച്ചതായി വലിയ ശതമാനം കരുതുന്നു എങ്കിലും വെള്ളാപ്പള്ളി നടേശനോട് വ്യക്തിപരമായി പലര്‍ക്കും താത്പര്യമില്ല. പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല എന്ന് പറയുന്നവര്‍ പോലും ഇങ്ങനെ പാര്‍ട്ടി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടെന്നു സമ്മതിക്കുന്നു. അമേരിക്കയിലെ മൈക്രോ കമ്യൂണിറ്റി ആയ ജൂതന്മാര്‍ അമേരിക്കയെ നിയന്ത്രിക്കുന്നത് പോലെ ആണ് ന്യൂനപക്ഷം കേരളത്തെ നിയന്ത്രിക്കുന്നത് എന്നൊക്കെ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞത് കേട്ടപ്പോഴാണ്, ഇക്കാര്യത്തില്‍ എത്ര ആശങ്കയാണ് ഒരു വിഭാഗം യുവാക്കള്‍  കൊണ്ടുനടക്കുന്നതെന്ന് മനസിലായത്. തെരഞ്ഞെടുത്ത പത്തുപേരുടെ അഭിപ്രായങ്ങള്‍ ചേര്‍ക്കുന്നു.

ഷനില്‍ വി.വി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ
എസ്.എന്‍.ഡി പി സമുദായ സംഘടന ആയി മാത്രം തുടരണം. രാഷ്ട്രീയ പാര്‍ട്ടി ആകരുത്. മറിച്ചായാല്‍ പാര്‍ട്ടിയോട് സഹകരിക്കില്ല.

കൃഷ്ണ ഉല്ലാസ്, ബി ടെക്
ഹരിപ്പാട് മുതല്‍ ഇളമക്കര വരെയുള്ള ഭാഗത്ത് നൂറിലധികം എസ്.എന്‍.ഡി.പി ശാഖകള്‍ ഉണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ ഒരേയൊരു എസ്.എന്‍ കോളേജ് മാത്രമാണ് ശ്രീനാരയണീയര്‍ക്ക് ആശ്രയമായുള്ളത്. ദേശീയ പാത 47 ലേക്ക് ഈ റൂട്ടില്‍ സഞ്ചരിച്ചാല്‍ ന്യൂനപക്ഷ സമുദായങ്ങളുടെ എത്ര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം എന്ന് ശ്രദ്ധികുക. ഭൂരിപക്ഷ സമുദായത്തെ പാടേ അവഗണിച്ചു ന്യൂനപക്ഷം മേധാവിത്വം നേടുന്ന സ്ഥലം കേരളം അല്ലാതെ ലോകത്ത് വേറെ സ്ഥലം ഉണ്ടാകില്ല.

ന്യൂനപക്ഷ മതമേലധ്യക്ഷന്മാര്‍ പറയുന്നത് എന്താണ് കേരളത്തില്‍ നടക്കാത്തത് ? റബ്ബറിന് വില കുറഞ്ഞപ്പോള്‍ മന്ത്രിമാര്‍ എത്ര തവണയാണ് ഡല്‍ഹിക്ക് പായുന്നത് ? ഈ ആവേശം ഒന്നും തേങ്ങയ്ക്ക് വില കുറഞ്ഞപ്പോള്‍ കണ്ടില്ലല്ലോ! കയര്‍ മേഖലയില്‍ പണി എടുക്കുന്നവര്‍ ഭൂരിഭാഗവും ഈഴവ സമുദായത്തില്‍ പെട്ടവരാണ്. ഈ മേഖല തകര്‍ന്നു തരിപ്പണമായി കൊണ്ടിരിക്കുകയാണ്. ഇതിനു വേണ്ടി ഒരു മന്ത്രിയും ശബ്ദമുയര്‍ത്തുന്നില്ല. കാലത്തിനു വന്ന മാറ്റം കയര്‍ മേഖലയില്‍ മനസിലാക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. പൊതുവെ ദുര്‍ബലമായ കയര്‍ മേഖലയെ സമരം കൂടുതല്‍ തളര്‍ത്തി. ഹരിയാനയില്‍ ഭൂരിപക്ഷം വരുന്നത് ജാട്ടുകളാണ്. അവര്‍ ഭിന്നിച്ചപ്പോള്‍ അധികാരം നഷ്ടമായി. അധികാരമുണ്ടെങ്കില്‍ മാത്രമാണ് അവകാശങ്ങള്‍ നേടാന്‍ കഴിയുന്നത്. അതിനാല്‍ എസ്.എന്‍.ഡി.പി. രാഷ്ട്രീയ ശക്തി ആകുന്നതിനെ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുന്നു.

ഋഷി വി.എസ് , എം.ബി.എ
എസ്.എന്‍.ഡി.പി യും ബിജെപിയും തമ്മിലുള്ള സഖ്യത്തോട് യോജിക്കാനാവില്ല. വര്‍ഗീയമായി തിരിയുകയായിരിക്കും ഇതിന്റെ ഫലം.ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളില്‍ നിന്നും യോഗം അകന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന വിശാലമായ ആദര്‍ശത്തെ വഹിക്കേണ്ട സംഘടന മതാധിഷ്ടിത പാര്‍ട്ടിയുടെ കൂടെ നില്‍ക്കരുത്. മതേതര പാര്‍ട്ടി എന്നൊക്കെ പറഞ്ഞു വന്നാലും എസ്.എന്‍.ഡി.പിയുടെ പാര്‍ട്ടിയെ അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല. ഇടതു പക്ഷ ആശങ്ങള്‍ മനസ്സില്‍ ഉറച്ചു പോയത് കൊണ്ടാണ് ഇങ്ങനെ ജാതീയമായി ചിന്തിക്കാന്‍ കഴിയാത്തത്. വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറഞ്ഞത്. ഒന്നുകില്‍ സിപിഎം അല്ലെങ്കില്‍ എസ്.എന്‍.ഡി പി ഏതെങ്കിലും തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ രണ്ടാമത്തേത് സ്വീകരിക്കുന്നവരെയും അറിയാം. തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രി സഭയില്‍ സ്ഥാനം കിട്ടിയാല്‍ പാര്‍ട്ടി മെമ്പര്‍ സ്ഥാനം രാജി വയ്ക്കാന്‍ തയാര്‍ ആണ് എന്ന് പറഞ്ഞ ഒരു സഖാവ് എന്റെ കൂട്ടുകാരനാണ്.

അരുണ്‍ ദേവ് , എം.ടെക്
ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തില്‍ ആയതിനാല്‍ ശ്രീനാരായണീയരുടെ മക്കള്‍ക്ക് അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ട്. തൊഴിലവസരത്തിലും ഈ അസമത്വം നിലനില്‍ക്കുന്നുണ്ട്.

അധികാരമില്ലാത്തവന് ഒരു വിലയും ഇല്ലാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയപരമായി സംഘടിക്കണം എന്ന് പറയുന്നവരെ എതിര്‍ക്കേണ്ട കാര്യമില്ല.


അജിത് എ ,
എം.ടി.എ 

സാമ്പത്തിക അസമത്വം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന വാദത്തോട് യോജിക്കുന്നു. ഭൂരിപക്ഷം മിക്കയിടങ്ങളിലും തഴയപ്പെടുകയും ന്യൂനപക്ഷ വിഭാഗം പല മേഖലകളും അവരുടെ കുത്തക ആക്കുന്നു. മുഖ്യധാരയില്‍ നിന്നും ഭൂരിപക്ഷം അകലുകയാണ്. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ആണ് കാരണം. ഇതിനു പരിഹാരം കണ്ടെത്തണം.

ഈ പ്രശനങ്ങള്‍ക്ക് എല്ലാം മറുപടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കലാണ് എന്ന അഭിപ്രായത്തോട് യോജിപ്പില്ല. എസ്.എന്‍.ഡി.പി. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഈഴവ സമുദായത്തിന്റെ പോലും ഭൂരിഭാഗം വോട്ട് സമാഹരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പാര്‍ട്ടി ആയതു കൊണ്ട് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുമെന്ന് തോന്നുന്നില്ല.

വിഷ്ണുപ്രകാശ് , മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വാസമില്ല. അതുകൊണ്ട് തന്നെ എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി ആയി മാറുന്നതിനോട് പൂര്‍ണമായും യോജിക്കാനാവില്ല. ഏതെങ്കിലും ഒക്കെ ആവശ്യം ഉയര്‍ത്തി പാര്‍ട്ടി രൂപീകരിച്ചു മുന്നോട്ടു പോകുന്നവര്‍ പിന്നിട്ട വഴികള്‍ മറക്കുന്ന അനുഭവമാണ് നമ്മുടെ മുന്നിലുള്ളത്. എസ്.എന്‍.ഡി.പി പാര്‍ട്ടി രൂപീകരിച്ചാല്‍ ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാതെ അനുഭാവിയായി മാത്രം മാറിനില്‍ക്കും.

വിപിന്‍ വിലാസ്  
ഡയറക്ടര്‍ പ്രൊക്‌സിമ ടൈം ഹൗസ്

എസ്.എന്‍.ഡി പി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ല. പാര്‍ട്ടി ആയി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ സ്ഥാനാര്‍ഥി ആയാല്‍ സഹായിക്കും. എന്നും പാര്‍ട്ടിയുടെ അനുഭാവി ആയി തുടരും.

രതീഷ്, എം എ
ന്യൂനപക്ഷങ്ങള്‍ മതം പറഞ്ഞ് എന്തൊക്കെ നേടിയിട്ടുണ്ടോ അതൊക്കെ ജാതി പറഞ്ഞ് ഈഴവ സമുദായവും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നതിനും ജോലിക്കുമൊക്കെ ഒ.ബി.സി. ആനുകൂല്യം ഗുണകരമായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം മാത്രം ഉയര്‍ത്തി അവഗണന എന്ന് വിലപിക്കുന്നത് എന്ത് മാനദണ്ഡത്തിലാണെന്ന് മനസിലാകുന്നില്ല. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നത്തിന്റെ പിന്നില്‍ കച്ചവടലക്ഷ്യമാണ് ഉള്ളത്.

എസ്.എന്‍.ഡി.പി. സമുദായ സംഘടന ആയി തന്നെ തുടരണം. ജനാധിപത്യ രാജ്യത്ത് ജാതി പറഞ്ഞും മതം പറഞ്ഞും വോട്ട് പിടിക്കുന്നത് തെറ്റാണ്. കഴിവുളളവരാണ് ജനപ്രതിനിധി ആയി വരേണ്ടത്. മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന പാര്‍ട്ടിക്ക് ജനം വോട്ട് ചെയ്യും. കോളേജില്‍ പഠിക്കുന്ന സമയത്ത് എസ്.എഫ് ഐ പാനലില്‍ ജയിച്ചു ചെയര്‍മാന്‍ ആയിരിക്കുമ്പോള്‍ ആണ് ലോക്‌സഭാ തെരഞ്ഞെടുപ്പു വരുന്നത്. വി എം സുധീരനായിരുന്നു അന്ന് വോട്ട് ചെയ്തത്. പാര്‍ട്ടിക്ക് അതീതമായി കൂടുതല്‍ മികച്ച വ്യക്തിത്വം എനിക്ക് തോന്നിയത് സുധീരനായിരുന്നു. എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥി മത്സരിച്ചാല്‍ അയാള്‍ക്ക് ഈഴവ സമൂഹം അപ്പാടെ വോട്ടു കുത്തും എന്ന് കരുതാനാവില്ല. എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി ആകുന്നതിനോട് ഒട്ടും യോജിപ്പില്ല.

വിദ്യാ രതീഷ് , എം.എഎസ് ഡബ്ലിയു
ഭൂരിപക്ഷ സമുദായം അവഗണന നേരിടുന്നു എന്ന തോന്നലുണ്ട്. വ്യക്തിപരമായി മോശം അനുഭവം ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലും നേടിയിട്ടുള്ളത് ന്യൂനപക്ഷ സമുദായങ്ങള്‍ ആണ്. മദ്യം വിഷമാണ് എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുവിന്റെ ഉപദേശം പ്രചരിപ്പിക്കേണ്ട സംഘടനയുടെ തലപ്പത്ത് മദ്യം വിറ്റു കാശു നേടിയ ആള്‍ ഇരിക്കുന്നതിനോട് യോജിപ്പില്ല. വെള്ളാപ്പള്ളി ഭാര്യ, മകന്‍ എന്നിവരുമായിട്ടാണ് പ്രധാനമന്ത്രിയെ കാണാന്‍ പോയത്. രാഷ്ട്രീയ പാര്‍ട്ടി എന്നത് വെള്ളാപ്പള്ളിയുടെ താത്പര്യം ആണ്. വെള്ളാപ്പള്ളിയും കുടുംബവും നേതൃത്വത്തില്‍ ഇല്ലാത്ത പാര്‍ട്ടിയില്‍ അംഗമാകും.

ശങ്കര്‍ ദാസ്, എം.എ(സോഷ്യോളജി , സംസ്‌കൃതം )
ന്യൂനപക്ഷ സമുദായം നേട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നത് വാസ്തവമാണ്. കേരളത്തില്‍ സാമ്പത്തികമായും സാമൂഹ്യമായും ഭൂരിപക്ഷത്തേക്കളും മുന്‍നിരയില്‍ ന്യൂനപക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു…..

സമുദായ ശക്തി ആയി നില്‍ക്കേണ്ട എസ്.എന്‍.ഡി പി രാഷ്ട്രീയത്തില്‍ ഇറങ്ങരുത്. പാര്‍ട്ടി ആകുന്നതിനോട് യോജിപ്പില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍