UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ട്ടിയും കൊടിയുമായി; ഇനി കരുത്തും ആയുസും തെളിയിക്കണം

Avatar

കെ എ ആന്റണി

കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു പാര്‍ട്ടിയുടെ തിരുപ്പിറവി ശനിയാഴ്ച തിരുവനന്തപുരത്ത് നടന്നു. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് പാര്‍ട്ടിയുടെ പേരും കൊടിയുടെ നിറവും ചിഹ്നവും ഒക്കെ പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പേര് ഭാരത് ധര്‍മ്മ ജനസേന. ചുരുക്കപ്പേര് ബിഡിജെഎസ്. പതാകയുടെ നിറം വെള്ളയും മെറൂണും. ചിഹ്നം കൂപ്പുകൈ.

ശംഖുമുഖം കടപ്പുറത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കൊണ്ടായിരുന്നു പുതിയ പാര്‍ട്ടിയുടെ പിറവി. വെള്ളാപ്പള്ളിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ശംഖുമുഖത്തെ കടല്‍തിരമാലകള്‍ക്ക് സമാന്തരമായി അലയടിച്ച് എത്തിയ അനുയായി വൃന്ദങ്ങള്‍ക്ക് സായൂജ്യ നിമിഷം. വെള്ളാപ്പള്ളി സ്വപ്‌നം കാണുന്ന നായാടി മുതല്‍ നമ്പൂതിരി വരെ അണിചേരുന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയം. അതേ, നീണ്ട കാത്തിരിപ്പിനും 16 ദിവസം നീണ്ട കാസര്‍ഗോഡ് മുതല്‍ ശംഖുമുഖം വരെയുള്ള സമത്വ മുന്നേറ്റ യാത്രയുടെ പരിസമാപ്തി.

യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും മഴ പെയ്തുവെന്നത് ശുഭസൂചകമായിട്ടാണ് വെള്ളാപ്പള്ളി കാണുന്നത്. ഈ ശുഭാപ്തി വിശ്വാസം തന്നെയാകും വെള്ളാപ്പള്ളിയേയും സംഘത്തേയും കുറച്ചു കാലത്തേയ്ക്ക് എങ്കിലും നയിക്കുക.

വിഎസ് അച്യുതാനന്ദന്‍ പ്രവചിച്ചത് പോലെ ശംഖുമുഖത്ത് സമത്വ മുന്നേറ്റ യാത്രയ്ക്ക് ജനസമാധി സംഭവിച്ചില്ല. മറിച്ച് വെള്ളാപ്പള്ളിക്കും പാര്‍ട്ടിക്കും കേരളത്തില്‍ കുറച്ച് കാലത്തേയ്ക്ക് എങ്കിലും ചെറിയൊരു ചലനം എങ്കിലും സൃഷ്ടിക്കാന്‍ കഴിയുമെന്നതിന് ശനിയാഴ്ച ശംഖുമുഖത്തേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം തന്നെ തെളിയിക്കുന്നു.

എന്നാല്‍ ഈ പാര്‍ട്ടിയുടെ ആയുസ് എത്രകാലം നീണ്ടു നില്‍ക്കും എന്നത് കണ്ടറിയേണ്ടതായി തന്നെയുണ്ട്. 1976-ല്‍ പിറന്ന സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും 74-ല്‍ രൂപീകരിക്കപ്പെട്ട നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും ഗതി കേരളം കണ്ടതാണ്. എസ്ആര്‍പിക്ക് എസ്എന്‍ഡിപി യോഗത്തിന്റേയും എന്‍ഡിപിക്ക് എന്‍എസ്എസിന്റേയും അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നിട്ട് കൂടി കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കാന്‍ പോന്ന കരുത്തില്ലാതെ ഇരുപാര്‍ട്ടികളും അല്‍പായുസുകളായി പരിണമിച്ചു. വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന്റെ പരിതസ്ഥിതിയും മറ്റൊന്നാകാന്‍ തരമില്ല.

തുടക്കം മുതല്‍ വെള്ളാപ്പള്ളിക്ക് ഒപ്പം നിലകൊണ്ട ജി മാധവന്‍ നായര്‍ എന്ന ബഹിരാകാശ ശാസ്ത്രജ്ഞനെ യാത്രയുടെ സമാപന സമ്മേളനത്തില്‍ കണ്ടില്ല. ദല്‍ഹിയില്‍ ചില അത്യാവശ്യ കാര്യങ്ങള്‍ക്ക് പോയതാണ് എന്ന് വെള്ളാപ്പള്ളി ക്യാമ്പ് പറയുന്നുണ്ടെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മാധവന്‍ നായര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിന് പകരം ബിജെപിക്ക് ഒപ്പം അണി ചേരാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. അതുകൊണ്ട് കൂടിയാകണം കേരളത്തിന്റെ ജാതി മനസും രാഷ്ട്രീയ മനസും ഒരുമിച്ച് പിടിച്ചടക്കാനായി കാസര്‍ഗോഡ് നിന്നും താന്‍ കൂടി മുന്‍കൈ എടുത്ത് തൊടുത്തു വിട്ട സമത്വ മുന്നേറ്റ യാത്രയുടെ ശംഖുമുഖത്തെ പരിസമാപ്തി ദര്‍ശിക്കാന്‍ അദ്ദേഹം വരാതിരുന്നത്.

യാത്രയുടെ സമാപന സമ്മേളനത്തില്‍ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു കൂട്ടര്‍ ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കളാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പു തന്നെ വെള്ളാപ്പള്ളി ബിജെപിയും ആര്‍എസ്എസുമായി ബാന്ധവം ഉറപ്പിച്ചിരുന്നുവെങ്കിലും യാത്രയുടെ സമാപനത്തില്‍ നിന്ന് നേതാക്കള്‍ വിട്ടു നിന്നത് വെള്ളാപ്പള്ളിയില്‍ അവര്‍ക്ക് വിശ്വാസം കുറഞ്ഞത് കൊണ്ടാണോയെന്ന് അറിയില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. വെള്ളാപ്പള്ളിയുടെ ആലുവാ പ്രസംഗം ബിജെപിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായ രൂപീകരണത്തിന് ഇടയാക്കിയിരുന്നു.

ആരൊക്കെ വന്നാലും വന്നിലെങ്കിലും ശംഖുമുഖത്തെ ജനസാഗരം മാത്രം മതിയായിരുന്നു വെള്ളാപ്പള്ളിയുടെ മനസ് കുളിര്‍പ്പിക്കുവാന്‍. അത് ആ മുഖത്ത് പ്രകടവും ആയിരുന്നു. ഒരു കറുത്ത കണ്ണടയും അല്‍പം കൂടി ഇരുണ്ട നിറവും ഉണ്ടായിരുന്നുവെങ്കില്‍ സാക്ഷാല്‍ കലൈജ്ഞര്‍ തന്നെ. പക്ഷേ പ്രസംഗത്തിലെവിടേയും കരുണാനിധിയുടെ ഭാഷാ ചാതുര്യമോ കൗശലമോ കണ്ടില്ല.

സമത്വത്തിന് വേണ്ടിയാണ് താന്‍ നിലനില്‍ക്കുന്നത് എന്നും ഈഴവരുടെ ഉന്നമനമാണ് മുഖ്യലക്ഷ്യം എന്നും പറയുന്ന അതേ നാവില്‍ നിന്ന് തന്നെയാണ് തന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഒരു നസ്രാണിയുടെ സ്ഥാപനം ആണെന്നും കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഒരു മുസ്ലിമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ട് സ്വജാതിക്കാരെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നില്ലെന്ന ചോദ്യം തികച്ചും സ്വാഭാവികം.

സര്‍ക്കാര്‍ ധനസഹായത്തിലെ വിവേചനത്തെ കുറിച്ച് വാചാലനാകുന്ന വെള്ളാപ്പള്ളി സ്വസമുദായത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തം കീശയില്‍ നിന്നും എന്തെങ്കിലും സഹായം ചെയ്തതായി കേട്ടറിവ് പോലുമില്ല. അതേസമയം എസ്എന്‍ഡിപി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിനും അഡ്മിഷന്‍ തരപ്പെടുത്തുന്നതിനും വേണ്ടി കൊടുക്കേണ്ടി വന്ന വന്‍ കോഴ തുകകളെ കുറിച്ച് സ്വസമുദായക്കാര്‍ തന്നെ പരാതി പാടിനടക്കുന്നുണ്ട്.

തല്‍ക്കാലം അതൊക്കെ അവിടെ നില്‍ക്കട്ടെ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് കേരളത്തില്‍ എത്ര കണ്ട് ഒരു മൂന്നാം ബദല്‍ ആകാന്‍ കഴിയുമെന്ന കാര്യത്തിലേക്ക് വരാം. ബിജെപിയുമായി ചേര്‍ന്നാണ് വെള്ളാപ്പള്ളിയുടെ മൂന്നാം ബദല്‍ സ്വപ്നം. കേരളത്തില്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 4500-ഓളം ശാഖകളാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ബിജെപിയുടെ വോട്ട് വിഹിതത്തിലും ഉണ്ടായിട്ടുണ്ട് വര്‍ദ്ധന. എസ്എന്‍ഡിപിക്ക് കേരളത്തില്‍ ശക്തമായ വേരോട്ടം ഉണ്ട്. അവരുടെ തന്നെ കണക്ക് അനുസരിച്ച് 109 യൂണിയനുകളും 4774 ബ്രാഞ്ചുകളും ഉണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു മൂന്നാം ബദല്‍ ആകാന്‍ പോന്ന അത്യാവശ്യം കോപ്പൊക്കെ രണ്ടുകൂട്ടരുടേയും കൈയിലുണ്ട്.

എന്നാല്‍ കേരളത്തിലെ മുഴുവന്‍ എസ്എന്‍ഡിപിക്കാരും വെള്ളാപ്പള്ളിക്ക് ഒപ്പമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇനി കൂടെ നില്‍ക്കുന്നവരില്‍ തന്നെ എത്രപേര്‍ പാര്‍ട്ടി കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാകുന്നതോടെ കൊഴിഞ്ഞു പോകുമെന്നതും കാത്തിരുന്ന് കാണേണ്ട കാര്യം തന്നെ. ബിജെപി-ആര്‍എസ്എസിനെ കൂടാതെ വിഎച്ച്പി, വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപിയും തുടങ്ങിയവരും ഒപ്പം നില്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍ ഇവരൊന്നും അത്ര വലിയ ശക്തിയല്ലെന്ന് കഴിഞ്ഞകാല തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചതാണ്. പിസി ജോര്‍ജ്ജും വിഎസ്ഡിപിയും ചേര്‍ന്ന് അരുവിക്കരയില്‍ പിടിച്ച വോട്ട് നോട്ടയ്ക്കും താഴെയായിരുന്നു.

ബിജെപിയും വെള്ളാപ്പള്ളിയും മറ്റൊരാളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ബാര്‍ കോഴ കേസില്‍ മന്ത്രി സ്ഥാനം നഷ്ടമായ കെഎം മാണിയേയും അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസിനേയും ആണിത്. ബാര്‍ കോഴ കേസില്‍ ഇരട്ട നീതി എന്നൊക്കെ പറയുന്നുണ്ടെങ്കിലും എടുപിടീന്ന് ബിജെപിക്കും വെള്ളാപ്പള്ളിക്കും ഒപ്പം പോകാന്‍ മാണി തയ്യാറാകുമെന്ന് കരുതാനാകില്ല.

അടുത്ത് നടക്കാന്‍ ഇരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് വെള്ളാപ്പളളിയുടെ പുതിയ പാര്‍ട്ടിയുടെ ഉരകല്ല്. കേരളത്തില്‍ ഒരു സീറ്റെങ്കിലും നേടാനായി നാളിത് വരെ ബിജെപി നടത്തിയ ശ്രമങ്ങളെല്ലാം പാഴാകുകയായിരുന്നു. ഇനിയിപ്പോള്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടി കൂടി ചേര്‍ന്നുള്ള പുതിയ അങ്കത്തിന്റെ ഫലം എന്താണെന്നത് കാത്തിരുന്നു കാണുക തന്നെ. നിലവിലെ സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ വെള്ളാപ്പള്ളി സ്വപ്‌നം കാണുന്ന മൂന്നാം ബദലിന് കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കാര്യമായി ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍